എഴുവന്തല ബാബുരാജ്
ബാലഗോകുലം
സംസ്ഥാന ഉപാധ്യക്ഷന്‍
അഞ്ചുപതിറ്റാണ്ടായി മലയാളിയുടെ മനസില്‍ നിരവധി ആശയങ്ങളെ സംക്ഷേപിക്കാനും അതിനനുകൂലമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാനും ബാലഗോകുലത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ ജീവിതക്രമത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ പകര്‍ത്താനും മലയാണ്മയുമായി തന്മയീഭാവം പുലര്‍ത്താനും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ആദ്ധ്യാത്മികതയുടെ രൂപഭാവങ്ങള്‍ പൊതുഇടങ്ങളില്‍ നിഷേധിക്കപ്പെടുകയും കമ്യൂണിസ്റ്റ് ചിന്താസരണിയിലൂടെ നാസ്തിക ചിന്ത പുഷ്ടി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബാലമനസ്സുകളില്‍ മലയാണ്മയുടെ തനിമയും സ്നേഹവും ഒത്തിണങ്ങുന്ന പുതു സംസ്‌കാരത്തിന് ബാലഗോകുലം നാന്ദി കുറിക്കുന്നത്. കേരളത്തിന്റെ പൊതുനിരത്തിലൂടെ രാമന്റെയും കൃഷ്ണന്റെയും ഭജനകള്‍ പാടി ആബാലവൃന്ദം ജനങ്ങളെ ആകര്‍ഷിക്കുന്ന പൊതുഇടങ്ങള്‍ സ്ഥാപിക്കാന്‍ 1980കളില്‍ തന്നെ സാധിച്ചിട്ടുണ്ട്. അവിടുന്നിങ്ങോട്ടുള്ള പ്രയാണം ദ്രുതഗതിയിലായിരുന്നു. ആധുനികതയുടെ പേരു പറഞ്ഞ് അധിനിവേശത്തിന്റെ പളപളപ്പില്‍ അഭിരമിക്കുന്ന സമൂഹത്തിലേക്കാണ് നന്മയുടെ വെള്ളിനിലാവ് പോലെ ബാലഗോകുലമെന്ന പഞ്ചാക്ഷരി കടന്നു വരുന്നത്.
മഞ്ഞപ്പട്ടും മയില്‍പ്പീലിത്തണ്ടും കൊണ്ട് മലയാളികളുടെ മനസ്സില്‍ സുസ്മേരവദനനായ മായക്കണ്ണന്റെ മുരളികയുടെ ശബ്ദവീചികളെ സ്വാംശീകരിച്ച് മലയാണ്മയുടെ സുഗന്ധമായ ബാലഗോകുലം അഞ്ചുപതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയകളില്‍ അഗ്രേസരന്മാരായ ചട്ടമ്പിസ്വാമികളുടെയും, ശ്രീനാരായണഗുരുവിന്റെയും, സഹോദരന്‍ അയ്യപ്പന്റെയും, അയ്യാ വൈകുണ്ഠ സ്വാമികളുടെയും പ്രവര്‍ത്തന ഫലമായി നേടിയ സ്വതാധിഷ്ഠിതമായ സംസ്‌കാരത്തെ നിലനിര്‍ത്തണ്ടേത് ഇന്നത്തെ കാലഘട്ടത്തിന്റെ കടമയാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തില്‍ വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് ചിന്ത യുവാക്കളില്‍ നാസ്തികത്വം സൃഷ്ടിക്കുക മാത്രമല്ല സ്വത്വാധിഷ്ഠിതമായ എന്തിനെയും എതിര്‍ക്കുകയെന്ന ചിന്തയും വളര്‍ത്തി. 1957-ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയ രാഷ്‌ട്രീയ അപ്രമാദിത്തം മുതല്‍ ഭാരതീയ സംസ്‌കൃതിയെ ഇകഴ്‌ത്താനാണ് പരമാവധി ശ്രമിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ ദേശീയ ചിന്താഗതിയെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു.
1953 ല്‍ കേസരി പത്രാധിപരായിരുന്ന പി. പരമേശ്വരന്റെ ചിന്തയില്‍ രൂപം കൊണ്ട ബാലഗോകുലം എന്ന ബാലപംക്തി ഏറെ ആകര്‍ഷണീയമായിരുന്നു. കുട്ടികള്‍ക്ക് ഗോപിച്ചേട്ടന് കത്തെഴുതാനും അവരുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാധിച്ചു. തുടര്‍ന്ന് കേസരിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത എം.എ. കൃഷ്ണന്‍ എന്ന എംഎ സര്‍ ബാലഗോകുലത്തിന് മറ്റൊരു ദിശാബോധം നല്‍കി.
അതിന്റെ അടിസ്ഥാനത്തില്‍ 1974 ല്‍ കോഴിക്കോട് കാരപ്പറമ്പിലും മറ്റും ഗോകുല യൂണിറ്റുകള്‍ക്ക് രൂപം കൊടുത്തു. 1975 ലെ അടിയന്തരാവസ്ഥ കാലഘട്ടം ഇരുണ്ട കാലഘട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഈ കാലഘട്ടത്തില്‍ എം.എ. കൃഷ്ണന്റെ സ്നേഹസ്പര്‍ശത്തില്‍ സന്തുഷ്ടരായ മഹാകവി അക്കിത്തം, കുഞ്ഞുണ്ണി മാഷ്, എന്‍.എന്‍. കക്കാട് തുടങ്ങിയ സാഹിത്യ പ്രതിഭകള്‍ ബാലഗോകുലത്തിന്റെ സംഘടനാപ്രഭാവത്തിന് ആക്കം കൂട്ടി. 1975 ല്‍ സംഘടനാ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതമായ ഗോകുലങ്ങള്‍ കോഴിക്കോട് മാത്രമല്ല കേരളത്തിന്റെ പല സ്ഥലങ്ങളിലും ആരംഭിച്ചു.
1978ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന ആദ്യത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ നൂറില്‍ താഴെ ആളുകളാണ് പങ്കെടുത്തത്. എന്നാലിന്ന് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ ലക്ഷക്കണക്കിന് ജനസാന്നിധ്യം ബാലഗോകുലത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്.
‘ഏതൊരു വീട്ടിലുമിന്നൊരു മേഘ
ശ്യാമളനുണ്ണി പിറക്കുന്നു.
…………………….
…………………….
പഞ്ഞക്കെടുതിയില്‍ പോലും പാതയില്‍
പാട്ടും ഭജനയുമാഘോഷം ‘
കവിയുടെ ജ്ഞാനശക്തിയുടെ ദീര്‍ഘദര്‍ശിത്വം സാര്‍ത്ഥകമാവുകയാണ് ചെയ്യുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’യില്‍ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര തന്നെയല്ലേ നിഴലിക്കുന്നതെന്ന് സംശയിച്ചാല്‍ തെറ്റില്ലല്ലോ.
സുവര്‍ണ്ണജയന്തിയുടെ നിറവിലെത്തി നില്‍ക്കുന്ന ബാലഗോകുലത്തെ മലയാള മനസെങ്ങനെ അംഗീകരിച്ചു എന്ന് ഇതില്‍നിന്ന് മനസിലാക്കാം.
ഐക്യരാഷ്‌ട്ര സഭ ലോകത്തിലെ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും 15 കൊല്ലം മുമ്പുതന്നെ ബാലഗോകുലം ആരംഭിച്ചുവെന്നത് ലോക ബാല്യങ്ങള്‍ക്ക് തണലേകാന്‍ ബാലഗോകുലത്തിന് സാധിക്കും എന്നതിന്റെ ദിശാസൂചനയാണ്.
നാഴികക്കല്ലുകള്‍
ബാലഗോകുലം ആരംഭിച്ച് 20 വര്‍ഷത്തിനു ശേഷമാണ് കുട്ടികള്‍ക്ക് സംഗമിക്കാന്‍ ഒരു വേദിയുണ്ടാകണമെന്ന കാഴ്ചപ്പാടില്‍ 1995ല്‍ കാലടിയില്‍ അയ്യായിരം കുട്ടികള്‍ പങ്കെടുത്ത ഗോകുലോത്സവം നടന്നത്. ഇവിടെവെച്ചാണ് കവി കുഞ്ഞുണ്ണി മാഷെ ‘കുട്ടികളുടെ സാന്ദീപനി’ എന്ന ആചാര്യപട്ടം നല്‍കി ആദരിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് രണ്ടായിരാമാണ്ടില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്‌ട്ര ബാലമഹാസമ്മേളനം സംഘടനയുടെ ബഹുമുഖ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകദേശം എണ്ണായിരം കുട്ടികളും രണ്ടായിരം പ്രവര്‍ത്തകരും മൂന്നു ദിവസം ഒരുമിച്ചു കൂടിയ സമ്മേളനം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് നടന്നത്. ഭാരതത്തിന്റെ ഉപ പ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് അഖില ഭാരതീയ അധികാരിയായിരുന്ന മദന്‍ദാസ് ദേവിയുടെ സാന്നിധ്യവും സുരേഷ് ഗോപി കുട്ടികളോട് സംവദിച്ചതും ഇന്നും പ്രവര്‍ത്തകരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്.
കേരളത്തില്‍ വിദ്യാഭ്യാസരംഗം രാഷ്‌ട്രീയ ഇച്ഛകള്‍ക്ക് അനുസൃതമായപ്പോള്‍ ബാലഗോകുലത്തിന്റെ പ്രതികരണം ഗോകുല കലായാത്രയിലൂടെയായിരുന്നു. നാടും വീടും മറന്ന വിദ്യാഭ്യാസത്തിനെതിരെ പൊതുനിരത്തില്‍ കാക്കയെ കൊണ്ട് കഥ പറയിപ്പിച്ചും കുയിലിനെ കൊണ്ട് പാട്ടുപാടിച്ചും കുട്ടികള്‍ തെരുവുകള്‍ കയ്യിലെടുക്കുന്ന കാഴ്ചയാണ് 2005ല്‍ നടത്തിയ ഗോകുല കലായാത്രയില്‍ കണ്ടത്. കേരളത്തില്‍ 25 ലധികം ടീമുകളെ തയ്യാറാക്കാനും സാംസ്‌കാരിക പ്രവര്‍ത്തകരിലും പൊതുമനസ്സുകളിലും ബാലഗോകുലം കൂടുതല്‍ ചര്‍ച്ചയാവാനും കലായാത്രയിലൂടെ കഴിഞ്ഞു.
ബാലഗോകുലത്തിന്റെയും കേരളത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു കൃഷ്ണായനം 2010. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 12000 കുട്ടികളും 3000 പ്രവര്‍ത്തകരും മൂന്നു ദിവസം ഒരുമിച്ചു നിന്നുവെന്നു മാത്രമല്ല ഭാരതത്തിലെ കലകളെയും ചരിത്രത്തേയും കോര്‍ത്തിണക്കി 1200 പേര്‍ ഒരേ വേദിയില്‍ അണിനിരന്ന ഭാരതദര്‍ശനം ലോക റെക്കോര്‍ഡും നേടി. 35 ബാലപ്രതിഭകളാണ് മഹത്തായ ആ സമ്മേളനം ഉദ്ഘാടനം ചെയ്തത്. വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലൂടെ നടന്ന ഘോഷയാത്ര ‘നവ ‘ സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു .
സംഗമങ്ങള്‍ ചരിത്രരചന നടത്തുന്നവ കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു 2016ല്‍ അങ്കമാലിയില്‍ നടന്ന ബാലഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ തുടങ്ങിയ കാലം കുട്ടികള്‍ക്ക് എന്താണ് സമ്മാനം നല്‍കേണ്ടത് എന്ന ചിന്തയാണ് 5000 കുട്ടികള്‍ക്ക് റേഡിയോ നല്‍കുന്നതിന് കാരണമായത്. കേന്ദ്രമന്ത്രിയായിരുന്ന അനന്തകുമാറും , ജസ്റ്റിസ് കെ.ടി തോമസും പങ്കെടുത്ത പരിപാടിയില്‍ പഞ്ചാബിലെ ജാന്‍വി ബഹലും അഖിലേന്ത്യാ ഗീതാപാരായണത്തില്‍ ഒന്നാംസ്ഥാനം നേടിയ മറിയം റഷീദ സിദ്ധിഖിയും പങ്കെടുത്തു.
കൊവിഡ് കാലത്ത് നടത്തിയ പരമേശ്വരീയം ഓണ്‍ലൈന്‍ കലോത്സവവും 2024ല്‍ നടത്തിയ സുവര്‍ണ്ണം സംസ്ഥാന കലോത്സവവും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി. ബാലഗോകുലം ഈ കാലഘട്ടത്തില്‍ നടത്തിയ പരിപാടികളെല്ലാം തന്നെ ഓരോ നാഴികക്കല്ലായിരുന്നു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം 1975 ല്‍ തുടങ്ങിയെങ്കിലും 1980 ല്‍ ഗുരുവായൂരില്‍ നടന്ന ജനറല്‍ കൗണ്‍സിലോടുകൂടിയാണ് രജിസ്റ്റര്‍ ചെയ്തത്. വീടുകള്‍തോറും സമ്പര്‍ക്കം ചെയ്ത് ഭഗവദ്ഗീതയും മറ്റു പുസ്തകങ്ങളും വിതരണം ചെയ്യുന്ന ജ്ഞാനയജ്ഞം എന്ന പദ്ധതിക്കും രൂപം കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1983 ല്‍ ബാലഗോകുലത്തിന്റെ ആദ്യ ഉപപ്രസ്ഥാനമായ ബാലസാഹിതി പ്രകാശന്‍ എന്ന പുസ്തക പ്രകാശന സംരംഭം ആരംഭിച്ചു. ഇന്ന് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, വര്‍ഷം തോറും ജ്ഞാനയജ്ഞം നടത്താനുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന തലത്തിലേക്കും ഉയര്‍ന്നു. ബാലസാഹിതി പ്രകാശന്‍ ഏര്‍പ്പെടുത്തിയ ‘കുഞ്ഞുണ്ണി പുരസ്‌കാരം’ മാഷിന്റെ ജന്മദിനമായ മെയ് 10 ന് നല്‍കി വരുന്നു.
കുട്ടികളുടെ പാഠ്യപ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണ് 1986 ല്‍ അമൃതഭാരതി വിദ്യാപീഠം സ്ഥാപിതമായത്. പ്രായഭേദമന്യേ ഏവര്‍ക്കും എഴുതാവുന്ന സാംസ്‌കാരിക പരീക്ഷയാണ് അമൃതഭാരതി നടത്തുന്നത്. പ്രബോധിനി, സാന്ദീപനി, ഭാരതി എന്നിങ്ങനെ. മൂന്ന് വര്‍ഷം കൊണ്ട് ഭാരതി പരീക്ഷ പാസാകുന്ന രീതിയിലാണ് ഈ പാഠ്യസംവിധാനത്തിന്റെ ക്രമം നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് ആയിരക്കണക്കിന് ആളുകള്‍ അമൃതഭാരതിയിലൂടെ ഈ പരീക്ഷകളെഴുതി വരുന്നു.
ഗോകുലത്തില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്കു കൂടി ഭാരതീയ സംസ്‌കൃതിയുടെ സുകൃതം നുണയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത സംഘടനയാണ് ബാലസംസ്‌കാര കേന്ദ്രം. കുട്ടികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസുകളും മറ്റു സംഗീത ക്ലാസുകളും ബാലസംസ്‌കാര കേന്ദ്രം നടത്തി വരുന്നു. 1990 കളില്‍ ബാലഗോകുലത്തിന്റെ വളര്‍ച്ച വളരെ ദ്രുതഗതിയിലായിരുന്നു. കുട്ടികളില്‍ വായനാ
ശീലം ഉയര്‍ത്തുന്നതിനുവേണ്ടി ബാലമാസികയായ മയില്‍പ്പീലിക്ക് ജന്മം നല്‍കി. കോട്ടയത്തു നിന്ന് ആരംഭിച്ച മയില്‍പ്പീലി ഉത്തരോത്തരം വളരുന്നുവെന്ന് മാത്രമല്ല ഇന്ന് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുമ്പോള്‍ കുട്ടികള്‍ക്ക് നിരവധി സാധ്യതകളാണ് മയില്‍പ്പീലി മുന്നോട്ട് വെക്കുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍.എന്‍. കക്കാട് അവാര്‍ഡും, കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് young Scholor Award ഉം നല്‍കുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിയമപരമായ പരിരക്ഷ നല്‍കുന്നതിനുമായി 2000 ത്തില്‍ രൂപീകരിച്ച സൗരക്ഷിക ഇന്ന് ഇരുപത്തിയഞ്ചാം വയസ്സിലെത്തിനില്‍ക്കുന്നു.
ഇത്തരത്തില്‍ കുട്ടികളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ക്കനുസൃതമായി ബാലഗോകുലത്തിന് പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉപപ്രസ്ഥാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ബാലഗോകുലത്തെ സര്‍വ്വ സ്പര്‍ശിയും സര്‍വ്വവ്യാപിയുമാക്കുന്നതിന്റെ ലക്ഷ്യത്തിലേക്കുമുള്ള പ്രയാണത്തിന്റെ ഭാഗമായി 2025 ആഗസ്ത് 31 ന് കേരളത്തില്‍ 5000 ഗോകുലങ്ങള്‍ ആരംഭിക്കുമ്പോള്‍ ബാലഗോകുലം 45 -ാം വര്‍ഷിക സമ്മേളനത്തില്‍ എടുത്ത തീരുമാനം സാര്‍ത്ഥകമാകും. ഇത്തരത്തില്‍ സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ ഭാരതത്തിന്റെ ഭാവിവിധാതാക്കളെ സൃഷ്ടിക്കുന്ന ബാലഗോകുലം മലയാളിയുടെ ഹൃദയകമലമാവട്ടെ എന്ന് പ്രത്യാശിക്കാം.
Discussion about this post