ദീന്‍ ദയാല്‍ ഉപാധ്യായ ബലിദാനം – ഫെബ്രുവരി 11
മാധ്യമ പ്രവർത്തകൻ ടി. സതീശൻ അനുസ്മരിക്കുന്നു..
ദീന്‍ ദയാല്‍ജി വിട പറഞ്ഞിട്ടു 55 വർഷം. ഭാരത രാഷ്ട്രീയ രംഗത്തിന് ഒരു പുത്തന്‍ മുഖം പ്രദാനം ചെയ്യാന്‍ അദ്ദേഹം നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍, പ്രയത്നങ്ങള്‍ … ഏത് പാര്‍ട്ടിക്കാരും അറിഞ്ഞിരിക്കേണ്ട, പഠിക്കേണ്ട വ്യക്തിത്വം…. എല്ലാരാഷ്ട്രീയ പ്രവർത്തകര്‍ക്കും ആ ജീവിതം ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ്.
അദ്ദേഹം സ്വയം നേതാവാകാതെ charisma, talent, leadership quality എന്നിവ നിറഞ്ഞ നിരവധി നേതാക്കളെ സൃഷ്ടിച്ചു. അടല്‍ജി, അദ്വാനിജി, നാനാജി ദേശ്മുഖ്, സുന്ദര്‍ സിംഗ് ഭണ്ഡാരിജീ, ബച്ച് രാജ് വ്യാസ്, ഗ്വാളിയോര്‍ രാജ്മാതാ, അങ്ങിനെ അസംഖ്യം പേര്‍……അവരെയെല്ലാം ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നാല്‍, അവരെ അവരാക്കി മാറ്റിയ ദീന്‍ ദയാല്‍ജിയെ അറിയുന്നവര്‍ ചുരുക്കം. വധിക്കപ്പെടുന്നതിന് 41 ഓളം ദിവസങ്ങള്‍ക്ക് മുൻപ് ഭാരതീയ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷന്‍ ആകുന്നത് വരെ, പാർട്ടി സ്ഥാപിച്ചത് മുതല്‍ 17 വര്‍ഷങ്ങളോളം അദ്ദേഹം പാര്‍ട്ടിയുടെ ഏക ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുകയായിരുന്നു. എപ്പോഴും കര്‍ട്ടനു പിന്നില്‍. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ സെന്റിനറി കാലത്ത് കോളേജുകളില്‍ അദ്ദേഹത്തെ കുറിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര HRD മന്ത്രാലയം സംസ്ഥാനങ്ങളിക്ക് സര്‍ക്കുലര്‍ അയച്ചപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇതാര് എന്നായിരുന്നു ഉയര്‍ന്ന ചോദ്യങ്ങള്‍.
അദ്ദേഹം മുന്നോട്ട് വെച്ച “ഏകാത്മ മാനവ വാദം” (Integral Humanism) എന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് അടല്‍ജിയുടെയും മോദിജിയുടെയും സര്‍ക്കാരുകള്‍ അവരുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ”അന്ത്യോദയ” എന്ന കോണ്‍സെപ്റ്റ് തന്നെ അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ് ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.
കീര്‍ത്തി ഇച്ഛിക്കാതെയുള്ള ആ ജൈത്ര യാത്രയില്‍ അദ്ദേഹം പാര്‍ട്ടിക്ക് നേടിക്കൊടുത്തത് എന്തൊക്കെ?
1967ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജന്‍സംഘത്തിന്റെ മൊത്തം വോട്ട് ഷെയര്‍ പ്രകാരം കോൺഗ്രസ്സ് കഴിഞ്ഞാല്‍ ആ പാര്ട്ടി രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറി. ലോക്സഭയില്‍ മൂന്നാമത്തെ വലിയ കക്ഷി. ഭരണകക്ഷിയായ കോൺഗ്രസ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം 45 സീറ്റ് (എന്നാണ് ഓർമ്മ) നേടിയ സ്വതന്ത്ര പാര്ട്ടി. അത് കഴിഞ്ഞാല്‍ 35 സീറ്റ് നേടിയ ജനസംഘം. അടല്‍ജി, ബല്‍ രാജ് മധോക്, കന്‍വര്‍ലാല്‍ ഗുപ്ത, എംഎല്‍ സോന്ധി, ഹുക്കും ചാന്ദ്.
തുടങ്ങിയ മഹാരഥര്‍ ലോക് സഭയില്‍. ജനസംഘം ദേശീയ തലത്തില്‍ ടോട്ടല്‍ വോട്ട് ഷെയറിന്റെ രണ്ടാം സ്ഥാനം നേടിയ ആ കാലത്തിന്റെ പ്രത്യേകത ഓര്‍ക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ അംബ്രെല്ല നേതൃത്വം വഹിച്ച കോൺഗ്രസ്സിന്റെ കരിസ്മക്കു വലിയ കോട്ടം വന്നിരുന്നില്ല. നെഹ്രു കുടുംബത്തിന്റെ കരിസ്മയും നിലനിന്നിരുന്നു. കൊൺഗ്രസ്സിന് വേണ്ടി ആ തെരെഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് അദ്ദേഹത്തിന്‍റെ പുത്രിയും പ്രധാനമന്ത്രിയുമായ ശ്രീമതി ഇന്ദിര. ആ പ്രാവശ്യം പല സംസ്ഥാനങ്ങളിലും ജനസംഘം കൂടി പങ്കാളിയായി സംയുക്ത വിധായക്ദള്‍ സര്‍ക്കാരുകള്‍ നിലവില്‍ വന്നു. ചിലയിടത്ത് സിപിഐ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ജനസംഘത്തോടൊപ്പം.
ഗാന്ധിയന്‍ ശൈലി എന്നു പരക്കെ അറിയപ്പെടുന്ന ദീന്‍ ദയാല്‍ ശൈലി ആയിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ.
പാര്‍ട്ടി കാര്യാലയങ്ങളുടെ പുറത്തു തുന്നി കൂട്ടിയ പഴയ ചെരുപ്പു കണ്ടാല്‍ പ്രവര്‍ത്തകര്‍ പറയുമായിരുന്നു, ദീന്‍ ദയാല്‍ജി അകത്തുണ്ടെന്നു. ചെരിപ്പിന്റെ പരിതാപകരമായ അവസ്ഥ കണ്ടു ദയ തോന്നിയ ഒരു പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് പുതിയ ഒരു ജോഡി ചെരിപ്പു വാങ്ങി ക്കൊടുക്കാന്‍ തയാറായി. അതിനു ദീന്‍ ദയാല്‍ജിയുടെ നർമ്മം കലര്‍ന്ന മറുപടി ശ്രദ്ധേയമാണ് : “നിങ്ങള്‍ ഒരു ബ്രാഹ്മണന് ചെരുപ്പാണോ ദാനം ചെയ്യുന്നത്, ഓടിപ്പോയി കുറച്ചു ലഡു വാങ്ങി വരൂ, എല്ലാവർക്കും കഴിക്കാമല്ലോ”.
ഒരിക്കല്‍ പാർട്ടി കാര്യാലയത്തില്‍ നിന്നു മുടി വെട്ടിക്കാന്‍ പുറത്തു പോയ ദീന്‍ ദയാല്‍ജി വളരെ വേഗം തിരിച്ചെത്തി. ക്രോപ്പിങ് നിലവാരം വളരെ മോശം. പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി റെഡി: “ബാര്‍ബര്‍ ഷോപ്പില്‍ നല്ല തിരക്ക്. പുറത്തിറങ്ങി മറ്റൊരു കടയുണ്ടോ എന്നു തിരയുമ്പോള്‍ ഒരു ഇടവഴിയില്‍ അതാ ഇരിക്കുന്നു, ഒരു ബാര്‍ബര്‍, കസേരക്ക് പകരം ഒരു വലിയ കല്ല്. കണ്ണാടി കസ്റ്റമര്‍ തന്നെ തന്റെ മുഖത്തിന് നേരെ പിടിക്കണം. കടയിലെ ചാര്‍ജിന്റെ മൂന്നിലൊന്നു മാത്രം ചാര്‍ജ്. ആ പാവത്തിന് ഒരു വരുമാനം. എന്റെ കാര്യം പെട്ടെന്നു തീരുകയും ചെയ്തു. കൂടാതെ ആ നിലവാരത്തില്‍ ജീവിക്കുന്നവരുടെ ഇക്കോണോമിക്സ് നേരില്‍ ചോദിച്ചു മനസ്സിലാക്കാനും കഴിഞ്ഞു.” അദ്ദേഹം “ഏകാത്മ മാനവ വാദം” തയ്യാറാക്കുന്ന കാലമായിരുന്നു എന്നത് ഇവിടെ പ്രധാനം.
1967 ഡിസംബറില്‍ കോഴിക്കോട് നടന്ന ചരിത്ര പ്രസിദ്ധമായ ജനസംഘം ദേശീയ സമ്മേളനത്തില്‍ ആണല്ലോ ദീന്‍ ദയാല്‍ജിക്ക് പ്രത്യേക സാഹചര്യ്ത്തില്‍ പാർട്ടി അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. അത് കഴിഞ്ഞു 41 മത് ദിവസം രാഷ്ട്രദ്രോഹ ശക്തികളാല്‍ കൊല ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മൃതശരീരം മുഗള്‍സറായി റയില്‍വേ ട്രാക്കില്‍ കാണപ്പെട്ടു.
കോഴിക്കോട് സമ്മേളനം കഴിഞ്ഞു പിറ്റെന്നു അളകാപുരി ഹോട്ടലിലെ ദീന്‍ ദയാല്‍ജിയുടെ റൂം. “ദ ഹിന്ദു”വിന്റെ ലേഖകനും റൂമിലുണ്ട്. പത്രത്തിന് നല്കിയ ഇന്റെര്‍വ്യൂവിന്‍റെ ഡ്രാഫ്റ്റ് കൊണ്ട് വന്നതാണ് അദ്ദേഹം, ദീന്‍ ദയാല്‍ജിയുടെ അപ്രൂവലിനായി. ആ സമയം അലക്കിയ വസ്ത്രങ്ങളുമായി ഡോബി വന്നു. “അരെ ഭായി ബൈട്ടോ നാ” എന്നു പറഞ്ഞും കൊണ്ടാണ് ഭാരതത്തിലെ രണ്ടാമത്തെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ഡോബിയെ സ്വീകരിച്ചത്. ദീന്‍ ദയാല്‍ജിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഡോബി ഈ കാര്യം പറഞ്ഞു കൊണ്ടാണ് കരഞ്ഞത്.
കോളേജ് വിദ്യാഭ്യാസകാലത്ത് ഹോസ്റ്റല്‍ ജീവിതം. ശൈശവ കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയെ വളര്‍ത്തിയത് റെയില്‍വേ ഗേറ്റ്മാനായ അമ്മാവന്‍. സ്വാഭാവികമായും ദാരിദ്ര്യം കൂടപ്പിറപ്പ്. അത് കൊണ്ട് ഹോസ്റ്റല്‍ ജീവിതക്കാലത്ത് ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഒരിക്കല്‍ മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു വന്ന ദീന്‍ ദയാല്‍ജി ചില്ലറ നാണയം എണ്ണി നോക്കിയപ്പോള്‍ കണ്ടത് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു എടുക്കാത്ത നാണയം പച്ചക്കറിക്കാരന് തെറ്റി കൊടുത്തു പോയി എന്നാണ്. കുറ്റബോധം അദ്ദേഹത്തെ വേദനിപ്പിച്ചു. ആ സന്ധ്യാ നേരത്ത് അദ്ദേഹം തിരിച്ചു മാര്‍ക്കറ്റിലേക്ക്. പച്ചക്കറിക്കാരന്‍ ആണെങ്കില്‍ രാത്രി തുടങ്ങിയതോടെ എല്ലാം കെട്ടിപ്പെറുക്കി വീട്ടില്‍ പോകാനുള്ള തിരക്കില്‍. ആ ഒരു കൊച്ചു നാണയത്തിന് വേണ്ടി സഞ്ചി തപ്പി സമയം കളയാന്‍ അയാള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, ദീന്‍ ദയാല്‍ജി ഉറച്ചു നിന്നു. അവസാനം എടുക്കാത്ത നാണയം വാങ്ങി, പകരം നല്ല നാണയം നല്‍കിയാണ് ദീന്‍ ദയാല്‍ജി ഹോസ്റ്റലിലേക്ക് തിരിച്ചു പോയത്.
സെപ്റ്റബര്‍ 25 നാണ് ദീന്‍ ദയാല്‍ജിയുടെ ജന്മദിനം. അതു കൊണ്ടാണ് അദ്വാനിജി 1990 സെപ്റ്റംബര്‍ 25നു സോംനാഥ് – അയോധ്യ രഥയാത്ര ആരംഭിച്ചത്.
Discussion about this post