റാഞ്ചി(ഝാർഖണ്ഡ്): ദ്രൗപദീ മുർമൂവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻഡിഎ പ്രഖ്യാപിച്ചതോടെ വനവാസി മേഖലകൾ ആവേശത്തിമർപ്പിൽ. വീരബിർസാമുണ്ടയുടെ വീരാഹുതിദിനം ദേശീയജൻജാതി ദിവസമായി പ്രഖ്യാപിച്ചതിന് പിന്നാലെ വനവാസി സമൂഹത്തിന് കേന്ദ്രസർക്കാർ നല്കുന്ന വലിയ സമ്മാനമാണ് ദ്രൗപദിയുടെ രാഷ്ട്രപതിപദമെന്ന് ആദിവാസി ജൻ പരിഷത്ത് അധ്യക്ഷൻ പ്രേം എസ്. മുണ്ട പറഞ്ഞു. വനവാസി സമൂഹത്തെ എങ്ങനെ പരിഗണിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ എൻഡിഎയെ കണ്ടുപഠിക്കണമെന്നും ദ്രൗപദീ മുർമൂവിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം മുംബൈയിൽ ഇന്നലെ ഗുരുകുലത്തിലെ വിദ്യാർത്ഥികൾ ദ്രൗപദീമുർമൂവിന്റെ ചിത്രങ്ങൾ വരച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അധ്യാപികയായും ഭരണകർത്താവായും ജനഹൃദയങ്ങളിലിടം പിടിച്ചാണ് ദ്രൗപദീ മുർമൂ രാഷ്ട്രപതി പദത്തിലേക്ക് എത്തുന്നതെന്നും അർഹതയ്ക്കുള്ള അംഗീകരാമാണതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് ദ്രൗപദിയുടെ തെരഞ്ഞെടുപ്പെന്നും രാജ്യത്തെ യുവാക്കൾ അഭിമാനത്തോടെയാണ് ഇൗ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അവർ പറഞ്ഞു.
Discussion about this post