ഓം നമ: ശിവായ
പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയ എല്ലാവര്‍ക്കും നമസ്‌കാരം.
മഹാറാണി അഹല്യബായിയുടെ, മൂന്നൂറാം ജന്മവാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടുന്നു എന്നറിഞ്ഞതില്‍ അമ്മയ്ക്ക് ഏറെ സന്തോഷമുണ്ട്. സ്ത്രീത്വത്തെ ജഗന്മാതാവിന്റെ പ്രതിരൂപമായി കണ്ട് ആരാധിക്കുന്ന നമ്മുടെ രാഷ്ട്രം നിരവധി മഹതികളെ ലോകത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. അവരില്‍ പ്രമുഖയാണ് മഹാറാണി അഹല്യബായി ഹോള്‍ക്കര്‍.
ഒരു ഭരണാധികാരി എന്നതിലുപരി റാണിയുടെ ജീവിതത്തിന് അനേകം മാനങ്ങളുണ്ട്. സമൂഹത്തിലെ പിന്നാക്കമെന്ന് കണക്കാക്കപ്പെടുന്ന ഒരു വിഭാഗത്തില്‍ പിറന്ന അഹല്യാബായി ഭാരതം കണ്ട സമര്‍ത്ഥയായ ഭരണാധികാരികളിലൊരാളായിരുന്നു. ഇന്‍ഡോറിലെ മഹാറാണിയായി മൂന്ന് പതിറ്റാണ്ട് കരുത്തുറ്റ ഭരണമാണ് റാണി കാഴ്ചവച്ചത്. കരുണയും കരുതലും ദൃഢനിശ്ചയവും വ്യക്തമായ ലക്ഷ്യബോധവും ആയിരുന്നു അഹല്യാ ബായിയുടെ കൈമുതല്‍. ധര്‍മ്മരക്ഷയ്ക്കും സ്വത്വസംരക്ഷണത്തിനുമായിരുന്നു അഹല്യാബായി ഊന്നല്‍നല്‍കിയത്.
അധികാരം ജനങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി വിനിയോഗിക്കാനുള്ളതാണ് അവര്‍ സ്വജീവിതംകൊണ്ട് കാണിച്ചുതന്നു. ഛത്രപതി ശിവാജിയുടേതിന് സമാനമായ ജനക്ഷേമഭരണമാണ് അഹല്യാബായി നിര്‍വഹിച്ചത്. റാണിയുടെ ഭരണകാലത്ത് ഇന്‍ഡോര്‍ സാമ്പത്തികമായും സാംസ്‌കാരികമായും അഭിവൃദ്ധി പ്രാപിച്ചു. എന്നാല്‍ അഹല്യാബായിയുടെ സംഭാവനകള്‍ സ്വന്തം നാട്ടുരാജ്യത്തു മാത്രം ഒതുങ്ങി നിന്നില്ല. ഭാരതത്തെ മഹാതീര്‍ത്ഥാടനകേന്ദ്രമായി നിലനിര്‍ത്തുന്നതിന് ദേവിയുടെ പരിശ്രമങ്ങള്‍ വലിയ പങ്ക് വഹിച്ചു.
തുടര്‍ച്ചയായുണ്ടായ അധിനിവേശങ്ങളില്‍ തകര്‍ന്നു തരിപ്പണമായിരുന്ന ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും പുനരുദ്ധരിക്കുന്നതില്‍ റാണി ചെയ്ത സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. ക്ഷേത്രങ്ങളുടെ മാത്രമല്ല, ധര്‍മ്മശാലകളുടെയും ജലസംഭരണത്തിനും, വിതരണത്തിനുമായുള്ള പടിക്കിണറുകളുടെയും നിര്‍മ്മാണം. കൃഷിസ്ഥലങ്ങളുടെയും പാടശേഖരങ്ങളുടെയും സംസ്ഥാപനം എന്നിവയെല്ലാം അഹല്യാബായിയുടെ സംഭാവനകള്‍ ഏറെയാണ്.
ഭാരതത്തിന്റെ ഏകതയില്‍ തീര്‍ത്ഥാടനത്തിന് വലിയ പങ്കുണ്ടെന്ന് അഹല്യാബായി വിശ്വസിച്ചു. കാശി വിശ്വനാഥക്ഷേത്രത്തിന്റെയും സോമനാഥ ക്ഷേത്രത്തിന്റെയുമൊക്കെ നവീകരണം റാണിയുടെ കാലത്താണ് നടന്നത്. രാമേശ്വരം മുതല്‍ കേദാര്‍നാഥ് വരെയും പടിഞ്ഞാറ് സോമനാഥം മുതല്‍ കിഴക്ക് ജഗന്നാഥപുരി വരെയും അഹല്യാബായിയുടെ കര്‍മ്മശേഷിയുടെ മുദ്രപതിഞ്ഞിട്ടുണ്ട്. ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഹല്യാബായി ചെലവിട്ടതത്രയും സ്വന്തം സ്വകാര്യസ്വത്തായിരുന്നുവെന്നത് വലിയ ഒരു കാഴ്ചപ്പാടാണ് പുതിയകാലത്തിന് നല്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സ്വാശ്രയത്വം, അനാചാരങ്ങളില്‍ നിന്നുള്ള മോചനം തുടങ്ങി അഹല്യാബായിയുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പുരോഗതികള്‍ ഏറെയാണ്. മഹാറാണി അഹല്യാബായിയുടെ ജീവിതം മാതൃകയാക്കി സമൂഹമൊന്നാകെ ധര്‍മ്മത്തിനു വേണ്ടി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. റാണിയുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഈ വേളയില്‍ അഹല്യാബായിയുടെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് മക്കള്‍ക്ക് സാധി്ക്കട്ടെ. അതിന് കൃപ അനുഗ്രഹിക്കട്ടെ.
ഓം നമ: ശിവായ
അമ്മ
(ശ്രീ മാതാ അമൃതാനന്ദമയീ ദേവി)
Discussion about this post