ഡി. പാര്‍വതി അമ്മ
സെക്രട്ടറി, ചിന്മയ മിഷന്‍, കോട്ടയം
(94970 88030)
നൂറ്റിയെട്ടു വര്‍ഷം മുന്‍പ് എറണാകുളത്ത് പൂത്താംപള്ളി തറവാട്ടില്‍ ഉദയംകൊണ്ട നക്ഷത്രമാണ് അഭിനവ പാര്‍ത്ഥസാരഥി എന്നു വിളിക്കപ്പെടുന്ന ചിന്മയാനന്ദ സ്വാമികള്‍. ഗുരുവിന്റെ സാന്നിധ്യത്തില്‍ മാത്രം അറിയേണ്ട ഗീതാശാസ്ത്രത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാതാവായിരുന്നു ചിന്മയാനന്ദ സ്വാമികള്‍ എന്നതിനാലാണ് അഭിനവ പാര്‍ത്ഥസാരഥി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ഉപനിഷത്തിന്റെ പൊരുള്‍ തന്റേതായ ശൈലിയിലാണ് കര്‍മ്മഭൂമിയായ യുദ്ധഭൂമിയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് വിശദീകരിച്ചുകൊടുത്തത്. അര്‍ജുനനെ നിമിത്തമാക്കി ചെയ്ത ഈ ശാസ്ത്രം സകല ലോകത്തിനും ശാന്തിക്കും പരമാനന്ദത്തിനും കാരണമായി. ധര്‍മ്മവും സ്വധര്‍മ്മവും പരധര്‍മ്മവും എന്തെന്ന തിരിച്ചറിവിലേക്ക് അര്‍ജ്ജുനനെ നയിച്ച പ്രകാശധോരണിയായി ഭഗവാന്റെ വിശദീകരണം.
ആത്മീയമായ വളര്‍ച്ചയ്‌ക്കുള്ള ഒട്ടനവധി മാര്‍ഗങ്ങള്‍ തരുന്ന ഒരു ശാസ്ത്രശാഖയാണ് ഹിന്ദുയിസം അഥവാ സനാതന ധര്‍മ്മം. ഈ ശാസ്ത്രശാഖ ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമായിട്ടും ഇന്നും സനാതനമായി നിലകൊള്ളുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദങ്ങളാണ് സനാതന ധര്‍മ്മത്തിന്റെ അടിത്തറ. ഇതില്‍ ഊന്നിയുള്ള ആശയധാരയിലാണ് നാളെ നൂറ്റിയെട്ടാം ജയന്തി ആഘോഷിക്കുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികള്‍ പ്രവര്‍ത്തിച്ചതൊക്കെയും.
ചിന്മയ ശങ്കരം എന്ന പേരില്‍ ആഘോഷിക്കുന്ന മറ്റൊരു ജയന്തിയാണ് സ്വാമി ശങ്കരാചാര്യ തീര്‍ത്ഥപാദരുടേത്. ആദിശങ്കരാചാര്യന്‍ അദൈ്വത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. കേവലം 32 വയസ് വരെ മാത്രം ജീവിച്ചിരുന്ന ഈ സന്യാസിവര്യന്‍ മൂന്നു തവണ ഭാരതം ചുറ്റിസഞ്ചരിച്ചു. കളിച്ചു നടക്കേണ്ട ബാല്യത്തില്‍ എല്ലാ ഭാരതീയ ദര്‍ശനങ്ങളുടെയും അദൈ്വതപ്രചാരണാര്‍ത്ഥം ലോകം കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു ശങ്കരാചാര്യര്‍.
ചിന്‍മയാനന്ദ സ്വാമികള്‍, ഭഗവത് ഗീതയുടെ സന്ദേശവുമായി സാധാരണ ജനങ്ങള്ളിലേയ്‌ക്ക് ഇറങ്ങിച്ചെന്നതു സ്വാതന്ത്ര്യസമരകാലത്തെ അതിദുര്‍ഘടമായ കാലഘട്ടത്തിലാണ്. ഭഗവത് ഗീത എന്ന ഗഹനമായ വിഷയം സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒഴുക്കിക്കളയേണ്ടതല്ല എന്ന പക്ഷക്കാരനായിരുന്നു സ്വാമിജിയുടെ ഗുരുവായ തപോവനസ്വാമികള്‍. എന്നാല്‍, ശിഷ്യന്റെ തീരുമാനം ദൃഢമാണെന്ന് അറിഞ്ഞ ഗുരു ഒടുവില്‍ ചിന്മയാനന്ദ സ്വാമികളെ അനുഗ്രഹിച്ച് അയയ്‌ക്കുകയായിരുന്നു. നിര്‍ഭയനായിട്ടാണ് സ്വാമികള്‍ ഓരോ നിയോഗവും ഏറ്റെടുത്തത്. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങളെ അതിജീവിച്ച് ഗീതയുടെ സന്ദേശവുമായി ചുറ്റിസഞ്ചരിച്ച അദ്ദേഹത്തിന്റെ ധീരത എടുത്തുപറയേണ്ടതാണ്.
ഗീതയില്‍ സ്പര്‍ശിക്കാത്ത യാതൊരു വിഷയവുമില്ല. വിദേശരാജ്യങ്ങള്‍ ഈ ചിന്താധാരയെ അവരുടെ വിദ്യാഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി. പ്രപഞ്ചവിജ്ഞാനത്തിന്റെ അഗാധത ചൂണ്ടിക്കാട്ടുന്ന പല ശ്ലോകങ്ങളും ഗീതയിലുണ്ട്. സ്വാമി വിവേകാനന്ദന്‍ ലോകജനതയെ ഭാരതത്തിലേക്ക് ആകര്‍ഷിച്ചത് ഗീതയിലൂടെയാണ്. ആറ്റംബോംബ് വിസ്‌ഫോടനസമയത്ത് ഓപ്പണ്‍ ഹീമര്‍ ഗീതയിലെ ആദ്യശ്ലോകമാണ് ഉദ്ധരിച്ചത്. ഈ ഗീതയെത്തന്നെയാണ് ഗാന്ധിജി സ്വന്തം അമ്മയായി കണ്ടത്. ലോക കത്തോലിക്കരുടെ പരമാധ്യക്ഷനായ മാര്‍പാപ്പ ലോകജനതയോട് ആഹ്വാനം ചെയ്തത് ഗീത പഠിക്കണമെന്നാണ്. അമേരിക്കയിലെ മിക്ക യൂണിവേഴ്‌സിറ്റികളിലും സിലബസിന്റെ ഭാഗമാണ് ഗീത. ഭഗവാന്‍ പഠിപ്പിച്ച ഒരു അവതാരതത്വമുണ്ട്. ഒരു പ്രത്യേക സമയത്തല്ല അവതാരങ്ങളുണ്ടാകുന്നത്. ധര്‍മത്തിനു തളര്‍ച്ച സംഭവിക്കുമ്പോഴാണ് അവതാരങ്ങള്‍ പിറവിയെടുക്കുന്നത്.
ചിന്മയ മിഷന്‍ ഇന്ന് ലോകമെമ്പാടും പടര്‍ന്നുപന്തലിച്ച വടവൃക്ഷമായിക്കഴിഞ്ഞു. സനാതന ധര്‍മത്തിന്റെ ശംഖനാദമാണ് അവിടെനിന്നെല്ലാം ഉയരുന്നത്.
പൂജ്യ ഗുരുദേവന്റെ കീഴില്‍ 1963-ല്‍ ബോംബെയിലെ സാന്ദീപനി സാധനാലയത്തില്‍നിന്നു വേദാന്തപഠനം പൂര്‍ത്തിയാക്കിയ സ്വാമിമാരാണ് ചിന്മയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ മനോഹരമായാണ് ഗുരുദേവന്‍ ചിന്മയ മിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്കുവേണ്ടി ആത്മീയക്ലാസുകള്‍ മിഷന്റെ എല്ലാ സെന്ററുകളിലും നടന്നുവരുന്നു. ഇതിനു പുറമേ കലാ-സാഹിത്യ-സംഗീത വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്നുണ്ട്. വേദശാസ്ത്രത്തിന്റെ മറുകര കണ്ട ഒരു പ്രസ്ഥാനമായി ചിന്മയ മിഷനെ നമുക്കിപ്പോള്‍ ദര്‍ശിക്കാം. ലോകമെമ്പാടുമായി 26 രാജ്യങ്ങളിലായി 300-ലധികം ചിന്മയ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 350ല്‍പരം സന്ന്യാസി ശ്രേഷ്ഠന്മാരാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്.
1951-ലാണ് ചിന്മയ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 18 ആശ്രമങ്ങളും 60 ക്ഷേത്രങ്ങളും 90 സ്‌കൂളുകളും 10 കോളേജുകളും ഒരു യൂണിവേഴ്‌സിറ്റിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശിശുവിഹാര്‍, ബാലവിഹാര്‍, യുവകേന്ദ്ര, വാനപ്രസ്ഥ സംസ്ഥാന്‍, ദേവീശ്രീ ഗ്രൂപ്പ്, സ്വരാഞ്ജലി, കോര്‍ഡ് എന്നിവയും മിഷന്റെ ഭാഗമാണ്. 9500 കേന്ദ്രങ്ങളിലായി റൂറല്‍ ഡെവലപ്‌മെന്റ് എഡ്യൂക്കേഷന്‍ സെല്ലും പ്രവര്‍ത്തിച്ചുവരുന്നു.
ലോകമാകെ ഭാരതീയ ചിന്താധാരയെ പ്രകീര്‍ത്തിക്കുമ്പോള്‍ ആ ചിന്താപദ്ധതി ഉദയംചെയ്ത നമ്മുടെ നാട്ടില്‍ അതിന് എത്രത്തോളം പ്രസക്തിയും പ്രചാരവുമുണ്ടെന്നത് നാം ചിന്തിക്കേണ്ടതുണ്ട്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുക എന്ന ഗീതാതത്ത്വം പ്രചരിപ്പിക്കുന്ന ചിന്മയ മിഷന്റെ ഭാഗമായി ഏവര്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. ഈ ചിന്തയും പ്രവര്‍ത്തനവും നമ്മെ സ്വതന്ത്രരാക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. പരസ്പരം സമനില പാലിച്ചാലേ ശരിയായ സ്‌നേഹബന്ധം ഉടലെടുക്കൂ. നമ്മുടെ ശരിയായ രൂപം കേവലം ജഡികമല്ല, ആത്മാവാണെന്ന് അറിയുമ്പോഴേ ഈശ്വരനെ സ്‌നേഹിക്കാനാവൂ. ലോകത്തിനാകെ ആധ്യാത്മിക വെളിച്ചം പ്രസരിപ്പിക്കുന്ന ചിന്മയ മിഷന്‍ എന്ന പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്.
Discussion about this post