ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് മുതല്‍ ചതുര്‍ധാം യാത്ര ആരംഭിക്കും. കൊവിഡ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ടുള്ള നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. നൈനിറ്റാള്‍ ഹൈക്കോടതി ചതുര്‍ധാം യാത്രയ്ക്കുള്ള വിലക്ക് നീക്കുകയും തീര്‍ത്ഥാടനത്തിനായി രണ്ട് ഡോസ് കോവിഡ് വാക്‌സിനുകള്‍ ലഭിച്ച ആളുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
ഭക്തരോട് കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്താനും കോടതി ഉത്തരവിട്ടു. കേദാര്‍നാഥ് ധാമില്‍ പരമാവധി 800 തീര്‍ത്ഥാടകര്‍ക്കും ബദരിനാഥില്‍ 1200 പേര്‍ക്കും ഗംഗോത്രിയില്‍ 600 പേര്‍ക്കും യമുനോത്രിയില്‍ 400 പേര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള നീരുറവകളില്‍ കുളിക്കാന്‍ സഞ്ചാരികളെ അനുവദിക്കില്ല.
കൊവിഡ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചാര്‍ധാം തീര്‍ത്ഥാടനത്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തിയിരുന്നു. തീര്‍ത്ഥാടനം പരിമിതമായ തലത്തില്‍ ആരംഭിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ജൂണ്‍ 28 ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിലെ താമസക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു..
Discussion about this post