കച്ചാര്‍ (അസം): കായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ നായയുമായി നടക്കാനിറങ്ങിയ ഐഎഎസ് ദമ്പതികള്‍ക്ക് വടക്ക് കിഴക്ക് സ്ഥലംമാറ്റം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നതിനിടെ ആസാമിലെ കച്ചാറില്‍ മറ്റൊരു ഐഎഎസുകാരി തരംഗമാകുന്നു. സഞ്ജീവ് ഖിര്‍വാറും ഭാര്യ റിങ്കു ദുഗ്ഗയും ദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിന് വിമര്‍ശിക്കപ്പെടുമ്പോഴാണ് കച്ചാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി വെള്ളപ്പൊക്കം കൊണ്ട് ദുരിതത്തിലമര്‍ന്ന നാട്ടിന്‍പുറങ്ങളില്‍ ചളി പുതഞ്ഞ വഴിയിലൂടെ നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നത്.
പ്രളയബാധിതമേഖലകളില്‍ നടന്നെത്തിയാണ് കീര്‍ത്തി ജല്ലി ജനങ്ങളുടെ ദുരിതം കണ്ടത്. ദുരിതത്തിലായ ഓരോ കുടുംബത്തോടും അവര്‍ സംവദിച്ചു. ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ചു. കച്ചാര്‍ ജില്ലയിലെ ചെസ്‌രി ഗ്രാമപഞ്ചായത്തിലാണ് പ്രളയം ഏറ്റവും അധികം ബാധിച്ചത്.
ചെളിമൂടിയ ചെസ്‌രിയിലെയും ബോര്‍ഡോല ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള ഛുത്രസംഗന്‍ ഗ്രാമത്തിലെയും പാതകളിലൂടെ കഴിഞ്ഞ ദിവസം കീര്‍ത്തി ജല്ലി നടന്നു. പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു.
വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ മടങ്ങിയത്.
Discussion about this post