എസ്. ഗുപ്തൻ നായർ
ആര്യ വാനര രാക്ഷസ ജീവിതങ്ങളിലൂടെ, ഉത്തമ മധ്യമ നീച ങ്ങളായ മൂന്നു സമുദായഘടനകളെ നിഷ്പക്ഷമായി ചിത്രീകരിച്ചുകൊണ്ട്, അവയിൽ ഉത്തമമായ ആര്യമായ സമുദായ ഘടനയുടെ അനുകരണീയത കാട്ടുകയാണ് കവി. രാജർഷിസത്തമനും ദേവേന്ദ്ര തുല്യ വിക്രമനും അഹിംസാ തല്പരനും ആയ ദശരഥന്റെ കുടുംബം ഒരു വശത്തു. യോ ഗതാപസന്മാരുടെ ഉപദേശമനുസരിച്ച് ശാസ്ത്രാനുസാരേണ രാജ്യം ഭരിക്കുന്നു. രാമന്റെ കാലം വന്നപ്പോൾ രാജ്യഭരണം കുറേക്കൂടി ആദർശോജ്വലമായി. സാക്ഷാൽ രാമരാജ്യം തന്നെ. പക്ഷേ ആ രാജ്യം നടപ്പാക്കാൻ വേണ്ടി എന്തെന്തു ആത്മക്ലേശങ്ങൾ! ധർമ്മം പാലിക്കണമെങ്കിൽ എന്തും സഹിക്കാനും ത്യജിക്കാനും തയ്യാറാവണമെന്നാണ് വാല്മീകി പറയുന്നത്. (രാമനെക്കൊണ്ടുതന്നെ അദ്ദേഹം അതു പലതവണ പറയിക്കുന്നുമുണ്ട്.) യഥാർത്ഥത്തിൽ ധർമ്മം ഏതെന്നു നിശ്ചയിക്കാൻ പ്രയാസമുള്ള സന്ദർഭങ്ങളും കുറവല്ല. കൂടുതൽ വ്യാപകമായ താല്പര്യങ്ങൾക്ക് വേണ്ടി ചെറിയ വൃത്തങ്ങളിലുള്ള താല്പര്യങ്ങളെ ഉപേക്ഷിക്കുക എന്നതാണു് രാമൻ എല്ലാ സന്ദർഭങ്ങളിലും ചെയ്തിട്ടുള്ളതെന്നു കാണാം. ഒരൊറ്റത്തവണപോലും സ്വരക്ഷ നോക്കി ധർമ്മനിർവ്വഹണത്തിൽ നിന്ന് ഒഴിഞ്ഞു മാറിയില്ല. അന്യരുടെ ക്ഷേമത്തിനു വേണ്ടി സ്വസുഖത്തെ
ത്യജിക്കുന്നതിന് എപ്പോഴും സന്നദ്ധനായിരുന്നു അവിടുന്ന്. ഇത്ര ത്യാഗം വേണ്ടിയിരുന്നോ എന്നാണ് ഭോഗപക്ഷക്കാരായ നാം ഇന്നു ചോദിക്കുന്നതു്. വിശേഷിച്ചും പ്രജകൾ (പൊതുജനം) എന്നു പറയുന്ന മൂഢാത്മാക്കൾക്കുവേണ്ടി! അന്നത്തെ സ്ഥിതിയിൽ ആ ചോദ്യം ഉണ്ടാ വുകയില്ല. അഥവാ പ്രജകളിൽ കുറെപ്പേർ വേണ്ടെന്നു
പറഞ്ഞാലും രാമൻ ത്യാഗത്തിന്റെ വഴിക്കേ പോകൂ. (രാമൻ ജാബാലിയോടു പറയുന്ന മറുപടി നോക്കുക). രാമനെപ്പോലെയാവുക, രാവണനെപ്പോലെയാകായ്ക എന്നതാണ് സാഹിത്യത്തിന്റെ ലക്ഷ്യമെന്നു പറയാറുള്ളതും ഇക്കാരണത്തിലാവാം.
Discussion about this post