തിരുവനന്തപുരം: ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിന് സേവാഭാരതിയുടെ പിന്തുണ അനിവാര്യമാണെന്ന് കേന്ദ്ര വനിതാ, ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ദേശീയ സേവാഭാരതി സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി.
സേവന രംഗത്ത് സേവാഭാരതി നല്‍കുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണ്. ദീന്‍ദയാല്‍ ഉപാദ്ധ്യായ നല്‍കിയ പ്രേരണാര്‍ത്ഥം ബിജെപി ‘സേവാസപ്ത’ എന്ന പേരില്‍ സേവനപ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടാകെ നടക്കുകയാണ്. വനിതകളുടെ പോഷക കുറവ് പരിഹരിക്കുന്നതിനുള്ള മാതൃവന്ദന യോജന, സ്വഛ്ഭാരത്, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പ്രയോജനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ സേവാഭാരതിയുടെ പിന്തുണ വേണം. കൊവിഡ്ക്കാലത്തും പ്രകൃതി ദുരന്ത സമയത്തും സേവാഭാരതിയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ഹരി അധ്യക്ഷത വഹിച്ചു. വെര്‍ച്യുല്‍ പ്ലാറ്റഫോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 874 കേന്ദ്രങ്ങളിലായി 4442 പ്രതിനിധികള്‍ പങ്കെടുത്തു. തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമായി. സാമ്പത്തിക ഭദ്രതയ്ക്ക് അടിത്തറ നല്‍കുന്നതിനുള്ള ‘സേവാസമര്‍പ്പണ്‍’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കല്യാണ്‍ സില്‍ക്‌സ് ഉടമ പട്ടാഭിരാമന്‍ നിര്‍വഹിച്ചു. സംസ്ഥാനപ്രതിനിധി സമ്മേളനത്തെ വൈഭവശ്രീ ദേശീയ സംയോജകന്‍ സുന്ദര്‍ ലക്ഷ്മണ്‍ അഭിസംബോധന ചെയ്തു.
Discussion about this post