ഇസ്ലാമാബാദ്: ഉക്രൈനിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പാളിപ്പോയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തിന് നീക്കം നടത്തുന്നതിനിടെ പാര്‍ലമെന്റ് അംഗങ്ങളുടെ വസതികള്‍ പോലീസ് അടിച്ചുതകര്‍ത്തു. ദേശീയ അസംബ്ലിയിലെ പ്രധാന പ്രതിപക്ഷ അംഗങ്ങളടക്കം 19 പേരെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ നേതൃത്വത്തില്‍ പോലീസ് കമാന്‍ഡോകള്‍ അസംബ്ലി അംഗങ്ങളുടെ വസതികള്‍ വളഞ്ഞാണ് അറസ്റ്റ് നടത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തടയാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസുകാര്‍ അകത്തുകടക്കുകയായിരുന്നുവെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ പിഎംഎല്‍എന്‍ നേതാവ് ഖവാജ സാദ് റഫീഖ് പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമാ-ഇ-ഇസ്ലാമിന്റെ(ജെയുഐ-എഫ്) നേതാക്കളുടെ സുരക്ഷയ്ക്കായി അവരുടെ സന്നദ്ധസേനയായ അന്‍സറുല്‍ ഇസ്ലാമിന്റെ അംഗങ്ങള്‍ പാര്‍ലമെന്റ് ലോഡ്ജുകളില്‍ കടന്നതിന് പിന്നാലെയാണ് പോലീസ് നടപടി. അതേസമയം അന്‍സറുള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ അതിഥികളാണെന്ന വാദമുയര്‍ത്തി ജെയുഐ നേതാവും നാഷണല്‍ അസംബ്ലി (എംഎന്‍എ) അംഗവുമായ സലാഹുദ്ദീന്‍ അയ്യൂബി പോലീസിനെ തടയുകയായിരുന്നു. തുടര്‍ന്ന് അയ്യൂബിയുടെ ജീവനക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി), പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ്(പിഎംഎല്‍എന്‍) അംഗങ്ങളും ആ സമയത്ത് ലോഡ്ജുകളിലുണ്ടാായിരുന്നു, ജെയുഐ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാനും സംഭവസ്ഥലത്തെത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. പോലീസ് കമാന്‍ഡോകള്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ സ്യൂട്ട് തകര്‍ത്ത് അന്‍സാറുല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മുറിയില്‍ നിന്ന് വലിച്ചിഴച്ച് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
പാര്‍ലമെന്റ് ലോഡ്ജുകളിലെ പോലീസ് നടപടി ഇമ്രാന്‍ ഖാന്റെ പരിഭ്രാന്തിയുടെ തെളിവാണെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. ഇത്തരം സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ സര്‍ക്കാരിന് നല്ലതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്ലാമാബാദ് പോലീസ് പ്രധാനമന്ത്രിയുടെ ‘പടയാളികളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റ് മറിയം നവാസ്,പറഞ്ഞു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.
”ഇമ്രാന്‍ ഖാന്‍… നിങ്ങളാണ് എല്ലാത്തിനും ഉത്തരവാദികള്‍. വൃത്തികെട്ട ഭാഷ, ധിക്കാരം, അഹങ്കാരം, മറ്റ് നേതാക്കളോടുള്ള അനാദരവ് ഇതെല്ലാമാണ് നിങ്ങളെ നയിച്ചത്. ഭീഷണികള്‍ ഇനി നടക്കില്ല, ആ കാലം മാറിപ്പോയിരിക്കുന്നു.”
മറിയം നവാസ്
പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റ്
Discussion about this post