ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്
(ജെഎന്‍യു വൈസ് ചാന്‍സലര്‍ )
പുതിയ ഭാരതം ഛത്രപതി ശിവാജിയെ വീണ്ടെടുക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ശിവാജി പൊരുതിക്കയറിയത്. അധിനിവേശത്തിന്റെ നാളുകളില്‍ സ്വാഭിമാനവും സ്വധര്‍മ്മവും സംരക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഐതിഹാസികമായ പോരാട്ടവും സാമ്രാജ്യസ്ഥാപനവും ഭരണകുശലതയും തലമുറകള്‍ക്ക് ചരിത്രപാഠമാകേണ്ടതാണ്. ശിവാജി ഭാരതീയ യുദ്ധനയതന്ത്രത്തിന് നല്കിയ സംഭാവനകള്‍ പുതിയ തലമുറയ്‌ക്ക് പ്രേരണയും പാഠവുമാകണം. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യന്‍ ശക്തികളുമായി സഖ്യങ്ങള്‍ ഉണ്ടാക്കിയതിലൂടെ ശിവാജിയുടെ നയതന്ത്ര പ്രതിഭയുടെ കുശാഗ്രത വ്യക്തമാകുന്നുണ്ട്. ഈ സഖ്യശ്രമം, വസ്തുവ്യാപാരത്തിനും സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനും വഴിയൊരുക്കുകയും കച്ചവടവും സാമ്പത്തിക പുരോഗതിയും ഊര്‍ജ്ജിതപ്പെടുത്താന്‍ സഹായകമാവുകയും ചെയ്തു.
പ്രത്യേകിച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള ശിവാജിയുടെ ഉടമ്പടി യൂറോപ്യന്‍ ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പരിജ്ഞാനം ലഭിക്കുന്നതിന് വഴിയൊരുക്കി. അതിലൂടെ ഭാരതീയ സൈനിക വ്യവസ്ഥയെ ആധുനീകരിക്കുന്നതിനും അതുവഴി സമ്പദ് വ്യവസ്ഥയുടെ വിപുലീകരണത്തിനും സാധിച്ചു.
ഭാരതത്തില്‍ നാവിക ശക്തിയുടെ പ്രാധാന്യത്തിന് പരിഗണന നല്‍കാതിരുന്ന ഒരു കാലഘട്ടത്തില്‍, പ്രതിരോധത്തിലും ആക്രമണത്തിലും അതിനുള്ള മുഖ്യമായ പങ്ക് തിരിച്ചറിയാനുള്ള ദീര്‍ഘദര്‍ശിത്വം ശിവാജി മഹാരാജിനുണ്ടായിരുന്നു. 1654ല്‍ അദ്ദേഹം മുംബൈ കല്യാണിനു സമീപം മറാഠാ നാവിക സേനയുടെ അടിത്തറ പാകി. തുടര്‍ന്ന് പടിഞ്ഞാറന്‍ തീരത്ത് സുശക്തമായ കോട്ടകളോട് കൂടിയ നിരവധി നാവിക ആസ്ഥാനങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. വൈദേശികരും തദ്ദേശീയരുമായ വിദഗ്ധര്‍ നയിക്കുന്ന വിവിധ തരം കപ്പലുകളുടെ സൈന്യം അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വമുള്ള നേതൃപാടവത്തിന്റെ നേര്‍ക്കാഴ്ചയാണ്. സമുദ്രത്തിലെ ഗറില്ലാ യുദ്ധം, നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങള്‍, തന്ത്രപ്രധാനമായ നാവികസേനാവിന്യാസം തുടങ്ങിയ നവീകൃത സങ്കേതങ്ങളിലൂടെ, വിദേശാക്രമണങ്ങളില്‍ നിന്ന് മറാഠാ പ്രദേശത്തെ സംരക്ഷിക്കുകയും ഒപ്പം, തന്റെ നാവിക ശക്തിയെ ഒരു നയതന്ത്ര ശക്തിയെന്നോണം സസൂക്ഷ്മം ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാവിക സംരംഭങ്ങള്‍ ഭാരതത്തിന്റെ പില്‍ക്കാല നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ തീര്‍ത്തു. പുരോഗമനാത്മകമായ ഇത്തരം നവനാവികസംഭാവനകളുടെ പശ്ചാത്തലത്തില്‍, ശിവാജി മഹാരാജിന്റെ നാവികപാരമ്പര്യത്തെ അനശ്വരമാക്കിക്കൊണ്ട്, അദ്ദേഹത്തെ ഭാരതീയ നാവികസേനയുടെ പിതാവായി നാം ബഹുമാനിക്കുന്നു.
തടസ്സപ്പെട്ട ചരിത്രം
2015-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, വീര ശിവാജിയും റാണാ പ്രതാപും ഉള്‍പ്പെടെയുള്ള ധീരന്മാരുടെ സംഭാവനകളെ കുറച്ചുകാണിച്ചുകൊണ്ട്, അവരെ ‘അടിസ്ഥാനപരമായി പ്രാദേശിക വ്യക്തിത്വങ്ങള്‍’ എന്ന് മുദ്ര കുത്തി. ഈ ഇടിച്ചുതാഴ്‌ത്തലിന് പുറമേ, ഇവര്‍ ‘ഫ്യൂഡലിസം’ പ്രാവര്‍ത്തികമാക്കുകയും ‘ഉച്ചനീചത്തമുള്ള / അധികാരച്ചുവയുള്ള ജാതിവ്യവസ്ഥയെ’ അംഗീകരിക്കുകയും, ഒപ്പം ‘രേഖാമൂലവും സാമൂഹികവുമായ പ്രായോഗിക പ്രവര്‍ത്തന രീതിയിലൂടെ സമൂഹത്തില്‍ സ്ത്രീകളെ താഴ്‌ത്തിക്കെട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു’ എന്ന് അവകാശപ്പെട്ടു. ഔറംഗസേബിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഇടതുപക്ഷ ചരിത്രകാരന്മാര്‍ ഒന്നടങ്കം, സന്ദര്‍ഭോചിതമായി അതിനെ വ്യാഖ്യാനിക്കാനും പൊതുവായ അഭിപ്രായം രൂപപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, ഛത്രപതി ശിവാജി, മഹാറാണാ രണ്‍ജിത് സിങ്, റാണ പ്രതാപ് തുടങ്ങിയവരെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഇത്തരം ജാഗ്രതകള്‍ തീര്‍ത്തും മങ്ങിപ്പോവുകയും ചെയ്യുന്നു. ശിവാജിയെയും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ- സൈനിക ജീവിതത്തെയും സംബന്ധിച്ചുള്ള ചര്‍ച്ചയില്‍, അഫ്‌സല്‍ ഖാനെയും ഔറംഗസേബിനെയും പോലുള്ള വ്യക്തികള്‍ അനുപേക്ഷണീയരായി പരാമര്‍ശിക്കപ്പെടുമ്പോള്‍ നിശ്ചയമായും അദ്ദേഹത്തിന്റെ ദേശീയ പ്രാധാന്യം വ്യക്തമാകുന്നു. ഇത്തരം സംഭാവനകളെക്കുറിച്ച് ദേശീയ തലത്തിലുള്ള ചര്‍ച്ചയ്‌ക്ക് അര്‍ഹതയില്ലെങ്കില്‍, മറ്റെന്തിനാണ് അതിനുള്ള അര്‍ഹത? ഇതേ യുക്തിയുടെ അടിസ്ഥാനത്തില്‍, ദക്ഷിണ ദിക്കിലേക്കുള്ള മുഗളരുടെ പ്രവേശത്തെ അവഗണിച്ചു കൊണ്ടുതന്നെ, അവരെ ഉത്തരഭാഗത്തെ ഭരണാധികാരികളായിട്ടു മാത്രം പഠിക്കണമെന്നും വാദിക്കാം; എന്തായാലും ഭരിച്ചത് ദില്ലിയിലിരുന്നും, ജീവിച്ചത് വടക്കും എന്ന സ്ഥിതിവിശേഷമായതിനാല്‍ മുഗളരുടെ ദക്ഷിണാത്യ വിജയങ്ങള്‍ അപ്രസക്തം തന്നെയാണല്ലൊ.
നയതന്ത്ര വിശാരദന്‍
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ശക്തമായ വിഭാഗീയത നിലനിന്നിരുന്ന ഒരു കാലത്തായിരുന്നു ശിവാജിയുടെ നേട്ടങ്ങള്‍ എന്നത് അവയുടെ മൂല്യം വര്‍ധിപ്പിക്കുന്നു. ഫ്യൂഡല്‍ നയങ്ങള്‍, മതപീഡനം, നിശ്ചലമായ സാമൂഹിക സാഹചര്യം തുടങ്ങിയ ദുരിതങ്ങള്‍ ഇസ്ലാമിക ആധിപത്യത്തിനുകീഴില്‍ ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടി വന്നു. ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദുക്കളുടെ, രാഷ്‌ട്രീയ, ബൗദ്ധിക, ധാര്‍മിക മേഖലകളുടെ ഗതിവേഗം ചുരുങ്ങിയിരുന്നതിനാല്‍ പലപ്പോഴും അടിസ്ഥാനപരമായ സുരക്ഷയും സംരക്ഷണവും പോലും അവര്‍ക്ക് ഉറപ്പായിരുന്നില്ല. സമൂഹത്തില്‍ നിലനിന്നിരുന്ന മതപരമായ അവകാശങ്ങള്‍, ആചാരങ്ങള്‍, ദേശീയ സുരക്ഷ തുടങ്ങിയവയുടെ സാഹചര്യം മനസ്സിലാക്കിക്കൊണ്ടു വേണം, ശിവാജിയും മറാഠകളും പ്രയാസമേറിയതും സാഹസികവുമായ പ്രവൃത്തികളിലൂടെ നല്‍കിയ സംഭാവനകളെ വിലയിരുത്തേണ്ടത്.
സുശക്തമായ അശ്വസേന, കോട്ടകളുടെ വിശാലമായ ശൃംഖലകള്‍, ചിട്ടപ്പെടുത്തപ്പെട്ട കേഡര്‍ സംവിധാനം എന്നിവയിലൂടെ വന്‍സൈന്യങ്ങളോടു നേര്‍ക്കുനേര്‍ പൊരുതി, നിര്‍ണായക വിജയങ്ങള്‍ കൈവരിക്കുന്ന തരത്തില്‍ ഫലപ്രദമായ സൈനിക ശക്തി ശിവാജി നിലനിര്‍ത്തി. അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചോ മറാഠകളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെക്കുറിച്ചോ വേണ്ടവിധത്തിലുള്ള പഠനം ഇനിയും നടന്നിട്ടില്ല. സുരക്ഷാ സംവിധാനത്തെ ക്രമീകരിക്കുന്നതിലും സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിലും വിശിഷ്യ, നാവിക മേഖലയില്‍ വൈവിധ്യം കൊണ്ടുവരുന്നതിലും ശിവാജിക്കുണ്ടായിരുന്ന ദീര്‍ഘദര്‍ശിത്വം സുവ്യക്തമാണ്.
ആ കാലത്ത് നിലനിന്നിരുന്ന സാഹചര്യങ്ങളുടെ ഉള്ളറിഞ്ഞ്, നാവിക ഏകീകരണത്തിന്റെ അനിവാര്യത ശിവാജി തിരിച്ചറിഞ്ഞു എന്നത്, അദ്ദേഹത്തിന്റെ യുദ്ധതന്ത്രപരമായ കാഴ്ചപ്പാടിന്റെ ഒരു വശം മാത്രമാണ്. നാവിക ആസ്ഥാനങ്ങളോടു ചേര്‍ന്ന് കടല്‍ക്കോട്ടനിര്‍മാണത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ ഭരണകാലത്ത് കാണാം. 1653നും 1680നും ഇടയില്‍ വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ്, കൊളാബ എന്നിവ അടക്കമുള്ള നാവിക കോട്ടകളുടെ നിര്‍മ്മാണത്തിന് അദ്ദേഹം അനുമതി നല്കി. തന്റെ സമകാലികര്‍ അവഗണിച്ച നാവിക തന്ത്രപ്രാധാന്യങ്ങളിലും നാവിക ശക്തിയോടുള്ള ശ്രദ്ധയിലും വികസനത്തിലും ശിവാജി നല്കിയ സവിശേഷ ശ്രദ്ധയും താല്പര്യവും പ്രത്യേകം പരാമര്‍ശ വിധേയമാക്കേണ്ടതാണ്. തീരദേശ ജലാശയങ്ങളിലെ അദ്ദേഹത്തിന്റെ നാവിക തന്ത്രങ്ങളും, വിവിധ തരത്തിലുള്ള നൂറിലധികം കപ്പലുകളുമായി, ഇന്നത്തെ കര്‍ണാടകയിലെ കുന്ദാപുരയ്‌ക്കടുത്തുള്ള ബസാറൂരിലെ പ്രശസ്തമായ നാവിക ആക്രമണവും അദ്ദേഹത്തിന്റെ സൈനിക പ്രാപ്തി പ്രകടമാക്കുന്നു.
സുരക്ഷിതമായ ഒരു തീരദേശത്തിന്റെ പ്രാധാന്യം മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹം, പശ്ചിമ കൊങ്കണ്‍ തീരപ്രദേശത്തെ, സിദ്ദികളുടെയും ആഫ്രോ ഇന്ത്യക്കാരുടെയും ഡക്കാനി സുല്‍ത്താന്മാരുടെയും സംയുക്ത ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടി ദീര്‍ഘമായ ഒരു കപ്പല്‍പ്പട തന്നെ വികസിപ്പിച്ചെടുത്തത്.
കരയുദ്ധങ്ങളുടെ ശ്രദ്ധാകേന്ദ്രീകരണത്തിലൂടെ അദ്ദേഹത്തിന്റെ നാവികാക്രമണങ്ങളുടെ പ്രസക്തി, ചരിത്രപുസ്തകങ്ങളില്‍ തമസ്്കരിക്കപ്പെടുകയായിരുന്നു. മാത്രമല്ല, ഡച്ച് – പോര്‍ച്ചുഗീസ് -ബ്രിട്ടീഷ് നാവികരുടെ വന്‍ നാവിക ശക്തികളെ പൊലിപ്പിച്ചു കാട്ടുന്നതിന്റെ തിരക്കില്‍ ശിവാജിയുടെ കാലഘട്ടത്തിലെ നാവിക മുന്നേറ്റങ്ങളുടെ പരാമര്‍ശം പോലും നിഷ്പ്രഭമാക്കപ്പെട്ടു. പക്ഷേ, അംഗീകാരം കൊടുക്കേണ്ടിടത്ത് കൊടുക്കുക തന്നെ വേണം. മുഗളന്മാരും യൂറോപ്യന്മാരും നടത്തിയ അത്യുഗ്രമായ ആക്രമണ വെല്ലുവിളികളുണ്ടായിട്ടും അവയ്‌ക്കെതിരായി മറാഠകളുടെ നാവികശക്തി നേടിയ വികാസവും വളര്‍ച്ചയും പരാമര്‍ശിക്കപ്പെടുകതന്നെ വേണം.
സുരക്ഷാമേഖലയില്‍ ശിവാജിയെപ്പോലുള്ളവരുടെ ചരിത്രപരമായ സംഭാവനകള്‍ അവഗണിക്കപ്പെടുമ്പോഴും, പുതിയ ഭാരതം അദ്ദേഹത്തിന്റെ പാരമ്പര്യം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നത് സന്തോഷദായകമാണ്. ഭാരത നാവികസേനയുടെ, അടുത്തകാലത്തുണ്ടായ ചില തീരുമാനങ്ങള്‍ ഈ മാറ്റത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
ഉദാഹരണത്തിന് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്തപ്പോള്‍, ബ്രിട്ടീഷ് കാലഘട്ടത്തിലെ കൊടിയടയാളത്തിനു പകരം ശിവാജിയുടെ അഷ്ടഭുജമുദ്ര സ്വീകരിച്ചത് ശരിയായ ദിശാബോധം കാണിക്കുന്നു. മാത്രമല്ല, 2023ല്‍, മിലിറ്ററി യൂണിഫോമിന്റെ എപ്പോലെറ്റ് (തോള്‍മുദ്ര) മാറ്റം വരുത്തി അഷ്ടഭുജ രൂപമാക്കുകയും, അശോകസ്തംഭത്തിന്റെ അടയാളം ചേര്‍ത്തതും ശിവാജിയുടെ പാരമ്പര്യത്തോടുള്ള യുക്തവും ശ്ലാഘനീയവുമായ നടപടിയായിരുന്നു. കൂടാതെ, പ്രശസ്തമായ നേവല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് നിലകൊള്ളുന്ന ലോണാവാലയിലെ ഇന്ത്യന്‍ നേവിസ്റ്റേഷന് (ജെഎന്‍യുവുമായി അഫിലിയേറ്റ് ചെയ്തത്) ഐഎന്‍എസ് ശിവാജി എന്ന് പേരിടുകയും ചെയ്തു. അതേസമയം, തീരബന്ധിത ലോജിസ്റ്റിക്‌സും ഭരണകേന്ദ്രവുമുള്ള മുംബൈയിലെ പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡ്, മറാഠാ നേവല്‍ കമാന്‍ഡര്‍ കല്‍ഹോജി ആങ്‌ഗ്രെയുടെ പേരില്‍, ഐഎന്‍എസ് ആങ്‌ഗ്രെ എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഭാരതീയര്‍ ശിവാജിയെ ഓര്‍മിക്കുന്നത് യോദ്ധാവും വീരനും ഭരണാധികാരിയുമായിട്ടാണ്; പക്ഷെ, അദ്ദേഹം കിടയറ്റ ആസൂത്രകനും നയതന്ത്രജ്ഞനും കൂടിയായിരുന്നു. സുരക്ഷയ്‌ക്കും, പ്രതിരോധത്തിനും നാവികസേനാ വികാസത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ മറാഠാപിന്‍ഗാമികള്‍ക്ക് കൂടുതല്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ അടിത്തറയിട്ടു. എന്നിട്ടും, ഒരു നയതന്ത്ര വിശാരദനെന്ന അദ്ദേഹത്തിന്റെ വൈഭവം നീണ്ട കാലമായി അവഗണിക്കപ്പെട്ടു എന്നതാണ് വാസ്തവം. ശിവാജി മഹാരാജിന്റെ 350-ാം സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച്, മഹാരാഷ്‌ട്ര സര്‍ക്കാര്‍, ജെ എന്‍ യുവില്‍ ഒരു പുതിയ പഠന കേന്ദ്രം തുറന്നിട്ടുണ്ട്. ഭാരതത്തിന്റെ സുരക്ഷാപ്രവര്‍ത്തനങ്ങളിലും ആഖ്യാനങ്ങളിലുമുള്ള സംഭാവനകളെക്കുറിച്ച് പഠിക്കാനാണ് ഈ കേന്ദ്രം. ഈ സംരംഭങ്ങളിലെല്ലാംതന്നെ ഭാരതത്തിന്റെ ചരിത്ര പാഠങ്ങളുടെ ആഴവും, ബഹുസ്വരതയും ഉയര്‍ത്തിക്കാട്ടുകയും ശിവാജിയെപ്പോലെ രാഷ്‌ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുള്ളവരെ എടുത്തുകാട്ടുകയും ചെയ്യുന്നു.
‘സണ്‍ഡേ ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ
വിവര്‍ത്തക: ഡോ. ലക്ഷ്മി വിജയന്‍
Discussion about this post