ഡോ. എസ്. ഉമാദേവി
ജീവിതലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒറ്റമൂലിയായും, ഭാരതീയ ദര്‍ശനങ്ങളുടെ സമഗ്രഭാവമായും കാണേണ്ട ഗ്രന്ഥമാണ് ഭഗവദ് ഗീത. മനുഷ്യജീവിതത്തിന്റെ ഏത് സമസ്യകള്‍ക്കും ഉത്തരം തരാന്‍ ഗീതാകാരന്‍ ജിജ്ഞാസുവാണ്. കുരുക്ഷേത്രയുദ്ധമാകുന്ന ജീവിതയുദ്ധത്തില്‍ നേരിടുന്നതും നേരിടാന്‍ പോകുന്നതുമായ ഏത് പ്രാരാബ്ധങ്ങള്‍ക്കും പരിഹാരം ഗീതോപദേശമാണെന്ന് ഇതിനകം ലോകം അംഗീകരിച്ചിരിക്കുന്നു.
ജീവിതത്തിന്റെ ശുദ്ധത, ലാളിത്യം, വിശാലത എന്നിവയെക്കുറിച്ചുള്ള ആശയങ്ങളാണ് പ്രധാനമായും ഭഗവാന്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രപഞ്ചം മുഴുവനും ഒരേ ആത്മാവിന്റെ വിഭിന്ന രൂപങ്ങളാണെന്ന വേദതത്വം പല രൂപത്തിലും ഭാവത്തിലും ഭഗവാന്‍ നമുക്ക് തെളിയിച്ചുതരുന്നു. ജീവിതത്തിന്റെ രസതന്ത്രവും ഊര്‍ജതന്ത്രവും സസ്യശാസ്ത്രവും മനശാസ്ത്രവും ജനിമൃതി സമസ്യകളും ധര്‍മാധര്‍മ വിചാരവും കര്‍മാകര്‍മ വിവേചനവും എല്ലാം ഗീതയിലൂടെ കാണുന്നു. എല്ലാത്തിന്റെയും ഉള്ളടക്കമാണ് ഗീത എന്നതുകൊണ്ടാവാം യോഗശാസ്ത്രം എന്ന പേരിലും അറിയപ്പെടുന്നത്.
അതായത് നാനാത്വത്തില്‍ ഏകത്വത്തിനെ ദര്‍ശിക്കുന്ന അവസ്ഥയാവണം ജീവിതം. സമസ്ത ജീവിതമേഖലകളിലും യോഗം ഒരു അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നു. വ്യക്തികളെ സംബന്ധിച്ച് യോഗം എന്നത് ആത്മാവ്, മനസ്, ശരീരം ഇവ തമ്മിലുള്ള സമന്വയമാവുമ്പോള്‍ കുടുംബത്തില്‍ മേല്‍പറഞ്ഞ വ്യക്തിത്വങ്ഹളുടെ സമന്വയമാണ്. അത്തരം അനേകം കുടുംബങ്ങളുടെ സമന്വയം (യോഗം) സമൂഹമായി പരിണമിക്കുന്നു. ആ സമൂഹങ്ങള്‍ രാഷ്ട്രശരീരത്തിന്റെ ഭാഗമായി തീരുമ്പോള്‍ ഏകത്വഭാവം അതിന്റെ പാരമ്യത്തിലെത്തും.
മനസിന്റെ നിയന്ത്രണത്തിനായി ഗീത മൂന്ന് കാര്യങ്ങളെ ഒരുവന്‍ സമ്പാദിക്കുവാന്‍ ആവശ്യപ്പെടുന്നു- അനാസക്തി, കര്‍മഫലത്യാഗം, യോഗം. മനസിന്റെ നിശ്ചലതയിലൂടെയേ യോഗം സാധ്യമാകൂ. അത് സാധ്യമാകുന്നത് ബുദ്ധിയിലൂടെയും. ബുദ്ധിയുടെ മൂന്ന് പ്രകടിത രൂപങ്ങളാണ് ഭക്തി- ജ്ഞാന- കര്‍മ മാര്‍ഗങ്ങള്‍. ഇതില്‍ ഏത് മാര്‍ഗങ്ങളെ സ്വീകരിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഓരോ കാര്യങ്ങളേയും സമഗ്രമായി വിവരിച്ചുകൊണ്ട് എങ്ങിനെ അവയെ സമീപിക്കണം, സ്വീകരിക്കണം എന്നിവയെല്ലാം എല്ലാവരുടെയും സ്വന്തം ബുദ്ധിക്കും യുക്തിക്കും വാസനയ്ക്കും വിട്ടുകൊടുക്കുകയാണ് ഭഗവാന്‍. ആധുനിക മനശാസ്ത്രജ്ഞരെ വെല്ലുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും പ്രസ്താവനകളും കാഴ്ചപ്പാടുകളുമാണ് ഇവ. എന്തെന്നാല്‍ മനുഷ്യരുടെ സ്വാഭാവവും ബുദ്ധിയും വ്യത്യങ്ങളാണ്. എന്നാല്‍ ലക്ഷ്യം ഒന്നുതന്നെയായിരുക്കും എന്നുള്ള കാഴ്ചപ്പാട് അയ്യായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പേ ഭഗവാന്‍ ലോകത്തോടു പറഞ്ഞിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാന- ഭക്തി- കര്‍മയോഗങ്ങളും അവയുടെ സമന്വയ രീതികളും മാര്‍ഗങ്ങളായി സ്വീകരിക്കാം. കാരണം ജ്ഞാനിയും ഭക്തനും നിഷ്‌കാമകര്‍മികളും ഒരു വ്യത്യാസവുമില്ലാതെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നു.
ഭഗവദ് ഗീതയുടെ രഹസ്യമന്ത്രം യോഗമെങ്കില്‍ ജീവന്‍ ബ്രഹ്മമാകുന്നു. പ്രപഞ്ചനിലനില്‍പുതന്നെ നിശ്ചിതങ്ങളായ നിയന്ത്രണങ്ങളാലും നിയമങ്ങളാലും ധര്‍മവ്യവസ്ഥകളാലും മാത്രമാണ്. മനുഷ്യനും അതേപാതയില്‍ നയിക്കപ്പെടേണ്ടവരാണ് എന്ന ബോധം ഗീതയിലൂടെ ഒരുവന് ഉണ്ടാകുന്നു. എന്നാല്‍ മറ്റ് പ്രപഞ്ചവസ്തുക്കളെപ്പോലെ മനുഷ്യനും അവന്റെ ധര്‍മപാതയിലാണ് നീങ്ങുന്നത് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ട അവസരം കൂടിയാണ് ഗീതാദിനാചരണം. ബ്രഹ്മമെന്നാല്‍ വേദോപനിഷത്തുക്കള്‍ പറയുന്നത് നാമമില്ലാത്തത്, രൂപമില്ലാത്തത്, മനസിനോ വാക്കിനോ വിഷയീഭവിക്കാത്തത്, അവയ്ക്ക് വിധേയമാകാത്തത്, ചിന്തിക്കാനോ വിവരിക്കാനോ ദര്‍ശിക്കാനോ ആവാത്ത വസ്തുവാണ്. എന്നാല്‍ ഉപനിഷത്തില്‍ ബ്രഹ്മത്തെ പ്രാപിക്കാന്‍ ജ്ഞാനിക്ക് മാത്രമേ സാധിക്കൂ എങ്കില്‍ ഗീതയിലെ ബ്രഹ്മത്തെ ജ്ഞാന- ഭക്തി- കര്‍മമാര്‍ഗങ്ങളില്‍ ഏതിലൂടെയും അവയുടെ സമന്വയ ഭാവങ്ങളിലൂടെയോ പ്രാപിക്കാം. മനുഷ്യജന്മോദ്ദേശം പാശ്ചാത്യരെപ്പോലെ ഭൂരിഭാഗം പേരുടെ സുഖത്തിനല്ല മറിച്ച് സ്വന്തം ആത്മാവിനെ കര്‍മബന്ധത്തില്‍ നിന്നും ഭൗതീക തൃഷ്ണയില്‍ നിന്നും അകറ്റി, മുക്താവസ്ഥയെ പ്രാപിക്കലാണ്. അതായത് പുരുഷാര്‍ഥങ്ങളിലെ മോക്ഷാവസ്ഥയില്‍ എത്തുക. ഗീതയിലെ സുഖം ഒരിക്കലും ഭൗതികമായവയല്ല, മറിച്ച് മോക്ഷാവസ്ഥയിലെത്തി മനശാന്തിയില്‍ നിന്നുള്ള സുഖമാണ്. അതിനുള്ള മാര്‍ഗം മേല്‍പറഞ്ഞ ഏതെങ്കിലും യോഗവുമാണ്. യജ്ഞഭാവം സനാതനധര്‍മദര്‍ശനങ്ങളുടെ കാതലാണ്. ജീവിതത്തിലെ സമസ്ത മേഖലകളിലും ചെറുതും വലുതും വിശാലവുമായ യജ്ഞഭാവത്തെ തിരിച്ചറിഞ്ഞ് ജീവിക്കുക.
ഗീതയിലെ മതം ഇന്ന് നാം കേള്‍ക്കുന്ന മതമല്ല. ഈശ്വരനാണ്. സത്യമാണ്. അതായത് മതം എന്നത് ഇല്ലാതെ വകവയ്ക്കാതെ ഏതൊരുവനും ധര്‍മനിഷ്ഠയില്‍ ജീവിക്കുവാന്‍ തയ്യാറാവണം. അതായത് ബുദ്ധിയും യുക്തിയും നിഷേധിക്കപ്പെടാതെ അവയോടുകൂടി ശ്രദ്ധയും വിശ്വാസവും കൂട്ടിച്ചേര്‍ത്തുകൊണ്ട് നിസ്വാര്‍ഥമായും നിഷ്‌കാമമായും ഈശ്വരാര്‍പ്പണമായും സുധീരമായി ധര്‍മമനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഗീതയുടെ പൊരുള്‍. അതുപോലെ ആധുനിക ശാസ്ത്രവും (സയന്‍സ്) തത്വജ്ഞാനവും തമ്മില്‍ യാതൊരു വ്യത്യാസവും ഗീതാകാരന്‍ കാണുന്നില്ല. യോഗമാണ് ഗീതാസാരം എന്നുവരുമ്പോള്‍ ഭൗതികരയുടെയും ആത്മീയതയുടെയും കൂടിച്ചേരില്‍ ആവുമ്പോള്‍ മാത്രമേ ജീവിതവും ജീവിത വീക്ഷണവും സമഗ്രമാവൂ.
ആധുനിക ലോകത്ത് ഗീതാസന്ദേശം വളരെയധികം പ്രബുദ്ധവും പ്രാമാണികവും പ്രായോഗികവുമാണെന്ന് നിസംശയം പറയാം. അത് സാധ്യമാകുന്നത് അഞ്ച് സംഗതികളിലൂടെയെന്ന് ഗീത നമ്മെ പഠിപ്പിക്കുന്നു. ആത്മജ്ഞാനം, കര്‍ത്തവ്യം (ചുമതല), വൈരാഗ്യം (അസംഗത്വം), ജീവന്റെ ഐക്യം (യോഗം, അദ്വൈതബുദ്ധി), സര്‍വസഹോദരമൈത്രി എന്നിവയാണ്.
മേല്‍പറഞ്ഞ സംഗതികള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രത്യേക മതമോ വിശ്വാസമോ ആവശ്യമില്ല. മതബോധവും പുസ്തകങ്ങളും ആചാരങ്ങളും മാത്രമായി ഒതുങ്ങുന്നവര്‍ക്ക് യഥാര്‍ഥ മതചിന്ത അന്യമാകുന്നു. എല്ലാത്തിനും അതീതമായ മതതത്വബോധം ഉണ്ടാവാനാണ് അഞ്ച് സംഗതികളെ നിത്യജീവിതത്തില്‍ പകര്‍ത്താന്‍ ഗീത പറയുന്നത്.
ഭഗവദ് ഗീത ശാശ്വതവും സവിശേഷവുമാണ്. പ്രപഞ്ചവ്യാപകമായ ഗീതാതത്വത്തെ പറഞ്ഞുകൊടുക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. വര്‍ത്തമാന സമൂഹം ഈ വസ്തുതയെ എത്രമാത്രം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുന്നു എന്നതില്‍ സംശയമുണ്ട്.
Discussion about this post