പിയൂഷ് ജി
സുകുമാരക്കുറുപ്പിന്‍റെ വീട്ടിൽ കോഴിക്കറി വച്ചു എന്നതായിരുന്നു പൊലീസിന് സംശയത്തിന്‍റെ വഴി തുറന്നിട്ടത്. കാരണം എൺപതുകളിൽ കേരളത്തിലെ വീടുകളിൽ കോഴിയിറച്ചി അത്യപൂർവ്വമായിരുന്നു. ആഘോഷാവസരങ്ങളിൽ മാത്രം അത് കേരളത്തിന്‍റെ തീൻ മേശകൾ അലങ്കരിച്ചു. എന്നാൽ കഴിഞ്ഞൊരു പതിനഞ്ച് കൊല്ലത്തിലേറെയായി നമ്മുടെ അവസ്ഥ എന്താണ് ? കോഴിയിറച്ചി ഇല്ലാത്ത വീടുകളോ അത് വില്പനയില്ലാത്ത കവലകളോ അത്യപൂർവ്വമായ സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. കോഴിയിറച്ചിൽ നിന്ന് ഇറച്ചിക്കോഴിയിലേക്കുള്ള ദൂരം കേരളം പിന്നിട്ടത് അതിവേഗമാണ്. ശാസ്ത്രീയമായി മാലിന്യം നിർമ്മാർജ്ജനം ചെയ്യാനുള്ള സാക്ഷരതയില്ലാത്ത മലയാളി കോഴി വേസ്റ്റുകൾ തെരുവുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും നിക്ഷേപിച്ചു തുടങ്ങിയപ്പോഴാണ് തെരുവ് നായ്ക്കളുടെ സ്വഭാവം മാറിത്തുടങ്ങുന്നതും.
മലയാളി മിഡിൽ ക്ലാസിന്‍റെ വിദേശനായ പ്രേമം ആരംഭിച്ചതോടെയാണ് നമ്മുടെ തദ്ദേശീയരായ നായകൾ തെരുവ് തെണ്ടികളായി പരിണമിച്ചതെന്നും മറന്നുപോകരുത്. ആയിരമായിരം കൊല്ലങ്ങളായി നമ്മളോടിണങ്ങി കഴിഞ്ഞിരുന്ന ഇന്ത്യൻ പരിയാ ഡോഗുകൾ എന്തുകൊണ്ടോ നമ്മുടെ സൗന്ദര്യസങ്കല്പങ്ങൾക്ക് ചേരാതെയായി. വീടുകളിൽ നിന്നവരെ പടിയടച്ച് പുറത്താക്കുകയും ആ സ്ഥാനം ഡാഷ് ഹണ്ടുകൾക്കും പോമറേനിയനുകൾക്കും അപകടകാരിയായ റോട്ട് വീലറുകൾക്കുമൊക്കെ പതിച്ചു നൽകുകയും ചെയ്തു. ആദ്യം നാം അവരെ തെരുവുകളിലേക്ക് തള്ളി. പിന്നീട് അശാസ്ത്രീതമായ മാലിന്യനിർമ്മാർജ്ജനത്തിലൂടെ അവയുടെ സ്വഭാവം മാറ്റി. ഇപ്പോൾ നമുക്ക് അവയെ കൊന്നുതള്ളണം. പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലണം. നടക്കട്ടെ. ഇന്ത്യൻ പരിയാ ഡോഗ്സ് കാരണം മലയാളിയുടെ സ്വൈര്യജീവിതം തകരേണ്ട.
പല കാര്യങ്ങളിലും മലയാളി ജീവിക്കുന്നത് യൂറോപ്യൻ ‘നിലവാരത്തിൽ’ ആണല്ലോ. നെതർലൻഡ്‌സ് എപ്രകാരമാണ് തെരുവുനായ ശല്യം ഇല്ലാതാക്കിയത് എന്നുകൂടി മലയാളി അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ നേരിടാൻ റൂം ഫോർ റിവർ എന്ന ഡച്ച് മാതൃക ‘പഠിച്ച്’ പ്രബുദ്ധരായ മലയാളികൾ.
തെരുവുനായകൾ പെരുകിയപ്പോൾ അവയെ കൊന്നൊടുക്കിക്കൊണ്ടല്ല മറിച്ച് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ അനാഥ നായ്ക്കളുടെ എണ്ണം കുറയ്ക്കലായിരുന്നു ഡച്ച് സർക്കാർ ചെയ്തത്. അനാഥനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സിൻ നൽകി. (ഡച്ച് സർക്കാർ വന്ധീകരിച്ച നായകൾ കേരളത്തിലേതുപോലെ പിന്നീട് പ്രസവിച്ചില്ല എന്നതും ശ്രദ്ധേയം.) ശേഷം ഇവയെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റി. ഡോഗ് ഷെൽട്ടറുകളിൽ നിന്ന് അനാഥ നായ്ക്കളെ ഏറ്റെടുക്കാൻ ജനങ്ങളോട് ആഹ്വാനവും നൽകി. ഇങ്ങനെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ പോലും പല ഡച്ച് നഗരസഭകളും തയാറായി. അലഞ്ഞുതിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി. നിലവിൽ ഡച്ച് ജനസംഖ്യയിൽ അഞ്ചിലൊരാളും ഇത്തരത്തിൽ അനാഥ നായ്ക്കളെ ദത്തെടുത്തിട്ടുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.
അതുകൊണ്ട് കേരളത്തിലെ നായകളെ, ജീവനിൽ കൊതിയുണ്ടങ്കിൽ നിങ്ങൾ നെതർലാൻഡ്‌സിലേക്ക് പോകുക. പോയി രക്ഷപ്പെടുക. ഇവിടുത്തെ കുട്ടികൾ പണ്ടേ യൂറോപ്പിലേക്ക് പോയവരാണല്ലോ. ഇനി കുട്ടികളും പട്ടികളും ഇല്ലാത്ത ഈ നാട്ടിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ.
എന്ന് നാടൻ നായയെ വീട്ടിൽ വളർത്തുന്ന ഒരു അപരിഷ്കൃതൻ.
Discussion about this post