Constitution, Democracy, Army And RSS Are The Reasons Of Unity And Strength Of Bharat : Justice K.T Thomas
Constitution, Democracy, Army and RSS are the reasons of unity and strength of Bharat. Justice K.T Thomas said at Samarop fuction of sangh training camp(ITC) of Kottayam District, Kerala.
VSK KERALA : രാഷ്ട്രീയ സ്വയംസേവക സംഘം, കോട്ടയം ജില്ലയുടെ പ്രാഥമിക ശിക്ഷാ വർഗ്ഗിന്റെ സമാപന വേദിയിൽ അദ്ധ്യക്ഷനായി പങ്കെടുത്തുകൊണ്ട് റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പത്മഭൂഷൺ ശ്രീ KT തോമസ് സർ നടത്തിയ പ്രഭാഷണത്തിലെ ചില പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:
ഞാൻ ഇതാദ്യമായാണ് ഈ സ്കൂളിൽ (ഇല്ലിക്കൽ ചിൻമയ വിദ്യാലയം) RSSന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. മുൻപ് ഞാൻ പങ്കെടുത്ത RSSന്റെ പരിപാടികളിൽ നിന്നും ഒരു വ്യത്യാസം എനിക്ക് കാണുവാൻ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറിൽ നിന്നും പാന്റ്സ് ആയി മാറി. അതൊരു improvement ആയി ഞാൻ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹൻ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ഈ പരിപാടി ദർശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിർമ്മ തോന്നിയ കാര്യം: ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തിൽ യുവതലമുറയെ മനസ്സിലാക്കിക്കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഇത് നിഴലിച്ചു കാണുന്നുണ്ട് എന്നത് എനിക്ക് എറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. ഈ പ്രവർത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചരണവും, യോഗയും മറ്റും RSSന്റെയാണ് എന്ന്, അത് നമ്മൾ ചെയ്യേണ്ട എന്ന് തെറ്റിദ്ധരിച്ചവർക്ക് അതല്ലാ എന്ന്, ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമമുറയാണ് എന്ന് മനസ്സിലാക്കിയതിനാൽ അതിന് വേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
RSSകാർ ഡ്രില്ല് നടത്തുമ്പോൾ പലപ്പോഴും വടികൊണ്ട് അഭ്യസിക്കുന്നത് എനിക്ക് കാണുവാൻ സാധിച്ചു. അത് ആയുധ പരിശീലനമാണ്, മനുഷ്യരെ കൊല്ലുവാനാണ് അഭ്യസിക്കുന്നത് എന്നൊക്കെ പുറത്ത് നിൽക്കുന്ന പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഞാൻ അതിനോട് വിയോജിക്കുന്നു. നമ്മുടെ രാജ്യത്ത് അക്രമം വരുമ്പോൾ, ഇവിടുത്തെ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പഠിപ്പിക്കലാണ് യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത്.
പാമ്പിന് വിഷം നൽകിയിരിക്കുന്നത് ആരെയെങ്കിലും കൊല്ലുവാനാണ് എന്ന് ആരെങ്കിലും ചിന്തിച്ചാൽ, അവർ മനസ്സിലാക്കേണ്ടത്: പാമ്പുകൾ ആരേയും അങ്ങോട്ട് ചെന്ന് കൊത്തി കൊല്ലാറില്ല. ആരെങ്കിലും ആക്രമിക്കാൻ വരുമ്പോൾ ആ ആക്രമണത്തെ ചെറുക്കാനുള്ള ആയുധമായാണ് വിഷം ഉപയോഗിക്കുന്നത്. പാമ്പിന്റെ വിഷം എന്ന് പറയരുത് പകരം വെനം എന്ന് വേണം പറയാൻ എന്നാണ് വാവാ സുരേഷ് പറയുന്നത്. അത് സത്യമാണ് എന്ന് ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാമ്പിന്റെ വെനത്തിൽ നിന്ന് ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ ശാസത്രജ്ഞർ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ആ നിലയ്ക്ക് തന്നെയാണ് RSSന്റെ ഈ പരിശീലനത്തെയും ഞാൻ കാണുന്നത്.
ആദ്യകാലത്ത് എനിക്ക് RSSനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ദൂരെ നിന്ന് വീക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതിന് ശേഷം അവരിലുള്ള പല ഉന്നതശ്രേണിയിലുള്ളവരുമായുള്ള നിരന്തര സംസർഗത്താൽ ഞാൻ RSSനെ അഭിനന്ദിക്കുവാനും, ബഹുമാനിക്കുവാനും ആരംഭിച്ചു. രാജ്യസുരക്ഷയ്ക്ക് ആവശ്യമായുളള ഒരു Discipline Body എന്ന നിലയ്ക്കാണ് ഞാൻ RSSനെ കാണുന്നത്.
ഇന്ത്യയിലെ ജനങ്ങൾ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എന്നോട് ചോദിച്ചാൽ, എനിക്ക് മനസ്സിലായതിൽ നിന്നും ഞാൻ പറയുന്നത് 4 കാരണങ്ങൾ കൊണ്ടാണ്.
1. ഇന്ത്യയുടെ ഭരണഘടന
2. ഇന്ത്യയിൽ ജനാധിപത്യം ഉള്ളതുകൊണ്ട്
3. വിവിധ സൈന്യങ്ങൾ ഉള്ളതുകൊണ്ട്
4. RSS ഉള്ളതുകൊണ്ട്
ഇത് പറയാനുള്ള കാരണം അടിയന്തിരാവസ്ഥക്കാലത്തെ RSSന്റെ പ്രവർത്തനം കണ്ടതുകൊണ്ടാണ്. അടിയന്തിരാവസ്ഥയക്കെതിരെ മേൽത്തട്ടിന് താഴെ സംഘടിതമായി, സുശക്തമായി RSS സമരങ്ങൾ സംഘടിപ്പിച്ചു. ഈ വിവരം ഇന്റലിജൻസ് വഴി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തിരാവസ്ഥ മുന്നോട്ട് കൊണ്ടു പോയാൽ അത് തനിക്ക് വിനയാകും എന്ന് ഇന്ദിരാഗാന്ധിക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തിരാവസ്ഥ പിൻവലിക്കുകയും ചെയ്തു.
അതുകൊണ്ട് അടിയന്തിരാവസ്ഥയിൽ നിന്നും ഈ രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അത് RSSന് ആണെന്ന് പറയും. RSSന്റെ ഈ കൃത്യമായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തിരാവസ്ഥയിൽ നിന്നും നമുക്ക് മോചനം ലഭിച്ചത്.