‘നിസഹകരണം ഒരു പ്രഹസനം മാത്രമാണ്… എന്നാല്‍, ഖിലാഫത്ത്, ഗൗരവമുള്ള, സത്യസന്ധമായ, അപകടകരമായ, പ്രസ്ഥാനമാണ്. ഗാന്ധിയും അഹിംസയും (മാപ്പിളമാര്‍ക്ക്) പ്രധാനമല്ല. (അവര്‍) ആയുധം സംഭരിക്കാനുള്ള മറയായി കോണ്‍ഗ്രസിനെ കാണുന്നു. കോണ്‍ഗ്രസ് എപ്പോഴും ഗാന്ധിയെ, സര്‍ക്കാരിനെ, നിയമങ്ങളെ അനുസരിക്കും. ഖിലാഫത്തുകാര്‍ എതിര്‍ക്കും.’
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉള്ളിലേക്ക് കയറാതെ, 1921ലെ മാപ്പിള കലാപം എന്താണെന്ന് മനസിലാവുകയില്ല. അതിനകത്തേക്ക് കയറാതിരുന്നാല്‍, അത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നു പറയാന്‍ എളുപ്പമാണ്. ആ വഴിക്കാണ് മാര്‍ക്‌സിസ്റ്റ്, ഇസ്ലാമിക ചരിത്രകാരന്മാരുടെ സഞ്ചാരം. സത്യത്തില്‍, പാക്കിസ്ഥാന്റെ ഉദ്ഭവം മുതല്‍, ഗാന്ധിവധം വരെയുള്ള സംഭവപരമ്പരകള്‍ക്ക് വഴിവച്ച ഒന്നാണ്, ഖിലാഫത്ത് പ്രസാഥാനം; ആ സംഭവപരമ്പരകളില്‍ ഒന്നു മാത്രമാണ്, മാപ്പിള കലാപം.
1921ലെ മാപ്പിള കലാപത്തിന് മുന്‍പുള്ള എണ്‍പതോളം ചെറിയ സംഘര്‍ഷങ്ങളെയും ഇതിന്റെ ഭാഗമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്; ഹിന്ദു ജന്മികളുടെയും അവരുടെ ഹിന്ദു ആശ്രിതരെയും വകവരുത്താന്‍ നടന്ന ശ്രമങ്ങള്‍ എങ്ങിനെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകും എന്നറിയില്ല.
പള്ളിപ്പുറത്ത് ജന്മിയായ പെരുമ്പള്ളി നമ്പൂതിരിയെയും കാര്യസ്ഥനെയും കൊന്നു; അദ്ദേഹത്തിന്റെ ഇല്ലം ലഹളക്കാര്‍ കൈയടക്കി. ഒരു മുസ്ലീമിനെ കുടിയൊഴിപ്പിച്ചതാണ് കാരണം. പള്ളി മതില്‍ കെട്ടാന്‍ തടസം നിന്ന താച്ചുപ്പണിക്കാരെയും കൊന്നു. 1843ലും 1851ലും ഇങ്ങനെ ലഹളയുണ്ടായി. പലപ്പോഴായി, കപ്രാട്ട് കൃഷ്ണപ്പണിക്കര്‍, കളത്തില്‍ കേശവന്‍, കറുകമണ്ണ മൂസ് എന്നിവര്‍ വധിക്കപ്പെട്ടു.
മലബാറിലെ ഹിന്ദുമനസില്‍ ഈ ലഹളകളുണ്ടാക്കിയ ആഘാതം വളരെ വലുതാണ്; ഇന്നും മുസ്ലിം മൗലികവാദികള്‍, ഹിന്ദുക്കളിലെ വരേണ്യവിഭാഗത്തെ ലക്ഷ്യംവയ്ക്കുന്ന ലൗജിഹാദിന്റെ വിത്തുപോലും ഈ ലഹളകളില്‍ കാണാം.
മൂന്നു വര്‍ഷം മാത്രം. 1919 മുതല്‍ 1922 വരെ നീണ്ട ഒന്നാണ് ഖിലാഫത്ത് പ്രസ്ഥാനം. അത് ബ്രിട്ടനെ സ്വാധീനിക്കാന്‍, ഇന്ത്യയില്‍ നടന്ന ഒന്നാണ്. അത് ആധാരമാക്കി, 1920 ഫെബ്രുവരിയില്‍, ലണ്ടനില്‍ ഒരു സമ്മേളനമുണ്ടായി. അറബ് ലോകത്ത്, തുര്‍ക്കിയുടെ മേല്‍ക്കോയ്മയ്ക്കുള്ള ശ്രമമായാണ്, ഇതിനെ, അറബികള്‍ കണ്ടത്. അതായത്, ഖിലാഫത്ത് പ്രസ്ഥാനത്തിന്, ലോകമുസ്ലീങ്ങളുടെ ആശീര്‍വാദമുണ്ടായിരുന്നില്ല.
1918 ഒക്ടോബര്‍ 30ന് മുദ്രോസ് സന്ധിയനുസരിച്ച്, ഇസ്താംബുള്‍ ബ്രിട്ടീഷ് സേന കീഴടക്കിയപ്പോള്‍, ഖലീഫയുടെ നില അപകടത്തിലായി. 1919ല്‍ വെഴ്‌സയില്‍സ് ഉടമ്പടിയുണ്ടായപ്പോള്‍, ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെട്ടു. ഒന്നാംലോക യുദ്ധം ജയിച്ച സഖ്യശക്തികള്‍, ഓട്ടോമാന്‍ സാമ്രാജ്യവുമായി ഒപ്പുവച്ചതാണ് മുദ്രോസ് സന്ധി. ഓട്ടോമന്‍ നാവികമന്ത്രി റൗഫ് ബേ, ബ്രിട്ടീഷ് അഡ്മിറല്‍ സോമര്‍സെറ്റ് ആര്‍തര്‍ ഗൗഫ്- കാല്‍ത്രോപെ എന്നിവര്‍ എച്ച്എംഎസ് ആഗമെമ്‌നണ്‍ എന്ന യുദ്ധക്കപ്പലിലാണ്, അത് ഒപ്പിട്ടത്. ലെംനോസ് എന്ന ഗ്രീക്ക് ദ്വീപിനെ തുറമുഖമായിരന്നു മുദ്രോസ്.
ജര്‍മനിയും സഖ്യശക്തികളും തമ്മില്‍ 1919 ജൂണ്‍ 28ന് ഒപ്പിട്ടതാണ്, വെഴ്‌സയില്‍സ് സമാധാന ഉടമ്പടി.
1920 ഓഗസ്റ്റ് 10ന് സെപ്രെസ് കരാര്‍ പ്രകാരം, ഓട്ടോമന്‍ സാമ്രാജ്യം വിഭജിക്കപ്പെട്ടു. അനറ്റോലിയയില്‍ ഗ്രീസിന് സ്വാധീനം വന്നത് തുര്‍ക്കിക്ക് ഇഷ്ടപ്പെട്ടില്ല.
ഇസ്ലാമിക നിയമമനുസരിച്ച് ഉണ്ടാക്കിയ ഭരണസമ്പ്രദായമായിരുന്നു, ഖലിഫായത്. 1876- 1909ല്‍ ഖലീഫയായിരുന്ന ഓട്ടോമന്‍ ചക്രവര്‍ത്തി അബ്ദുള്‍ ഹമീദ് രണ്ടാമന്‍, പടിഞ്ഞാറന്‍ ആക്രമണങ്ങളില്‍ നിന്ന് തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ ആഗോള ഇസ്ലാമിക (Pan Islamic) പദ്ധതി മുന്നോട്ടുവച്ചു. ജമാലുദീന്‍ അഫ്ഗാനി എന്ന ദൂതനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം, ഇന്ത്യയിലേക്കയച്ചു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഇതിന് വികാരവായ്പുണ്ടായി. മധ്യപൂര്‍വദേശത്തെ ഇസ്ലാമിക സൈദ്ധാന്തികനായിരുന്നു, സയ്യിദ് ജമാല്‍ അല്‍-ദിന്‍ അല്‍-അഫ്ഗാനി (1839-1897). ആധുനിക ഇസ്ലാമിന്റെ സ്ഥാപകരിലൊരാളായി അറിയപ്പെടുന്ന അദ്ദേഹം, അഫ്ഗാന്‍കാരനാണെന്ന് സ്വയം പ്രചരിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹം സയ്യിദുമാരുടെ കുടുംബത്തിലാണ് ജനിച്ചതെന്ന് ഇപ്പോള്‍ വെളിവായിട്ടുണ്ട്. ബാല്യം ഇറാനിലായിരുന്നു; ഷിയാ മുസ്ലീം ആയാണ് വളര്‍ന്നത്. പക്ഷേ, സുന്നിയായി പൊതുജനത്തെ ധരിപ്പിക്കാനാണ്, അഫാന്‍കാരനാണെന്ന പറഞ്ഞുപോന്നത്. ഇറാന്‍ ഭരണാധികാരി നസറുദീന്‍ ഷായുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുകയും ലക്ഷ്യമായിരുന്നു. 1855-56ല്‍ ഇന്ത്യയിലെത്തി കുറച്ചുകാലം മതപഠനം നടത്തി. 1859ല്‍, അല്‍ അഫ്ഗാനി, റഷ്യന്‍ ചാരനായിരിക്കാമെന്ന് ഒരു ബ്രിട്ടീഷ് ചാരന്‍ റിപ്പോര്‍ട്ട് ചെയ്തു. 1866ല്‍ ഇറാനില്‍ നിന്ന് അദ്ദേഹം അഫ്ഗാനിസ്ഥാനിലെത്തി.ദ്രോസ്തി മുഹമ്മദ് ഖാന്‍ രാജാവിന്റെയും ഉപദേശകനായി. ബ്രിട്ടനെതിരെ നില്‍ക്കാനും റഷ്യയെ അനുകൂലിക്കാനും അദ്ദേഹം രാജാവിനെ ഉപദേശിച്ചു. മുസ്ലീങ്ങളെക്കാള്‍ യൂറോപ്യന്‍ ജീവിതശൈലിയായിരുന്നു അല്‍ അഫ്ഗാനിക്കെന്ന് ബ്രിട്ടീഷ് രേഖകളില്‍ കാണാം. റമദാന്‍ പെരുന്നാളാഘോഷിക്കകുകയോ നോമ്പുകാലം ആചരിക്കുകയോ ചെയ്തിരുന്നില്ല. 1868ല്‍ ഷേര്‍ അലിഖാന്‍ രാജാവായപ്പോള്‍ അഫ്ഗാനിയെ പുറത്താക്കി. പല യൂറോപ്യന്‍ നഗരങ്ങളിലും നാടോടിയായി. ഇറാനിലെ നാസര്‍ അക്പദിന്‍ രാജാവ് അഫ്ഗാനിയെ ക്ഷണിച്ചു; അവരും പിണങ്ങി. പുറത്താക്കപ്പെട്ടശേഷം, ഷായ്‌ക്കെതിരെ അഫ്ഗാനി നടത്തിയ സമരങ്ങളാണ് 1891ല്‍ ബ്രിട്ടന് പുകയില കുത്തക ഇറാന്‍ നല്‍കുന്നതിനെതിരായ പ്രക്ഷോഭത്തെ വിജയത്തിലെത്തിച്ചത്. 1906ല്‍ ഭരണഘടന വിപ്ലവവും ഉണ്ടായി. 1892ല്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്‍ ക്ഷണിച്ചത്, ബ്രിട്ടീഷ് വിരോധം നിലനിര്‍ത്തിക്കൊണ്ടാണ്. 1944ല്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷയനുസരിച്ച്, ഭൗതികാവശിഷ്ടങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിച്ച് കാബൂള്‍ സര്‍വകലാശാല വളപ്പില്‍ സ്മാരകമുണ്ടാക്കി; സയ്യിദ് ജമാലുദീന്‍ അഫ്ഗാന്‍ സര്‍വകലാശാല അദ്ദേഹത്തിന്റെ പേരിലുമായി.
അഫ്ഗാനിയുടെ ഇന്ത്യന്‍ ദൗത്യം ഇവിടത്തെ മുസ്ലീങ്ങളില്‍ മമതയുണ്ടാക്കാന്‍ കാരണം, ഖലീഫ എന്ന നിലയില്‍, ഓട്ടോമന്‍ ചക്രവര്‍ത്തി മുസ്ലീങ്ങളുടെ രാഷ്ട്രീയ നേതാവ് മാത്രമല്ല, മതാചാര്യന്‍ കൂടിയാണ് എന്നതിനാലാണ്. ഖിലാഫത്തിന്റെ പേരില്‍ നിരവധി മുസ്ലീം മതനേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണം നടത്താന്‍ തുടങ്ങി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പിന്തുണയോടെ, മുസ്ലീം മതാചാര്യന്‍ മൗലാന മെഹ്മൂദ് ഹസന്‍ ബ്രിട്ടനെതിരെ ദേശീയ സ്വാതന്ത്ര്യസമരം സംഘടിപ്പിക്കാന്‍ ശ്രമിച്ചു.
ദേവബന്ദി സുന്നി മുസ്ലീം പണ്ഡിതനായിരുന്നു. യുപിയിലെ ബറേലിയില്‍ പിറന്ന മഹ്മൂദ് അല്‍- ഹസന്‍ (1851-1920), കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി, അദ്ദേഹത്തിന് ഷെയ്ക്ക് അല്‍ ഹിന്ദ് ബിരുദം നല്‍കിയിരുന്നു.
ബ്രിട്ടനെതിരെ ഓട്ടോമന്‍ സാമ്രാജ്യം ഒന്നാംലോകയുദ്ധത്തില്‍ കടന്നപ്പോള്‍, ലോകമാകെയുള്ള മുസ്ലീങ്ങള്‍, ഓട്ടോമന്‍ സുല്‍ത്താന്റെ ഭാവിയെപ്പറ്റി ആകുലരായി. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടു. മുഹമ്മദലി, ഷൗക്കത്തലി സഹോദരന്മാര്‍ ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ മെഹ്മൂദ് അല്‍- ഹസന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നും അകത്തുനിന്നും ബ്രിട്ടനെതിരെ സായുധകലാപത്തിന് യത്‌നിച്ചു. മൗലാന ഉബൈദുള്ള സിന്ധി, മുഹമ്മദ് മിയാന്‍ മന്‍സൂര്‍ അന്‍സാരി എന്നിവര്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നവരില്‍ പ്രമുഖരായിരുന്നു. സിന്ധിയെ കാബൂളിലേക്കും അന്‍സാരിയെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലേക്കും അയച്ചു. വോളന്റിയര്‍മാരെ അവര്‍ റിക്രൂട്ട് ചെയ്തു. മഹ്മൂദ് അല്‍ ഹസന്‍ തന്നെ, തുര്‍ക്കിയുടെ പിന്തുണയ്ക്ക്, ഹിജാസില്‍ ചെന്നു. ബ്രിട്ടനെതിരായ യുദ്ധപ്രഖ്യാപനത്തില്‍ തുര്‍ക്കി ഗവര്‍ണര്‍ ഗലിബ് പാഷയുടെ ഒപ്പ് വാങ്ങിയ അദ്ദേഹം, ബാഗ്ദാദ്, ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തി കലാപത്തിന് ആഗ്രഹിച്ചു. പട്ടുലിഖിത ഗൂഢാലോചന (Silk Letter Conspiracy) എന്നറിയപ്പെട്ട ഈ പദ്ധതി, പഞ്ചാബ് സിഐഡി കണ്ടെത്തി, അല്‍ഹസനെ മെക്കയില്‍ അറസ്റ്റ് ചെയ്തു. മാള്‍ട്ടയില്‍ തടവിലായ അദ്ദേഹത്തെ 1920ല്‍ വിട്ടയച്ചു.
അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍, റൗലറഅറ് നിയമത്തിനെതിരായ കലാപങ്ങളിലായിരുന്നു, രാജ്യം. ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിന്തുണയ്ക്കാന്‍ അല്‍ ഹസന്‍ ഫത്വ ഇറക്കി. അല്‍ ഹസനാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് കല്ലിട്ടത്. ഇന്ത്യന്‍ ദേശീയവാദികളായ ഹക്കിം അജ്മല്‍ ഖാന്‍, മുക്താല്‍ അഹമ്മദ് അന്‍സാരി എന്നിവര്‍, ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായ ഒരു സ്ഥാപനമായാണ് അത് സ്ഥാപിച്ചത്. 1920 നവംബര്‍ 30ന് അല്‍ ഹസന്‍ മരിച്ചു.
മലബാറില്‍, ടിപ്പു സുല്‍ത്താനുമായി കൂട്ടുണ്ടാക്കി, സ്വത്തും സ്വാധീനവും വര്‍ധിപ്പിച്ച എളമ്പുലാശേരി ഉണ്ണിമൂത്തമൂപ്പന്‍, ചെമ്പന്‍ പോക്കര്‍, അത്തന്‍ ഗുരുക്കള്‍ തുടങ്ങിയ മാപ്പിള മുഖ്യരെ ബ്രിട്ടീഷുകാര്‍ ശങ്കയോടെയാണ് കണ്ടത്. ഹൈദരലിയു ടിപ്പുവുമായി അറയ്ക്കല്‍ രാജകുടുംബം അടുത്തിരുന്നു എന്നുമാത്രമല്ല, അറയ്ക്കല്‍ ബീവിയുടെ പെണ്‍കുഞ്ഞിനെ ടിപ്പുവിന്റെ കൗമാരപ്രായത്തിലുള്ള മകന്‍ അബ്ദുള്‍ ഖാലിക് നിക്കാഹ് ചെയ്യുകയുമുണ്ടായി. മൂന്നു സമുദായ നേതാക്കളും 1800ല്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ഉണ്ണിമൂത്തമൂപ്പന് നൂറോളം ആയുധധാരികളുടെ സംഘം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ 1791ല്‍ ടിപ്പു നടത്തിയ പോരാട്ടത്തില്‍ ഉണ്ണിമൂത്ത അദ്ദേഹത്തിനൊപ്പം നിന്നു. ദക്ഷിണ മലബാറില്‍ കരം പിരിച്ചിരുന്നത് മൂപ്പനാണ്. ഏറനാട്, ചേറനാട് താലൂക്കുകളിലെ ദരോഗ അഥവാ, പോലീസ് അധികാരികളായിരുന്നു, ഗുരുക്കളും പോക്കരും. ഉണ്ണി മൂപ്പന്റെ സഹോദരനെ, നിയമം ലഘിച്ചതിന് ബ്രിട്ടീഷുകാര്‍ 1799ല്‍ കൊന്നു. പോക്കറെ, ക്രൂരതയെപ്പറ്റി പരാതി കിട്ടിയപ്പോള്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ട്, പാലക്കാട്ട് തടവിലിട്ടു. അത്തന്‍ ഗുരുക്കളുടെ അളിയനെ ബ്രിട്ടീഷുകാര്‍ കൊന്നതില്‍, അദ്ദേഹം ക്ഷുഭിതനായി. ഇങ്ങനെ സ്വന്തം നില എടങ്ങേറിയലായ മാപ്പിളമാരാണ്, കലാപത്തിന് ആഹ്വാനം ചെയ്തത്. ബ്രിട്ടീഷ് ഭരണത്തില്‍ ഇസ്ലാം സ്വതന്ത്രമായിരിക്കില്ലെന്ന് അവര്‍ പറഞ്ഞതില്‍, സ്വാതന്ത്ര്യസമരമുണ്ടെന്ന് കരുതാന്‍ വയ്യ. 1800ന് ശേഷം, അധികാരി, മേനോന്‍ തസ്തികകളില്‍ ഭൂവുടമകളായ ഹിന്ദുക്കള്‍ക്ക് നിയമനം ലഭിച്ചത് സ്വാഭാവികം. ഈ തസ്തികകളില്‍ മാപ്പിളമാരെയും പരിഗണിക്കാമെന്ന് 1817 മണ്‍റോ നല്‍കിയ ശുപാര്‍ശ, പ്രാദേശിക ഉദ്യോഗസ്ഥര്‍ തള്ളി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍, തഹസില്‍ദാര്‍മാരെല്ലാവരും വില്ലേജ് ജീവനക്കാരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നുവെന്ന്, 1851ല്‍ കലക്ടര്‍ എച്ച്.വി. കൊണോളി നല്‍കിയ റിപ്പോര്‍ട്ടില്‍ കാണാം. ഹിന്ദുക്കള്‍ ദൈവതുല്യം കണ്ട ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഉള്‍പ്പെട്ട കേസില്‍ ഹിന്ദു മുന്‍സിഫില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഒരു മാപ്പിള കുടിയാന്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍, നാല് മതപ്രബോധകര്‍ മുസ്ലീം സമുദായത്തിലുണ്ടായി: വെളിയംകോട് ഉമര്‍ ഖാസി, സയ്യിദ് അലവി തങ്ങള്‍, മകന്‍ മമ്പുറം സയ്യദ് ഫസല്‍ പൂക്കോയ തങ്ങള്‍, സയ്യദ് സഹാ-ഉള്ള-മക്തി തങ്ങള്‍ എന്നിവര്‍. ബ്രിട്ടീഷുകാര്‍ക്ക് നികുതി അടയ്ക്കുന്നത് നിര്‍ത്താന്‍ ഉമര്‍ ഖാസി ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഫത്വ വന്നു. അദ്ഭുത പ്രവൃത്തികള്‍ കാട്ടുന്നയാള്‍ എന്ന അന്ധവിശ്വാസവും മുസ്ലീങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അദ്ദേഹം ലഘുലേഖകളും കവിതകളും എഴുതി.
സയ്യിദ് അലവി തങ്ങള്‍ 1767ല്‍ 17-ാം വയസിലാണ്, അറേബ്യയില്‍ നിന്ന് മലബാറിലെത്തി, മമ്പുറത്ത് മതപണ്ഡിതനായ അമ്മാവനൊപ്പം താമസമാക്കിയത്. നബിയുടെ പുത്രി ഫാത്തിമ വഴി പിന്തുടര്‍ച്ചയുള്ള താരിമിലെ ആലി കുടുംബക്കാരനായിരുന്നു, അദ്ദേഹം. അങ്ങനെയാണ്, മമ്പുറം പ്രധാന മതകേന്ദ്രമായത്. ബ്രിട്ടനെതിരെ അലവി തങ്ങള്‍ ഇറക്കിയ ‘സെയ്ഫില്‍ ബത്താര്‍’ എന്ന ലഹളകളില്‍ അദ്ദേഹത്തിന്റെ പങ്ക് ബ്രിട്ടന്‍ സംശയിച്ചിരുന്നു. ബ്രിട്ടനെതിരെ അദ്ദേഹം ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. മതഭ്രാന്തനായ അറബിയായി അദ്ദേഹത്തെ ബ്രിട്ടന്‍ വിശേഷിപ്പിച്ചു. മകന്‍ ഫസല്‍ പൂക്കോയ തങ്ങളാണ്, മമ്പുറം ജമാഅത്ത് പള്ളി പണിതത്. ഖുര്‍ആന്‍ ആധാരമാക്കി ജീവിതം നയിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഹിന്ദുക്കളുമായുള്ള സമ്പര്‍ക്കങ്ങളെ സംബന്ധിച്ചു പൂക്കോയ തങ്ങള്‍ പുറപ്പെടുവിച്ച ഫത്വകളില്‍ മൂന്നെണ്ണം, വര്‍ഗീയത വളര്‍ത്തുന്നതായിരുന്നു. നായന്മാരെ തമ്പ്രാന്‍ എന്നു മാപ്പിളമാര്‍ അഭിസംബോധന ചെയ്യുന്നതും, സമ്പന്ന ഹിന്ദുക്കള്‍ ഉത്സവത്തിന് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം ദരിദ്ര മുസ്ലീങ്ങള്‍ ഭക്ഷിക്കുന്നതും വെള്ളിയാഴ്ചകള്‍ ശാബത്തായി ആചരിക്കുന്നതിനു പകരം, കൃഷിപ്പണിയില്‍ ഏര്‍പ്പെടുത്തന്നതും വിലക്കുന്നതായിരുന്നു, ആ ഫത്വകള്‍. ഇവ മതവൈരമുണ്ടാക്കാനുള്ളതായിരുന്നുവെന്ന്, സ്റ്റീഫന്‍ ഡെയ്‌ലും രണജിത് ഗുഹയും കണ്ടെത്തിയട്ടുണ്ട്. അലവിയുടെ ജാറത്തെ, മുസ്ലീങ്ങള്‍ ആദരിച്ചു പോന്നു.
സഹാ-ഉള്ള-മക്തി തങ്ങള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോലി 1882ല്‍ രാജിവച്ചാണ്, ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത്. അക്കാര്യത്തില്‍, ഹിന്ദുക്കള്‍ സ്വാഭാവികമായും അദ്ദേഹത്തെ തുണച്ചു. ‘കഠോര കുഠാരം’, ‘പാര്‍ക്കലീന പോര്‍ക്കളം’ എന്നീ കൃതികളിലൂടെ അദ്ദേഹം ക്രിസ്തുമതത്തെ വിമര്‍ശിച്ചു. മറ്റുള്ളവരെപ്പോലെ, യാഥാസ്ഥിതികനായിരുന്നില്ല, മക്തി തങ്ങള്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം വാദിച്ചു. മലയാളവും ഇംഗ്ലീഷും പഠിക്കാന്‍ പ്രേരിപ്പിച്ചു. അറബി മലയാളം ലിപി പരിഷ്‌കരിക്കാന്‍, ‘വാലിം ഉള്‍ ഇഖ്‌വാന്‍’ എന്ന പുസ്തകം എഴുതിയ ഔക്കോയ മുസ്‌ലിയാര്‍, മായംകുട്ടി ഇളയ തുടങ്ങിയവരും മുസ്ലീം അഭിപ്രായത്തെ രൂപപ്പെടുത്തി. അങ്ങിനെ, മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണമുണ്ടായി. 1852ല്‍ നടന്ന ഒന്നൊഴികെ, ബാക്കി മാപ്പിള കലാപങ്ങളെല്ലാം, തെക്കുള്ള ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു. വളരെ ദരിദ്രമായ താലൂക്കുകള്‍. മാപ്പിള ജനസംഖ്യയുടെ 37 ശതമാനം ഇവിടങ്ങളിലായിരുന്നു. ഏറനാട് 1921ല്‍ 7.5 ശതമാനം മാത്രമായിരുന്നു സാക്ഷരത. ഇംഗ്ലീഷ് പഠിച്ചവര്‍ 960. വള്ളുവനാട് 1921ല്‍ സാക്ഷരത 11.4 ശതമാനം. ഇംഗ്ലീഷ് പഠിച്ചവര്‍ 2249. മാപ്പിള കലാപം 1852ല്‍ അന്വേഷിച്ച ടി.എല്‍. സ്ട്രഞ്ച് മാപ്പിള കലാപത്തിന്റെ തുടക്കം കണ്ടത്, 1836ല്‍ പന്തലൂരിലെ ഹിന്ദു ജ്യോത്സനെ മാപ്പിളമാര്‍ കുത്തിക്കൊന്നതാണ്. 1841 ഏപ്രില്‍ അഞ്ചിന്, കണ്ണൂരില്‍ കുഞ്ഞോലന്‍ എന്ന കുടിയാനെ പുറത്താക്കിയപ്പോള്‍ അയാള്‍ പെരുമ്പള്ളി നമ്പൂതിരിയെ കൊന്നതായിരുന്നു, കലാപകാരണം. കുഞ്ഞോലന്റെ രണ്ട് മക്കളും ആറ് അയല്‍വാസികളും കൊലയില്‍ പങ്കെടുത്തു. അള്ളാഹുവിന് പ്രീതി കിട്ടുന്ന കൃത്യം ചെയ്താല്‍ സ്വര്‍ഗത്തിലെത്തുമെന്ന് കുഞ്ഞോലന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. തോട്ടച്ചേരി കേളുപ്പണിക്കരുടെ കോല്‍ക്കാരനെ കൊന്നതാണ് അടുത്ത കലാപത്തിന് കാരണം. പണിക്കരില്‍ നിന്നും കാണക്കരാറിലനെടുത്ത കുണ്ടച്ചേനക്കല്‍ പറമ്പില്‍ പള്ളി പണിതതിനെ സംബന്ധിച്ചായിരുന്നു, തര്‍ക്കം. ഇതേത്തുടര്‍ന്ന് 1841ലും 1843ലും രണ്ടു തവണയും കലാപങ്ങളുണ്ടായി. ആദ്യത്തേതില്‍ അധികാരിയുടെ മകനും അനന്തരവനും രണ്ടാമത്തേതില്‍ അധികാരിയും കോല്‍ക്കാരനും മൂന്നാമത്തേതില്‍ നമ്പൂതിരി ജന്മിയും വേലക്കാരനും കൊല്ലപ്പെട്ടു.
1849 ഓഗസ്റ്റിലെ മഞ്ചേരി കലാപത്തില്‍ 65 മാപ്പിളമാരുള്‍പ്പെട്ടു: അത്തന്‍ മോയന്‍ ഗുരുക്കളും മമ്പുറം സയ്യിദ് ഹുസൈന്‍ തങ്ങളുടെ മകന്‍ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കി. അത്തന്‍ ഗുരുക്കളുടെ പൂര്‍വികന്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായിരുന്നുവെന്ന് മലബാറിലെ അസി. മജിസ്‌ട്രേറ്റ് ഡബ്ല്യു. റോബിന്‍സണ്‍ കണ്ടെത്തിയിരുന്നു. അത്തന്‍ ഗുരുക്കള്‍ 15 മാപ്പിളമാരെ അരീക്കോട്ടു നിന്നു സംഘടിപ്പിച്ച് ജന്മിയായ മരാട്ട് നമ്പൂതിരിയുടെ ഇല്ലത്തേക്ക് 1849 ഓഗസ്റ്റ് 26ന് നീങ്ങി. ഈ സംഘത്തിലെ നിലാങ്കറ അലിക്ക്, നമ്പൂതിരിയോട് പക വീട്ടാനുണ്ടായിരുന്നു. അന്ന് നമ്പൂതിരി രക്ഷപ്പെട്ടു. എട്ടുനാള്‍ സംഘം മഞ്ചേരി ക്ഷേത്രത്തില്‍ കഴിഞ്ഞു. രണ്ട് ബ്രിട്ടീഷ് പോലീസ് സംഘത്തെ തോല്‍പ്പിച്ചപ്പോള്‍ അതില്‍ ഊറ്റം കൊണ്ടവര്‍ കൂടിച്ചേര്‍ന്ന് സംഘത്തില്‍ 65 പേരായി. അവര്‍ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് പോയി. 1849 സെപ്റ്റംബര്‍ നാലിന് ഈ സംഘത്തെ ബ്രിട്ടീഷ് സേന തോല്‍പ്പിച്ചു. 1851 ഓഗസ്റ്റ് 22ലെ കുളത്തൂര്‍ കലാപത്തില്‍, മാപ്പിളമാര്‍ മങ്കട കോട്ടുപറമ്പത്ത് കോമു മേനോന്‍, വേലക്കാരന്‍, കോമുവിന്റെ സഹോദരന്‍ ഇട്ടുണ്ണി മേനോന്‍, ഇട്ടുണ്ണി മേനോന്റെ വീട്ടിലുണ്ടായിരുന്ന കടക്കോട്ടില്‍ നമ്പൂതിരി എന്നിവരെ വകവരുത്തി. കോമുവിന്റെ സുഹൃത്ത് മുണ്ടന്‍കര രാരിച്ചന്‍ നായരെ കൊന്നു. ചെങ്ങര വാരിയരുടെ വീട് ചുട്ടു. ജന്മിയായ കുളത്തൂര്‍ വാരിയരെ കൊന്നു. ടിപ്പുവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് പാലായനം ചെയ്ത വാരിയര്‍ തിരികെയെത്തി, മാപ്പിളമാര്‍ കൈവശം വച്ചിരുന്ന തന്റെ സ്വത്തുക്കള്‍ തിരിച്ചെടുത്തിരുന്നു. കടക്കോട്ടില്‍ നമ്പൂതിരി, കുളത്തൂര്‍ വാരിയര്‍ എന്നിവരുടെ കൊലകള്‍ക്കു പിന്നില്‍ ധനിക മാപ്പിളമാരുടെ ആസൂത്രണം സംശയിക്കപ്പെടുന്നു. നമ്പൂതിരിയുമായി, ഏമലുക്കുട്ടിക്ക് ‘കാണനില തര്‍ക്ക’മുണ്ടായിരുന്നു. വാരിയരുമായി പള്ളി ഭൂമിയെപ്പറ്റി ഇരിപ്പിടത്തില്‍ രായന്‍ എന്ന മാപ്പിള ചര്‍ച്ചകള്‍ നടത്തിയിരുന്നു. വടക്കേ മലബാറിലെ ഏക കലാപമായിരുന്നു 1852ല്‍ നബിയുടെ ജന്മദിനമായ ജനുവരി നാലിന് മട്ടന്നൂരില്‍ നടന്നത്. കല്ലാറ്റിലെ നമ്പൂതിരി ജന്മിയോട്, കൊറ്റാലെ എന്ന ധനിക മാപ്പിള കുടുംബം, കലാപകാരികള്‍ വഴി, പകവീട്ടുകയായിരുന്നു. മമ്പുറം തങ്ങള്‍, ഇതിന് ആശീര്‍വാദം നല്‍കി. ജന്മിയെ മാത്രമല്ല, കുടുംബാംഗങ്ങളെയും വേലക്കാരെയും കൊന്നു; 15 പേരുടെ കൂട്ടക്കൊല. കലാപകാരികളെ വളപ്പിലങ്ങത്ത് ഹസ്സന്‍കുട്ടി എന്ന ധനിക മാപ്പിള ഇരിക്കൂറിലെ ജന്മി കൂളിയാട്ട് അനന്തന്റെ വീട്ടിലേക്ക് തിരിച്ചുവിട്ടു. ആ വിട്ടില്‍ പ്രതിരോധിക്കാന്‍ മുന്നൂറോളം ആയുധധാരികളുണ്ടായിരുന്നതിനാല്‍ കലാപകാരികള്‍ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ മാപ്പിളച്ചന്ത വീണ്ടെടുക്കാന്‍ അനന്തന്‍ ശ്രമിച്ചിരുന്നു.
കാരമ്പാറ നായരില്‍ നിന്ന് കാണമായി എടുത്ത വസ്തുവില്‍ ഇടയ്ക്കല്‍ അധികാരി കുഞ്ഞാമന്‍ പള്ളി പണിതതാണ് 1873ലെ കലാപകാരണം. നായര്‍, വെളിച്ചപ്പാടിനെക്കൊണ്ട്, പള്ളിയുടെ സാമീപ്യത്താല്‍ ദേവി കോപിച്ചതായി പ്രഖ്യാപിച്ചിരുന്നു. നായരെ കൊന്ന സംഘത്തില്‍ 15 വയസുള്ള ബാലനൊഴികെ എല്ലാവരെയും പട്ടാളം കൊന്നു. ഇസ്ലാമിലേക്ക് തിയ്യ സ്ത്രീ മതം മാറിയതാണ്, 1896ലെ വലിയ കലാപത്തിന് വഴിവച്ചത്. പക്ഷേ, ഒരു തട്ടാന്‍ മാത്രമാണ് കൊല്ലപ്പെട്ടത്. കലാപകാരികള്‍ക്കെല്ലാം, അതതുകാലത്ത് നാട്ടുകാര്‍ വിരുന്ന് നല്‍കിയിരുന്നു. 1855ല്‍ കലക്ടര്‍ എച്ച്.വി. കൊണാളിയെ കൊന്നവര്‍ക്കും പള്ളിയില്‍ വിരുന്നുണ്ടായി. 1898, 1915, 1919 വര്‍ഷങ്ങളിലും കലാപങ്ങള്‍ നടന്നു. കലാപങ്ങള്‍ക്ക് മുന്‍പ്, കലാപകാരികള്‍, ജാറങ്ങളിലേക്ക് തീര്‍ഥയാത്രകള്‍ നടത്തി. തങ്ങള്‍മാര്‍, മുസലിയാര്‍മാര്‍ എന്നിവരില്‍ നിന്ന് ആശീര്‍വാദം വാങ്ങി. മൊയ്‌ലീദ്, റാത്തീബ് എന്നീ മതാഘോഷങ്ങളില്‍ പങ്കെടുത്തു. അജ്ഞരായ മുല്ലമാര്‍ പ്രചോദിപ്പിച്ച മതഭ്രാന്താണ് കലാപങ്ങള്‍ക്ക് കാരണമെന്ന 1852ല്‍ കലാപങ്ങള്‍ അന്വേഷിച്ചി ടി.എല്‍. സ്ട്രഞ്ച് കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേ, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ സര്‍ക്കാര്‍ നാടുകടത്തി. തങ്ങള്‍ മലബാറിന് പുറത്തായിരുന്നപ്പോള്‍, രംഗം ശാന്തമായിരുന്നു, എന്നതായിരുന്നു സത്യം. തങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന തിരൂരങ്ങാടി മേഖലയിലായിരുന്നു, കലാപങ്ങള്‍. 1852 മാര്‍ച്ച് 19ന് 57 പേര്‍ക്കൊപ്പം തങ്ങള്‍ അറേബ്യയിലേക്ക് കപ്പല്‍ കയറി. പരപ്പനങ്ങാടി വരെ. 8000 മാപ്പിളമാര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഈ നാടുകടത്തലാണ്, കൊണോളിയുടെ കൊലയില്‍ കലാശിച്ചത്. തങ്ങളെ നാടുകടത്തിയ ശേഷം, കാല്‍ നൂറ്റാണ്ട്, മലബാര്‍ ശാന്തമായിരുന്നു. 1880ന് ശേഷം വീണ്ടും തീ ആളിക്കത്തി. കാര്‍ഷിക ബന്ധങ്ങള്‍ പഠിക്കാന്‍ അങ്ങനെ വില്യം ലോഗന്‍ എത്തി. ലോഗന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ തള്ളി, കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നു.
രാഷ്ട്രീയരംഗത്ത്, 1916 വരെ കോണ്‍ഗ്രസ് സജീവമായിരുന്നില്ല. എന്നാല്‍ കിടയായ്മ, ഖിലാഫത്ത് പ്രശ്‌നങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍, രാഷ്ട്രീയരംഗം കൊഴുത്തു. 1920ലെ മഞ്ചേരി സമ്മേളനം കുടിയായ്മ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്തു. ഒറ്റപ്പാലത്തെ ആദ്യ കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുടിയായ്മ സമ്മേളനം കൂടി ചേര്‍ത്തു. ഈ നിലപാട് വഴി, മാപ്പിളമാര്‍ പ്രസ്ഥാനത്തിലെത്തി. എം.പി. നാരായണ മേനോനു പുറമെ, കടിലശേരി മുഹമ്മദ് മുസലിയാരും വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. ഖിലാഫത്ത്, നിസഹകരണ പ്രസ്ഥാനങ്ങള്‍ മാപ്പിളമാരെ തടുത്തുകൂട്ടി. ഖിലാഫത്തിന്റെ രക്ഷയ്ക്ക് അവസാന മുസല്‍മാനും മരിക്കുംവരെ പൊരുതാന്‍ തയ്യാറായി. 1920ലെ മഞ്ചേരി സമ്മേളനത്തില്‍ ഖിലാഫത്തിന്റെ ഭാവി, ചര്‍ച്ചയായി: ഖിലാഫത്ത് പ്രമേയം പാസാക്കി. ഓഗസ്റ്റ് 18ന് ഗാന്ധിയും മൗലാന ഷൗക്കത്തലിയും മലബാറിലെത്തി. രാഷ്ട്രീയവും മതവും കൂടിക്കലര്‍ന്നു. കോണ്‍ഗ്രസ് അംഗസംഖ്യ, 1921 ജൂണില്‍ 20,000 ആയി ഉയര്‍ന്നു. ഖിലാഫത്ത് കമ്മിറ്റികള്‍ ഉണ്ടായി. മാപ്പിളമാരെ സംഘടിപ്പിച്ച മതനേതാക്കള്‍, ഖിലാഫത്ത് പ്രസ്ഥാനത്തെ മതപ്രസ്ഥാനമായിത്തന്നെ കണ്ടു. അതില്‍ വെറുതെ വന്നുകൂടിയ ഏച്ചുകെട്ട് മാത്രമായിരുന്നു, അവര്‍ക്ക് സാമ്രാജ്യത്വ പ്രശ്‌നം. 1921 ഏപ്രില്‍ 25ന് ഒറ്റപ്പാലത്ത് ഉലമ സമ്മേളനം ചേര്‍ന്നു. സമ്മേളനത്തില്‍, ഇ. മൊയ്തുമൗലവി, കേരളത്തിലെ മുസ്ലീങ്ങള്‍ ഖിലാഫത്ത് സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇതില്‍ പാസാക്കിയ പ്രമേയം, മതപക്ഷപാതത്തെ വിളിച്ചറിയിച്ചു. മൊയ്തു മൗലവി പറഞ്ഞു:
‘സ്വജീവനെക്കാള്‍ നാം മതത്തെ പ്രിയതരമായി കരുതുന്നു. വ്യാജമായ മധുരവാക്കുകളാല്‍ സന്തോഷിപ്പിച്ചശേഷം നമ്മെ കൊള്ളയടിക്കാനും ഹൃദയം കവരാനും ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റിനെ പിന്തുണയക്കാന്‍ ഏതെങ്കിലുമൊരു മുസ്ലീമിനു കഴിയുമോ? ഇസ്ലാമിന്റെ മഹത്വം ചെറിയ അളവിലെങ്കിലും ഉള്‍ക്കൊണ്ടിട്ടുള്ള ഓരോ മുസ്ലീമും ഇതിനെതിരായി നില്‍ക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.’
അതായത്, കോണ്‍ഗ്രസ് കൂട്ടുപിടിച്ച ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഹിംസയുടെ അടിയൊഴുക്കുമുണ്ടായിരുന്നു. വാളെടുക്കുന്നത് ഒഴിവാക്കാനുള്ള ഗാന്ധിജിയുടെ നിര്‍ദേശം മൗലാനാ മുഹമ്മദലി സ്വീകരിച്ചില്ല. ഇസ്ലാമിനോട് ചെയ്ത തെറ്റിന് പ്രതികാരമായി ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാരോട് പൊരുതണമെന്ന്, മൊയ്തു മൗലവി കണ്ണൂരില്‍ ആവശ്യപ്പെട്ടു. വേണ്ടത്ര ആയുധമില്ലെന്ന് അദ്ദേഹം പരിതപിച്ചു. അങ്ങനെ, മുസ്ലീങ്ങള്‍ പടക്കോപ്പുകള്‍ കൂട്ടി. പരിശീലനങ്ങള്‍ നടന്നു. കത്തികളും വാളുകളും നിര്‍മിച്ചു. ബ്രിട്ടീഷ് കമാന്‍ഡര്‍ റിച്ചാര്‍ഡ് ടോട്ടന്‍ ഹാം പറഞ്ഞപോലെ, ഗാന്ധിയുടെ അഹിംസ എന്ന ഉറയില്‍, ഇസ്ലാമിന്റെ ഹിംസയുടെ വാള്‍ ശയിച്ചു.
ടോട്ടന്‍ ഹാം എഴുതി:
‘നിസഹകരണം ഒരു പ്രഹസനം മാത്രമാണ്… എന്നാല്‍, ഖിലാഫത്ത്, ഗൗരവമുള്ള, സത്യസന്ധമായ, അപകടകരമായ, പ്രസ്ഥാനമാണ്. ഗാന്ധിയും അഹിംസയും (മാപ്പിളമാര്‍ക്ക്) പ്രധാനമല്ല. (അവര്‍) ആയുധം സംഭരിക്കാനുള്ള മറയായി കോണ്‍ഗ്രസിനെ കാണുന്നു. കോണ്‍ഗ്രസ് എപ്പോഴും ഗാന്ധിയെ, സര്‍ക്കാരിനെ, നിയമങ്ങളെ അനുസരിക്കും. ഖിലാഫത്തുകാര്‍ എതിര്‍ക്കും.’
ഇതാണ് 1921ന്റെ പശ്ചാത്തലം.
Discussion about this post