ന്യൂദല്‍ഹി: നിയമങ്ങളുടെ കോളനിവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി പിഎസ് നരസിംഹ. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളും വ്യാഖ്യാനങ്ങളുമാണ് 70 വര്‍ഷത്തിലേറെയായി രാജ്യത്ത് തുടരുന്നതെന്നത് അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാന്‍ പോകുന്ന ജസ്റ്റിസ് നരസിംഹ, ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായ ബി.വി നാഗരത്‌നയില്‍ നിന്ന് ആ മേലങ്കി ഏറ്റുവാങ്ങുന്നതില്‍ താന്‍ അഭിമാനിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
മൂന്ന് വനിതകള്‍ ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കപ്പെട്ട ഒന്‍പത് ജഡ്ജിമാരെ ആദരിക്കുന്നതിനായി അഭിഭാഷകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തെ കൊളോണിയലിസം ബാധിച്ചിട്ടുണ്ടെന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ജസ്റ്റിസ് നരസിംഹ കോളനിവല്‍ക്കരണം അവസാനിപ്പിക്കുന്നത് ഭരണഘടനാ ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടിയത്.
അന്‍പത് ശതമാനം സ്ത്രീസംവരണം എന്നത് വലിയ കാര്യമല്ല. എന്തിനാണ് യോഗ്യതയ്ക്ക് അത്തരം പരിധികള്‍ നിശ്ചയിക്കുന്നത്: സ്ത്രീ ഒരു പുരുഷനെക്കാള്‍ മുന്നിലാണെന്നാണ് എന്റെ വിശ്വാസം. കാര്യങ്ങള്‍ സന്തുലിതമാക്കാനും ശാന്തത നിലനിര്‍ത്താനുമുള്ള കഴിവ് കാരണം സ്ത്രീകള്‍ക്കാണ് പ്രശ്‌നപരിഹാരത്തിന് കൂടുതലായി കഴിയുന്നത്.
ബെഞ്ചിലെ നാല് വനിതാ ജഡ്ജിമാര്‍ ഇപ്പോഴത്തെ നിലയില്‍ വിപ്ലവമാണ്. ജുഡീഷ്യറിയിലെ അമ്പത് ശതമാനം സംവരണം ഒരു പരിധിയേ അല്ല, 50 ശതമാനത്തില്‍ അത് നിര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post