വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്ത് നാഗമ്പടം മൈതാനത്ത് വച്ചാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. ആര്‍എസ്എസ് സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഘോഷ് ശിബിരത്തിന്റെ പന്തല്‍ കാല്‍നട്ടുകര്‍മ്മമായിരുന്നു അത്. അദ്ദേഹം ആ ചടങ്ങ് നിര്‍വഹിക്കുമ്പോള്‍ പിന്നില്‍ ഞങ്ങളുടെ ഇടയില്‍ നിന്ന് ശങ്കര്‍റാംജി പതിഞ്ഞ ശബ്ദത്തില്‍ വിശ്രുതമായ ആ ഈരടികള്‍ മൂളി…. അയ്യപ്പാ ഹരേ അയ്യപ്പ പാഹിമാം….
പ്രാന്തീയ ഘോഷ് ശിബിരത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നു ജയന്‍ സാര്‍ എന്നാണോര്‍മ്മ. ജയ എന്ന് അപൂര്‍ണമായെഴുതുകയും വിജയ എന്ന് പൂര്‍ണമാക്കുകയും ജയ(വിജയ) എന്ന് ഒറ്റവാക്കായി ജീവിക്കുകയും ചെയ്ത സംഗീതജ്ഞന്‍. ജീവിതത്തിന്റെ പാട്ട് പകുതിയില്‍ നിര്‍ത്തി വിജയന്‍ മടങ്ങിയിട്ടും ജീവിതാവസാനം വരെ ആ പേര് ഒപ്പം ചേര്‍ത്ത് പൂര്‍ണനായ ഒരാള്‍…ശിബിരത്തിന്റെ സമാപന പൊതുപരിപാടിയില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. വേദി മഹാദേവന്റെ വിഖ്യാതമായ ധനുസ് ത്രയംബകമായിരുന്നു. പിന്നില്‍ ഡമരു മുഴക്കി നൃത്തമാടുന്ന നടരാജനും. വേദിയില്‍ അദ്ദേഹം നിറഞ്ഞിരുന്നു.
പ്രഭാഷണത്തിന് സാക്ഷാല്‍ പരമേശ്വര്‍ജിയും. സംഘവും സംഗീതവും സമന്വയിച്ച മൂന്ന് നാളുകള്‍ തന്നില്‍തീര്‍ത്ത അത്ഭുതാദരങ്ങള്‍ കെ.ജി. ജയന്‍ പങ്കുവച്ചു. ഭാവരാഗതാള സമന്വിതമായ സംഘടനയെക്കുറിച്ച് കൗതുകം പൂണ്ടു. സംഗീതത്തിലെ അനുശാസനത്തെക്കുറിച്ച്, ചിട്ടകളെക്കുറിച്ച് സംസാരിച്ചു. സംഘത്തോടൊപ്പം ചേരാന്‍ കഴിയുന്നതിന്റെ ആനന്ദം പ്രകടിപ്പിച്ചു. സാക്ഷാല്‍ തിരുനക്കര തേവരെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച കോട്ടയം ആര്‍എസ്എസ് ഘോഷ് ശിബിരത്തിന്റെ സ്വാഭാവിക വേദിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പരമേശ്വര്‍ജിയുടെ പ്രൗഡമായ പ്രസംഗം.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തപസ്യയുടെ പ്രവര്‍ത്തകനായി സഞ്ചരിക്കുമ്പോഴാണ് ജയന്‍ സാറിനെ കുറച്ച് അടുത്തുകാണുന്നത്. തപസ്യ അധ്യക്ഷനും കവിയുമായ എസ്. രമേശന്‍ നായര്‍ സാറിന്റെ നുറുങ്ങുകഥകളിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് കൗതുകമായി. പ്രായഭേദമില്ലാതെ ഇഷ്ടം തോന്നുന്ന എല്ലാവരെയും അണ്ണാ എന്ന് വിളിക്കും. തമാശകള്‍ പറയും. ഉറക്കെ ചിരിക്കും. സജികുമാര്‍(ആവിഷ്‌കാര്‍) തപസ്യയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം പിറന്നാളിന് എറണാകുളത്ത് രമേശന്‍നായര്‍ സാറുമായി ചേര്‍ന്ന് ജയോത്സവം എന്നൊരു മഹോത്സവം നടന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയടക്കം നിരവധി താരങ്ങള്‍ നിറഞ്ഞ ഒരു ഇവന്റ്….
തപസ്യ ആഗ്രഹിച്ചിടത്തൊക്കെ അദ്ദേഹം മടികൂടാതെ വന്നു. കലയ്ക്ക് വിലയിടരുതെന്നും അത് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പെരുമാറി. തപസ്യയുടെ എടപ്പാള്‍ നവരാത്രി സംഗീതോത്സവത്തില്‍ തപസ്യ പ്രവര്‍ത്തകര്‍ ഒരുക്കിയ പക്കമേളത്തില്‍ അദ്ദേഹം കച്ചേരി നടത്തി.
ഗുരു ചെമ്പൈ വൈദ്യനാഥഭാഗവതരെകുറിച്ച് ഒരിക്കല്‍ ജന്മഭൂമി ഓണപ്പതിപ്പില്‍ അദ്ദേഹം ലേഖനമെഴുതി. ചില സംശയങ്ങള്‍ വിളിച്ചുചോദിച്ചപ്പോള്‍ ‘അണ്ണാ, തിരുത്തിക്കോ, വെട്ടരുത്’ എന്നായിരുന്നു ചിരി തൊങ്ങലിട്ട മറുപടി.
കൊല്ലത്ത് പുത്തൂരില്‍, എന്റെ നാട്ടിലും ജയന്‍ സാറെത്തിയിട്ടുണ്ട്. വിജയദശമി ദിവസം ശ്രീഹരി വിദ്യാനികേതനില്‍ കുഞ്ഞുങ്ങള്‍ക്ക് ഹരിശ്രീ കുറിക്കാന്‍ ക്ഷണം സ്വീകരിച്ചായിരുന്നു വരവ്. കുഞ്ഞുങ്ങള്‍ക്കും കാണാന്‍ ഒരുമിച്ചുകൂടിയ ചെറുപൊയ്കയിലെ ഗ്രാമവാസികള്‍ക്കുമിടയിലൂടെ അദ്ദേഹം ഒരു ആരവം പോലെ കടന്നുവന്നു. പുലര്‍ച്ചെ ഗ്രാമക്ഷേത്രങ്ങളിലെ ഉച്ചഭാഷിണിയിലൂടെ ഭക്തിസാന്ദ്രമായൊഴുകിയെത്തുന്ന ഇഷ്ടകീര്‍ത്തനങ്ങളുടെ ഗായകനെ അവര്‍ നേരിട്ടു കണ്ടു….
എന്നും ശബരീശന്റെ പ്രിയപ്പെട്ടവനായി അദ്ദേഹം. മയില്‍പ്പീലിക്കണ്ണന്റെ ഓടക്കുഴല്‍പ്പാട്ടുകള്‍ക്ക് ഈണവും രാഗവും നല്കിയ പ്രതിഭ… അദ്ദേഹം അയ്യപ്പഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ നമ്മള്‍ ശബരീശസന്നിധിയിലെത്തും. ലക്ഷങ്ങളുടെ ശരണം വിളി ആ ഒറ്റശബ്ദത്തില്‍ നമ്മള്‍ കേള്‍ക്കും. അവര്‍ രണ്ടുപേരായി ഒന്നായിരുന്നപ്പോഴും ഒരാള്‍ രണ്ടുപേരുടെയും ശബ്ദം ഒറ്റയ്ക്കാവാഹിച്ചപ്പോഴും അത് അങ്ങനെയായിരുന്നു.
ശ്രീകോവില്‍ നട തുറക്കുകയും ഇഷ്ടദേവമേ സ്വാമീ അയ്യപ്പാ എന്ന നെഞ്ചകം തൊടുന്ന പാട്ടില്‍ ലോകം അലിയുകയും ചെയ്യുന്നു. അനന്തതയില്‍ അനശ്വരമായി ആ ശരണാരവങ്ങള്‍….
Discussion about this post