രാഷ്‌ട്രീയ സ്വയംസേവകസംഘത്തെ തലമുറകളിലേക്ക് ബന്ധിപ്പിച്ച പാലമാണ് സേതുവേട്ടന്‍ എന്ന എസ്. സേതുമാധവന്‍. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ വഴി കൈവെള്ളയിലെന്ന പോലെ അറിയുന്ന സംഘാടകന്‍….
പാലക്കാട് സ്വദേശി കെ ശങ്കരന്‍ സംഘവുമായി അടുക്കുന്നത് ദത്തോപന്ത് ഠേംഗ്ഡിജിയുടെ സമ്പര്‍ക്കത്തിലൂടെയാണ്. ഒരിക്കല്‍ ഠേംഗ്ഡിജി വീട്ടിലെത്തിയപ്പോള്‍ രണ്ടു വയസുള്ള പുത്രന്‍ സേതു കയ്യിലുണ്ട്. ‘ഇവന്‍ സംഘത്തിനുള്ളത്’ എന്ന ഠേംഗ്ഡിജിയുടെ വാക്കുകള്‍ യാഥാര്‍ത്യമാകുകയായിരുന്നു പിന്നീട്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകണമെന്ന് ചോദ്യത്തിന് സേതുവിന്റെ ഉത്തരം ‘ഭരതേട്ടന്‍’ എന്നായിരുന്നു. ആരാണീ ഭരതേട്ടന്‍ എന്ന് തിരക്കിയ അദ്ധ്യാപകന് ആര്‍എസ്എസ് പ്രചാരകനായ ടി.എന്‍. ഭരതനാണെന്ന് പിന്നീട് മനസ്സിലായി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ 1958 ല്‍ ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ് വിസ്താരക് ആയാണ് എസ്. സേതുമാധവന്റെ തുടക്കം.
തുടര്‍ന്ന് തൊടുപുഴയില്‍ താലൂക്ക് പ്രചാരകന്‍. ആനിക്കാട് കേന്ദ്രമായി കോട്ടയത്ത് പ്രവര്‍ത്തനം. 1963ല്‍ ചെങ്ങന്നൂരില്‍. 1965 ല്‍ ആലപ്പുഴ ജില്ലാ പ്രചാരക്. 71ല്‍ ആലുവ ജില്ലാപ്രചാരക്. 1975ല്‍ ആര്‍എസ്എസ് ആസ്ഥാനമായ എളമക്കരയിലെ മാധവനിവാസിന്റെ പാലുകാച്ചല്‍ ദിവസം കോഴിക്കോട് വിഭാഗ് പ്രചാരകനായി നിയോഗിക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതേദിവസമായിരുന്നതിനാല്‍ കോഴിക്കോടു പോകാതെ കൊച്ചിയില്‍ തുടര്‍ന്നു. 1979വരെ കോഴിക്കോട് വിഭാഗ് പ്രചാരക്. 1979 ല്‍ പ്രാന്തീയ ശാരീരിക് പ്രമുഖ്. 86ല്‍ സഹപ്രാന്തപ്രചാരക്. 93ല്‍ പ്രാന്തപ്രചാരക്. 2004 ല്‍ സഹക്ഷേത്രീയ പ്രചാരകായി പ്രവര്‍ത്തന മേഖല കേരളത്തിനു പുറത്തേക്ക്. 2006 മുതല്‍ 2011 വരെ ക്ഷേത്രീയ പ്രചാരകും അതിനു ശേഷം അഖിലഭാരതീയ കാര്യകാരി സദസ്യനുമായി.
സംഘം ശതാബ്ദിയിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ സംഘമുന്നേറ്റത്തെക്കുറിച്ച് സേതുവേട്ടന്‍ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാറുമായി സംസാരിക്കുന്നു.
1925ല്‍ ആരംഭിച്ച രാഷ്‌ട്രീയ സ്വയം സേവകസംഘം 1942ലാണ് കേരളത്തില്‍ എത്തുന്നത്. അക്കാലത്തെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം? ആദ്യകാലത്ത് നേരിടേïി വന്ന സാഹചര്യം?
അന്ന് കേരളം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളായിരുന്നു. വടക്ക് മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍. കൊച്ചിയും തിരുവിതാംകൂറും പ്രത്യേക രാജ്യഭരണത്തിന്‍ കീഴിലും. 1942ല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒരു തരത്തിലും സഹായകരമായിരുന്നില്ല സാഹചര്യം. കേരളത്തിലെ ഹിന്ദുമനസ് വളരെയധികം നിരാശാജനകമായിരുന്നു. മാപ്പിളക്കലാപത്തിനു ശേഷമുïായ അന്തരീക്ഷം. പ്രതികരണശേഷി ഇല്ലാത്ത സമൂഹം. കലാപത്തിന് കാരണം കോണ്‍ഗ്രസാണെന്ന ചിന്ത കമ്മ്യൂണിസ്റ്റ് അനുകൂല കാലാവസ്ഥ സൃഷ്ടിച്ചു. ഇഎംഎസ്, എകെജി തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് വിപ്ലവപാര്‍ട്ടി രൂപീകരിച്ചത് യുവാക്കളെ ആകര്‍ഷിച്ചു. റഷ്യയില്‍ വിപ്ലവത്തിലൂടെ മാറ്റമുïാക്കിയ പ്രസ്ഥാനം എന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ അതിന കാര്യമായ സ്വീകാര്യതയുïായി. കമ്മ്യൂണിസം മോചനമന്ത്രമെന്ന് തെറ്റിദ്ധരിച്ച് ഒരു വിഭാഗം ബുദ്ധിജീവികളും സാധാരണക്കാരില്‍ വലിയൊരു വിഭാഗവും പിന്നാലേ പോകാന്‍ തയ്യാറായി.
കേരളത്തിന്റെ സാമൂഹ്യ പരിതസ്ഥിതിയും ഹിന്ദു സമൂഹത്തില്‍ ശൈഥില്യം സൃഷ്‌ട്രിക്കുന്നതായിരുന്നു. ജാതീയമായ ഉച്ചനീചത്വമടക്കമുള്ള അനാചാരങ്ങള്‍ ഹിന്ദുസമൂഹത്തെ പലതലത്തില്‍ ദുര്‍ബലപ്പെടുത്തി. ശ്രീനാരായണഗുരുദേവനും
മഹാത്മാ അയ്യന്‍കാളിയും മറ്റും സൃഷ്ടിച്ച നവോത്ഥാന പരിശ്രമങ്ങളെ ഭാവാത്മകമായി മുന്നോട്ടു കൊണ്ടു പോകാന്‍ ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ ജനങ്ങളെ നിഷേധാത്മകതയിലേക്ക് വഴിതിരിച്ചുകൊïുപോ
കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞു.
സംഘം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
പതിറ്റാï് മുന്‍പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വേരുകള്‍ ഉറപ്പിച്ചിരുന്നു. ആര്‍എസ്എസ് മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ പ്രസ്ഥാനമാണെന്ന പ്രചരണം അവര്‍ നടത്തി. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷങ്ങളുടെ ശല്യമൊന്നുമില്ല. അതിനാല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ഇവിടെ വേï. ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരുന്നിടത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ വേï എന്നതായിരുന്നു പൊതുവെ ഹിന്ദുക്കളുടെ നിലപാട്.
കേരളത്തില്‍ തെക്കന്‍ ഭാഗത്ത് തിരുവിതാംകൂറിലും മധ്യഭാഗത്ത് കൊച്ചിയിലും സംഘടിത ക്രിസ്തുമത പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, ബാങ്കിങ് തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ പിടിമുറുക്കിയിരുന്നു. ബ്രിട്ടിഷുകാരുടെ പിന്തുണ രാജാക്കന്മാരെപോലും ധിക്കരിക്കാന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് ധൈര്യം നല്‍കി. ജാതിവ്യത്യാസത്തിനും അയിത്തത്തിനുമെതിരെ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും നടന്നുകഴിഞ്ഞിരുന്നു. വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ദേശീയശ്രദ്ധ നേടി. 1936ലെ ക്ഷേത്രപ്രവേശന വിളംബരം ജാതിജന്യമായ അസമത്വങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയായി. എസ്എന്‍ഡിപി, എന്‍എസ്എസ്. സാധുജനപരിപാലനയോഗം, യോഗക്ഷേമ സഭ, ധീവരസഭ തുടങ്ങിയവ വിവിധവിഭാഗങ്ങളുടെ ഉന്നമനത്തിനും പരിഷ്‌ക്കാരത്തിനും വേïി രൂപംകൊണ്ടു. തുടക്കം ജാതി സംഘടനകള്‍ എന്ന നിലയിലായിരുന്നുവെങ്കിലും ഹിന്ദു സംഘടന എന്ന കാഴ്ചപ്പാടോടെയായിരിന്നു പ്രവര്‍ത്തനം 1940 കളായപ്പോഴേക്കും ദിവാന്‍ ഭരണത്തിനെതിരായ രാഷ്ടീയ പ്രക്ഷോഭത്തിന് തിരുവിതാംകൂറില്‍ മുന്‍ഗണന വന്നു. നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് മുന്‍ നിരയില്‍ നിന്നു.
കൊച്ചിയില്‍ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാമുഖ്യമുണ്ടായിരുന്നത്. കൊച്ചി രാജ്യപ്രജാ മണ്ഡലമായിരുന്നു മുന്‍പന്തിയില്‍. ജാതിയടിസ്ഥാനത്തില്‍ സംഘടനകള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായിരുന്നില്ല.
മലബാറില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിനായിരുന്നു പ്രാധാന്യം കൈവന്നത്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി നടന്ന ഹരിജനോദ്ധാരണം പോലുള്ള കാര്യങ്ങള്‍ക്ക് ഹിന്ദുസമാജത്തില്‍ നല്ല പ്രതികരണമുണ്ടാക്കി.. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ സംഭീതരായാണ് കഴിഞ്ഞത്. മാപ്പിള ലഹളയുടെ സൃഷ്ടിയായിരുന്നു ആ ഭീതി.
നാഗ്പൂരില്‍ നിന്ന് എത്തിയവരായിരുന്നല്ലോ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എങ്ങനെയായിരുന്നു അവരുടെ പ്രവര്‍ത്തനം?
ദന്തോപന്ത് ഠേംഗ്ഡിജിയാണ് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് 1942 മാര്‍ച്ച് 20നാണ് അദ്ദേഹം എത്തിയത്. കോഴിക്കോട്. മദിരാശി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷനും അവിടുത്തെ സംഘചാലകനുമായ രാജഗോപാലാചാരി, പരിചയക്കാരനായ കോഴിക്കോട്ടെ അഭിഭാഷകന് എഴുതിയ കത്തുമായിട്ടായിരുന്നു വരവ്. ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആവശ്യമില്ല, തിരികെ പോകാനായിരുന്നു വക്കീലിന്റെ ഉപദേശം. എങ്കിലും വക്കീല്‍ ഓഫീസില്‍ ഉണ്ടായിരുന്ന മങ്കാവിലെ സാമൂതിരി കോവിലകത്തെ തമ്പുരാനെ ഠേംഗ്ഡിജി പരിചയപ്പെട്ടു. സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തത്കാലം താമസിക്കാന്‍ കോവിലകത്തെ കാര്‍ ഗാരേജില്‍ സൗകര്യം നല്‍കി. നിലമ്പൂര്‍ കോവിലകത്തെ സഹോദരങ്ങളായ വലിയേട്ടന്‍ തമ്പുരാനും (ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മ), ഭരതേട്ടനും
(ടി.എന്‍. ഭരതന്‍) മാങ്കാവ് കോവിലകത്ത് നിന്നാണ് പഠിച്ചിരുന്നത്. ഇവരും മാധവജി (പി. മാധവന്‍), വേണുവേട്ടന്‍ (ആര്‍. വേണുഗോപാല്‍), അഡ്വ. അമ്പാടി കരുണാകരന്‍ എന്നിവരുമൊക്കെ ഠേംഗ്ഡിജിയുമായി അടുപ്പത്തിലാവുകയും സംഘത്തില്‍ ആകൃഷ്ടരാകുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് കേരളത്തിലെ ആദ്യത്തെ ശാഖ ചാലപ്പുറത്ത് തുടങ്ങി.
ഠേംഗ്ഡിജി കോഴിക്കോടെത്തുന്നതിന് രണ്ട് മാസം മുമ്പ് തന്നെ ബാബുറാവു തേലങ്ജി നാഗ്പൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. അദ്ദേഹം പല പ്രമുഖരുമായും ബന്ധപ്പെട്ടു. കുറച്ചു നാളുകള്‍ക്ക് ശേഷം തേലങ് മടങ്ങിപ്പോയി, പകരം മധുകര്‍ റാവ് ഓക്കും അദ്ദേഹത്തിനു പിന്‍ഗാമിയായി മനോഹര്‍ദേവും വന്നു. യുവ അഭിഭാഷകനായ മാന്നാര്‍ പി.കെ. ഗോപാലന്‍നായര്‍ ആയിരുന്നു ഇവരെ സഹായിക്കാനുണ്ടായിരുന്നത്. കേരളത്തില്‍നിന്ന് നാഗ്പൂരില്‍ പരിശീലനത്തിനു പോയത് ഗോപാലന്‍നായര്‍ ഉള്‍പ്പെടെ മൂന്നുപേരായിരുന്നു. കോഴിക്കോടു നിന്ന് പി കുമാരനും അഡ്വ അമ്പാടി കരുണാകരനും ആയിരുന്നു മറ്റ് രണ്ട് പേര്‍. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ നിന്ന് ജയിച്ച് അഡ്വ. ഗോപാലന്‍ നായര്‍ പിന്നീട് എംഎല്‍എ ആയി. എറണാകുളത്ത് ചിഞ്ചോല്‍ക്കര്‍ എന്ന പ്രചാരകന്‍ ആണ് ആദ്യം സംഘപ്രവര്‍ത്തനവുമായി എത്തിയത്. ഒരു വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു.
1944ലാണ് ഠേംഗ്ഡിജി തിരിച്ചുപോയത്. കേരളത്തില്‍ വ്യവസ്ഥാപിതവും വ്യാപകവുമായ പ്രവര്‍ത്തനം 1946ലാണ് തുടങ്ങിയത്. ആ വര്‍ഷം ശങ്കര്‍ ശാസ്ത്രി കോഴിക്കോടും കെ. ഭാസ്‌ക്കര്‍ റാവുജി എറണാകുളത്തും മനോഹര്‍ ദേവ് തിരുവനന്തപുരത്തും പ്രചാരകന്മാരായി എത്തി. മനോഹര്‍ ദേവ് മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചുപോയി. ശങ്കര്‍ശാസ്ത്രി ഒരു വ്യാഴവട്ടം കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. ഭാസ്‌ക്കര്‍റാവു 1983 വരെ കേരളത്തില്‍ തുടര്‍ന്നു. കേരളം പ്രത്യേക പ്രാന്തം ( സംസ്ഥാനം)ആയപ്പോള്‍ ആദ്യപ്രാന്ത പ്രചാരകനായതും അദ്ദേഹമാണ്.
കോഴിക്കോട് പ്രവര്‍ത്തനത്തിന് സ്ഥാനീയമായ അടിത്തറയും തുടര്‍ച്ചയും ഉണ്ടായിരുന്നു. ശങ്കര്‍ ശാസ്ത്രിയുടെ വരവിനുശേഷം കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലേക്കും വയനാട് മലയോരപ്രദേശങ്ങളിലേക്കും കടലോര മേഖലകളിലേക്കും സംഘം വ്യാപിച്ചു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തി. കോഴിക്കോട് ആദ്യകാലത്ത് നാട്ടുകാരായ യുവാക്കളെ സംഘപ്രവര്‍ത്തനത്തിനു കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് മറ്റ് സ്ഥലങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. എറണാകുളത്ത് ചിഞ്ചോല്‍ക്കര്‍ ഹിന്ദി ഭാഷയുമായി അടുപ്പമുളള മറാഠി. ഗുജറാത്തി, കൊങ്കിണി ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലാണ് ശാഖ തുടങ്ങിയത്. ഭാസ്‌ക്കര്‍ റാവുജിയുടെ വരവോടെ മലയാളം സംസാരിക്കുന്നവര്‍ക്കിടയിലേക്കും സംഘപ്രവര്‍ത്തനം ബോധപൂര്‍വം വ്യാപിപ്പിച്ചു.
പി.പരമേശ്വര്‍ജി, എം.എ. സാര്‍ (എം.എ. കൃഷ്ണന്‍), കര്‍ത്താ സാര്‍ (പി. രാമചന്ദ്രന്‍ കര്‍ത്ത), നാരായണ്‍ജി (പി. നാരായണന്‍) എന്നിവരൊക്കെ തിരുവനന്തപുരത്തെ ആദ്യകാല സ്വയം സേവകരായി. ഹരിയേട്ടനും (ആര്‍. ഹരി) ഭാസ്‌കര്‍ജിയും (എ.വി. ഭാസ്‌കര്‍) ഭട്ജിയും (വി. രാധാകൃഷ്ണ ഭട്ട്) കൊച്ചിയിലെ ആദ്യകാല സ്വയംസേവകരാണ്.
കേരളത്തില്‍ നിന്നുള്ള ആദ്യകാല സംഘപ്രചാരകരെക്കുറിച്ച്?
വേണുവേട്ടന്‍ (രാ. വേണുഗോപാല്‍), മാധവ്ജി (പി മാധവന്‍), ഭരതേട്ടന്‍ (ടി എന്‍ ഭരതന്‍, കുമാരേട്ടന്‍(പി. കുമാരന്‍) എന്നിവരാണ് ആദ്യകാല മലയാളി പ്രചാരകന്മാര്‍ 1947ലാണ് ഇവര്‍ പ്രചാരകരായത്. 1951ല്‍ തിരുവനന്തപുരത്തുനിന്ന് പരമേശ്വര്‍ജിയും എംഎ സാറും കര്‍ത്താ സാറും പ്രചാരകരായി. കൊച്ചിയില്‍നിന്ന് ഹരിയേട്ടനും ഭാസ്‌കര്‍ജിയും, പാ
ലക്കാട്ടുനിന്ന് വി.പി. ജനേട്ടനും (വി.പി. ജനാര്‍ദ്ദനന്‍) പ്രചാരകന്മാരായി. കേരളത്തിലെ പ്രചാരകന്മാരുടെ രണ്ടാമത്തെ ഗണമായിരുന്നു ഇത്. അപാരമായ സംഘടനാ മികവും ആദര്‍ശനിഷ്ഠയും ദൗത്യബോധവും ഉണ്ടായിരുന്ന ഇവരെല്ലാം സംഘത്തിന്റെ പ്രതിപുരുഷന്മാരായി, വേണുവേട്ടന്‍ ബിഎംഎസ് ദേശീയ അധ്യക്ഷന്‍ വരെയായി. കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് ആത്മീയതയുടെ അടിത്തറ ബലപ്പെടുത്തിയത് മാധവജിയാണ്. ധൈഷണിക രംഗത്ത് കേരളത്തിലെ അവസാന വാക്കായിരുന്നു പരമേശ്വര്‍ജി. രാജനൈതികരംഗത്ത് സംഘാദര്‍ശത്തിന്റെ ആദ്യ മുഖമായി ഭരതേട്ടന്‍ മാറി. അഖില ഭാരതീയ ചുമതല വഹിച്ച ആദ്യ മലയാളിയായി ഹരിയേട്ടന്‍ സംഘടനാരംഗത്ത് ഉയര്‍ന്നു. ബാലഗോകുലവും തപസ്യയുമൊക്കെ തുടങ്ങാന്‍ നേതൃത്വം നല്‍കിയ എം.എ. സാര്‍ സംഘത്തിന്റെ സാംസ്‌ക്കാരിക മുഖമായി. ദേശീയ വിദ്യാഭ്യാസത്തിന് മലയാളനാട്ടില്‍ അടിത്തറയും അടിസ്ഥാനവും ഉണ്ടാക്കിയ വിദ്യാനികേതന് തുടക്കം കുറിച്ചത് ഭാസ്‌ക്കര്‍ജിയാണ്. 1955നും 60നും ഇടയ്‌ക്ക് എതാണ്ട് എല്ലാ ജില്ലകളില്‍ നിന്നുമായി മൂന്നാം നിര പ്രചാരകന്മാരും ഉണ്ടായി.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ നേരിടേണ്ടിവന്നത് കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പിനെയായിരുന്നല്ലോ. ആദ്യകാല എതിര്‍പ്പുകള്‍ എന്തൊക്കയായിരുന്നു?
കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. നേരത്തെ തന്നെ ജനങ്ങള്‍ക്കിടയില്‍ അംഗീകാരം നേടിയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭാവിയില്‍ തങ്ങള്‍ക്കെതിരായ ഒരു ശക്തിയായി സംഘത്തെ കണ്ടു. ആദ്യകാലത്ത് പരിഹസിച്ച് പിന്‍തിരിപ്പിക്കാനായിരുന്നു ശ്രമം. ‘ ഈ പരിപ്പ് ഈ നാട്ടില്‍ വേവിക്കില്ല മോനേ ആര്‍എസ്എസുകാരാ’ എന്ന പറച്ചിലൊക്കെ അതിന്റെ ഭാഗമായിരുന്നു. പിന്നീട് പല സ്ഥലത്തും ശാഖകള്‍ ആരംഭിച്ചപ്പോള്‍ നുണപ്രചാരണത്തിലേക്കും ആക്രമണത്തിലേക്കും കടന്നു.
സംഘസ്ഥാനില്‍ കാരമുള്ളും കുപ്പിച്ചില്ലും വിതറുക, മലവിസര്‍ജനം നടത്തുക തുടങ്ങി ശാഖയിലെത്തുന്നവരെ ശാരീരികമായി ആക്രമിക്കുന്നതിനു വരെ കമ്മ്യൂണിസ്റ്റുകള്‍ തയാറായി. 1948ല്‍ ഗാന്ധിവധമാരോപിച്ച് സംഘത്തെ നിരോധിച്ചപ്പോള്‍ പി. മാധവജി താമസിച്ചിരുന്ന വക്കീലിന്റെ വീട് എന്‍.ഇ. ബലറാമിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വളഞ്ഞു. വീട്ടില്‍ ആയുധം ശേഖരിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതിത്തരണമെന്ന് വക്കീല്‍ ആവശ്യപ്പെട്ടു. എന്‍. ഇ. ബലറാം എഴുതികൊടുത്തു. ഈ കത്ത് വച്ച് വക്കീല്‍ കോടതിയില്‍പോയി. പോലീസിനു മാത്രമേ വീട് പരിശോധിക്കാന്‍ നിയമമുള്ളൂവെന്നു പറഞ്ഞ കോടതി കമ്യൂണിസ്റ്റുകളെ ശിക്ഷിച്ചു. 1948ല്‍ പൂജനീയ ഗുരുജിയുടെ കേരളയാത്രയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരിപാടി അലങ്കോലമാക്കാനും അവര്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് മലയാറ്റൂര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പരിപാടി അലങ്കോലമാക്കാനായിരുന്നു നീക്കം. പരമേശ്വര്‍ജിയായിരുന്നു പരിപാടിയുടെ മുഖ്യ ശിക്ഷക്. തടയാനെത്തിയവര്‍ സംഘത്തിന്റെ കരുത്തറിഞ്ഞാണ് മടങ്ങിയത്.
ശാഖയിലേക്ക് കല്ലെറിയുകയെന്നത് മാര്‍ക്സിസ്റ്റുകാരുടെ വിനോദമായിരുന്നു. അത്തരമൊരു കൂട്ടരെ പിടികൂടി മണ്ഡലയിലിരുത്തി ഗണഗീതം പാടിച്ച സംഭവങ്ങളുമുണ്ട്. പിന്നീടവര്‍ സ്വയംസേവകരായതാണ് അനുഭവം.
മുസ്ലീം, കൃസ്ത്യന്‍ വിഭാഗങ്ങളും സംഘത്തെ എതിര്‍ക്കുകയായിരുന്നല്ലോ?
കേരളത്തില്‍ സംഘം ആരംഭിച്ച് ഏഴെട്ട് വര്‍ഷത്തിനുള്ളിലാണ് മലപ്പുറം അങ്ങാടിപ്പുറത്ത് രാമസിംഹനേയും കുടുംബത്തേയും മുസ്ലീം മതമൗലികവാദികള്‍ ക്രൂരമായി കൊല്ലുന്നത്. അവര്‍ തകര്‍ത്ത മാലാപ്പറമ്പ് നരസിംഹമൂര്‍ത്തിക്ഷേത്രം പുനരുദ്ധരിക്കാന്‍ രാമസിംഹന്‍ ശ്രമിച്ചതാണ് കാരണം. പ്രമുഖ മുസ്ലീം കുടുംബമായ കിളിയമണ്ണില്‍ ഉണ്യേന്‍ സാഹിബും മക്കളും സഹോദരനും ഹിന്ദുമതം സ്വീകരിച്ചത് അവര്‍ക്കിടയില്‍ വലിയ കോലാഹലമുണ്ടാക്കി. ഉണ്യേന്‍ സാഹിബ് ,രാമസിംഹന്‍ എന്നും അനുജന്‍ ആലിഫ്, ദയാസിംഹന്‍ എന്നും പേരുകള്‍ സ്വീകരിച്ചു. ഉല്‍പതിഷ്ണുക്കളായ നമ്പൂതിരിമാര്‍ ദയാസിംഹന് ഒരന്തര്‍ജനത്തെ വേളി കഴിച്ചുകൊടുത്തു. മതംമാറിയ ആ കുടുംബത്തിനു മാപ്പുകൊടുക്കാന്‍ മുസ്ലീം മതമൗലികവാദികള്‍ തയാറായിരുന്നില്ല. 1947 ആഗസ്ത് പതിമൂന്നിന് രാത്രി ഒരു സംഘം അക്രമികള്‍ അവരുടെ ബംഗ്ലാവില്‍ കയറിച്ചെന്ന് രാമസിംഹന്‍, ദയാസിംഹന്‍, കമലാ അന്തര്‍ജനം, പാചകക്കാരന്‍ രാജു അയ്യര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തി.
രാമസിംഹന്‍ സംഭവം ഹിന്ദുക്കള്‍ക്കിടയില്‍ സംഭ്രാന്തി ഉളവാക്കി. ആ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കാന്‍പോലും ആരും തയാറായില്ല. സംഘപ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയും ആര്യസമാജത്തിലെ ബുദ്ധസിംഹനും അങ്ങാടിപ്പുറത്തെ യുവസ്വയംസേവകരും ചേര്‍ന്ന് അവ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. രാമസിംഹന്‍ സംഭവത്തില്‍ കേരളത്തില്‍ ദുര്‍ബലമായ പ്രതിഷേധമേ ഉണ്ടായുള്ളൂ. പാലക്കാട്ടു നഗരത്തില്‍ സംഘപ്രചാരകനായിരുന്ന ടി.എന്‍. ഭരതന്റെ ശ്രമഫലമായി കടകളടച്ച് ഹര്‍ത്താലും പ്രതിഷേധപ്രകടനവും നടന്നതാണ് ആകെയുണ്ടായ പ്രതികരണം. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഉടലെടുത്ത നിരാശയുടെയും ഭീതിയുടെയും ലക്ഷണമായി ഇതിനെ കണക്കാക്കണം.
മലബാര്‍ ഭാഗത്ത് പൊതുവെയും മലപ്പുറത്ത് പ്രത്യേകിച്ചും സംഘ ശാഖകള്‍ നടത്തുന്നതിനെതിരെ മുസല്‍ംങ്ങള്‍ ശക്തമായ എതിര്‍പ്പ് കാണിച്ചിരുന്നു.
ഗോഹത്യാനിരോധന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് പയ്യോളിയില്‍ കെ കേളപ്പജിയുടെ ചേര്‍ന്ന യോഗത്തിനു നേരെയും ഒരു വിഭാഗം മുസ്ലീങ്ങള്‍ പ്രശ്നം ഉïാക്കി. യോഗസ്ഥലത്തിനു സമീപം പശുവിനെ കൊന്ന് മാംസം വിതരണം ചെയ്തു. കേളപ്പജിയുടെ അനുയായിയും യോഗത്തിന്റെ പ്രധാന സംഘാടകനുമായിരുന്ന കണ്ണന്‍ ഗുമസ്തനെയും മുസ്ലീങ്ങള്‍ കൊന്നു. കൊലയ്‌ക്ക് നേതൃത്വം കൊടുത്ത കീഴൂരിലെ പക്കു, മൂസ എന്നിവരെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.
1955ല്‍ കോഴിക്കോട് നടുവട്ടത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര തടയാനും ഇക്കൂട്ടര്‍ ശ്രമിച്ചു. പോലീസ് വെടിവച്ചു. 1957-58ല്‍ ഗുരുവായൂര്‍ മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ഘോഷയാത്ര അലങ്കോലപ്പെടുത്താനും ശ്രമമുïായി. ഇതിനെ ഭക്തജനങ്ങള്‍ പ്രതിരോധിച്ചു. മാറാട് കൂട്ടക്കുരുതിയാണ് ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന സംഘടിത മുസ്ലീം അതിക്രമം. 2002 ല്‍ മാറാട് നടന്നത് ഹിന്ദുക്കള്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ മിന്നലാക്രമണമായിരുന്നു. എട്ട് ഹിന്ദുക്കള്‍ പൈശാചികമായി കൊല്ലപ്പെടുകയും 15 പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്തു.െ
ക്രൈസ്തവര്‍ വളരെ ബുദ്ധിപൂര്‍വമാണ് ഹിന്ദു മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചത്. 1952ല്‍ ശബരിമല ക്ഷേത്രം അവര്‍ തീവച്ചു നശിപ്പിച്ചു. അന്ന് അതിനെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്കായില്ല. അവരുടെ അമര്‍ഷത്തെ അനുകൂലമാക്കികൊïാണ് 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ശബരിമല തീവെയ്‌പ്പ് അന്വേഷിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാ തെരഞ്ഞെടുപ്പ് വാഗ്ദാനം. 1963ല്‍ വിവേകാനന്ദപ്പാറയില്‍ കുരിശുനാട്ടി. കോഴിക്കോട്ടു നിന്നുള്ള മത്സ്യത്തൊഴിലാളികളായ സ്വയംസേവകര്‍ അവിടെപോയി. 1963 മേയ് 19ന് പാറയിലെത്തി കുരിശ് നീക്കം ചെയ്ത് വിവേകാനന്ദഫലകം സ്ഥാപിച്ചു. 1983ല്‍ നിലയ്‌ക്കലില്‍ കുരിശു വച്ചതും ഹിന്ദുക്കളോടുള്ള വെല്ലുവിളിയായിരുന്നു. കുരിശ് നീക്കാന്‍ ഭക്തജനസമരത്തിനു കഴിഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക ചിത്രത്തില്‍
സംഘത്തിന് അവഗണിക്കാനാകാത്ത സ്ഥാനം കൈവന്നത് എപ്പോളാണ്?
എപ്പോഴാണ് എന്നതിന് കൃത്യമായ ഉത്തരം പറയാനാകില്ല. തുടര്‍ച്ചയായ പ്രവര്‍ത്തനം കൊï് ആ സ്ഥാനത്തെത്തുകയായിരുന്നു. ബാലഗോകുലത്തിന്റെയും തപസ്യയുടേയും പ്രവര്‍ത്തനം സാംസ്‌ക്കാരിക രംഗത്ത് സംഘത്തിന് ഇടം നല്കി. ശ്രീകൃഷ്ണ ജയന്തി ആഘോഷം സമാജം എറ്റെടുത്തപ്പോള്‍ അത് സാമൂഹ്യ മുന്നേറ്റം കൂടിയായി. തപസ്യയിലേക്ക് കവികളും എഴുത്തുകാരും എത്തിയതും മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക തീര്‍ത്ഥയാത്രകള്‍ നടന്നതുമൊക്കെ കേരളത്തില്‍ ചര്‍ച്ചയായി. ക്ഷേത്ര സംരക്ഷണ സമിതിയും സാമൂഹ്യമാറ്റത്തിന് വഴിതുറന്നു. ക്ഷേത്രാചാരങ്ങളെയും പൂജാവിധികളെയും കുറിച്ച് മാധവ്ജി രചിച്ച ‘ക്ഷേത്രചൈതന്യ രഹസ്യം’ എന്ന പുസ്തകത്തെ ക്ഷേത്രാനുഷ്ഠാനസംബന്ധിയായ ആധികാരികഗ്രന്ഥമായി കോടതി സ്വീകരിച്ചു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഹൈന്ദവനവോത്ഥാനചരിത്രത്തിലെ വഴിത്തിരിവായിരുന്നു 1982 ഏപ്രില്‍ 4ന് എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനം. ഹിന്ദുക്കള്‍ നാമൊന്നാണ് എന്ന് പാടിക്കൊണ്ട് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത ബൃഹദ്സമ്മേളനം കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു. ആ ആഹ്വാനം കേരളമേറ്റെടുത്തതിന് ഇന്നത്തെ കാലവും തെളിവാണ്.
വൈചാരിക മേഖലയില്‍ കൊടികുത്തിവാണ ഇടതു സ്വാധീനത്തെ മറികടന്ന് ഭാരതീയ ചിന്ത പ്രബലമായ സ്ഥാനം നേടിയത് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. പരമേശ്വര്‍ജിയുടെ മാര്‍ഗദര്‍ശനത്തിന്റേയും സജീവ പ്രവര്‍ത്തനത്തിന്റേയും ഫലമായിരുന്നു അത്. സംസ്‌കൃതം, യോഗ, ഗീത എന്നീ വിഷയങ്ങളിലെല്ലാം കേരളത്തില്‍ ആവേശകരമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
എ.വി. ഭാസ്‌കര്‍ജിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തിയ ഇടപെടലും സമാജത്തില്‍ സംഘത്തിന് വലിയ സ്വാധിനം ഉണ്ടാക്കി. വിദ്യാഭ്യാസരംഗത്ത് ദേശീയോന്മുഖമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിച്ചു. ശിശുവാടിക (പ്രീ്രൈപമറി)തലം മുതല്‍ കോളജ് തലം വരെ വിദ്യാഭ്യാസം നല്കുന്ന മഹാപ്രസ്ഥാനമായി വിദ്യാനികേതന്‍ വളര്‍ന്നു. വിദ്യാഭ്യാസത്തിലൂടെ വ്യക്തിനിര്‍മാണം, വ്യക്തിയിലൂടെ സാമൂഹ്യപരിവര്‍ത്തനം, സമൂഹത്തിലൂടെ രാഷ്‌ട്രനിര്‍മ്മാണം ഇതാണ് പ്രഖ്യാപിത ലക്ഷ്യം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രാവര്‍ത്തികമാക്കിയ പ്രസ്ഥാനമാണ് ഭാരതീയ വിദ്യാനികേതന്‍.
1983ല്‍ ഏകാത്മതാ രഥയാത്ര, 1986 മുതല്‍ അയോദ്ധ്യാപ്രക്ഷോഭം അതിലെല്ലാം കേരളത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായി. 1986ല്‍ ആയിരക്കണക്കിന് പൂര്‍ണഗണവേഷധാരി സ്വയംസേവകര്‍ പങ്കെടുത്ത ഹിന്ദുസംഗമങ്ങള്‍ തിരുവനന്തപുരത്തും കണ്ണൂരും നടന്നു. സാമൂഹ്യജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രവര്‍ത്തനം വ്യാപിച്ചു. 2010 ല്‍ കൊല്ലത്ത് ഒരു ലക്ഷം ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുത്ത മഹാ സാംഘിക് സംഘചരിത്രത്തിലെ നാഴികക്കല്ലാണ്.
ഹിന്ദുത്വാഭിമാനം ഉണര്‍ത്തുന്നതില്‍ സംഘം വഹിച്ച
നിര്‍ണായക പങ്കിനെപ്പറ്റി?
1954ല്‍ കോഴിക്കോട് നടുവട്ടത്തുണ്ടായ പോലീസ് വെടിവയ്‌പ്പ് മലബാറിനെയാകെ പിടിച്ചുകുലുക്കി. ഹിന്ദുക്കള്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന വാദ്യമേളത്തോടെയുള്ള ഘോഷയാത്ര പൊതുനിരത്തിലൂടെ പോകുന്നതിന് ഒരു വിഭാഗം മുസ്ലീങ്ങള്‍ എതിരുനിന്നു. ഘോഷയാത്ര പള്ളിക്കുമുന്നിലൂടെ പോകുമ്പോള്‍ തടയുന്നതും പങ്കെടുക്കുന്നവരെ ആക്രമിക്കുന്നതും പതിവായി. ഇതിന് അവസാനമുണ്ടാക്കാന്‍ ബേപ്പൂരിലെ ഹിന്ദുക്കള്‍ മുന്നോട്ടുവന്നു. ഭീഷണി കൂസാതെ മീഞ്ചന്ത ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വരവ് ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചു. ടി എന്‍ ഭരതേട്ടനായിരുന്നു അവര്‍ക്ക് നേതൃത്വവും ധൈര്യവും നല്‍കി മുന്നിലുണ്ടായിരുന്നത്. ഘോഷയാത്ര നടുവട്ടം പള്ളിക്ക് സമീപമെത്തിയപ്പോള്‍ തടയാന്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ അക്രമാസക്തരായി മുന്നോട്ടുവന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് വെടിവയ്‌ക്കേണ്ടിവന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുസ്ലീങ്ങളുടെ ആക്രമോത്സുക നിലപാടാണ് സംഘര്‍ഷത്തിനു കാരണമെന്നും വെടിവയ്‌പ്പില്ലായിരുന്നെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു കോടതിയുടെ നിഗമനം. വളരെക്കാലമായി നിര്‍ഭയം ഉത്സവാദികള്‍ നടത്താന്‍ കഴിയാതിരുന്ന ഹീന്ദുക്കള്‍ക്ക് ധൈര്യം പകര്‍ന്ന സംഭവമായിരുന്നു നടുവട്ടം.
ഹിന്ദുക്കളെ ഒറ്റക്കെട്ടായി സമരത്തിനണിനിരത്താന്‍ കഴിഞ്ഞ സംഭവമായിരുന്നു ഗുരുവായൂര്‍ മണത്തലയിലുണ്ടായത്. മണത്തലയിലെ ശ്രീവിശ്വനാഥക്ഷേത്രം അവിടുത്തെ പ്രധാന ആരാധനാലയമായിരുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍നിന്ന് അവിടേയ്‌ക്ക് വരവുകള്‍ ഉണ്ടാകാറുണ്ട്. 1958ലെ ഉത്സവത്തോടനുബന്ധിച്ച് വരവ് ആനപ്പുറത്തെഴുന്നള്ളിപ്പായി കൊണ്ടുപോകാന്‍ തീരുമാനിച്ചു. മണത്തല പള്ളിക്കു മുന്നിലൂടെ ഘോഷയാത്ര പോകാന്‍ അനുവദിക്കില്ലെന്നായി ഒരു വിഭാഗം മുസ്ലീങ്ങള്‍. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരം സംഘപ്രവര്‍ത്തകര്‍ പ്രശ്നത്തിലിടപെട്ടു. നിയമമന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പൊതുനിരത്തിലൂടെ വാദ്യഘോഷസഹിതം എഴുന്നള്ളിപ്പ് നടത്താനുള്ള അവകാശം കൈവിടില്ലന്ന് ഹിന്ദുക്കളും തടയുമെന്ന് മുസ്ലീം വിഭാഗവും നിലപാടെടുത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൗലികാവകാശം ധ്വംസിച്ചതില്‍ പ്രതിഷേധിച്ച് ഉത്സവത്തിന്റെ പുറത്തെ ചടങ്ങുകളെല്ലാം ഉപേക്ഷിച്ച് ഭക്തര്‍ മൗനജാഥ നടത്തി. അടുത്ത വര്‍ഷം ഉത്സവം അടുത്തപ്പോള്‍ ഉത്സവം നിര്‍ബാധം നടത്താനുള്ള അവകാശം പു
നഃസ്ഥാപിച്ചുകിട്ടാനായി സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു. ടി എന്‍ ഭരതേട്ടന്‍ തന്നെയായിരുന്നു നേതൃത്വം നല്‍കിയത്.. നിരോധനാജ്ഞയെ ദുര്‍ബലപ്പെടുത്തി കോടതിവിധി വന്നു. മൗലികാവകാശം ധ്വംസിക്കുന്നവരെയാണ് തടയേണ്ടതെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ആര്‍ഭാടപൂര്‍വം ഘോഷയാത്രയോടെ ഉത്സവം നടന്നു. ഭയചകിതരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായിക്കഴിഞ്ഞ മലബാറിലെ ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം നല്കുന്നതായിരുന്നു മണത്തല സമരം.
ഏലുര്‍ പാട്ടുപുരയ്‌ക്കല്‍ ക്ഷേത്രത്തിന്റെ മൈതാനത്തിനുചുറ്റും ദേവസ്വം മതില്‍ കെട്ടുന്നത് തടയാന്‍ മുഹമ്മദ് മൂപ്പന്‍ എന്ന പ്രമാണിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമത്തിനെതിരെ ഉണ്ടായ സമരത്തിനും നേതൃത്വം നല്‍കിയത് സംഘ പ്രവര്‍ത്തകരാണ്. മതില്‍ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും നൂറുകണക്കിന് സ്ത്രീകള്‍ മതിലില്‍ ചാരിനിന്ന് അതിനെ ചെറുത്തു. മതില്‍ പൊളിക്കാനുള്ള ഉത്തരവ് കോടതി നിരാകരിച്ചതിനെ തുടര്‍ന്ന് സമരം വിജയകരമായി അവസാനിച്ചു.
കോട്ടയം കൂരോപ്പടയിലെ മാതൃമല സംരക്ഷണമായിരുന്നു തെക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ നടന്ന ആദ്യസമരം. ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ ഉണ്ടായിരുന്ന മലയില്‍ 1963ല്‍ കുരിശ് നാട്ടി. തുടര്‍ന്ന് വര്‍ഷം തോറും അവിടേക്ക് തീര്‍ത്ഥയാത്ര. ദുഃഖവെള്ളിദിവസം വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ മല ചവിട്ടാനെത്തും. ഭക്തജനങ്ങളും ഹിന്ദുസംഘടനകളും തുടക്കം മുതലേ എതിര്‍ത്തു. രണ്ടു പതിറ്റാണ്ടുതുടര്‍ന്ന സമരത്തിനൊടുവില്‍ കുരിശ് വച്ചവര്‍ തന്നെ പിഴുതുമാറ്റി.
1986ല്‍ തിരുവനന്തപുരത്ത് മാര്‍പ്പാപ്പ വന്ന് പ്രസംഗിച്ച ശംഖുമുഖത്തെ വേദി സ്മാരകമായി നിലനിര്‍ത്താനുള്ള തീരുമാനമായിരുന്നു മറ്റൊരു പ്രകോപനം. ഉണര്‍ന്നുകഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ പ്രക്ഷോഭം നടത്തി. ഒടുവില്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നിട്ടും അവര്‍ക്ക് വേദി പൊളിച്ച് മാറ്റേണ്ടിവന്നു. സ്വാമി സത്യാനന്ദ സരസ്വതി, ജെ ശിശുപാല്‍ ജി എന്നിവരായിരുന്നു മുന്നില്‍ നി്ന്ന് പ്രക്ഷോഭം നയിച്ചത്.
1967 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിനും മുന്നിലുണ്ടായിരുന്നത് സംഘപ്രവര്‍ത്തകരാണ്. കേളപ്പജിയെ മുന്നില്‍ നിര്‍ത്തി നടത്തിയ സമരം മുസ്ലീം, കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ എതിര്‍പ്പുകളെ പരാജയപ്പെടുത്തി ക്ഷേത്രപുനര്‍നിര്‍മ്മാണം സാധ്യമാക്കി.
1983ലെ നിലക്കല്‍ പ്രക്ഷോഭമാണ് മറ്റൊന്ന്. അയ്യപ്പന്റെ പൂങ്കാവനത്തിലെ കുരിശു കൃഷിക്കെതിരെയുള്ള വിജയ സമരമായിരുന്നു അത്. സകലവിധ എതിര്‍പ്പുകളേയും മര്‍ദ്ദനങ്ങളേയും അതിജീവിച്ചാണ് നിലയ്‌ക്കല്‍ സമരം വിജയിച്ചത്. അയോദ്ധ്യ പ്രക്ഷോഭത്തിനു പോലും പ്രേരണയായി നിലയ്‌ക്കല്‍ സമരം. മാറാട് കൂട്ടക്കുരുതിക്കെതിരെ നടന്നത് ജനകീയ ജനാധിപത്യ പ്രക്ഷോഭമായിരുന്നു. ചൂഷണത്തിനും
മര്‍ദ്ദനത്തിനും പീഡനത്തിനും എതിരെ ഹിന്ദുജനത നടത്തിയ ഉജ്ജ്വലപോരാട്ടമായിരുന്നു അത്. മാറാട് സംഭവം കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടാക്കിയ ഏറ്റവും ആരോഗ്യകരമായ മാറ്റം അത് ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്ടീയത്തിനതീതമായ ഐക്യം സൃഷ്ടിച്ചു എന്നതാണ്. കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളും ഒറ്റക്കെട്ടായി നിന്ന് എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് അതിശക്തമായ പ്രക്ഷോഭം നയിച്ചു. അഞ്ച് മാസം തുടര്‍ന്നു ധീരമായ ആ സഹനസമരം.
ആറന്മുള വിമാനത്താവളത്തിനെതിരായ സമരവും മറ്റൊരു ജനകീയ മുന്നേറ്റമായിരുന്നു. ഹിന്ദുക്കളുടെ മാനബിന്ദുക്കളെ തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നു ആറന്മുള വിമാനത്താവളം. കമ്മ്യുണിസ്റ്റുകളെ വരെ ഒപ്പം നിര്‍ത്തി സമരം ജയിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സംഘപ്രചാരകനായ കുമ്മനം രാജശേഖരനാണ് നിലയ്‌ക്കല്‍, മാറാട്, ആറന്മുള സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനായി നടത്തിയ സമരത്തിനു പിന്നിലും കരുത്തായി സംഘപ്രവര്‍ത്തകരുണ്ടായിരുന്നു.
കേരളത്തിലല്ലെങ്കിലും കന്യാകുമാരിയിലെ വിവേകാനന്ദസ്മാരക നിര്‍മ്മാണം സംഘചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു. മന്നത്തു പത്മനാഭന്‍ അധ്യക്ഷനായി ശിലാ സ്മാരക സമിതിയും രൂപികരിച്ചു. പ്രതിമ സ്ഥാപനം സംബന്ധിച്ച ഫലകം തമിഴ്നാട് സര്‍ക്കാറിന്റെ അനുവാദത്തോടെ ശ്രീപാദപ്പാറയോടു ചേര്‍ന്നുള്ള പാറയില്‍ സ്ഥാപിച്ചു.
പാറയില്‍ സെന്റ് തോമസിന്റെ പ്രതിമയാണ് സ്ഥാപിക്കേണ്ടത് എന്നു വാദിച്ച്‌ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഫലകം പിഴുതെറിഞ്ഞു. പാറയില്‍ കുരിശ് നാട്ടി. അതോടെ തമിഴ്നാട് സര്‍ക്കാറിന്റെ നിലപാടും മാറി. പ്രകൃതിദത്ത സൗന്ദര്യം നഷ്ടപ്പെടുമെന്നതിനാല്‍ കന്യാകുമാരിയിലെ പാറയില്‍ ഒരു സ്മാരകവും അനുവദിക്കില്ലന്ന നിലപാടായിരുന്നു അന്നത്തെ കേന്ദ്രസര്‍ക്കാരിന്. വിവേകാനന്ദ ശിലാ സ്മാരക സമിതി പ്രശ്ന പരിഹാരത്തിന് സര്‍സംഘചാലക് ആയിരുന്ന ശ്രീഗുരുജിയെ കണ്ടു. ഗുരുജി മുന്‍ സര്‍കാര്യവാഹ് ഏകനാഥ് റാനഡയെ അതിനായി ചുമതലപ്പെടുത്തി. ഏകനാഥ്ജിയുടെ വ്യാപകമായ സമ്പര്‍ക്കത്തിന്റെ ഫലമായി തമിഴ്നാട് സര്‍ക്കാരിന്റേയും കേന്ദ്രത്തിന്റേയും എതിര്‍പ്പ് ഇല്ലാതാക്കാന്‍ സാധിച്ചു. എങ്കിലും പാറയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പ്രതിസന്ധിയായി നിന്നു. അത് മാറ്റിയാല്‍ വലിയ വര്‍ഗീയ പ്രശ്നം ആകുമെന്ന അന്തരീക്ഷം ഉണ്ടായി. കേരളത്തില്‍ തുടക്കംമുതല്‍ സംഘപ്രവര്‍ത്തനത്തിന് സ്വാധീനം ഉണ്ടായിരുന്ന കടലോര മേഖലയില്‍ നിന്ന് 15 സ്വയംസേവകര്‍ കന്യാകുമാരിയിലെത്തി. സാഹചര്യങ്ങളെല്ലാം പഠിച്ചശേഷം ഒരു അര്‍ധരാത്രിയില്‍ പാറയിലേക്ക് നീന്തി എത്തി അവര്‍ കുരിശ് പുഴുതുമാറ്റി. രാപകല്‍ കുരിശിന് കാവല്‍ നിന്നിരുന്നവര്‍ ഇളിഭ്യരായി. കരയിലേക്ക് തിരിച്ച് നീന്തി എത്തുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള നീക്കം പോലീസ് ഇടപെടല്‍ മൂലം നടന്നില്ല.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അമ്പത് വര്‍ഷം ആകുന്നു. അതിനെതിരായ സമരത്തെക്കുറിച്ച്?
”അന്ന്, 1975 ജൂണ്‍ 26 ന് കാലത്ത്, ആര്‍എസ്എസിന്റെ കേരളത്തിലെ ആസ്ഥാന മന്ദിരമായ എറണാകുളം എളമക്കരയിലെ മാധവ നിവാസില്‍ ഗൃഹപ്രവേശമായിരുന്നു. നാലു ദക്ഷിണ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ പ്രചാരക് യാദവ്റാവു ജോഷി എത്തിയിരുന്നു. സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രചാരകന്മാരും വന്നിരുന്നു. അപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്.
യാദവ്റാവു ജോഷി അന്ന് ആസൂത്രണ യോഗത്തില്‍ പറഞ്ഞു, ”ഇത് തുടക്കം മാത്രമാണ്. സംഘത്തിന്റെ നിരോധനമാണ് അടുത്തത്. കരുതിയിരിക്കുക, തയാറാകുക. ഏകാധിപത്യം ചെറുക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കണം. സംഘത്തിന്റെ സംഘചാലകന്മാരും കാര്യവാഹുമാരും ജോലിയുള്ളവരും സമൂഹത്തില്‍ അറിയപ്പെടുന്നവരും ഗൃഹസ്ഥരുമാണ്. അവരെയായിരിക്കും ആദ്യം പോലീസ് പിടിക്കുക. അപ്പോള്‍ അവര്‍ അറസ്റ്റിലാകാം. ചിലപ്പോള്‍ മര്‍ദ്ദനമേല്‍ക്കാം. ജയിലില്‍ പോകേണ്ടിവരാം. അതിന് ഒരുങ്ങുക, പ്രചാരകന്മാര്‍ കാര്യാലയം വിടുക. പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പോവുക. പ്രവര്‍ത്തനം അണ്ടര്‍ ഗ്രൗണ്ടില്‍ മുടക്കമില്ലാതെ തുടരുക.”
അങ്ങനെ ആസൂത്രണത്തിന് സമയം കിട്ടി. ഇന്ദിരാസര്‍ക്കാര്‍ ജൂലൈ നാലിന് ആര്‍എസ്എസ് നിരോധിച്ചു. രാജ്യമെമ്പാടും കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്തു. സീല്‍ വച്ചു. പ്രാന്തകാര്യാലയത്തില്‍ ഉണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തു. ജൂണ്‍ 26 മുതലേ പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും തുടങ്ങി. പ്രാന്ത കാര്യവാഹ് അഡ്വ. ടി.വി. അനന്തന്‍ (അനന്തേട്ടന്‍) ഉള്‍പ്പെടെ ആയിരത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അവര്‍ എവിടെ, എങ്ങോട്ടു കൊണ്ടുപോയി… ഒന്നും അറിയില്ല. അന്വേഷിക്കാനും മാര്‍ഗമില്ല. വക്കീലന്മാര്‍ പോലും സഹായിക്കാന്‍ തയാറായില്ല. അഡ്വ കെ. രാംകുമാര്‍ മുന്നിട്ടിറങ്ങി. അതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ വ്യാപകമായി ഫയല്‍ ചെയ്യാന്‍ തുടങ്ങി. ഇതിനകം നാഗ്പൂരില്‍നിന്ന് സന്ദേശം എത്തി. ‘അടിയന്തരാവസ്ഥയ്‌ക്കെതിരേ ആര്‍എസ്എസിന്റെ പോരാട്ടമല്ല, ജനങ്ങളുടെ പോരാട്ടമാണ് വേണ്ടത്.’ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്
ദേശീയതലത്തില്‍ ലോക്സംഘര്‍ഷ സമിതി(എല്‍എസ്എസ്) രൂപീകരിച്ചു. മുതിര്‍ന്ന പ്രചാരകന്‍ ദത്തോപന്ത് ഠേംഗ്ഡിജി ജൂലൈ എട്ടിന് കേരളത്തിലെത്തി. അദ്ദേഹം ഉത്തരവാദപ്പെട്ടവരെ കണ്ട് പ്രവര്‍ത്തനത്തിന്റെ തന്ത്രവും ഘടനയും ശൈലിയും വിശദീകരിച്ചു. ഹരിയേട്ടന്‍, മാധവ്ജി, ഭാസ്‌കര്‍ റാവുജി തുടങ്ങിയവരാണ് മുഖ്യര്‍.
ഫോണ്‍ ബന്ധം പാടേ വേണ്ടെന്നുവച്ചു. തപാല്‍ മേല്‍വിലാസത്തിന് സംസ്ഥാനതലം മുതല്‍ താലൂക്ക്തലംവരെ സംവിധാനം ഉണ്ടാക്കി. ഏറ്റവും കൂടുതല്‍ കത്തിടപാടുകള്‍ നടത്തുന്ന കച്ചവട സ്ഥാപനം, ഓഫീസ് തുടങ്ങിയവ വിലാസമായി നിശ്ചയിച്ചു. ചില പൊതുകേന്ദ്രങ്ങള്‍ സമ്പര്‍ക്കത്തിന്
നിശ്ചയിച്ചു. അവിടെ ചെന്ന് ‘കോഡ്’ പറഞ്ഞാല്‍ ആളെ തിരിച്ചറിയും.. ശാഖ നടക്കണം, മുടക്കരുത്. അഞ്ചാറു പേര്‍ വീതം ഒത്തു ചേരണം. പോലീസിന് പിടി കൊടുക്കരുത്. വീടുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടം കേന്ദ്രീകരിച്ച് ഒത്തുചേരണം. പ്രാര്‍ത്ഥന മുടക്കരുത്. സംഘകാര്യകര്‍ത്താക്കള്‍ യാത്ര ഉപേക്ഷിക്കരുത്, നിര്‍ദ്ദിഷ്ട പരിപാടികള്‍ കൃത്യമായി നടക്കണം. അഖില ഭാരതീയ സംഘടനാ അധികാരികള്‍ മുതല്‍ താലൂക്ക് തലത്തിലുള്ളവര്‍വരെ അക്കാലത്ത് മുടങ്ങാതെ പരിപാടികളില്‍ പങ്കെടുത്തു.
മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. കൊച്ചിയില്‍നിന്നുള്ള ‘രാഷ്‌ട്രവാര്‍ത്ത’, കോഴിക്കോട്ടുനിന്ന് സായാഹ്ന പത്രമായിരുന്ന ‘ജന്മഭൂമി’ തുടങ്ങിയവ നിരോധിച്ചു, പൂട്ടി. ജന്മഭൂമിയുടെ മുഖ്യ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയേയും മുഖ്യചുമതലക്കാരന്‍ പി. നാരായണനേയും ജയിലിലാക്കി. യഥാര്‍ത്ഥ സംഭവങ്ങള്‍ പുറംലോകം അറിയുന്നില്ല. അറിയിക്കാന്‍ ‘കുരുക്ഷേത്രം’ എന്ന പത്രിക തുടങ്ങി. ആദ്യം മാസത്തിലൊന്ന്. പിന്നീട് രണ്ടാഴ്ചയിലൊന്നായി. അച്ചടിച്ച് വിതരണം ചെയ്തു. അണ്ടര്‍ഗ്രൗണ്ട് കാലത്തെ വിശ്വസനീയമായ പത്രികയായി അത് മാറി. സാധാരണക്കാര്‍ മുതല്‍ വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ വരെ വാര്‍ത്തയറിയാന്‍ ആശ്രയിച്ചത് കുരുക്ഷേത്രത്തെ ആയിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജനെ പോലീസ് ഉരുട്ടിക്കൊന്ന സംഭവം പുറംലോകമറിഞ്ഞത് കുരുക്ഷേത്രത്തിലൂടെയാണ്.
വാര്‍ത്ത ശേഖരിക്കല്‍, പണം സ്വരൂപിക്കല്‍, വ്യക്തിബന്ധമുണ്ടാക്കല്‍, നിലനിര്‍ത്തല്‍ ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സംവിധാനം ഉണ്ടാക്കി. അറസ്റ്റിലായി ജയിലില്‍ പോയവരുടെ കാര്യം അറിയാനും അവരെ കാര്യങ്ങള്‍ അറിയിക്കാനും
ജയില്‍ വാര്‍ഡന്മാരെ രഹസ്യമായി കാണുന്ന സംവിധാനമുണ്ടാക്കി. ജയിലില്‍ പോയവരുടെ വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു വേണ്ടത് ചെയ്തു. പ്രതികൂല സാഹചര്യത്തിലും സംഘത്തിന്റെ ഉത്സവമായ ഗുരുദക്ഷിണ നടത്തി. വലിയ അധിക ചെലവുകള്‍ പലതരത്തില്‍ വന്നു. സാമ്പത്തിക ശേഷിയുള്ളവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എല്ലാ മാസവും നിശ്ചിത തുക നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷിക്കാത്തത്ര സഹായം കിട്ടി.
സ്വയംസേവകര്‍ക്ക് ആത്മബലവും വീര്യവും നല്‍കാന്‍ ബൗദ്ധിക്കുകളും പ്രചോദനങ്ങളും അടങ്ങുന്ന ‘സുദര്‍ശനം’ എന്ന പാക്ഷികം ഇറക്കി. സംഘടനാ മാര്‍ഗദര്‍ശനങ്ങള്‍ അതിലൂടെയായിരുന്നു. പ്രവര്‍ത്തകരുടെ വീടുകളായിരുന്നു ഒളിത്താവളങ്ങള്‍. അവിടെയും പ്രവര്‍ത്തനംതന്നെ. അഖില ഭാരതീയ നേതൃത്വത്തിലുള്ളവര്‍ പലവട്ടം കേരളത്തില്‍വന്നുപോയി. ആരെയും പോലീസിന് കിട്ടിയില്ല, രഹസ്യപ്പോലീസ് അറിഞ്ഞുപോലുമില്ല.
ലോക് സംഘര്‍ഷ സമിതിയെന്ന പേരില്‍ ദേശീയ തലത്തില്‍ സംഘടന ഉണ്ടാക്കി, ലോക്നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വന്‍ രാഷ്‌ട്രീയ പ്രക്ഷോഭം നടന്നു. രാഷ്‌ട്രീയം ഏകോപിപ്പിക്കുകയായിരുന്നു അതിലൂടെ. കേരളത്തില്‍ പ്രൊഫ. എം.പി. മന്മഥന്‍ ആയിരുന്നു അധ്യക്ഷന്‍. കെ. രാമന്‍പിള്ളയായിരുന്നു സെക്രട്ടറി. അടിയന്തരാവസ്ഥയ്‌ക്കെതിരേ നടത്തിയത് ഗാന്ധിയന്‍ സമരമായിരുന്നു. സത്യഗ്രഹം നടത്തി, പോലീസ് മര്‍ദ്ദിച്ചപ്പോള്‍ സഹനസമരം നടത്തി. തിരിച്ച് ആക്രമിച്ചില്ല, ചെറുത്തില്ല. അതായിരുന്നു നി
ര്‍ദ്ദേശം. സഹിക്കുക, ജീവന്‍ പോയാലും പ്രതിക്രിയ വേണ്ട. അത് പ്രവര്‍ത്തകര്‍ പാലിച്ചു. റഷ്യന്‍ മോഡല്‍ ആയിരുന്നു പോലീസ് ഭരണം. ‘മിഡ്നൈറ്റ് നോക്ക്.'( പാതിരാത്രിയില്‍ മുട്ടിവിളിക്കുക, പിടിച്ചുകൊണ്ടു പോകുക). അവര്‍ അഴിഞ്ഞാടി. കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു. സത്യഗ്രഹികള്‍ക്ക് അതിക്രൂര മര്‍ദ്ദനമായിരുന്നു. തല്ലിച്ചതച്ചു. ഗരുഡന്‍ പറവയും പട്ടിപ്പൂട്ടും തുടങ്ങി പ്രാകൃത മര്‍ദ്ദനം….
അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരെ ഒറ്റുകൊടുത്തു. സിപിഎം നേതാക്കളില്‍ ചിലര്‍ ആദ്യംതന്നെ അറസ്റ്റുവരിച്ച് രാഷ്‌ട്രീയ തടവുകാരായി ജയിലില്‍ ഉണ്ടുറങ്ങി, വായിച്ച് സുരക്ഷിതരായി കഴിഞ്ഞു. മറ്റു ചിലര്‍ ഒളിച്ച് സുഖിച്ചു ജീവിച്ചു. ഇവരില്‍ ചില നേതാക്കളെ നേരില്‍ക്കണ്ട് സമരത്തിനിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസില്‍ ഇന്ദിരാവിരുദ്ധരായ ചിലരേയും മറ്റു ചെറുപാര്‍ട്ടി നേതാക്കളോടും ചര്‍ച്ച നടത്തി. ‘നിങ്ങളെപ്പോലെ സമരം ചെയ്യാനും മര്‍ദ്ദനം സഹിക്കാനുമൊന്നും ഞങ്ങളുടെ ആളുകളെ കിട്ടില്ല. അതിനാല്‍ പ്രതീക്ഷിക്കേണ്ട,’ എന്നായിരുന്നു മറുപടി. സിപിഐ നേതാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. പക്ഷേ, പോലീസ് സംഘപ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പേടിച്ചു. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വരുന്ന സ്ഥലങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ മുടികെട്ടിവെയ്‌ക്കാന്‍ അനുവദിച്ചില്ല. മുടിക്കെട്ടില്‍ ബോംബുണ്ടാവുമെന്നായിരുന്നു പോലീസിന് ഭയം! ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ചില നേതാക്കളെ മോചിപ്പിച്ചു. തെരഞ്ഞെടുപ്പു നടത്തിയാല്‍ വിജയിക്കുമെന്ന രഹസ്യപ്പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ദിര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ചില പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആര്‍എസ്എസ് പറഞ്ഞു, ‘ഇത് അവസരമാണ്. തോല്‍വിയും ജയവുമല്ല പ്രശ്നം. നമുക്ക് പറയാനുള്ളത് നാടുനീളെ പറയാന്‍ അവസരമാണിത്. അതു വിനിയോഗിക്കണം,’ എന്ന്. അങ്ങനെ ജെപി ദല്‍ഹിയില്‍ റാലി നടത്തി. ജനപങ്കാളിത്തംകൊണ്ട് അത് വന്‍വിജയമായി. പിന്നെ നാടെമ്പാടും ജനം ഇളകി. തെരഞ്ഞെടുപ്പില്‍ കേരളത്തിലൊഴികെ ഇന്ദിരയുടെ കോണ്‍ഗ്രസ് തോറ്റു.
നഷ്ടമായെന്ന് ഭയന്ന സ്വാതന്ത്ര്യം അതിവേഗം തിരികെക്കിട്ടിയത് രാഷ്‌ട്രത്തിന്റെ നേട്ടമായി. രാജ്യമെമ്പാടും പതിനായിരക്കണക്കിന് സംഘപ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളത്തില്‍ മാത്രം അയ്യായിരത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. അതിനെല്ലാം കൃത്യമായ രേഖകളുണ്ട്. അവരെക്കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വേറെ. ആയിരക്കണക്കിന് പേര്‍ക്ക് കൊടും മര്‍ദ്ദനമേറ്റു, അവശരായി ഇന്നും ഏറെപ്പേര്‍ കഴിയുന്നു. ഇവര്‍ നടത്തിയ സഹന സമരം സമാജത്തില്‍ സൃഷ്ടിച്ച സ്വാധീനം ചെറുതല്ല.
സര്‍സംഘചാലക് ബാളാസാഹബ് ദേവറസ്ജി പറഞ്ഞു, ‘ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്നറിഞ്ഞിട്ടും സംഘത്തെ നിരോധിച്ചതിലൂടെ സംഘടനാ പ്രവര്‍ത്തനം ഏറെ പിന്നോട്ടു പോയി. പക്ഷേ രണ്ടു വര്‍ഷത്തെ അടിയന്തരാവസ്ഥാ നിരോധനത്തിലൂടെ സംഘത്തിന് 20 വര്‍ഷത്തെ വളര്‍ച്ചയുണ്ടായി,’ എന്ന്. ഗാന്ധിവധത്തില്‍ പ്രതിയാക്കുക വഴി സംഘത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനിടയാക്കി. പക്ഷേ, അടിയന്തരാവസ്ഥാ നിരോധനത്തിലൂടെ സംഘത്തെ ജനങ്ങള്‍ ഏറ്റെടുത്തു. സംഘത്തെക്കുറിച്ച് കുപ്രചാരണങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്ന തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ നിരോധനം സഹായകമായി.
കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്ത് എന്നചോദ്യം എല്ലായിടത്തും ഉയരുന്നുണ്ട്. സാമൂഹ്യപരിവര്‍ത്തനം സംഘത്തിന്റെ കാര്യപരിപാടിയില്‍ ഉണ്ടോ?
വ്യക്തി നിര്‍മ്മാണമാണ് സംഘത്തിന്റെ ലക്ഷ്യം. നല്ല വ്യക്തികളിലൂടെ സമാജ പരിവര്‍ത്തനം സാധ്യമാകുമെന്ന വിശ്വാസമാണ് സംഘത്തിനുള്ളത്. കേരളത്തില്‍ സാമൂഹ്യപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ നേരിട്ട് ഇടപെട്ട നിരവധി സംഭവങ്ങളുമുണ്ട്. ഇന്ന് കേരളത്തില്‍ വ്യാപകമായും മലയാളികള്‍ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലും നടക്കുന്ന രാമായണമാസാചരണം സംഘത്തിന്റെ ആശയപ്രകാരം നടന്ന വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനത്തെതുടര്‍ന്നാണ്. വിശാല ഹി്ന്ദു സമ്മേളനത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ജാതിചിന്തകള്‍ക്കതീതമായ ഏകീകരണം ഹിന്ദുക്കള്‍ക്കിടയില്‍ സവര്‍ണാവര്‍ണ്ണ ഭേദം സൃഷ്ടിച്ച് നേട്ടം കൊയ്തിരുന്ന രാഷ്‌ട്രീയക്കാര്‍ക്ക് തിരിച്ചടിയായി. ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ നടത്തിയ പദ്ധതിയായിരുന്നു തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കുള്ള ജാഥ. ഗുരുവായൂര്‍ ഊട്ടുപുരയില്‍ സവര്‍ണര്‍ക്കുമാത്രമേ ആഹാരം കഴിക്കാന്‍ അനുവാദം ഉള്ളൂ എന്ന് ചൂണ്ടിക്കാട്ടി അവര്‍ണര്‍ക്കും വേണം എന്നാവശ്യപ്പെട്ടായിരുന്നു കാല്‍നട ജാഥ. അവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വിവരിച്ച് വിദ്വേഷം വളര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ കുത്സിത ബുദ്ധികളുടെ ആഗ്രഹം തകര്‍ന്നടിഞ്ഞ കാഴ്ചയാണുണ്ടായത്. സവര്‍ണ, അവര്‍ണ ഭേദമില്ലാതെ നാടുനീളെ സ്വയംസേവകര്‍ ജാഥയ്‌ക്ക് സ്വീകരണമൊരുക്കി. ജാഥ ഗുരുവായൂരില്‍ എത്തിയപ്പോഴേക്കും അതിന്റെ സ്വഭാവം തന്നെ മാറി. ഊട്ടുപുരയില്‍ ഓതിക്കന്മാര്‍ കുടുംബ സമേതം ജാഥാംഗങ്ങള്‍ക്കൊപ്പം ഊണു കഴിക്കുന്ന സാഹചര്യമുണ്ടായി.
ജനനം കൊണ്ട് ബ്രാഹ്മണരല്ലാത്തവര്‍ക്കും പൂജാധികാരം നല്‍കണമെന്ന ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ആലുവ അദൈ്വതാശ്രമത്തിലും തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമത്തിലും ജന്മനാ ബ്രാഹ്മണര്‍ അല്ലാത്തവരെ പൂജ പഠിപ്പിക്കാനുള്ള ശിബിരം നടന്നിരുന്നു. 1970ല്‍ ഗുരുജി എറണാകുളത്ത് എത്തിയപ്പോള്‍ സംഘപ്രചാരകനായ പി. മാധവ്ജിയും അമ്പലപ്പുഴ പുതുമന ദാമോദരന്‍ നമ്പൂതിരിയും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് കേരളത്തിലെ പാരമ്പര്യ തന്ത്രിമുഖ്യന്മാരേയും പണ്ഡിതാചാര്യന്മാരേയും പറവൂറിനടുത്ത് പാലിയത്ത് വിളിച്ചുകൂട്ടി. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ലെന്നും യോഗ്യമായ സംസ്‌ക്കാരം ആര്‍ജ്ജിച്ചാല്‍ ആര്‍ക്കും നേടാവുന്നതാണെന്നുമുള്ള പാലിയം വിളംബരം പ്രഖ്യാപിക്കപ്പെട്ടു. മാധവ്ജിയുടെ അശ്രാന്ത പരിശ്രമത്തില്‍ സമവായത്തില്‍കൂടി ഉളവായ ഈ മാറ്റം ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും എല്ലാം സൃഷ്ടിച്ച നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു.
വിശാല ഹിന്ദുസമ്മേളനത്തെത്തുടര്‍ന്ന്, ഹിന്ദുസമൂഹത്തില്‍ നിലനില്‍ക്കുന്ന പല അനാചാരങ്ങള്‍ക്കും എതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറായി, തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ എന്ന ഗ്രാമത്തില്‍ പുരാതന കാലത്തെ വൈദിക കര്‍മ്മങ്ങള്‍ അനുസരിച്ച് യാഗം നടത്താന്‍ തയാറെടുപ്പുകള്‍ നടന്നു. യാഗത്തിന്റെ ഭാഗമായി ആടിനെ ശ്വാസം മുട്ടിച്ച് കൊന്ന് അതിന്റെ ‘വപ’ ഹോമിക്കുന്ന ചടങ്ങുണ്ടായിരുന്നു. ഈശ്വരാരാധനയുടെ പേരില്‍ ്ഇത്രയും ക്രൂരമായ ജന്തുബലി നടത്തുന്നതിന്റെ അനൗചിത്യം സംഘം ഉയര്‍ത്തിക്കാട്ടി. ഇതു സംബന്ധിച്ച് വ്യാപക പ്രചാരണവും ബോധവല്‍ക്കരണവും നടത്തി. അവസാനം ജന്തുബലി ഇല്ലാതെ തന്നെ യാഗം പൂര്‍ണമാക്കി.
ആലൂവായിലെ എളവൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ ത്വക്കില്‍ ഇരുമ്പ് കൊളുത്തിട്ട് തൂക്കം നടത്തുന്നതിനതിരെയും സംഘം നിലപാട് എടുത്തു. കാലങ്ങളായി നടന്നുവരുന്ന ആചാരം ഉപേക്ഷിക്കാന്‍ ഭക്തസമൂഹം ആദ്യം തയാറായില്ല. ഒടുവില്‍ അവര്‍ യാഥാസ്ഥിതിക ചിന്ത ഉപേക്ഷിച്ചു. കുട്ടികളുടെ ശരീരത്തില്‍ തോര്‍ത്തുകെട്ടി അതില്‍ കൊളുത്തി തൂക്കം നടത്താന്‍ തയാറായി.
ആര്‍എസ്എസിന്റെ പര്യായമായി സേവാഭാരതിയെ കാണുന്നവരുണ്ട്. ജനങ്ങളുടെ സ്വീകാര്യത ലഭിക്കാനാണോ സേവനരംഗത്തെ സജീവമായ ഇടപെടല്‍?
സേവനം സംഘത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വഭാവമാണ്. ആരംഭകാലം മുതല്‍ സ്വയംസേവകര്‍ സേവനരംഗത്ത് സജീവമാണ്. ദുരന്തഭൂമിയില്‍ ഓടിയെത്തി സ്വന്തം ജീവന്‍ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. സംഘത്തിന്റെ സേവന വിഭാഗമാണ് സേവാഭാരതി. 1989 ല്‍ സംഘസ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദിവേളയിലാണ് സേവാഭാരതി രൂപീകരിച്ചത്. നേരത്തെ തന്നെ ദല്‍ഹിയില്‍ ചേരിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സ്വാവലംബനം, സാംസ്‌ക്കാരികം തുടങ്ങിയ മേഖലകളില്‍ സേവാഭാരരതി എന്ന പേരില്‍ പല പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്ത് കടലോരമേഖലയായ മുട്ടത്തറയിലാണ് സേവാഭാരതി ആദ്യം തുടങ്ങിയത്. അന്ന് വിഭാഗ് പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ ഉത്സാഹത്തില്‍ മെഡിക്കല്‍ കോളജിലെ ഡോ. പ്രസന്നമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ സേവാസമിതി രൂപീകരിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ട്യൂഷന്‍ സെന്ററും അമ്മമാരെ ഒരുമിച്ചുകൂട്ടിയുള്ള സാംസ്‌ക്കാരിക പരിപാടിയും എല്ലാം ആരംഭിച്ചു. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും സേവാഭാരതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം നല്‍കുന്ന പദ്ധതി തുടങ്ങിയത് സേവാഭാരതിയാണ്. വെള്ളപ്പൊക്ക ദുരിത സമയത്തും കൊറോണയുടെ കാലത്തും സേവാഭാരതിയുടെ പ്രവര്‍ത്തനത്തെ ജാതിമതഭേദമില്ലാതെ കേരളം പ്രശംസിച്ചു. ഇന്ന് എല്ലാ ജില്ലകളിലും പഞ്ചായത്ത് തലം വരെ സേവാഭാരതി സജീവമാണ്. കൊല്ലം പെരുമണിലും കോഴിക്കോട് കടലുണ്ടിയിലും തീവണ്ടി അപകടം ഉണ്ടായപ്പോഴും ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത് സേവാഭാരതി പ്രവര്‍ത്തകരാണ്.
വയനാട്ടില്‍ വനവാസി മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷനും സംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ്. നാഗ്പൂരിലെ സ്വയംസേവകനായ ധനഞ്ജയ് സഗ്ദേവ് മെഡിക്കല്‍ ബിരുദം എടുത്തശേഷം ഇവിടെയെത്തി മെഡിക്കല്‍ മിഷന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. മെഡിക്കല്‍ മിഷന്‍ വനവാസി ഗ്രാമങ്ങളില്‍ ചെന്ന് ആവശ്യമായ വൈദ്യസഹായം നല്‍കുന്നു. ബോധവല്‍ക്കരണക്യാമ്പുകളും സംഘടിപ്പിക്കുന്നു.
പാലക്കാട് ജില്ലയില്‍ അട്ടപ്പാടി വനമേഖലയിലും ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെയും വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്ന പേരില്‍ ആശൂപത്രിയും മല്ലീശ്വരന്‍ വിദ്യാലയവും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം എടുത്തശേഷം പ്രചാരകനായി ഇവിടെയെത്തിയ ഡോ. വി. നാരായണന്റെ നേതൃത്വത്തില്‍ വനവാസികള്‍ക്കിടയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
മൂന്നാറില്‍ നിന്ന് അന്ന് നടന്നുമാത്രം പോകാന്‍ സാധിക്കുമായിരുന്ന മറയൂര്‍, കോവിലൂര്‍ പ്രദേശങ്ങളില്‍ മഴയും പട്ടിണിയും മൂലം വനവാസികള്‍ മരിച്ചു എന്ന വാര്‍ത്ത പത്രത്തില്‍ വായിച്ച, കോട്ടയം വിഭാഗ് സംഘചാലകായിരുന്ന ഡോ. പി. ചിദംബരനാഥ് കുറച്ചു സ്വയംസേവകരെ കൂട്ടി അവിടെ എത്തി. അസുഖം ബാധിച്ചുകിടന്നവരെ ചികിത്സിച്ചു. കാട്ടാനശല്യവും മറ്റും ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞ തടസം അവഗണിച്ചായിരുന്നു ഡോക്ടറും സംഘവും വനത്തിനുള്ളില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് ഇത്തരം പ്രദേശങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം സംവിധാനം വേണമെന്ന ആലോചന ഉണ്ടായി. വിദ്യാസമ്പന്നരായ സേവാവ്രതികളെ പരിശീലിപ്പിക്കുകയും മറയൂര്‍, കോവിലൂര്‍, തിരുവനന്തപുരത്തെ അഗസ്ത്യാര്‍മൂഴി, കമലകം, പൊ
ത്തോട്, പാലക്കാട് അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലേക്ക് അയയ്‌ക്കുകയും ചെയ്തു.
ഹിന്ദുസമാജത്തിലെ അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നിരവധി ബാലികാ ബാല സദനങ്ങളും സേവാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിച്ചു.
നാഗ്പൂരില്‍നിന്ന് സംഘപ്രചാരകര്‍ കേരളത്തില്‍ വന്നത് ഏഴു പതിറ്റാണ്ടു മുമ്പുള്ള ചരിത്രം. ഇന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പ്രചാരകന്മാര്‍ പോകുന്നു.സംഘവളര്‍ച്ചയില്‍ കേരളം വഹിക്കുന്ന പങ്കിനെ എങ്ങനെ വിലയിരുത്തുന്നു?
തിരുവനന്തപുരത്തുനിന്ന് പ്രചാരകനായ രാമചന്ദ്രന്‍ ചേട്ടനാണ് (പി. രാമചന്ദ്രന്‍) കേരളത്തിനു പുറത്ത് പ്രചാരകനാകുന്ന ആദ്യ മലയാളി. തമിഴ്നാട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പോയത്. പിന്നീട് സനല്‍ജി (വി. സനല്‍കുമാര്‍) മദ്രാസില്‍ പ്രചാരകനായി പോയി. പഞ്ചാബ് പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ അവിടേക്ക് പ്രചാരകരായി പോയവരാണ് എന്‍സിടി രാജഗോപാലും നന്ദകുമാറും. ആസാമിലേക്ക് പ്രചാരകനായിപ്പോയ മുരളി മനോഹറിനെ ഉള്‍ഫ കലാപകാരികള്‍ വധിക്കുകയായിരുന്നു. മണിപ്പൂരിലേക്കുപോയ പാലക്കാട്ടുകാരന്‍ എം.എം. അശോകന്‍ ഇപ്പോള്‍ അവിടെ ക്ഷേത്ര പ്രചാരക് പ്രമുഖ് ആണ്. നേപ്പാളില്‍ പ്രചാരകനായിരുന്ന വി. മോഹനനാണ് ഭാരതത്തിന് പുറത്തേക്ക് നിയോഗിക്കപ്പെട്ട ആദ്യ മലയാളി പ്രചാരക്. ഹരിയേട്ടനാണ് കേരളത്തില്‍ നിന്ന് ആദ്യമായി അഖിലഭാരത ചുമതല വഹിക്കുന്നത്. അഖിലഭാരത ബൗദ്ധിക് പ്രമുഖ് എന്ന ചുമതല വരെ വഹിച്ചു.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് കടന്നുചെല്ലാന്‍ ബാലഗോകുലം, തപസ്യ തുടങ്ങിയ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ കേരളീയ മാതൃക ദേശീയതലത്തില്‍ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
ബാലഗോകുലം, തപസ്യ, ക്ഷേത്രസംരക്ഷണ സമിതി, ഭാരതീയ വിചാരകേന്ദ്രം, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, മത്സ്യ പ്രവര്‍ത്തക സംഘം തുടങ്ങിയ സംഘടനകളൊക്കെ കേരളത്തില്‍ രൂപം കൊണ്ടവയാണ്. ഇവയുടെ മാതൃക പിന്‍തുടര്‍ന്ന് ദേശീയതലത്തിലും സമാന സംഘടനകള്‍ ഉണ്ടായി. തപസ്യയുടെ ദേശീയ രൂപമാണ് സംസ്‌ക്കാര്‍ ഭാരതി. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ദേശീയ രൂപമാണ് വീജ്ഞാന്‍ ഭാരതി. കേരളത്തിലെ പ്രവര്‍ത്തനത്തെയും പ്രവര്‍ത്തകരേയും ദേശീയ നേതൃത്വം എന്നും ശ്രദ്ധയോടും സ്നേഹത്തോടെയുമാണ് വീക്ഷിച്ചിട്ടുള്ളത്.
ഏഴു പതിറ്റാണ്ടിന്റെ കേരളത്തിലെ സംഘചരിത്രം
ഒരു വിജയഗാഥയാണ്, എങ്ങനെ വിലയിരുത്തുന്നു?
നിരീശ്വരവാദവും ദേശവിരുദ്ധ സമീപനവും വര്‍ഗസമരവും ഉന്മുലനവാദവും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ദേശീയതയില്‍ അടിയുറച്ച സംഘപ്രസ്ഥാനത്തിനെതിരെ ആരംഭകാലം മുതല്‍ തന്നെ തെറ്റിദ്ധാരണകള്‍ പരത്താനും അക്രമമഴിച്ചുവിടാനും തയാറായി. അവരുടെ ഹിന്ദുവിരുദ്ധ നിലപാടില്‍ ഇന്നും മാറ്റം വന്നിട്ടില്ല. എന്നാല്‍ ഈ കള്ളപ്രചാരണങ്ങളെയും ശാരീരികആക്രമണങ്ങളെയും അതിജീവിച്ച് കേരളമാകെ വ്യാപിച്ചു എന്നു മാത്രമല്ല ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ അതിന്റെ അടിത്തറ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയശക്തിയുടെ ഈ സംഘടിത സാന്നിധ്യം ആഗോളവത്കരണത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്നുകയറ്റത്തിനിടയിലും വ്യത്യസ്തരീതികളിലൂടെ ഹിന്ദുചൈതന്യത്തെ സജീവമായി നിലനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. മതതീവ്രവാദവിഘടനശക്തികള്‍ കേരളത്തില്‍ വളരെ സജീവമാണ്. തീവ്രവാദ ശക്തികളുടെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സംഘടിതമതപരിവര്‍ത്തനങ്ങളും വളരെ വ്യാപകമാണ്. ഈ രണ്ടു ശക്തികളും തഴച്ചു വളരുന്നത് നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെ കടത്തിക്കൊണ്ടുവരുന്ന വിദേശപണത്തിന്റെ ബലത്തിലാണ്. കള്ളപ്പണത്തിന്റേതായ സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയാണ്. അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതിവേഗം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദു സമൂഹവും. കൂടുതല്‍ ദേശീയതയില്‍ അടിയുറച്ചുനില്‍ക്കുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുവന്ന് ഈ പ്രതിസന്ധിയെ മറികടക്കേണ്ടതായിട്ടുണ്ട്. കേരളീയവും അഖിലഭാരതീയവും സാര്‍വദേശീയവുമായ മാനങ്ങളുള്ളതാണ് ആധുനിക ഹിന്ദുനവോത്ഥാനപ്രസ്ഥാനം. അതിന്റെ ചാലക ശക്തി ആര്‍എസ്എസാണെന്ന തിരിച്ചറിവിലേക്ക് കേരളം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post