ഇഷ്ടകവി എസ്. രമേശന്‍ നായര്‍ അവസാനയാത്രപോയിട്ട് രണ്ടുവര്‍ഷമാകുന്നു. ‘ഇഷ്ടപദി’യില്‍ ചെല്ലുമ്പോഴും അഷ്ടപദി കേള്‍ക്കുമ്പോഴും ഇഷ്ടകവിയെയും കവിയുടെ മൂര്‍ത്തിയായ ശ്രീകൃഷ്ണനേയും ഓര്‍ക്കുമ്പോഴുമെല്ലാം ‘ഇഷ്ടപദി’ യും ആ ‘അഷ്ടപദി’യും മനസ്സില്‍ വരും.
‘സ്മര ഗരള ഖണ്ഡനം, മമ ശിരസി മണ്ഡനം,
ദേഹിപദ പല്ലവമുദാരം.
ജ്വലതിമയി ദാരുണോ, മദനകദനാനലോ,
ഹരതുതദുപാഹിത വികാരം-
പ്രിയേ ചാരുശീലേ…” ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലെ 19-ാം അഷ്ടപദി. (മുഖാരി രാഗത്തില്‍, ഭക്തിയും ശോകവും ശാന്തവും ചേര്‍ന്ന് അങ്ങനെ കേള്‍ക്കണം…) ആ പദത്തിലാണ് ജയദേവര്‍ ഭാര്യ പത്മാവതിക്കും ജയപാടുന്നത്. സ്വയം ‘പത്മാവതീരമണ ജയദേവ കവി’ എന്ന് വിളിക്കുന്നത്. എങ്ങനെ വിളിക്കാതിരിക്കും? ഏറെപ്പാടിയും ഭജിച്ചും നടന്നിട്ടും തനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല ശ്രീകൃഷ്ണനെ. പത്മാവതി കണ്ടു, കാണുക മാത്രമോ ആ ചേലാഞ്ചലത്തില്‍ കണ്‍തുടച്ച് കണ്‍മഷി പുരട്ടി അടയാളമിട്ടാണ് കൃഷ്ണന്‍ പോയത്! പത്മാവതിയുടെ ഭാഗ്യം.
ആ കഥ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: ജയദേവ കവി, കൃഷ്ണനും രാധയും തമ്മിലുള്ള ദിവ്യപ്രണയം കാവ്യമാക്കി. അഷ്ടപദികളായ അത് ഗീതഗോവിന്ദമായി. പ്രണയം ജീവാത്മാ പരമാത്മാ മേളനമായി, അലൗകികമായി. ഇടയ്ക്കിടയ്ക്ക് ജയദേവര്‍ അതിനെ ഭൂമിയിലേക്കിറക്കി ലൗകികമാക്കാനും ശ്രമിച്ചു. പരസ്പരാരാധനയുടെ പരമകാഷ്ഠയില്‍ രാധയുടെ കാലടികള്‍ കൃഷ്ണന്‍ ശിരസില്‍ ചേര്‍ത്തുവെച്ചു. അത് ‘ജ്വലതി മയി ദാരുണോ’-എന്നെ ജ്വലിപ്പിച്ച് കഷ്ടപ്പെടുത്തുന്ന, ‘മദനകദനാനലനെ’- കാമദുഃഖത്തീച്ചൂടിനെ, ഇല്ലാതാക്കുമെന്നായിരുന്നു വരികള്‍. എഴുതിക്കഴിഞ്ഞപ്പോള്‍ ഭഗവാന്‍ കൃഷ്ണനെക്കുറിച്ചാണ് എഴുതിയത്, മോശമായി, അബദ്ധമായി എന്ന് തോന്നി. ഓലയില്‍ എഴുതിയത് വെട്ടി. കുളിക്കാന്‍ എണ്ണതേച്ച് ഗംഗയിലേക്ക് പോയി. ഉടന്‍തന്നെ മടങ്ങിവന്ന് പത്മാവതിയോട് ഓല വാങ്ങി എഴുതിപ്പൂര്‍ത്തിയാക്കി വീണ്ടും കുളിക്കാന്‍ പോയി. മടങ്ങിവന്ന ജയദേവര്‍ പിന്നീട് ഓല നോക്കുമ്പോള്‍ താന്‍ വെട്ടിയതുതന്നെ ഓലയില്‍ വീണ്ടും! ഇതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അങ്ങുതന്നെയല്ലേ ഓല വാങ്ങി എഴുതിയത്? മറവിയോ, നോക്കൂ, എന്റെ ചേലയില്‍ കണ്ണും തുടച്ചില്ലേ എന്ന് പത്മാവതി എണ്ണയുള്ള മഷിപുരണ്ട ചേലകാട്ടി. തിരുത്തിയത് കൃഷ്ണനായിരുന്നുവെന്ന് ജയദേവര്‍ തിരിച്ചറിഞ്ഞു എന്നാണ് പ്രസിദ്ധമായ കഥ. ആ കഥ എസ്. രമേശന്‍ നായര്‍ കവിതയാക്കിയിട്ടുണ്ട്, ‘ഇഷ്ടപദി’ എന്നപേരില്‍. കന്യാകുമാരിക്കാരനായ കവി, തിരുവനന്തപുരത്തും തൃശൂരും എറണാകുളത്തുമൊക്കെ മാറിമാറി താമസിച്ച് ഒടുവില്‍, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് സ്ഥിരതാമസത്തിന് തയാറാക്കിയ വീടിന് പേരിട്ടത് ‘ഇഷ്ടപദി’യെന്നാണ്. അവിടെ താമസിക്കാന്‍ കവിയുടെ ദേഹിക്കൊപ്പം ദേഹത്തിനായില്ലെങ്കിലും…
പെരിങ്ങോട്ടെ ‘ഇഷ്ടപദി’യില്‍ കവിയുടെ പ്രേയസി രമട്ടീച്ചര്‍, ‘ഭാഗപത്ര’ത്തില്‍ കവി വിശേഷിപ്പിക്കുന്ന ‘ഹൃദ്രമ’ (പി. രമ) കാത്തിരിക്കുന്നു; കവി എങ്ങും പോയിട്ടില്ല എന്നാണ് ഭാവവും പറച്ചിലും. വര്‍ത്തമാനങ്ങളില്‍ ഇടയ്ക്ക് കണ്ണുതുടക്കുന്ന ആ ചേലാഞ്ചലത്തിലും ‘കണ്‍മഷി പുരണ്ടിട്ടുണ്ടോ’ എന്ന് നോക്കിപ്പോകും, അങ്ങനെ തോന്നിപ്പോകും. കാരണം, ഇഷ്ടപദിയില്‍ കവിക്കായി ഉണ്ടാക്കിയ മുറിയില്‍, കവിയുടെ എഴുത്തുമേശയും ചാരുകസാലയും പുസ്തകക്കൂട്ടവും പേനയും സമ്മാനങ്ങളുമിരിക്കുന്ന ആ മുറിയില്‍, കവി പൂര്‍ത്തിയാക്കാത്ത ഒട്ടേറെ കവിതകളും കാവ്യങ്ങളുമുണ്ട്. അവ പൂരിപ്പിക്കാന്‍ കവിയോ കണ്ണനോ എപ്പോള്‍ വേണമെങ്കിലും വന്നേക്കാമെന്നാണ് രമട്ടീച്ചറിന്റെ തോന്നല്‍.
(ആ ചാരുകസാലയില്‍, ഒരു കൈ തലയ്ക്ക് പിന്നില്‍ ചേര്‍ത്ത്, മറുകൈയില്‍ കനല്‍ കെടാറായ ബീഡി തിരുപ്പിടിച്ച്, പുഞ്ചരിയും കവിതയും വര്‍ത്തമാനവും ചുണ്ടില്‍ മാറിമാറി ധരിച്ച്, മൂകാംബികയില്‍നിന്നോ ചോറ്റാനിക്കരയില്‍നിന്നോ ചോദിച്ചുവാങ്ങിയ ഒരുനുള്ളുകുങ്കുമംകൊണ്ട് നീളന്‍ കുറി വരച്ച നെറ്റിത്തടവുമായി, കുസൃതിക്കണ്ണുകളോടെ രമേശന്‍ നായര്‍ ഇരിക്കുന്നതായി തോന്നും ഏറെനേരം നോക്കിനിന്നാല്‍)
‘ഗുരുവായൂര്‍ക്കണ്ണന്റെ ഗുമസ്തപ്പണിയാണ് കവിതയെഴുത്തിലൂടെ ഞാന്‍ ചെയ്യുന്ന’തെന്ന് പലപ്പോഴും പറയുമായിരുന്ന കവി രമേശന്‍ നായര്‍, കണ്ണനെ എപ്പോള്‍ വേണമെങ്കിലും ചെന്നും കാണാന്‍ ഗുരുവായൂരിനോട് അടുത്ത് എന്ന മട്ടിലായിരിക്കണം ‘ഇഷ്ടപദി’ പെരിങ്ങോട്ടേക്ക് എത്തിച്ചത്. പക്ഷേ, ആ സന്നിധിയിലേക്ക് നേരത്തേ കവി എന്നെന്നേക്കുമായി പോയി; അതോ വിളിച്ചുകൊണ്ടുപോയതോ?!
ആയുസ്സിലെ എഴുപത്തിമൂന്ന് വര്‍ഷത്തില്‍ അറുപത് വയസ്സിലേറെയും കവിതയെഴുതി. ആദ്യ കവിത 12-ാം വയസ്സില്‍ അച്ചടിച്ചുവന്നു. അതിനും മുമ്പേ എഴുത്തു തുടങ്ങിയിരുന്നു. ജന്മനാ കവിയായിരുന്നു. വീട്ടിലെ അനുകൂല സാഹചര്യങ്ങള്‍ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രോജ്വലിപ്പിച്ചു. കവി, അധ്യാപകന്‍, വിവര്‍ത്തകന്‍, നാടകകൃത്ത്, പത്രാധിപര്‍, ബ്രോഡ്കാസ്റ്റര്‍, സംഘാടകന്‍, പ്രസംഗകന്‍, ലേഖനമെഴുത്തുകാരന്‍, സിനിമ-ടിവി പ്രവര്‍ത്തകന്‍, പാട്ടെഴുത്തുകാരന്‍, ഭക്തന്‍, ദേശീയവാദി… വിശേഷണങ്ങള്‍ അനേകമായിരുന്നു. അക്ഷരങ്ങള്‍കൊണ്ട് അലൗകികത സൃഷ്ടിച്ച അസാധാരണനായിരുന്നു രമേശന്‍നായര്‍.
പൂര്‍ത്തിയാക്കി ആസ്വാദകര്‍ക്ക് കാണിക്കവെച്ച രചനകള്‍ ഏറെ. അവയില്‍ എണ്ണം പറഞ്ഞവയാണ് അധികം. ‘കന്നിപ്പൂക്ക’ളാണ് (1966) ആദ്യ കവിതാ സമാഹാരം. ആറാമത്തെ കവിതാ സമാഹാരമായ ‘അഗ്രേപശ്യാമി’യിലൂടെ (1979) കവി മലയാള കവിതാ ലോകത്ത് കസേരവലിച്ചിട്ടിരുന്നു. മഹാകവി അക്കിത്തത്തെ അതിനകം ഗുരുവാക്കിക്കഴിഞ്ഞിരുന്നു. ‘എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ എന്നിലെ കവിയെ ഒരു ചുഴക്കുറ്റിയില്‍ ഉറപ്പിച്ചത് അക്കിത്തമായിരുന്നു’വെന്ന് ഓര്‍മ്മിക്കുമായിരുന്നു കവി. ഗ്രാമക്കുയില്‍, ഭാഗപത്രം, ഗുരുപൗര്‍ണമി, ഉണ്ണിതിരിച്ചുവരുന്നു എന്നിങ്ങനെ 16 കവിതാ സമാഹാരങ്ങള്‍. 3000 ല്‍ ഏറെ ഭക്തിഗാനങ്ങള്‍. ചലച്ചിത്രഗാനങ്ങള്‍, നാടക ഗാനങ്ങള്‍, നാല് പ്രധാന നാടകങ്ങള്‍-അതില്‍ ശതാഭിഷേകം ഉണ്ടാക്കിയ സാംസ്‌കാരിക-രാഷ്ട്രീയ വിപ്ലവം പുസ്തകക്കച്ചവട മേഖലയിലും ചരിത്രമാണ്. തിരുക്കുറളും സുബ്രഹ്മണ്യഭാരതിയുടെ കവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റിയതുതന്നെ ഒരു കാവ്യതപസ്സിന്റെ ഫലമാണ്. ടിവി പരമ്പരകളുടെ തിരക്കഥകളില്‍ പുതിയ കഥേതിഹാസങ്ങള്‍ രചിച്ചു അദ്ദേഹം.
പൂര്‍ത്തിയാക്കാതെപോയ രചനാ പദ്ധതികള്‍, അവയുടെ സങ്കല്‍പ്പ വൈപുല്യം വെച്ചുനോക്കുമ്പോള്‍ ഒരു മനുഷ്യായുസ്സില്‍ സാധ്യമാകാന്‍ ഇടയില്ലാത്തവതന്നെയായിരുന്നു. കമ്പരാമായണം എന്ന മഹത്തും ബൃഹത്തുമായ തമിഴ് കാവ്യം മലയാളത്തിലേക്ക്, നാരായണീയം ദ്രാവിഡ വൃത്തങ്ങളില്‍ മലയാളത്തിലേക്ക്, വിവേകാനന്ദ ജീവിതം വിപുലമായി കാവ്യമായി… അസാധ്യമെന്ന് ആര്‍ക്കും തോന്നിയതിനെ സാധ്യമാക്കുന്ന സാഹസികതയുടെ പ്രതിഭകൂടിയായിരുന്നു അദ്ദേഹം. പക്ഷേ മുമ്പു പറഞ്ഞതുപോലെ പദ്ധതികള്‍ നിയന്ത്രണത്തിലായിരുന്നെങ്കിലും ആയുസ്സ്…
രമേശന്‍ സാര്‍ അവസാനകാലത്ത് രചിച്ച ‘ബുദ്ധഗീതങ്ങള്‍’ അടുത്തിടെ പുറത്തിറങ്ങി. കവി എഴുതുന്നു:
”ശ്രദ്ധയാകുന്നൂ ബുദ്ധന്‍
ക്ഷമയാകുന്നൂ ബുദ്ധന്‍
സത്യമാകുന്നൂ സമാ-
ധാനമാകുന്നൂ ബുദ്ധന്‍
ഒക്കെയും ത്യജിക്കുവാന്‍
ത്യാഗമാകുന്നൂ ബുദ്ധന്‍
നിദ്രവിട്ടുണരുന്നൊ-
രുണര്‍വാകുന്നൂ ബുദ്ധന്‍…”
കവിതയുടെ നേര്‍വഴിയായിരുന്നു എസ്. രമേശന്‍ നായര്‍.
‘ഹുതവഹപരിവീതം ഗൃഹമിവ’ ഹോമാഗ്നിയാല്‍ ചുറ്റപ്പെട്ട യാഗശാലപോലെ, എന്നത് കാളിദാസന്റെ കൈക്കുറിപ്പാണ്. കാളിദാസ കവിതയുടെ കാതലറിഞ്ഞ നിരൂപകനായിരുന്ന എം.പി. ശങ്കുണ്ണിനായര്‍, കവി രമേശന്‍നായരുടെ രചനകളെ വിലയിരുത്തിയത് ഈ ഒരു കാളിദാസ വാക്യംകൊണ്ടായിരുന്നു. അതിലെല്ലാമൊതുങ്ങുന്നു. കവിയുടെ പൈതൃകം, കവി കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍, ആ കാവ്യ സംസ്‌കാരം പ്രചരിപ്പിക്കുന്ന സന്ദേശം, ആ കവിയുടെയും കാവ്യങ്ങളുടെയും കാമ്പ്.
രമേശന്‍ നായര്‍ പൂര്‍ത്തിയാക്കാതെ പോയ സങ്കല്‍പ്പങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മറ്റൊരാള്‍ പോരാ. പക്ഷേ അദ്ദേഹം സംരക്ഷിച്ച, സംഭരിച്ച സംസ്‌കാരത്തിന്റെ കാവല്‍ക്കാരാകാന്‍ കഴിയുന്നവര്‍ ഏറെയുണ്ട്. അവര്‍ക്ക് ചെന്നിരിക്കാന്‍ ഒരു ചില്ലയാണ് ‘ഇഷ്ടപദി’. അതിനപ്പുറം കൂട്ടമായി വാക്കുകള്‍ക്കും വാഗ്‌ദേവിയുടെ ഉപാസകര്‍ക്കും ചേക്കേറാന്‍ ഒരു വലിയ ആല്‍മരമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. അങ്ങനെയൊരു മരം നനച്ചുവളര്‍ത്താനാര്‍ക്കുമാവില്ല. പക്ഷേ, ആ ആല്‍മരത്തിന് തറപണിഞ്ഞ്, അവിടെ വട്ടമിട്ടിരുന്ന് വര്‍ത്തമാനം പറയാന്‍, ഊര്‍ദ്ധ്വമൂലമധഃശാഖമായ -ആകാശത്ത് വേരും താഴേക്ക് ശിഖരവുമുള്ള- ആ സംസ്‌കാരം തെഴുപ്പിക്കാന്‍ കഴിയാത്തതല്ല. ‘കവിയുടെ കാല്‍പ്പാടുകള്‍’ (‘പി’) പതിഞ്ഞ നിളയുടെ തീരത്തുനിന്ന അകലെയല്ലാത്ത പെരിങ്ങോട്ട് ഈ കവിയുടെ അടയാളങ്ങള്‍ക്ക് കാവലിരിക്കാന്‍ ചിലത് വേണ്ടതുണ്ട്; ഇഷ്ടപദി കേന്ദ്രമാക്കി ചില സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കവിയുടെ നിത്യസ്മാരകമായി…
Discussion about this post