ഭാരതവും അതോടൊപ്പം ലോകവും ഒരു പുതിയ ഭാരതത്തെ അനുഭവിച്ചറിയുകയാണ്. എന്തെന്നാല്‍ ഭാരതത്തിന്റെ വിദേശനയം, പ്രതിരോധനയം, സാമ്പത്തിക നയം തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. വിദേശ നയത്തിലും പ്രതിരോധനയത്തിലും ഉണ്ടായ മാറ്റങ്ങള്‍ സൈന്യത്തിന്റെ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു. ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഭാരതത്തിന്റെ സ്വാധീനം ശക്തമായി. കൂടുതല്‍ രാജ്യങ്ങള്‍ നമ്മുടെ രാജ്യവുമായി സഹകരിക്കാനും നമ്മെ പിന്താങ്ങുവാനും മുന്നോട്ടുവന്നു. ഐക്യരാഷ്ട്രസംഘടനയില്‍ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിച്ചത് 193ല്‍ 184 പേരുടെ പിന്തുണയോടെ ആണെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര യോഗദിനത്തെ സംബന്ധിച്ച ഭാരതത്തിന്റെ പ്രമേയത്തെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്തു. സൗരോര്‍ജ്ജം തുടങ്ങിയ അനേകം കാര്യങ്ങളില്‍ മിക്ക രാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ ഭാരതത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ വികസനം, ശക്തി, സമൃദ്ധി എന്നിവയൊക്കെ മുഴുവന്‍ മാനവവംശത്തിനും അതോടൊപ്പം പരിസ്ഥിതിക്കും ഗുണകരമായി ഭവിക്കും. കാരണം ഭാരതത്തിന്റെ കാഴ്ചപ്പാട് സ്പര്‍ദ്ധയ്ക്കു പകരം സംവാദവും സംഘര്‍ഷത്തിനുപകരം സമന്വയവുമാണ്. കേവലം മനുഷ്യരെ മാത്രമല്ല ലോകത്തിലെ സമ്പൂര്‍ണ്ണ ചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഏകാത്മ വീക്ഷണമാണ് ഭാരതത്തിന്റേത്. സ്വന്തം നന്മ മാത്രം ലക്ഷ്യമാക്കാതെ വിശ്വനന്മയ്ക്കും കൂടി കാംക്ഷിക്കുന്ന രാജ്യമാണ് ഭാരതം. ഇതാണ് നമ്മുടെ സാംസ്‌കാരിക കാഴ്ചപ്പാട്.
നമ്മുടെ സാമ്പത്തിക നയത്തില്‍ മാറ്റം ആവശ്യമാണ്. എന്നാല്‍ സാമ്പത്തിക രംഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ നയപരിവര്‍ത്തനം വരുത്തുക എളുപ്പമല്ല. ഇപ്പോള്‍ കൊറോണ കാരണം സാമ്പത്തികരംഗം നിലച്ച അവസ്ഥയിലാണ്. ഈ അവസരം ഉപയോഗിച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ സാമ്പത്തികരംഗം പരിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ്. എഴുപത് വര്‍ഷത്തോളം പഴക്കമുള്ള സാമ്പത്തിക വ്യവസ്ഥയുടെ പുനരാസൂത്രണം നടത്തുന്നതിന് ധൈര്യം, ദീര്‍ഘവീക്ഷണം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയോടൊപ്പം ധൈര്യപൂര്‍ണ്ണമായ സാമൂഹിക പ്രയത്‌നവും ആവശ്യമാണ്. നമ്മുടെ ഏകാത്മവും സര്‍വ്വാംഗീണവും സര്‍വ്വസമാശ്ലേഷിയുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, ഇന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി പുതിയ ഗതിവിഗതികളെ സ്വീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഈ ദിശയിലേക്കാണ് ഭാരതം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദൃഢചിത്തതയോടെ മുന്നേറുന്ന ഭാരതം, ഇപ്പോള്‍ ‘ഭാരത’മായിത്തന്നെ അറിയപ്പെട്ടുക്കൊണ്ടിരിക്കുന്നു; ലോകം ഇത് അനുഭവിച്ചറിയുന്നു. ഭാരതത്തിന്റെ ഈ പരിവര്‍ത്തനം ലോകത്തിന് പുതുമയുള്ള കാര്യമാണ്.
ദശകങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ ജാഗരണത്തിന്റെ ഫലമായാണ് ഈ പരിവര്‍ത്തനം നടന്നത്. ഇടതുപക്ഷവും അവരുടെ സഹയാത്രികരായ മാധ്യമപ്രവര്‍ത്തകരും ലിബറലുകളും ബുദ്ധിജീവികളുമൊക്കെ ഈ രാഷ്ട്രീയ ജാഗരണത്തെ ‘ദേശീയവാദം’ എന്നു പറഞ്ഞ് നിരന്തരം എതിര്‍ത്തുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ‘ദേശീയ’ സമരമാണ്. ദേശീയവാദം അല്ല. ‘രാഷ്ട്രവാദം’ എന്ന വാക്കും സങ്കല്പവും ഭാരതീയമല്ല. അത് പടിഞ്ഞാറിന്റെ രാജ്യത്തെ ആധാരമാക്കിയുള്ള രാഷ്ട്രത്തില്‍ നിന്നും ഉണ്ടായതാണ് (Nation -State). അതുകൊണ്ട് അവിടെ ദേശീയത എന്നാല്‍ രാഷ്ട്രവാദമാണ്. പടിഞ്ഞാറിന്റെ ഈ രാഷ്ട്രവാദമാണ് ലോകത്തിന് രണ്ട് ലോകമഹായുദ്ധങ്ങളെ സമ്മാനിച്ചത്. അവിടെ ദേശീയത മുതലാളിത്തത്തിന്റെ സംഭാവനയാണ്. അതിരാഷ്ട്രവാദം (Super nationalism) കമ്മ്യൂണിസത്തിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ്. റഷ്യ തങ്ങളുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍, മുന്‍പരിചയമൊന്നുമില്ലാതെ തന്നെ മധ്യേഷ്യയിലും പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് എല്ലാവര്‍ക്കും അറിവുള്ളതാണ്. സാമ്രാജ്യം വികസിപ്പിക്കുവാനുള്ള മോഹവുമായി ഹോങ്കോങ്ങിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ചൈന കടന്നുകയറിയതും ലോകത്തിനു മുന്നില്‍ തെളിഞ്ഞതാണ്. ഏകദേശം ആറ് രാജ്യങ്ങളിലെ 41 ലക്ഷം വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങളില്‍ ചൈന അധീശത്വം സ്ഥാപിച്ചിട്ടുണ്ട്; 27 രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്നു. അതുകൊണ്ട് ലോകത്തിലെ മിക്ക രാജ്യങ്ങളും ചൈനയുടെ സാമ്രാജ്യത്വത്തിനും അതിരാഷ്ട്രവാദത്തിനുമെതിരെ സേനാനീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഭാരതീയ ചിന്തയില്‍ രാഷ്ട്രവാദമല്ല ഉള്ളത്; മറിച്ച് ദേശീയതയാണ്. അതുകൊണ്ടാണ്, സംഘത്തിന്റെ പേര് ‘രാഷ്ട്രവാദി സ്വയംസേവക സംഘം’ എന്നതിനുപകരം ‘രാഷ്ട്രീയ സ്വയംസേവക സംഘം’ എന്നായത്. നമുക്ക് രാഷ്ട്രവാദത്തെ കൊണ്ടുവരേണ്ട. ഭാരതത്തിന്റെ രാഷ്ട്രസങ്കല്പം ഭാരതീയ ജീവിത വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ ‘രാജ്യ’ മില്ല. ജനങ്ങളെയാണ് രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവരും വിഭിന്ന ജാതിക്കാരും വിവിധ ദേവീദേവന്മാരെ ഉപാസിക്കുന്നവരുമായ ഭാരതത്തിലെ എല്ലാ ജനങ്ങളും ആദ്ധ്യാത്മികാധിഷ്ഠിതമായ ഈ ഏകാത്മതയേയും ജീവിതവീക്ഷണത്തെയും സ്വന്തമെന്ന് കരുതുന്നു. ഈ കാഴ്ചപ്പാടിലൂടെ സമ്പൂര്‍ണ്ണ സമാജവുമായും ഭാരതഭൂമിയുമായും അഭേദ്യമായ ബന്ധം അവര്‍ക്കുണ്ടാവുന്നു. പ്രാചീന ആര്‍ഷദര്‍ശനത്തിലെ സത്യത്തെ തിരിച്ചറിഞ്ഞ് അതിനെ ഇന്നത്തെ പരിപ്രേക്ഷ്യത്തില്‍ ആചരിക്കുക വഴി ഭാരതത്തിന്റെ ദേശീയത പ്രകടമാവുകയാണ്. നമ്മുടെ ഈ തിരിച്ചറിവും സമാജത്തിനുവേണ്ടി ജീവിക്കുവാനുള്ള സംസ്‌കാരവും ഉണ്ടാക്കുന്നതാണ് രാഷ്ട്രജാഗരണം. സമാജ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ദേശീയത പ്രകടമാവുന്നതിനെയാണ് രാഷ്ട്ര പുനര്‍ നിര്‍മ്മാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണ് രാഷ്ട്രത്തിന്റെ സ്വത്വം. രാഷ്ട്രസ്വത്വം പ്രകടമാവുന്നത് ഒരിക്കലും രാഷ്ട്രവാദമല്ല.
ചൈനയുടെ ആക്രമണത്തിനും അധിനിവേശ നയത്തിനുമെതിരെ ഭാരതം പ്രതികരിച്ചപ്പോള്‍ അതിനെ, ഭാരതത്തിന്റെ അതിരാഷ്ട്രവാദം എന്ന് കമ്മ്യൂണിസ്റ്റുകള്‍ പ്രചരണം നടത്തി. ഇവര്‍ ഒരിക്കലും ഭാരതത്തിന്റെ ‘സ്വത്വ’ ത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ പ്രകടമാവുന്നത് ഭാരതത്തിന്റെ ‘രാഷ്ട്രവാദ’മല്ല; മറിച്ച് നിരാകരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഭാരതത്തിന്റെ ‘സ്വത്വം’ തന്നെയാണ്. ‘വസുധൈവ കുടുംബകം’, ‘സര്‍വ്വേങ്കപി സുഖിനഃ സന്തു’ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്. ഭാരതത്തിന്റെ ‘സ്വത്വ’ ജാഗരണത്തെയും ആത്മാഭിമാനത്താല്‍ പ്രചോദിതമായി വീണ്ടെടുക്കുന്ന ശക്തിയേയും ആരും ഭയക്കേണ്ടതില്ല. കാരണം ഇത് ഉണര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതമാണ്.
ഭാരതം അതിന്റെ സ്വത്വം പ്രകടമാക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ നിന്നു തന്നെ അതിന് എതിര്‍പ്പുണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. സ്വാതന്ത്ര്യത്തിന് ശേഷം, ജുനഗഢിനെ ഭാരതത്തില്‍ ലയിപ്പിച്ചശേഷം, അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വല്ലഭഭായ് പട്ടേല്‍ സോമനാഥത്തിലേക്ക് പോയി. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ സുപ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ട് അദ്ദേഹം വളരെയധികം ദുഃഖിതനായി. ഭാരതം സ്വതന്ത്രമായതിനാല്‍ നമ്മുടെ അഭിമാനമായ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ ഉത്തരവാദിത്തം അദ്ദേഹം, പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന കനയ്യാലാല്‍ മുന്‍ഷിയെ ഏല്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ സോമനാഥക്ഷേത്രത്തിന്റെ കാര്യം ഗാന്ധിജിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ക്ഷേത്രനിര്‍മ്മാണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. ക്ഷേത്രനിര്‍മ്മാണത്തിനാവശ്യമായ ധനം സര്‍ക്കാരില്‍ നിന്നും സ്വീകരിക്കാതെ ജനങ്ങളില്‍ നിന്നും സ്വരൂപിക്കണമെന്ന ഗാന്ധിജിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. സോമനാഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാസമയത്ത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്രപ്രസാദ് നടത്തിയ പ്രസംഗം പ്രസ്താവനീയമാണ്.
എന്നാല്‍ നെഹ്‌റുവിന് ഇത് ഇഷ്ടപ്പെട്ടില്ല. സര്‍ദാര്‍ പട്ടേല്‍, കനയ്യാലാല്‍ മുന്‍ഷി, മഹാത്മാഗാന്ധി, രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കള്‍ സോമനാഥ ക്ഷേത്രപുനര്‍നിര്‍മ്മാണത്തെ ഭാരതത്തിന്റെ അഭിമാനത്തിന്റെ പുനഃസ്ഥാപനമായി കണ്ടപ്പോള്‍, നെഹ്‌റു അതിനെ ഹിന്ദു പുനരുദ്ധാരണമായി (Hindu Revivalism) കണ്ട്എതിര്‍ത്തു. ഭാരതത്തിന്റെ സ്വത്വത്തെ നിഷേധിക്കാനും എതിര്‍ക്കാനുമുള്ള പ്രവണത പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ദേശീയവാദികളാണ് അന്ന് കോണ്‍ഗ്രസ്സില്‍ ധാരാളമുണ്ടായിരുന്നത്. അതുകൊണ്ട് ക്ഷേത്രനിര്‍മ്മാണം സാധ്യമായി. പിന്നീട് ആസൂത്രിതമായ നീക്കങ്ങളിലൂടെ ദേശീയവാദികളെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കുകയും പകരം കമ്മ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്തു. കമ്മ്യൂണിസമാവട്ടെ ആദ്ധ്യാത്മികതയേയും രാഷ്ട്രസങ്കല്പത്തേയുമൊന്നും അംഗീകരിച്ചിരുന്നില്ല. മുതലാളിത്ത വാദത്തിന്റേയും കോളനിവാദത്തിന്റേയും മനോഭാവമായിരുന്നു അവരുടേത്. ആദ്യം സോവിയറ്റ് യൂണിയനും പിന്നീട് ചൈനയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ സാമ്രാജ്യത്വ, ഏകാധിപത്യ പ്രവണതകളാണ്. ഒന്നുകില്‍ ഭാരതത്തിന്റെ സ്വത്വം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല; അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അവര്‍ അതിനെ എതിര്‍ക്കുന്നു. ഈ രാജ്യം ഒന്നാവാതെ കഷ്ണം കഷ്ണമായി ചിന്നിച്ചിതറി ദുര്‍ബ്ബലമാവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ നമ്മളുടെ കര്‍ത്തവ്യമെന്താണെന്ന് ഗുരുദേവ് രവീന്ദ്രനാഥ് ടാഗൂര്‍ 1904ല്‍ എഴുതിയ ‘സ്വദേശി സമാജം’ എന്ന ലേഖനത്തില്‍ വ്യക്തമായി പരമാര്‍ശിച്ചിട്ടുണ്ട്. ഗുരുദേവ് രാഷ്ട്രവാദത്തെ എതിര്‍ത്തു എന്നുള്ളത് ശരിയാണ്. കൊളോണിയലിസത്തിന്റെയും ലോകമഹായുദ്ധത്തിന്റെയും ഫലമായി ഉണ്ടായ, പാശ്ചാത്യരുടെ നേഷന്‍-സ്റ്റേറ്റില്‍ അധിഷ്ഠിതമായ രാഷ്ട്രവാദത്തെയാണ് അദ്ദേഹം എതിര്‍ത്തത്. ഭാരതത്തിന്റെ ദേശീയത അഥവാ ‘സ്വത്വ’ത്തെപ്പറ്റി ‘സ്വദേശി സമാജ’ത്തില്‍ അദ്ദേഹം ഇങ്ങിനെ എഴുതുന്നു.
‘സ്വന്തം ശരീരത്തെ മൂടിയിട്ട് മിണ്ടാതെ ഒരു മൂലയില്‍ ഇരിക്കുന്നതിനെ ആത്മരക്ഷയെന്ന് പറയാന്‍ കഴിയില്ലെന്ന് നമുക്ക് ഇന്ന് നന്നായറിയാം. നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തുക എന്നതാണ് ആത്മരക്ഷയ്ക്കുള്ള ശരിയായ മാര്‍ഗ്ഗം. ഇതാണ് ഈശ്വരന്റെ നിയമവും. ജഡത്വം ഉപേക്ഷിച്ച് നമ്മുടെ ശക്തി വീണ്ടെടുക്കുന്നതുവരെ ഇംഗ്ലീഷുകാര്‍ നമ്മുടെ മനസ്സിനെ കീഴ്‌പ്പെടുത്തിക്കൊണ്ടേയിരിക്കും. ഇംഗ്ലീഷുകാരെ അനുകരിക്കുകയും കപടവേഷം ധരിക്കുകയും ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സ്വയം വഞ്ചിക്കുന്നതിന് തുല്യമാണ്. നമുക്ക് യഥാര്‍ത്ഥ ഇംഗ്ലീഷുകാരാവാന്‍ കഴിയില്ല, കപട ഇംഗ്ലീഷുകാരായി അവരെ ചതിക്കാനും കഴിയില്ല. നമ്മുടെ ബുദ്ധി, അഭിരുചി, ഹൃദയം എല്ലാം തുച്ഛമായ വിലയ്ക്ക് വില്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതികാരം ചെയ്യാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതായി തീരുക. വിവേകത്തോടെ പ്രസരിപ്പോടെ സമ്പൂര്‍ണ്ണതയോടെ നമ്മുടെ ‘സ്വത്വ’ത്തെ സ്വീകരിക്കുക.
നമ്മുടെ രാജ്യത്തിലെ തപസ്വികള്‍ ആര്‍ജ്ജിച്ചെടുത്ത അമൂല്യമായ ശക്തികള്‍ വിഫലമാക്കാന്‍ ഒരിക്കലും ഈശ്വരന്‍ സമ്മതിക്കില്ല. അതുകൊണ്ടാണ് നിശ്ചലമായി കിടക്കുന്ന ഭാരതത്തെ ഉചിത സമയത്ത് തന്നെ ഉണര്‍ത്തിയത്. നാനാത്വത്തില്‍ ഏകത്വം, വൈവിധ്യത്തില്‍ ഏകത ഇതെല്ലാം ഭാരതത്തിന്റെ ധര്‍മ്മമാണ്. ഭാരതത്തിന് ആരോടും ശത്രുത ഇല്ലായിരുന്നു. വിദേശികളെ ശത്രുക്കളായി കരുതിയിരുന്നില്ല. സ്വന്തക്കാരെ ഉപേക്ഷിക്കാതിരിക്കാനും ആര്‍ക്കും നാശം വരുത്താതിരിക്കാനും എല്ലാവരേയും ഉള്‍ക്കൊള്ളാനുമാണ് ഭാരതം ആഗ്രഹിച്ചത്. എല്ലാ സമ്പ്രദായങ്ങളെയും ഭാരതം സ്വീകരിച്ചു. എല്ലാവരുടെയും മഹത്വം തിരിച്ചറിയാനുള്ള കഴിവ് ഭാരതത്തിന്റെ ഗുണമാണ്. അതുകൊണ്ട് ഒരു സമൂഹത്തേയും നമ്മുടെ ശത്രുക്കളെന്ന് കരുതി നാം ഭയപ്പെടാറില്ല. പുതിയതിനെ സ്വാംശീകരിക്കുന്നതിലൂടെ നാം നമ്മെത്തന്നെ വിസ്തൃതമാക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കളും ബൗദ്ധരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭാരതത്തിന്റെ മണ്ണില്‍ പരസ്പരം യുദ്ധം ചെയ്ത് മരിക്കില്ല; മറിച്ച് സാമഞ്ജസ്യത്തോടെ ഇവിടെ ജീവിക്കും. ഇവരെ അഹിന്ദുക്കളായല്ല; മറിച്ച് ഹിന്ദുക്കളായി തന്നെ കരുതും. വിദേശികളാണെങ്കിലും ഇവരുടെ ജീവനും ആത്മാവുമൊക്കെ ഭാരതീയമായിരിക്കും.
ഭാരതത്തിന്റെ, ഈശ്വര നിര്‍മ്മിതമായ ഈ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കുകയാണെങ്കില്‍ നമ്മുടെ ലജ്ജ ഇല്ലാതാവുകയും ലക്ഷ്യം സ്ഥിരമാവുകയും ചെയ്യും. ഭാരതത്തിന്റെ അമരത്വത്തെക്കുറിച്ച് നാം പഠിക്കണം. യൂറോപ്പിന്റെ വിജ്ഞാനത്തെ വിദ്യാര്‍ ത്ഥികളെപ്പോലെ അന്ധമായി സ്വീകരിക്കരുത്. എല്ലാ വൈജ്ഞാനിക മണ്ഡലങ്ങളിലും ഭാരതം സഹസ്രദള കമലം പോലെ വിടര്‍ന്ന് അതിന്റെ ക്ഷയാവസ്ഥയെ ഇല്ലാതാക്കും. ഭാരതീയ മനീഷിയായ ഡോക്ടര്‍ ജഗദീശ് ചന്ദ്ര ബസു പദാര്‍ത്ഥങ്ങളെയും സസ്യജന്തുജാലങ്ങളെയും ഒരേ മണ്ഡലത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ചു. മനസ്സിനെയും അദ്ദേഹം ഈ പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നുവോയെന്ന് അറിയില്ല. ഇതാണ് ഭാരതീയ പ്രതിഭ. ഭാരതം ആരെയും ഉപേക്ഷിക്കാനും അകറ്റി നിര്‍ത്താനും ആഗ്രഹിക്കുന്നില്ല. എല്ലാവരെയും സ്വീകരിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ഓരോര്‍ത്തര്‍ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കിക്കൊണ്ടുള്ള ഒരു വിരാട ഐക്യം, തര്‍ക്കങ്ങളും തടസ്സങ്ങളും പിടിമുറുക്കിയ ലോകത്തിന് ഭാരതം കാണിച്ചുകൊടുക്കും.
ഈ അപൂര്‍വ്വ നിമിഷം വരുന്നതിന് മുമ്പ് എല്ലാവരും ഒരു പ്രാവശ്യം ‘അമ്മേ’യെന്ന് വിളിക്കൂ. ഭാരതമാതാവ് എല്ലാവരേയും തന്റെ അടുത്തേക്ക് വിളിക്കാനും വേര്‍തിരിവ് ഇല്ലാതാക്കാനും എല്ലാവരേയും രക്ഷിക്കാനും എല്ലായ്‌പ്പോഴും തയ്യാറാണ്. ഭാരതമാതാവ് തന്റെ ചിരന്തനമായ അറിവിനെയും ധര്‍മ്മത്തെയും എല്ലാവരുടെയും മനസ്സിലേക്ക് വ്യാപിപ്പിച്ചു; നമ്മുടെ മനസ്സിനെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ മുങ്ങിത്താഴാതെ രക്ഷപ്പെടുത്തി. സ്വന്തം സന്താനങ്ങളാല്‍ നിറഞ്ഞ ഈ യജ്ഞ ശാലയില്‍ ഭാരതമാതാവിനെ പ്രത്യക്ഷയാകുന്നതിനുവേണ്ടി നാം പ്രയത്‌നിക്കണം. (സ്വദേശി സമാജം)
ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തി അതിന്റെ സ്വത്വം പ്രകടമാക്കേണ്ട സമയം ആഗതമായി. ഈശ്വര കൃപയാല്‍ ഈ പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിനെ എതിര്‍ക്കുന്നവര്‍ എത്ര തന്നെ ശ്രമിച്ചാലും ഭാരതത്തിന്റെ ശത്രുക്കളായ വിദേശശക്തികള്‍ എത്രതന്നെ ശ്രമിച്ചാലും നമ്മുടെ സ്വത്വം പ്രകടമായിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രീയ ജാഗരണം എന്ന ഈ മഹത്തായ കര്‍മ്മം, പതിറ്റാണ്ടുകളായി അലസതയില്ലാതെ, പ്രസിദ്ധിപരാങ്മുഖരായി വിശ്വമംഗളത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരുടെ ശ്രമഫലമാണ്. ഇവരുടെ തപസ്സും പരിശ്രമവും സഫലമാകുകതന്നെ ചെയ്യും.
ഭാരതത്തിന്റെ സ്വത്വവും ശക്തിയും അഭിമാനവും വീണ്ടെടുക്കുന്നതിനുവേണ്ടി വര്‍ത്തമാനകാല ചരിത്രമുഹൂര്‍ത്തത്തില്‍ എല്ലാ ഭാരതീയരും രാഷ്ട്രീയവും സ്വാര്‍ത്ഥതാല്പര്യങ്ങളും മാറ്റിവെച്ച് സ്വാഭിമാന, ആത്മനിര്‍ഭര ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയില്‍ പങ്കാളികളാവണമെന്നാണ് രാഷ്ട്രം നമ്മോട് ആവശ്യപ്പെടുന്നത്.
Discussion about this post