ചെറുതുരുത്തി(തൃശ്ശൂര്‍): കുറച്ച് ഇലയും തണ്ടും പൂക്കളുമുണ്ടെങ്കില്‍ നിമിഷനേരം കൊണ്ട് ഗീതമ്മ ഉണ്ണിക്കണ്ണനെ വരയ്ക്കും, അതും നമ്മളാഗ്രഹിക്കുന്ന രൂപത്തില്‍. കുന്നംകുളത്തുകാരി ഗീതമ്മ വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. മലയാളം അധ്യാപികയാണ്. കുട്ടിക്കാലം തൊട്ടേ ഗുരുവായൂരപ്പഭക്തയായ ഇവര്‍ അധ്യാപന ജീവിതം അവസാനിച്ചതോടെയാണ് വേറിട്ട വരകളിലേക്ക് തിരിഞ്ഞത്. ഒരു നേരമ്പോക്കിന് തുടങ്ങിയതാണെങ്കിലും ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ണന്റെ ഓരോ രൂപങ്ങള്‍ വരയ്ക്കുകയെന്നത് ടീച്ചര്‍ക്ക് ശീലമായി.
ഊഞ്ഞാലാടുന്ന കണ്ണനും കാളിയമര്‍ദനവും മുരളീഗായകനും രാധാസമേതനുമൊക്കെയായി കണ്ടാല്‍ മതിവരാത്തവിധം നിരവധി ചിത്രങ്ങള്‍. മനസില്‍ തെളിയുന്ന കണ്ണന്റെ രൂപം അതേപടി ഇലയും പൂവും തണ്ടും കൊണ്ട് കാന്‍വാസില്‍ സൃഷ്ടിക്കുകയാണ് ഗീതമ്മ. ഒരു ദിവസം പോലും വാടാതിരിക്കില്ല എന്നതിനാല്‍ ഇതിന്റെയെല്ലാം ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്തു വെക്കുകയാണ് ചെയ്യുന്നത്.
ചിത്രരചനയില്‍ വലിയ കഴിവൊന്നുമില്ലാത്ത തന്നെക്കൊണ്ട് ഭഗവാന്‍ ചെയ്യിക്കുന്നതാണിതെന്നാണ് ടീച്ചര്‍ വിശ്വസിക്കുന്നത്. തുളസി, മുല്ല, താമര തുടങ്ങി എല്ലാ ചെടികളുടെ പൂക്കളും ടീച്ചര്‍ ചിത്രം വരയ്ക്കാനുപയോഗിക്കും. ഇതിനോടകം കണ്ണന്റെ വിവിധ ഭാവത്തിലുള്ള അറുപതോളം ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു, എണ്ണം 108 ആകുന്നതോടെ എല്ലാം ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ് ഗീതമ്മ.
കൊടുങ്ങല്ലൂര്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ടീച്ചര്‍ ജോലി സംബന്ധമായി കുന്ദംകുളത്തേക്ക് താമസം മാറുകയായിരുന്നു. ഭര്‍ത്താവ് ശിവന്‍ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. മക്കള്‍ ശരത്ചന്ദ്, കൃഷ്ണേന്ദു. മരുമകന്‍ ഗോകുല്‍.
Discussion about this post