ധര്‍മ്മത്തില്‍ അധിഷ്ഠിതമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈശ്വരീയമായി നിയോഗിക്കപ്പെട്ടതാണ് ഓരോ സൃഷ്ടിയും. എന്നാല്‍ ലൌകിക ജീവിതത്തിന്റെ സുഖ-ദുഖങ്ങളില്‍ ചഞ്ചലഹൃദയരായ മനുഷ്യര്‍ സ്വന്തം ജീവിതദൗത്യത്തില്‍ നിന്നും വ്യതിചലിക്കപ്പെടുമെന്നത് സ്വാഭാവികം മാത്രം. അത്തരം സാഹചര്യങ്ങളില്‍ മാതൃകാപരമായ സ്വന്തം ജീവിതത്തിലൂടെ മനുഷ്യന്റെ ഭൗതിക ജീവിതത്തില്‍ ആത്മ സാക്ഷാത്കാരത്തിനായി മാര്‍ഗ്ഗദര്‍ശനം നല്കി മൃത്യുവിലൂടെ മോചിപ്പിക്കപ്പെടുന്ന ആത്മാവിനെ മുക്തിയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഭൂമിയില്‍ ഈശ്വരാവതാരങ്ങളുണ്ടാകുന്നു. അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമനും ഈ ദൗത്യവുമായാണ് ഭൂജാതനായത്. ആദികവി മഹര്‍ഷി വാല്മീകി സംസ്‌കൃതത്തില്‍ എഴുതിയ ലോകത്തിലെ ആദ്യ ഇതിഹാസമായ രാമായണം ശ്രീരാമന്റെ അവതാരത്തെ സസൂക്ഷ്മം പ്രതിപാദിക്കുന്നുണ്ട്.
അയോധ്യയില്‍ ശ്രീരാമ ജന്മഭൂമിയില്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ക്ഷേത്രം ഒരു ആദ്ധ്യാത്മിക കേന്ദ്രം എന്നതിലുപരി ഉത്തമ പുരുഷനായ ശ്രീരാമനുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മാനബിന്ദുവായി പരിണമിച്ചു. നൂറ്റാണ്ടുകളായി ശാന്തിയും സമാധാനവും സമൃദ്ധിയും കൊണ്ട് പരിപോഷിതമായ ഭാരതീയ സമൂഹം ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ ശത്രുക്കളുടെ വ്യാമോഹങ്ങളും ചിറകുവിരിച്ചു. ഏഴാം നൂറ്റാണ്ടിന്റെ പകുതിയോടെ ഭാരതത്തെ ലക്ഷ്യമാക്കിയുള്ള വിവിധ ആക്രമണങ്ങളാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
ഒരിക്കലും നേരിട്ടുള്ള ആക്രമണങ്ങളില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഭാരതത്തെ പലപ്പോഴും ചതിയിലൂടെ പിടിച്ചെടുക്കാനാണ് വൈദേശിക ആക്രമണകാരികള്‍ ശ്രമിച്ചത്. അങ്ങനെയാണ് 1526 ലെ ഒരു ഇരുണ്ട നാളില്‍ പശ്ചിമേഷ്യയില്‍ നിന്നും പോരാട്ടങ്ങളില്‍ തോറ്റ് പരാജിതനായി പടയോട്ടം നടത്തി ഭാരതത്തില്‍ എത്തി ചതിയിലൂടെ ദല്‍ഹിയുടെ സിംഹാസനം ബാബര്‍ എന്ന വൈദേശിക ആക്രമണകാരിയുടെ കരങ്ങളില്‍ ഒതുങ്ങിയത്. 1528ല്‍ അയോദ്ധ്യയിലെ പുണ്യക്ഷേത്രം തകര്‍ക്കാന്‍ ബാബര്‍ നിയോഗിച്ച മിര്‍ ബാകീം എന്ന അയാളുടെ സേനാധിപന് നിരായുധരെങ്കിലും ആത്മബലത്താല്‍ മരണം വരെ അടരാടിയ ഭക്തന്മാരുടെ ചെറുത്തുനില്‍പ്പിനെ മറികടന്ന് കൃത്യം നിവ്വഹിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ ഈ പരാജയം ഹിന്ദുക്കളുടെ ആത്മവീര്യത്തെ ഒരിയ്ക്കലും തകര്‍ക്കുകയല്ല മറിച്ച് വളര്‍ത്തുകയാണ് ചെയ്തത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് പല അവസരങ്ങളിലായി രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി 76 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തില്‍ ജനാധിപത്യ രീതിയില്‍ പ്രക്ഷോഭങ്ങളായും, നിയമ പോരാട്ടങ്ങളായും നടന്ന 77-ാ മത്തെ ഏറ്റുമുട്ടലില്‍ കൂടിയാണ് ഇന്ന് നമുക്ക് ഈ ദൗത്യത്തില്‍ പൂര്‍ണ്ണമായും വിജയിക്കാനായത്. അഞ്ച് നൂറ്റാണ്ടുകളായി ഇത്തരത്തില്‍ നടന്ന നേരിട്ടുള്ള പോരാട്ടത്തില്‍ 3,70,000 ഭക്തജനങ്ങളാണ് ബലിദാനികളായത്.
2019 നവംബര്‍ 9 നു ശ്രീരാമജന്മഭൂമി പൂര്‍ണ്ണമായും ശ്രീരാമന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രധാനമായ വിധി പ്രസ്താവിക്കപ്പെട്ടു. 5 ഏക്കര്‍ ഭൂമി മറ്റൊരു സ്ഥലത്ത് പള്ളി പണിയുന്നതിനായി നല്‍കണമെന്നും ശ്രീരാമജന്മഭൂമിയുടെ നടത്തിപ്പിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഈ വിധിയിലൂടെ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വേണ്ട എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. ശ്രീരാമ ജന്മഭൂമിയുടെ ഭരണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനം 2020 ഫെബ്രുവരി 19നു ആദ്യ യോഗത്തോടെ സമാരംഭിക്കുകയും ചെയ്തു. സംപൂജ്യ മഹന്ത് നൃത്യഗോപാല്‍ദാസ് അദ്ധ്യക്ഷനായും ശ്രീ ചമ്പത് റായ് ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റ ശേഷം ശ്രീരാമജന്മ ഭൂമിയില്‍ ദ്രുതഗതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പന പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നൂറില്‍പരം ഏക്കര്‍ സ്ഥലത്ത് മൂന്നു നിലകളിലായി 161 അടി ഉയരവും 300 അടി നീളവും 280 അടി വീതിയുമുള്ള 84000 ചതുരശ്രഅടി വിസ്തൃതിയുള്ള അഞ്ച് ഗോപുരങ്ങളോടുകൂടിയ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമായിട്ടായിരിക്കും ശ്രീരാമക്ഷേത്രം പണിതുയരുക. രാമജന്മഭൂമിയുടെ ചുറ്റുപാടും ഇപ്പോള്‍ നിലകൊള്ളുന്ന 9 മറ്റു ക്ഷേത്രങ്ങളെ പുനഃരുദ്ധരിച്ച് ഉപദേവതകളായി പുതിയ ക്ഷേത്ര സമുച്ചയത്തില്‍ പുനഃപ്രതിഷ്ഠിക്കും. കൂടാതെ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ദൃശ്യാവിഷ്‌കാരങ്ങളും ഗ്രന്ഥശാലയും മറ്റും ക്ഷേത്ര സമുച്ചയത്തില്‍ സ്ഥാപിക്കുന്നുമുണ്ട്.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2020 ആഗസ്ത് 5 ന് ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചപ്പോള്‍ അതിപ്രഭാവന്മാരായ ഋഷീശ്വരന്‍മാരുടെയും മഹാത്മാക്കളുടെയും ജനനം കൊണ്ട് പവിത്രമാക്കപ്പെട്ട ഈ മണ്ണില്‍ ജനിച്ച ഭാരതീയരുടെ അവര്‍ണ്ണനീയമായ ആദ്ധ്യാത്മിക ശക്തിയുടെ മഹത്തായ വിജയമാണ് നമുക്ക് സാക്ഷാത്കരിക്കാന്‍ സാധിച്ചത്. പത്തു വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നതോടുകൂടി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും.
ഇത് ഓരോ ഭാരതീയന്റെയും വിജയമാണ്. ഓരോ ഭാരതീയനും ജീവിതത്തിന്റെ സമസ്ത മേഖലകളിലും വഴികാട്ടിയായി വര്‍ത്തിക്കുന്ന, ദാര്‍ശനികതയുടെ കാലാതീതമായ അനന്തസാധ്യതകള്‍ വെളിവാക്കുന്ന പുണ്യ വേദങ്ങളും ഇതിഹാസങ്ങളും വഴി കൈവന്ന സംസ്‌കാരവും അതില്‍ അധിഷ്ഠിതമായ മൂല്യങ്ങളുമാണ് നമ്മെ ഈ വിജയത്തിലേക്ക് നയിച്ചത്. ഈ സംസ്‌കാരവും മൂല്യങ്ങളും നിലനിന്നാല്‍ മാത്രമെ ഭാരതം ഭാരതമായി നിലനില്‍ക്കുകയുള്ളു. അതിനെ നിലനിര്‍ത്താന്‍ ഈ മണ്ണില്‍ പിറവിയെടുത്ത സംസ്‌കാരത്തിന്റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായിത്തന്നെ ആയിരിക്കണം ഇവിടുത്തെ ജീവിതവും ഭരണയന്ത്രവും നീതിപീഠങ്ങളും ചലിക്കാന്‍. ഈ മൂല്യങ്ങളെ പരിരക്ഷിക്കുകയാണ് ഒരു യഥാര്‍ത്ഥ പൗരന്റെ പരമമായ ധര്‍മ്മം. അനേക നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ മൂല്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനുള്ള പദ്ധതിയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതിന്റെ അടിസ്ഥാന ശിലയാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ജനങ്ങളെ ഒന്നിപ്പിച്ച് സാമൂഹിക ചിന്ത വളര്‍ത്താനും മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നില നില്‍ക്കുന്ന ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിപാലിച്ച് ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മറ്റൊന്നല്ല.
ഈ അവസരത്തില്‍ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രം നമ്മുടെ രാഷ്ട്രത്തിന്റെ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. മോക്ഷദായകമായ സപ്തപുരികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അയോധ്യ എന്ന് ബ്രഹ്മാണ്ഡ പുരാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ അഗസ്ത്യ മഹര്‍ഷിയും വ്യാസമഹര്‍ഷിയും തമ്മിലുള്ള സംഭാഷണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രീരാമ ജന്മസ്ഥലം ദര്‍ശിക്കുന്നത് മുക്തി ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണെന്നും, തവിട്ടുനിറമുള്ള ആയിരം ഗോക്കളെ നിത്യവും ദാനം ചെയ്യുന്നതിനും ആയിരം അഗ്‌നിഹോത്ര യാഗവും രാജസൂയ യാഗവും ഓരോ വര്‍ഷവും നടത്തുന്നതിന്നു തുല്യമാണെന്നാണ്. വേദങ്ങളിലും രാമായണത്തിലും പ്രതിപാദിക്കുന്ന സരയൂ നദിയുടെ ഒരു ദര്‍ശനം പോലും ആയിരം മന്വന്തരങ്ങള്‍ കാശിയില്‍ താമസിക്കുന്നതിന് തുല്യമെന്ന് സ്‌കന്ദ പുരാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീരാമന്‍ ഏഴ് ഉത്തമ ഗുണങ്ങള്‍ക്കായി നിലകൊണ്ടതിന്റെ അടിസ്ഥാനത്തില്‍ അയോദ്ധ്യയില്‍ ഏഴ് ഉത്തമ തീര്‍ത്ഥങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന് കണക്കാക്കുന്നു. സത്യ തീര്‍ത്ഥ, ക്ഷമ തീര്‍ത്ഥ, ഇന്ദ്രിയനിഗ്രഹ തീര്‍ത്ഥ, സര്‍വ്വഭൂതദയ തീര്‍ത്ഥ, സത്യവദിത തീര്‍ത്ഥ, ജ്ഞാന തീര്‍ത്ഥ, തപസ്സ് തീര്‍ത്ഥ എന്നിങ്ങനെയുള്ള ഏഴ് തീര്‍ത്ഥങ്ങളും മാനസികവും ഭൗമവുമാണ്. ഇത് സാക്ഷാത്കരിക്കുന്നതിനായി അയോധ്യയിലെ ശ്രീരാമ തീര്‍ത്ഥ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ കായ-മനോ-വാക്യ ശുദ്ധി പാലിക്കേണ്ടതുണ്ട്. മനസ്സ് ശുദ്ധവും ശാന്തവും ആയിരിക്കണം. ഇത്തരത്തില്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് മാനസ തീര്‍ത്ഥത്തില്‍ ആറാടാം. ഈവിധം ആചാരങ്ങള്‍ കൃത്യമായി പാലിച്ചാല്‍ സപ്ത തീര്‍ത്ഥങ്ങളുടെ മഹത്വങ്ങളെ പ്രാപിക്കാം.
സ്‌നാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജലം കൊണ്ട് ശരീരശുദ്ധി വരുത്തുന്നതിനെയല്ല, ഒരു മനുഷ്യന്റെ മനസ്സ് ശുദ്ധമാണെങ്കില്‍ മാത്രമെ സ്‌നാനം ചെയ്തു എന്ന് കരുതാനാകൂ എന്ന് സ്‌കന്ദ പുരാണത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ സപ്ത തീര്‍ത്ഥത്തിലുള്ള ഒരു പുണ്യ സ്‌നാനമാണ് ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ദര്‍ശനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിലുള്ള ചില ഭാഗങ്ങളെ മികച്ചതെന്നും, ചില ഭാഗങ്ങളെ ഇടത്തരമെന്നും വിശേഷിപ്പിക്കുന്നതുപോലെ ഭൂമിയിലും ചില സ്ഥലങ്ങളെ വളരെയധികം മികവുള്ളത് എന്ന് കണക്കാക്കുന്നു. അത്തരത്തില്‍ വിശേഷപ്പെട്ട മികവുള്ള സ്ഥലങ്ങളാണ് ഭൗമ തീര്‍ത്ഥങ്ങള്‍. ഭൗമ തീര്‍ത്ഥങ്ങളും മാനസ തീര്‍ത്ഥങ്ങളും തുല്യ പ്രാധാന്യമുള്ളതാണ്. ഇവ രണ്ടിലും പുണ്യ സ്‌നാനം ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉന്നതമായ ലക്ഷ്യ പ്രാപ്തി ഉണ്ടാകുമെന്ന് സ്‌കന്ദ പുരാണം വിശദമാക്കുന്നുണ്ട്.
ത്രേതാ യുഗത്തിന്റെ ആരംഭം മുതല്‍ സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനമായിരുന്ന സരയൂ നദീതീരത്തുള്ള അയോദ്ധ്യയില്‍ മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് ഭഗവാന്‍ ശ്രീരാമന്‍ പിറവിയെടുക്കുന്നത്. രഘുവംശമെന്നും അറിയപ്പെട്ടിരുന്ന സൂര്യവംശത്തിലെ 62-ാ മത്തെ ചക്രവര്‍ത്തി ആയിരുന്നു ഭഗവാന്‍ ശ്രീരാമന്‍. ജൈന, ബുദ്ധ, സിഖ് മതവിശ്വാസങ്ങളുമായി സൂര്യ വംശത്തിന് അഭേദ്യമായ ബന്ധമുണ്ട്. ജൈനമത വിശ്വാസപ്രകാരമുള്ള 24 തീര്‍ത്ഥങ്കരന്മാരില്‍ 22 പേരും സൂര്യവംശവുമായി ബന്ധപ്പെട്ടവരാണ്. സിദ്ധാര്‍ത്ഥ രാജകുമാരന്‍ സൂര്യവംശത്തില്‍ പിറന്നതാണെന്ന് ബൌദ്ധ പുരാണങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഭഗവാന്‍ ഗൌതമ ബുദ്ധനും ഭഗവാന്‍ മഹാവീരനും അയോധ്യയില്‍ വസിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സിഖ് ഗുരുക്കളായ ഗുരു നാനാക് ദേവ് മുതല്‍ ഗുരു ഗോവിന്ദ് സിംഗ്ജി മഹാരാജ് വരെ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും ഇരട്ട പുത്രന്മാരായ ലവ കുശന്മാരുടെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടവരാണ്.
1858-ല്‍ ഗുരു ഗോബിന്ദ് സിംഗ് ജി മഹാരാജിന്റെ തത്ത്വങ്ങള്‍ പിന്തുടര്‍ന്നിരുന്ന പഞ്ചാബ് സ്വദേശിയായ സര്‍ദാര്‍ നിഹാംഗ് സിംഗ് ഫക്കിര്‍ ഖല്‍സ എന്നയാള്‍ അയോധ്യയിലെ തര്‍ക്ക മന്ദിരത്തില്‍ പൂജയും ഹോമവും നടത്തിയിരുന്നു. ത്രേതാ യുഗത്തില്‍ ദശരഥ മഹാരാജാവിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന ഒരു യജ്ഞകുണ്ഡം അയോധ്യയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെനിന്നും ആരംഭിക്കുകയും സമാപിക്കുകയും ചെയ്യുന്ന പഞ്ചകോശി പരിക്രമ, ചൗതാകോശി പരിക്രമ, ചൗരസികോശി പരിക്രമ എന്നീ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ദശലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുക്കുന്നത്.
രാമായണത്തിലും പുരാണങ്ങളിലും വിവിധ ചരിത്ര ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതുപോലെ, വിവിധ മതങ്ങള്‍ മാത്രമല്ല, വിസ്തൃതമായ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളെല്ലാം തന്നെ ശ്രീരാമനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അയോധ്യയില്‍ ഭവ്യമായ തീര്‍ത്ഥ ക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ജാതിമത ചിന്തകള്‍ക്ക് അതീതമായി ഓരോ ഭാരതീയന്റെയും ജീവിതത്തില്‍ വ്യക്തിപരവും സാമൂഹ്യവുമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കപ്പെടുകയും തദ്വാരാ ഭാരതത്തില്‍ എമ്പാടും തന്നെ ശാന്തിയും സമാധാനവും ഐക്യവും സമൃദ്ധിയും ഉറപ്പാക്കാനുള്ള ഒരു ശക്തികേന്ദ്രമായി ശ്രീരാമ ക്ഷേത്രം രൂപാന്തരപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ദേശീയ നായകനും ഉത്തമ പുരുഷനുമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലത്ത് ഉയര്‍ന്നുവരുന്ന രാമക്ഷേത്രം നമ്മുടെ രാഷ്ട്ര ക്ഷേത്രമായി പരിണമിക്കും.
Discussion about this post