എറണാകുളത്തു നിന്ന്
അതിനിടെ, ജന്മഭൂമിയുടെ ഉടമസ്ഥത മാതൃകാ പ്രചരണാലയത്തിന് കൈമാറി. എറണാകുളത്തു നിന്നും പത്രം പ്രസിദ്ധീകരിക്കുന്നതിന്‍റെ മുഴുവന്‍ ചുമതലകളോടുകൂടി പി. നാരായണന്‍ മാതൃകാപ്രചരണാലയത്തിന്‍റെ ജനറല്‍ മാനേജരായി നിയമിതനായി.
എറണാകുളത്തു നിന്ന് പുനഃപ്രസിദ്ധീകരണമാരംഭിക്കുമ്പോള്‍ മുഖ്യ പത്രാധിപരായി, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയ ലോക്‌സംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷനും സര്‍വോദയ നേതാവുമായ പ്രൊഫ. എം.പി. മന്മഥന്‍റെ പേര് അംഗീകരിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ സത്യഗ്രഹസമരം ആരംഭിച്ച നവംബര്‍ 14ന്, പ്രഭാത ദിനപത്രമായി ജന്മഭൂമി എറണാകുളത്തുനിന്ന് പുറത്തിറങ്ങുമ്പോള്‍ വളരെക്കാലമായി കേരളത്തിലെ ഹിന്ദുത്വാഭിമാനികള്‍ ഹൃദയത്തില്‍ കൊണ്ടു നടന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ജന്മഭൂമി എത്തിയിരുന്നു. അന്ന് പത്രത്തിന്റെ വില 25 പൈസ. പരസ്യങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ നഷ്ടം ഭീമമായിരുന്നു. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ വളരെ പ്രയാസപ്പെടേണ്ടിവന്നു.
ഒരുവര്‍ഷമായപ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷത്തില്‍ മാറ്റം വന്നുതുടങ്ങി. ജനതാപാര്‍ട്ടിയിലെ മുന്‍ ജനസംഘ ഘടകത്തെ പുകച്ച് പുറത്തു ചാടിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ ദേശീയതലത്തിലാരംഭിച്ചു. പ്രതിഫലനം സംസ്ഥാനത്തും കണ്ടു. ജന്മഭൂമിക്കും അതിന്റെ ദോഷം അനുഭവിക്കേണ്ടിവന്നു. പ്രൊഫ.എം.പി. മന്മഥന്‍ അതിനിടെ രോഗം മൂലം ആശുപത്രിയിലായി, ശസ്ത്രക്രിയ വേണ്ടിവന്നു. ജന്മഭൂമിയുടെ ചുമതലയൊഴിയാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. വീണ്ടും പി.വി.കെ. നെടുങ്ങാടിയെ ക്ഷണിച്ചു. വളരെ ബുദ്ധിമുട്ടിയാണ് ഇക്കാലത്ത് ജന്മഭൂമി നടന്നുവന്നത്. എങ്കിലും വേതനത്തിന്റെ കാര്യത്തില്‍ വ്യവസ്ഥയുണ്ടാക്കി. അത് പര്യാപ്തമായിരുന്നില്ലെങ്കിലും ക്രമേണ അഞ്ചുവര്‍ഷം കൊണ്ട് വേതനബോര്‍ഡിന്റെ നിരക്കുകളില്‍ എത്താനുള്ള ഒരു സംവിധാനം അതില്‍ ഉള്‍ക്കൊണ്ടിരുന്നു. ആ വേതനവും കൃത്യസമയത്ത് കൊടുക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞില്ല. ജീവനക്കാര്‍ കേവലം വേതനത്തിന് മാത്രമായി ജന്മഭൂമിയില്‍ ചേര്‍ന്നവരല്ലായിരുന്നു. അതായിരുന്നു പത്രത്തിന്‍റെ വിജയം.
അക്ഷരം ആയുധമാക്കി
ഹൈന്ദവ ജനതയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജന്മഭൂമി അതീവജാഗ്രത പുലര്‍ത്തിവന്നു. നിലയ്ക്കല്‍ ക്ഷേത്രത്തിന് കേടുവരുത്തിക്കൊണ്ട് അവിടെ കുരിശ് സ്ഥാപിച്ചതും അത് മാര്‍ത്തോമാ കുരിശാണെന്നവകാശപ്പെട്ട് ചിലര്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയതും വെളിച്ചത്തുകൊണ്ടുവന്നത് ജന്മഭൂമിയാണ്. നിലയ്ക്കല്‍ പ്രക്ഷോഭം കേരളത്തിലുടനീളം ആവേശമുയര്‍ത്തി. വിവിധ ഹിന്ദു സംഘടനകളും സംന്യാസിമാരുമടങ്ങുന്ന ഹിന്ദു ഐക്യവേദിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. അതിന്റെ പേരില്‍ പോലീസ് എറണാകുളത്തും നിലയ്ക്കലും ഗുരുവായൂരും മര്‍ദനമഴിച്ചുവിട്ടു. നിലയ്ക്കല്‍ പ്രക്ഷോഭം, ജന്മഭൂമിയുടെ പ്രശസ്തി ഉയര്‍ത്താന്‍ സഹായിച്ചു. 1984 അവസാനമായപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നു. 1985 ഫെബ്രുവരിയില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
പുതിയ സ്ഥലത്ത് ആധുനിക അച്ചടിസംവിധാനമുണ്ടാക്കുകയായിരുന്നു പിന്നെ വേണ്ടിയിരുന്നത്. 1986 ഏപ്രിലില്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം.
മുഖ്യപത്രാധിപരായി, പരിചയസമ്പത്തുള്ള പത്രപ്രവര്‍ത്തകന്‍ ശ്രീ. വി.എം കൊറാത്തിനെയാണ് കണ്ടെത്തിയത്. അദ്ദേഹം എറണാകുളത്ത് താമസിച്ച് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാമെന്നേറ്റു. 1987 ഏപ്രില്‍ 21-ാം തീയതി അയോധ്യ പ്രിന്റേഴ്സ് മന്ദിരത്തിന്റെ മട്ടുപ്പാവില്‍ നടന്ന ലളിതമായ ചടങ്ങില്‍, മുന്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പുമന്ത്രി ശ്രീ എല്‍.കെ. അദ്വാനി ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകരണം ഉദ്ഘാടനം ചെയ്തു. നാലുപേജുകളായിരുന്നു അന്ന് ജന്മഭൂമിക്ക്.
ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക പരാധീനത വീണ്ടും പ്രശ്നമായി. പുതിയൊരു മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകത അഭ്യുദയകാംക്ഷികള്‍ക്ക് ബോധ്യമായി. 1995 ഏപ്രിലില്‍ ശ്രീ വി.എം. കൊറാത്ത് ഒഴിഞ്ഞപ്പോള്‍ മുഖ്യപത്രാധിപരായി ശ്രീ പി. നാരായണന്‍ നിയമിതനായി. അതിനിടെ, മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ കെ.ജി. മാരാര്‍ അന്തരിച്ചത് ജന്മഭൂമിക്ക് വന്‍ ആഘാതമായി.
വീണ്ടും ജന്മഭൂമി കോഴിക്കോട്ട്
1996 ഏപ്രില്‍ 14 നായിരുന്നു കോഴിക്കോട് പതിപ്പിന്റെ പിറവി. പത്രത്തിന്റെ തുടക്കത്തില്‍, സായാഹ്ന പതിപ്പ് കോഴിക്കോട്ടുനിന്നായിരുന്നു. അതിനാല്‍ പുതിയ പ്രഭാത പതിപ്പ് ജന്മഭൂമിയുടെ കോഴിക്കോട്ടുനിന്നുള്ള രണ്ടാം വരവായി. മലബാറിലെ ജനഹൃദയങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ ത്യാഗപൂര്‍വമായ സേവനം സമര്‍പ്പിച്ചവരെ മറക്കാനാവില്ല.
പത്രത്തിന്റെ ഇപ്പോഴത്തെ ഓഫീസ് കോഴിക്കോട്ടെ ചാലപ്പുറത്ത് പ്രൗഢമായ കേസരി ഭവനില്‍ ഉദ്ഘാടനം ചെയ്തത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഥാക്കൂറാണ്. 2022 ജൂലൈ നാലിന്.
പി. നാരായണന്‍ വിരമിച്ച ശേഷം മുഖ്യപത്രാധിപര്‍ സ്ഥാനത്ത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സേവനവും ജന്മഭൂമിക്ക് ലഭിച്ചു. അദ്ദേഹത്തിനു ശേഷം 2013 ജനുവരി വരെ ഹരി എസ്. കര്‍ത്ത ചീഫ് എഡിറ്ററായി. തുടര്‍ന്ന് ശ്രീമതി ലീലാ മേനോന്‍ 2017 ല്‍ചീഫ് എഡിറ്ററായി. 2007 മുതല്‍ എഡിറ്ററായിരുന്നു. ലീലാ മേനോന്‍ 2018 ജൂണ്‍ മൂന്നിന് ചീഫ് എഡിറ്ററായിരിക്കെ അന്തരിച്ചു. കേരളത്തില്‍ വനിതയെ എഡിറ്ററും ചീഫ് എഡിറ്ററുമാക്കിയ ഏക ദിനപത്രം ജന്മഭൂമിയാണ്.
ജന്മഭൂമി
1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് തുടങ്ങിയത്.
1977 നവംബര്‍ 14 ന് എറണാകുളത്തുനിന്ന് പ്രഭാത ദിനപത്രമായി.
1987 ഏപ്രില്‍ 21 ന് കൊച്ചിയില്‍ ഇന്നത്തെ സ്വന്തം കെട്ടിടത്തില്‍നിന്ന് പത്രം അച്ചടിച്ച് പ്രസിദ്ധീകരണം തുടങ്ങി.
1996 ഏപ്രില്‍ 14 നായിരുന്നു കോഴിക്കോട് എഡിഷന്‍ ആരംഭിച്ചത്.
2005 ഏപ്രിലിലാണ് കോട്ടയ എഡിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീ പി. പരമേശ്വരനായിരുന്നു ഉദ്ഘാടകന്‍.
2005 സെപ്തംബറില്‍ തിരുവനന്തപുരത്തും തുടങ്ങി.
2008 ജനുവരി 17ന് കണ്ണൂരില്‍ അഞ്ചാമത്തെ ജന്മഭൂമി എഡിഷന്‍ ആരംഭിച്ചപ്പോള്‍ അത് ജന്മഭൂമി പ്രവര്‍ത്തകരിലും അഭ്യൂദയാകാംക്ഷികളിലും അതിരില്ലാത്ത ആവേശവും ആഹ്ലാദവുമാണ് സൃഷ്ടിച്ചത്. ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതായിരുന്നു ഉദ്ഘാടകന്‍. അന്ന് അദ്ദേഹം സര്‍ കാര്യവാഹായിരുന്നു.
ആറാം എഡിഷന്‍ തൃശൂരിലായിരുന്നു, 2014 ജൂണ്‍ ഒന്നിന്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനു പുറത്തെ ആദ്യ എഡിഷനായി, ബെംഗളൂരുവില്‍നിന്ന് 2018 ഏപ്രില്‍ 28 ന് ആരംഭിച്ചപ്പോള്‍ ഏഴ് എഡിഷനായി. ശ്രീ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു.
കൊല്ലം എഡിഷന്‍ 2018 സെപ്തംബര്‍ 27ന് ആരംഭിച്ചതോടെ പത്രത്തിന് എട്ട് എഡിഷനായി. കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി പ്രൊഫ. രാജ്‌നാഥ് സിങ് ആയിരുന്നു ഉദ്ഘാടകന്‍.
ഏറ്റവും പുതിയ എഡിഷന്‍ പത്തനംതിട്ട കേന്ദ്രമാക്കിയുള്ള ശബരിഗിരി എഡിഷനാണ്. ഈ ഒമ്പതാം എഡിഷന്‍, 2020 ഫെബ്രുവരി 12 ന് തിരുവല്ലയില്‍ ആരംഭിച്ചു.
മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതയുവരെ, കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ തേരാളിയായ ശ്രീ കുമ്മനം രാജശേഖരനായിരുന്നു ജന്മഭൂമിയുടെ ചെയര്‍മാന്‍. അതിനുമുമ്പ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് ശ്രീ എം. രാധാകൃഷ്ണനാണ് ഇപ്പോള്‍ മാനേജിങ് ഡയറക്ടര്‍. ശ്രീ കെ.ആര്‍. ഉമാകാന്തന്‍ മാനേജിങ് എഡിറ്റര്‍. ശ്രീ കെ.എന്‍.ആര്‍. നമ്പൂതിരിയാണ് എഡിറ്റര്‍.
Discussion about this post