മലയാള ഭാഷയുടെ മാദക ഭംഗിതിരിച്ചറിഞ്ഞ കവി ശ്രീകുമാരൻ തമ്പി ഇന്ന് എൺപത്തി മൂന്നിന്റെ നിറവിൽ. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതില്‍ അപ്പുറം ഒരു സോഷ്യലിസവും കമ്മ്യൂണിസവുമില്ല എന്നുവിശ്വസിക്കുന്ന സാഹിത്യകാരൻ.
‘കേരളം..കേരളം.. കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം…’ എന്ന് പാടുമ്പോൾ
മലയാളിയുടെ ആത്മാഭിമാനം നിറഞ്ഞുതുളുമ്പുകയാണ്.
ഇന്നും ഓണക്കാലത്തു മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ‘തിരുവോണപ്പുലരിയിൽ തിരുമുൽ കാഴ്ചകാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി, പൂവിളി പൂവിളി പോന്നോണമായി’ എന്നീഗാനങ്ങളുടെ മാധുര്യം മറ്റേത് ഓണപ്പാട്ടിനുണ്ട്?
1966-ൽ മെറിലാൻഡിന്റ് നിർമ്മിച്ച കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാ ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്.
മൂവായിരത്തിലധികം സിനിമാ ഗാനങ്ങളുടെ രചന, മുപ്പത് സിനിമകളുടെ സംവിധാനം, എൺപതോളം സിനിമകൾക്ക് തിരക്കഥ, നിർമ്മിച്ചത് 22സിനിമകളും ആറ് ടെലിവിഷൻ പരമ്പരകളും, നാല് കവിതാ സമാഹാരങ്ങൾ, രണ്ടു നോവലുകൾ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും നടത്തിയിട്ടുള്ള ഗാനരചനകൾ വേറെ…. അതിശയിപ്പിക്കുന്നില്ലേ നമ്മെ അദ്ദേഹം? തോപ്പിൽ ഭാസിക്കും എസ് എൽ പുരത്തിനും ശേഷം മലയാള സിനിമക്ക് വേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള വ്യക്തി ശ്രീകുമാരൻ തമ്പിയാണ്.
ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ,’ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ ‘ ആ നിമിഷത്തിന്റെ നിർവൃതിയിൽ’ ‘ചുംബനപ്പൂ കൊണ്ടു മൂടി’ ‘സന്ധ്യക്കെന്തിന് സിന്ദൂരം’, തുടങ്ങി പ്രണയം തുളുബിനിൽക്കുന്ന എത്രയോ ഗാനങ്ങൾ രചിച്ച ശ്രീകുമാരൻ തമ്പി തന്നെയാണ് ‘സുഖമെവിടെ ദുഃഖമെവിടെ’
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാൻ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാൻ നിഴല്‍ മാത്രം’, ‘ബന്ധുവാര്, ശത്രുവാര്’ ‘സ്വന്തമെന്ന പദത്തിനെന്താർത്ഥം’ എന്ന വിഷാദം തുളുമ്പുന്ന ഗാനങ്ങളും രചിച്ചത്.
മംഗളം നേരുന്നു ഞാൻ, അകലെ അകലെ നീലാകാശം,ആ നിമിഷത്തിന്റെ നിർവൃതിയിൽ, മൗനം പോലും മധുരം,ഇലഞ്ഞിപ്പൂമണം, സന്ധ്യക്കെന്തിനു സിന്ദൂരം, ഒന്നാം രാഗം പാടി, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, മലയാള ഭാഷതൻ മാദക ഭംഗി തുടങ്ങി മലയാളസിനിമഗാനലോകത്ത് ഇത്രയേറെ ഹിറ്റുകൾ സമ്മാനിച്ച മറ്റൊരു രചയിതാവുണ്ടോ എന്ന് സംശയമാണ്.
തരംഗിണിയുടെ ഉത്സവഗാനങ്ങൾ എന്ന ആൽബത്തിൽ അദ്ദേഹം രചിച്ച ‘പായിപ്പാട്ടാറ്റിൽ വള്ളംകളി’ ‘ഉത്രാടപ്പൂനിലാവേ വാ’ തുടങ്ങിയ മനോഹരഗാനങ്ങളൊന്നും മലയാളിക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല.
എന്നാൽ അടുത്തകാലത്തു ശ്രീകുമാരൻ തമ്പി വാർത്തകളിൽ നിറഞ്ഞത് സംഗീതവുമായി ബന്ധപ്പെട്ടല്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ഹിന്ദുകോൺക്ലേവിൽ ആർഷദർശന പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ്.
ആ പരിപാടിയിൽ പങ്കെടുക്കുന്നർക്കെതിരെ ചില കമ്യുണിസ്റ്റ് കോണുകളിൽ നിന്നും ഉയർന്ന വിമർശങ്ങൾക്ക്, കമ്യുണിസത്തിനും സോഷ്യലിസത്തിനും മുകളിലാണ് സനാതന ധർമ്മം, അതിനെ അന്ധവിശ്വാസമായി കാണുന്നവർ വെറും വിവരദോഷികൾ എന്ന് തുറന്നടിക്കാൻ കാട്ടിയ ആർജ്ജവമാണ് അന്ന് ചർച്ചയായത്. പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന കവി സച്ചിദാനന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചത്, സ്വയം പ്രഖ്യാപിത അന്തർദ്ദേശീയ കവിയുടെ വിവരക്കേട് എന്നും.
പ്രണയവും വിരഹവുമൊക്കെ വളരെ ഹൃദയമായെഴുതുന്ന കവിക്ക് എങ്ങിനെ ഇത്ര കർക്കശമായി സംസാരിക്കുവാൻ കഴിയുന്നു എന്നുചോദിച്ചാൽ അദ്ദേഹം ജീവിതത്തിൽ ഒരു എഞ്ചിനീയർ കൂടിയാണ് എന്നാണ് മറുപടി. കൃത്യതയും വ്യക്തതയും കൂടും.
തനിക്ക് ഒരു രാഷ്ട്രീയവുമില്ല എന്ന് പറയുമ്പോഴും ഭാരതീയ സംസ്കാരങ്ങളും ഹൈന്ദവ ആചാരങ്ങളും പിന്തുടരുവാൻ അദ്ദേഹം എന്നും ശ്രദ്ധിക്കുന്നുണ്ട്.
അദ്ദേഹം രചിച്ച ‘സിനിമ-കണക്കും കവിതയും’ എന്ന ഗ്രന്ഥം, 1989 ലെ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡു നേടിയിട്ടുണ്ട്. 1971ലും 2011 ലും മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. അദ്ദേഹം
സംവിധാനം ചെയ്ത ‘ഗാനം’ എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സിനിമാ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയൽ പുരസ്കാരം 2018 ൽ അദ്ദേഹത്തിന് ലഭിച്ചു.
മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നെഴുതിയ ദാർശനികനായ കവി ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വടക്കും നാഥന്റെ മുന്നിലെത്തുമ്പോൾ ഇനിയും ഒരുപാടുകാലം മനോഹരഗാനങ്ങൾക്കായി തൂലിക ചലിപ്പിക്കുവാൻ അദ്ദേഹത്തിന് വടക്കും നാഥന്റെ അനുഗ്രഹമുണ്ടാകട്ടെ. കുയിലിന്റെ മണിനാദം നിലക്കാതിരിക്കട്ടെ.
Discussion about this post