തിരുവനന്തപുരം: കേരള മനസ്സാക്ഷിയെ വിളിച്ചുണര്‍ത്തിയ ജനരക്ഷായാത്ര ശ്രീപദ്മനാഭന്റെ മണ്ണിലെത്തിയപ്പോള്‍ ഒഴുകിയെത്തിയ ജനസാഗരത്തിന്റെ ഇരമ്പല്‍ ജിഹാദി-ചുവപ്പു ഭീകരതയ്ക്കുള്ള താക്കീതായി.
അനന്തപുരി ഇതുവരെ ദര്‍ശിക്കാത്ത ബഹുജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച സമ്മേളനത്തോടെ ജനരക്ഷായാത്രയ്ക്ക് സമാപനം. ശ്രീകാര്യത്തുനിന്ന് കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനം വരെയുള്ള പദയാത്രയിലും പൊതുസമ്മേളനത്തിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. സിപിഎമ്മും കോണ്‍ഗ്രസ്സും ഉയര്‍ത്തിയ ആരോപണങ്ങളെയെല്ലാം തള്ളി സംസ്ഥാനത്തുടനീളം ലക്ഷങ്ങളാണ് യാത്രയില്‍ അണിചേര്‍ന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 15 ദിവസം കൊണ്ടാണ് തലസ്ഥാനത്ത് സമാപിച്ചത്. സമാപനത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
ഇന്നലെ രാവിലെ ശ്രീകാര്യത്ത് ജനരക്ഷായാത്രയെ സ്വീകരിക്കാന്‍ സ്ത്രീകളും മുതിര്‍ന്നവരുമടക്കമുള്ള വന്‍ജനസഞ്ചയമെത്തി. മാര്‍ക്‌സിസ്റ്റുകള്‍ കൊലപ്പെടുത്തിയ തിരുവനന്തപുരം മണ്ണന്തലയിലെ രഞ്ജിത്തിന്റെയും കല്ലമ്പള്ളിയിലെ രാജേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍ ശ്രീകാര്യത്തെത്തിയത്. രാവിലെ 11.30ന് ശ്രീകാര്യത്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്രയ്ക്ക് ഉച്ചയ്ക്ക് പട്ടത്ത് വിശ്രമം. കടന്നുപോയ വഴിയില്‍ ഇരുവശവും ജനങ്ങള്‍ സ്വീകരിക്കാന്‍ കാത്തുനിന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരും കേന്ദ്രമന്ത്രിമാരും കേന്ദ്ര-സംസ്ഥാന നേതാക്കളും എംപിമാരും കുമ്മനത്തിനൊപ്പം യാത്രയില്‍ അണിചേര്‍ന്നു.
പട്ടത്തുനിന്ന് 3.30നു തുടങ്ങിയ പദയാത്രയെ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍കുമാര്‍ ചൗബേ അഭിസംബോധന ചെയ്തു. തുടര്‍ന്ന് പദയാത്രയില്‍ അദ്ദേഹവും ചേര്‍ന്നു. നാലരയോടെ പദയാത്രയിലേക്കെത്തിയ അമിത് ഷാ, തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാളയത്തുനിന്ന് മുന്‍നിരയില്‍ അമിത് ഷായും അണിചേര്‍ന്നു. പിന്നീട് ജനസാഗരമായി പുത്തരിക്കണ്ടത്തേക്കുള്ള ഒഴുക്ക്. ചാറ്റല്‍മഴയ്ക്കും പ്രവര്‍ത്തകരുടെ ആവേശത്തെ ചോര്‍ത്താനായില്ല. യാത്രയുടെ മുന്‍നിര പുത്തരിക്കണ്ടത്തെത്തുന്നതിനു മുന്‍പേ മൈതാനം നിറഞ്ഞുകവിഞ്ഞു.
അമിത് ഷായും കുമ്മനം രാജശേഖരനും നയിക്കുന്ന ജനരക്ഷാ യാത്രയുടെ മുന്‍നിര പുത്തരിക്കണ്ടത്തെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ആവേശത്താല്‍ ഇളകിമറിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ അമിത് ഷായും കുമ്മനവും മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് വേദിയിലെത്തിയത്.
ജില്ലാ അധ്യക്ഷന്‍ അഡ്വ.എസ്. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്തു. യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷനും ജനരക്ഷായാത്രാ കോ-ഓര്‍ഡിനേറ്ററുമായ വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.