മുംബൈ: വീരസവര്‍ക്കറിന്‍റെ ധീരസ്മരണകളെ നമസ്‌കരിച്ച് കങ്കണ റണാവത്ത് സെല്ലുലാര്‍ ജയിലില്‍. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് കങ്കണ, ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ തടവിലാക്കിയിരുന്ന പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ തന്നെയാണ് ചിത്രങ്ങളും അടിക്കുറിപ്പുകളുമായി ഈ വിവരം അറിയിച്ചത്.
‘ഇന്ന് ഞാന്‍ അവിടെ പോയി. ആന്‍ഡമാനില്‍, സെല്ലുലാര്‍ ജയിലില്‍… വീര്‍ സവര്‍ക്കര്‍ജിയുടെ ചിത്രത്തില്‍ കണ്ണുനട്ടു. എല്ലാ ക്രൂരതകളെയും അചഞ്ചലതയോടെ ചെറുത്തുനിന്ന ഇച്ഛാശക്തിയുടെ കണ്ണുകളില്‍ ഏറെ നേരം നോക്കിയിരുന്നു. അവര്‍ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും, അക്കാലത്ത് കാലാപാനിയില്‍, ഇരുട്ടറയില്‍ അദ്ദേഹത്തെ തളച്ചിടാനാണ് അവര്‍ ശ്രമിച്ചത്. കടലിന്റെ നടുവില്‍, ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലയില്‍ പൂട്ടി. കരിങ്കല്‍ മതിലുകളുള്ള ജയില്‍ നിര്‍മ്മിച്ച് അതിലെ ഇരുട്ടറയില്‍ അടച്ചു. അതിരില്ലാത്ത ഈ കടലിന് മീതെ ഒരു കാറ്റായി സവര്‍ക്കര്‍ പറന്നുപോയെങ്കിലോ എന്ന് അവര്‍ ഭയന്നിട്ടുണ്ടാകും. കൊടിയ ഭീരുക്കള്‍…
പാഠപുസ്തകങ്ങളില്‍ അവര്‍ പഠിപ്പിക്കുന്നതല്ല സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ സത്യമാണ് ഈ സെല്‍… വീരസവര്‍ക്കര്‍ജിയോട് നന്ദിയും അഗാധമായ ആദരവും അര്‍പ്പിച്ച് ഞാന്‍ സെല്ലില്‍ ധ്യാനിച്ചു… സ്വതന്ത്ര സംഗ്രാം കേ സച്ചെ നായക് കോ മേരാ കോടി കോടി നമന്‍. ജയ് ഹിന്ദ്, കങ്കണ പറഞ്ഞു.
Discussion about this post