അഹമ്മദാബാദ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കര്‍ണാവതിയില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്ത് സഭയ്ക്ക് തുടക്കം കുറിച്ചു. കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീ നിഷ്‌കളങ്കനാരായണ സത്സംഗ ഹാളില്‍ മൂന്ന് ദിവസത്തെ പ്രതിനിധി സഭ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം, 2025ല്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ നൂറാം വര്‍ഷം എന്നിവ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്കും.
സംഘ ശതാബ്ദിയുടെ ഭാഗമായി 55,000 സ്ഥലങ്ങളില്‍ ഒരു ലക്ഷം പ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനവും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംഗ്രഹിച്ച് ദേശീയതല കര്‍മ പദ്ധതി ആവിഷ്‌കരിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതിനായി മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന വികാസത്തിനായി പൂര്‍ണ സമയ പ്രവര്‍ത്തകരെ സജ്ജരാക്കുന്നുണ്ട്.
സമകാലിക വിഷയങ്ങളടക്കമുള്ള പ്രമേയങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സ്വാവലംബിത ഗ്രാമങ്ങളിലൂടെ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള പ്രയാണത്തിനനുകൂലമായ വിവിധ പദ്ധതികള്‍ രാജ്യത്താകമാനം നടക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.
വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളികള്‍, പോരാട്ട കേന്ദ്രങ്ങള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പ്രജ്ഞാപ്രവാഹ്, ഇതിഹാസ സങ്കലന സമിതി എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളും നടക്കും. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ. ബലറാം, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ എന്നിവരടക്കം 50 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.36 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ സംഘടനാ സെക്രട്ടറിമാരും പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നു.
Discussion about this post