ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുര്‍വേദ കോളേജടക്കം ആയിരം ആയുഷ്‌കേന്ദ്രങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്. നൂറ് ആയുഷ് ഡിസ്‌പെന്‍സറികളും ആയിരം ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചു. ആസാമിലെ ഗോള്‍പ്പാറയില്‍ ആയുര്‍വേദ കോളേജിനും പദ്ധതിയുണ്ട്. ഗുവാഹതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
70 കോടി രൂപ ചെലവിലാണ് ആയുര്‍വേദ കോളേജ് സ്ഥാപിക്കുന്നത്. ഗുവാഹത്തിയിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും. ആയുഷ് വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര ആരോഗ്യ മാതൃക നല്‍കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആയുഷ് മന്ത്രാലയം രാജ്യത്താകെ 12,500 ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
അസംസ്‌കൃത ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനായി നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡ് ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ആയുഷ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനും വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്‍വെസ്റ്റ് ഇന്ത്യ സ്ട്രാറ്റജിക് സെന്ററും ഫെസിലിറ്റേഷന്‍ ബ്യൂറോയും സ്ഥാപിക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-റിസോഴ്‌സസുമായി സഹകരിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റീജിയണല്‍ റോ ഡ്രഗ് റിപോസിറ്ററി (ആര്‍ആര്‍ഡിആര്‍) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിന്റെ ദേശീയ ഔഷധ സസ്യ ബോര്‍ഡ് നടത്തുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമിന് കീഴിലാണ് ഈ സംരംഭങ്ങള്‍. ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം എന്നിവ സംബന്ധിച്ച പദ്ധതി മന്ത്രാലയം നടപ്പാക്കും.
Discussion about this post