ബ്രിട്ടീഷ് വാഴ്ചയിലിരുന്ന മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ ദക്ഷിണ താലൂക്കുകളിലായി 1921ല്‍ നടന്നതും അഞ്ചുമാസക്കാലത്തോളം നീണ്ടുനിന്നതുമായ ലഹളയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെയും ബ്രിട്ടീഷുകാരുടെയും പഠനങ്ങള്‍ അവയില്‍പ്പെടും. 1937ല്‍ പുറത്തുവന്ന, സൗമ്യേന്ദ്രനാഥ ടാഗോറിന്റെ Peasant Revolt in Malabar ആണ് അവയില്‍ ആദ്യത്തേത്. 1970-കളില്‍ ബ്രിട്ടീഷ് പണ്ഡിതരായ കോണ്‍റാഡ് വുഡ്ഡിന്റെയും സ്റ്റീഫന്‍ എഫ്.ഡെയ്‌ലിന്റെയും ഗവേഷണകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രൊഫ. ഡി.എന്‍. ധനഗരെ, ഇ.എം.എസ്, ഡോ.കെ.എന്‍.പണിക്കര്‍, ഡോ.എം.ഗംഗാധരന്‍ തുടങ്ങിയവരും മലബാര്‍ ലഹളയെ മുന്‍നിര്‍ത്തി ശ്രദ്ധേയമായ പഠനങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ലഹളയ്ക്ക് നേരിട്ട് സാക്ഷികളായ കെ.മാധവന്‍ നായര്‍ എഴുതിയ ‘മലബാര്‍ കലാപ’വും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് രചിച്ച ‘ഖിലാഫത്ത് സ്മരണക’ളും ലഹളയിലേക്ക് വെളിച്ചം വീശുന്ന മറ്റു കൃതികളാണ്. മലബാര്‍ കലാപത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയോ കലാപത്തിന് സാക്ഷികളാവുകയോ ചെയ്ത, മുകളില്‍ പരാമര്‍ശിച്ച എഴുത്തുകാരുടെ നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും ചില വ്യത്യാസങ്ങള്‍ കാണാമെങ്കിലും, അവരെല്ലാവരും ഒരുപോലെ പങ്കുവെക്കുന്ന ഒരു വസ്തുതയുണ്ട്. കുടിയാന്‍ വിരുദ്ധ കാര്‍ഷികബന്ധങ്ങളും അതുത്പാദിപ്പിച്ച ജന്മിത്വവിരുദ്ധതയും ബ്രിട്ടീഷ് വിരുദ്ധതയുമാണ് ലഹളയില്‍ മുഴച്ചുനിന്നത് എന്നു വാദിക്കുന്നവര്‍ പോലും ഇപ്പറഞ്ഞ വസ്തുത എടുത്തു പറയാതിരിക്കുന്നില്ല. കലാപകാരികളെ മതവികാര തീക്ഷ്ണത (religiosity) പ്രബലമായി സ്വാധീനിച്ചിരുന്നു എന്നതാണത്. കലാപത്തെ സംബന്ധിച്ച ആ ഘടകത്തിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണ് ഈ കുറിപ്പിലൂടെ ചെയ്യുന്നത്.
ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റായ കോണ്‍റാഡ് വുഡ്ഡ് തന്റെ ‘The Moplah Rebellion and its Genesis’ എന്ന പുസ്തകത്തില്‍ ഉന്നയിച്ച ശ്രദ്ധേയമായ ഒരു നിരീക്ഷണത്തില്‍ നിന്നു തുടങ്ങാം. ലഹളയിലെ ജന്മിതവിരുദ്ധതയും പാട്ടക്കുടിയാന്മാര്‍ അനുഭവിച്ച ദുരിതങ്ങളും വുഡ്ഡ് കണിശമായി രേഖപ്പെടുത്തുന്നു. അതോടൊപ്പം പക്ഷേ അദ്ദേഹം വളരെ പ്രസക്തവും ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതുമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. കുടിയാന്‍ വിരുദ്ധ കാര്‍ഷിക ബന്ധങ്ങളുടെ ഇരകള്‍ മാപ്പിളമാര്‍ മാത്രമായിരുന്നില്ല. ഹിന്ദു കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും മാപ്പിളമാരുടെ അത്രതന്നെ പീഡനം ജന്മിപക്ഷത്ത് നിന്നു ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അവര്‍ ജന്മിമാര്‍ക്കെതിരെയോ ജന്മിത്വത്തെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയോ കലാപം നടത്തുകയുണ്ടായില്ല. പീഡിതരില്‍, ഒരു വിഭാഗം മാത്രം ലഹള നടത്തുകയും മറ്റേ വിഭാഗം നടത്താതിരിക്കുകയും ചെയ്തതെന്തുകൊണ്ട്? ലഹളയിലേര്‍പ്പെട്ടവരെല്ലാം എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രമായി? ജില്ല പോലീസ് സൂപ്രണ്ടായിരുന്ന ആര്‍.എച്ച്. ഹിച്‌കോക്ക്”A History of Malabar Rebellion’ എന്ന തന്റെ കൃതിയില്‍, മലബാര്‍ ജില്ലയുടെ അഞ്ചില്‍ രണ്ടു ഭാഗത്തോളം വരുന്ന രണ്ടായിരത്തോളം ചതുരശ്ര നാഴിക പ്രദേശത്ത് ലഹള വ്യാപിച്ചിരുന്നതായി രേഖപ്പെടുത്തുന്നുണ്ട്. അതില്‍ ഏറനാട് മാത്രമായിരുന്നു മാപ്പിള ഭൂരിപക്ഷ താലൂക്ക്. അതായത്, മാപ്പിള സമുദായത്തില്‍പ്പെട്ട കുടിയാന്മാരെക്കാളും കര്‍ഷകവൃത്തിക്കാരെക്കാളും കൂടുതല്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ട കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളുമുള്ള മേഖലയിലാണ് ലഹള നടന്നത്. എന്നിട്ടും ലഹളക്കാരില്‍ ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്ക് മാപ്പിളമാരെപ്പോലെത്തന്നെ വിധേയരായ ഹിന്ദുകുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ഇല്ലാതെ പോയതെങ്ങനെ?
ഈ ചോദ്യത്തിന് ഡോ.കെ.എന്‍.പണിക്കര്‍ തന്റെ “Against Lord and State’ എന്ന പഠനഗ്രന്ഥത്തില്‍ ഉത്തരം കണ്ടെത്തുന്നത് ഇപ്രകാരമാണ്. ജന്മിത്വത്തോടും കൊളോണിയല്‍ ഭരണാധികാരികളുടെ ജനവിരുദ്ധതയോടുമുള്ള അസംതൃപ്തി സംഘടിതമായി പ്രകടിപ്പിക്കാനുള്ള മാനസിക തയ്യാറെടുപ്പ് മതവിശ്വാസം എന്ന ഘടകത്തിലൂടെ സിദ്ധിച്ചത് മാപ്പിളമാര്‍ക്ക് മാത്രമായിരുന്നു. മതത്തിന്റെ (ഇസ്‌ലാമിന്റെ) വിശ്വാസപരമായ തന്ത്രികളും തലങ്ങളും മാപ്പിളമാരെ സംഘടിത പോരാട്ടത്തിന് സജ്ജരാകാന്‍ സഹായകമായി. പരലോകജീവിതത്തെക്കുറിച്ചും മൃതിയനന്തരം സ്വര്‍ഗ്ഗത്തില്‍ നേടാവുന്ന സുഖസൗകര്യങ്ങളെക്കുറിച്ചും ഇസ്‌ലാം നല്‍കുന്ന സ്വപ്‌നങ്ങള്‍ മര്‍ദ്ദകരായ ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള ആവേശം അവരില്‍ കുത്തിനിറയ്ക്കാന്‍ പര്യാപ്തമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മാപ്പിളമാരുടെ മായിക കിനാവുകള്‍ ലൗകിക ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുമായി കൂടിക്കുഴഞ്ഞു കിടന്നു. ‘മാപ്പിള കര്‍ഷകരെ സംബന്ധിച്ചിടത്തോളം മതം പോരാട്ടത്തിനുള്ള പ്രത്യയശാസ്ത്രമെന്നപോലെ ഒരു മയക്കു പദാര്‍ത്ഥം (opiate) കൂടിയായിരുന്നു’ എന്നു പണിക്കര്‍ നിരീക്ഷിക്കുന്നു (Against Lord and State, P.195)
കോണ്‍റാഡ് വുഡ്ഡ് ഉയര്‍ത്തിയ ചോദ്യത്തിന് ഡോ.എം.ഗംഗാധരന്‍ തന്റെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ ഉത്തരം കണ്ടെത്തുന്നത് എങ്ങനെയെന്നു കൂടി നോക്കാം. പാട്ടക്കുടിയാന്മാരായ കര്‍ഷകരെ കരുണാലേശമില്ലാതെ മര്‍ദ്ദിച്ചൊതുക്കാന്‍ ജന്മികള്‍ക്ക് സര്‍വ്വതന്ത്രസ്വാതന്ത്ര്യം നല്‍കുന്ന സാമൂഹിക-സാമ്പത്തിക സംവിധാനത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷം കലാപകാരികളെ പ്രചോദിപ്പിച്ചു എന്നത് ഗംഗാധരന്‍ ശരിവെക്കുന്നു. അതേസമയം മലബാര്‍ ലഹള അതിനെല്ലാമപ്പുറം മറ്റു ചിലതു കൂടിയാകുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചത് കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദം തൊട്ട് തെക്കേ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ലഹളകള്‍ നടന്നിട്ടുണ്ടെങ്കിലും, ശക്തിയിലും വ്യാപ്തിയിലും അവയെക്കാളെല്ലാം അനേകമടങ്ങ് മുമ്പില്‍ നിന്ന 1921ലെ ലഹള സവിശേഷമായ ഒരു രാഷ്ട്രീയാഭിലാഷത്തിന്റെ അഭാവത്തില്‍ പൊട്ടിപ്പുറപ്പെടുകയില്ല എന്നത്രേ അദ്ദേഹം അഭിപ്രായപ്പെടുന്നത്. മലബാറിലെ ഉള്‍ദേശവാസികളായ മാപ്പിളമാരില്‍ ഒരു വിഭാഗം ടിപ്പുവിന്റെ കേരളത്തില്‍ നിന്നുള്ള പിന്‍വാങ്ങലിനുശേഷം ദീര്‍ഘകാലം കൊണ്ടുനടന്ന പ്രസ്തുത അഭിലാഷം തങ്ങളുടേതായ മതഭരണം (ഒരു ഖിലാഫത്ത് അഥവാ ഇസ്‌ലാമികവാഴ്ച) സ്ഥാപിക്കുക എന്നതായിരുന്നുവെന്നാണ് ഡോ.ഗംഗാധരന്‍ വ്യക്തമായി സൂചിപ്പിക്കുന്നത് (നോക്കുക, ഡോ.എം.ഗംഗാധരന്‍, മലബാര്‍ കലാപം 1921-22, പു.12). തിരൂരങ്ങാടിയിലെ മമ്പുറം തങ്ങന്മാരില്‍ നിന്നു ഈ രാഷ്ട്രീയാഭിലാഷത്തിന് വന്‍ പ്രോത്സാഹനം ലഭിക്കുകയും ചെയ്തിരുന്നു. അമ്മട്ടിലുള്ള യാതൊരു രാഷ്ട്രീയ മോഹങ്ങളും ഹിന്ദുഭരണ സംസ്ഥാപനാഗ്രഹവും ഹിന്ദുകുടിയാന്മാര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ മതപ്രചോദിത ലഹളകളിലേക്ക് അവര്‍ നീങ്ങുകയുണ്ടായില്ല.
മലബാര്‍ കലാപത്തില്‍ ഉള്‍ച്ചേര്‍ന്ന മതവികാരതീക്ഷ്ണതയെക്കുറിച്ച് പറയുമ്പോള്‍ കലാപത്തിന് മുമ്പ് ദേശീയതലത്തിലും സാര്‍വദേശീയതലത്തിലുമുണ്ടായ ചില സംഭവവികാസങ്ങളിലേക്കും അവ കലാപകാരികളില്‍ നേരിട്ടോ അല്ലാതെയോ ചെലുത്തിയ സ്വാധീനത്തിലേക്കും നോട്ടമയക്കേണ്ടതുണ്ട്. തുര്‍ക്കിയിലെ ഖിലാഫത്തും അഖില ഇസ്‌ലാമികവാദ (പാന്‍ ഇസ്‌ലാമിസം) വുമൊക്കെ അവയില്‍പ്പെടും. പാശ്ചാത്യരാഷ്ട്രങ്ങളുടെ (ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളുടെ എന്നു വായിക്കുക) മേധാവിത്വം ശക്തിപ്പെടുകയും മുസ്‌ലിം രാഷ്ട്രങ്ങളുടെ മേധാവിത്വം ക്ഷയിക്കുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് 19-ാം നൂറ്റാണ്ടില്‍ പാന്‍ ഇസ്‌ലാമിസം എന്ന ആശയവുമായി ജമാലുദ്ദീന്‍ അഫ്ഗാനിയെപ്പോലുള്ളവര്‍ അരങ്ങിലെത്തിയത്. ദേശീയ വികാരത്തെയും ദേശീയാതിര്‍ത്തികളെയും അതിവര്‍ത്തിക്കുന്ന സാര്‍വദേശീയ മുസ്‌ലിം ഐക്യം വേണമെന്നതായിരുന്നു അഖില ഇസ്ലാമികവാദികളുടെ കാഴ്ചപ്പാട്. ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ട് എന്ന സന്ദേശമാണ് അത് പ്രസരിപ്പിച്ചത്. മലബാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മുസ്‌ലിങ്ങളെ ആ വാദം കൂടിയോ കുറഞ്ഞോ ഉള്ള അളവില്‍ സ്വാധീനിച്ചിരുന്നു.
പാന്‍ ഇസ്‌ലാമിസ്റ്റ് വികാരം നിലനില്‍ക്കെയാണ് ഒന്നാം ലോകയുദ്ധാനന്തരം തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണത്തോട് (ഖിലാഫത്തിനോട്) ബ്രിട്ടീഷുകാര്‍ സ്വീകരിക്കുന്ന സൗഹൃദപരമല്ലാത്ത നിലപാടുകള്‍ക്കെതിരെ ഇന്ത്യയിലെ മുസ്‌ലിങ്ങളില്‍ ഗണ്യമായ ഒരു വിഭാഗത്തിനിടയില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നത്. തുര്‍ക്കിയിലെ മതേതരവാദികളായ മുസ്തഫ കമാല്‍പാഷയടക്കമുള്ളവര്‍ തിരസ്‌കരിച്ച ഖിലാഫത്ത് തുര്‍ക്കിയില്‍ കോട്ടമേതുമില്ലാതെ നിലനിര്‍ത്തണമെന്നതായിരുന്നു ഈ വിഭാഗത്തിന്റെ ആവശ്യം. അതിന്റെ ഭാഗമായി 1919ല്‍ അവര്‍ ബോംബെയില്‍ ഒരു ഖിലാഫത്ത് കമ്മിറ്റി രൂപവ്തകരിക്കുകയും അതേ വര്‍ഷം അവസാനത്തില്‍ ദല്‍ഹിയില്‍ ഒരു അഖിലേന്ത്യ ഖിലാഫത്ത് സമ്മേളനം നടത്തുകയും ചെയ്തു. അതിന്റെ അലയൊലികള്‍ ശക്തമായിത്തന്നെ ഇങ്ങ് മലബാറിലുമുണ്ടായി. ഗാന്ധിജിയാവട്ടെ കോണ്‍ഗ്രസ്സുമായും നിസ്സഹകരണ പ്രസ്ഥാനവുമായും മുസ്‌ലിങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടാവശ്യപ്പെട്ടു. വാസ്തവത്തില്‍ ഗാന്ധിജിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു വലിയ വീഴ്ചയായിരുന്നു അത്. രാഷ്ട്രീയവുമായി മതത്തെ കൂട്ടിക്കുഴയ്ക്കുക എന്ന ഭീമാബദ്ധമാണ് അദ്ദേഹം അന്നു ചെയ്തത്.
ഈ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെയാണ് 1921 ഏപ്രില്‍ 22-26 തീയതികളില്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ അഖില കേരള സമ്മേളനം വള്ളുവനാട് താലൂക്കില്‍ പെടുന്ന ഒറ്റപ്പാലത്ത് നടന്നത്. അതോടൊപ്പം അതേ പന്തലില്‍ത്തന്നെ മറ്റു നാല് സമ്മേളനങ്ങള്‍ കൂടി നടക്കുകയുണ്ടായി. കുടിയാന്‍ സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, ഖിലാഫത്ത് സമ്മേളനം, കേരള ഉലമാ സമ്മേളനം എന്നിവയായിരുന്നു അവ. ആദ്യം പറഞ്ഞ രണ്ടു സമ്മേളനങ്ങള്‍ ഉള്ളടക്കത്തില്‍ മതേതരമായിരുന്നെങ്കില്‍ ഒടുവില്‍ പറഞ്ഞ രണ്ടു സമ്മേളനങ്ങള്‍ മതാത്മകമായിരുന്നു. കേരള ഉലമാ സമ്മേളനത്തില്‍ മുസ്‌ലിം മതപണ്ഡിതരായി കണക്കാക്കപ്പെട്ട മൗലവിമാരും മുസ്‌ലിം വരേണ്യ വിഭാഗമായി കരുതപ്പെട്ട തങ്ങള്‍മാരും മറ്റുമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്സുകാരനായ ഇ.മൊയ്തു മൗലവി എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം സമ്മേളനത്തില്‍ വായിക്കുകയും വിതരണം നടത്തുകയുമുണ്ടായി. തുര്‍ക്കിയിലെ ഒട്ടോമന്‍ ഖിലാഫത്തിനെതിരേയുള്ള ബ്രിട്ടീഷ് നടപടികളെ പരാമര്‍ശിച്ച് ആ പ്രസംഗത്തില്‍ മൊയ്തു മൗലവി പറഞ്ഞതിപ്രകാരം: ”ക്രിസ്തുമതത്തെ എതിര്‍ത്തുകൊണ്ട് നിലനില്‍ക്കുന്ന ഇസ്‌ലാമിനെ ഭൂമുഖത്ത് നിന്നു തുടച്ചുനീക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്.” (അതില്‍ത്തന്നെ, പു.112)
കോണ്‍ഗ്രസ്സുകാരനും ദേശീയവാദിയുമായി അറിയപ്പെട്ട മൊയ്തു മൗലവി പോലും ബ്രിട്ടീഷ് സാമ്രാജ്യത്വം സമം ക്രിസ്തുമതം എന്ന ശരിയല്ലാത്ത നിലപാട് സ്വീകരിക്കുകയും ക്രിസ്തുമതം ഇസ്‌ലാം മതത്തിനെതിരെ നടത്തുന്ന യുദ്ധമായി ഖിലാഫത്ത് പ്രശ്‌നത്തെ വിലയിരുത്തുകയും ചെയ്തത് ഫലത്തില്‍ മുസ്‌ലിം (മാപ്പിള) വര്‍ഗീയതയ്ക്ക് ഊര്‍ജ്ജം പകരുന്ന നടപടിയായെന്നു പറയണം. അറിഞ്ഞിട്ടായാലും അല്ലാതെയായാലും ഖിലാഫത്തിന്റെ പേരില്‍ മുസ്ലിങ്ങളുടെ മതവികാരം ഉദ്ദീപിപ്പിക്കാനാണ് മൗലവി ശ്രമിച്ചത്. ആ ഉദ്ദീപനത്തിന്റെ ആഘാതം ക്രിസ്തുമതത്തിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ മാത്രമല്ല, ദക്ഷിണ മലബാറില്‍ 1921 ആഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മറ്റൊരു മതത്തിനും അതിന്റെ അനുയായികള്‍ക്കുമെതിരേയും തിരിഞ്ഞു. ഹിന്ദുമതവും ഹിന്ദുക്കളും ഇസ്‌ലാം മതത്തിന്റെയും മുസ്‌ലിങ്ങളുടെയും ശത്രുക്കളാണെന്ന ബോധം ഒരു വലിയ വിഭാഗം മാപ്പിളമാര്‍ക്കിടയില്‍ കലാപനാളുകളില്‍ ഉണ്ടായി. ഹിന്ദുക്കളെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും ബലപ്രയോഗത്തിലൂടെ മതംമാറ്റുന്നതുമെല്ലാം മതപരമായി സദ്കൃത്യങ്ങളാണെന്ന പിഴച്ച ധാരണ ലഹളക്കാരില്‍ പലരേയും പിടികൂടി. തക്ബീര്‍ മുഴക്കിയാണ് (അതായത്, അല്ലാഹുവിന്റെ സൈനികരായ സ്വയംകരുതിയാണ്) അവര്‍ ‘ശത്രുക്കളെ’ നേരിടാന്‍ പോയത്. കുടിയാനെ ഒഴിപ്പിക്കുകയെന്ന അനീതികാണിച്ച ജന്മിയെ കൊല ചെയ്യുന്നത് തെറ്റല്ലെന്ന് മമ്പുറം തങ്ങള്‍ പള്ളിയില്‍ പ്രസംഗിച്ചതായി കെ.എന്‍. പണിക്കര്‍ ചൂണ്ടിക്കാട്ടിയത് കാണാം. (Dr.K.N. Panikkar, Against Lord and State, P-196)
”കുടിയാനെ ഒഴിപ്പിക്കുന്നത് ജന്മിയെ കൊല്ലാനുള്ള മതിയായ കാരണമാണെന്നും ആ കൃത്യത്തിലേര്‍പ്പെടുന്ന മുസ്‌ലിം കൊല്ലപ്പെട്ടാല്‍ അയാള്‍ ശഹീദ് (ഇസ്‌ലാമിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവന്‍) ആകുമെന്നും ഒരു മാപ്പിള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് പറയുകയുണ്ടായി” എന്നുകൂടി പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (അതില്‍ത്തന്നെ, പു.195). ഇതേ വസ്തുത കോണ്‍റാഡ് വുഡ്ഡും എടുത്തുകാട്ടിയിരിക്കുന്നു. മാപ്പിള കലാപത്തെക്കുറിച്ചന്വേഷിച്ച ടി.എല്‍. സ്‌ട്രെയിഞ്ചിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതി: ”ഒരു ദരിദ്രന്‍ കൃഷിഭൂമിയില്‍ നിന്നു ഒഴിവാക്കപ്പെട്ടാല്‍ അതിനുത്തരവാദിയായ ജന്മിയെ വധിക്കുന്നത് മതപരമായി ഉത്തമകൃത്യമാണെന്നു മാപ്പിളമാര്‍ പഠിപ്പിക്കപ്പെട്ടിരുന്നു.'(Conrad Wood, The Moplah Rebellion and its Genesis, P-33).. ചില പള്ളികളില്‍ വെള്ളിയാഴ്ച ജൂമുഅയില്‍ പങ്കെടുക്കുന്ന മാപ്പിളമാരെക്കൊണ്ട് ശഹീദാക്കാനുള്ള പ്രതിജ്ഞയെടുപ്പിച്ചിരുന്നു എന്നു കൂടി വ്യക്തമാക്കുന്ന വുഡ്ഡ് ലഹളക്കാരുടെ മനഃസ്ഥിതി വളരെ സങ്കുചിതമായിരുന്നു എന്നു വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ഹിന്ദുക്കളില്‍ നിന്നു വ്യത്യസ്തമായി മാപ്പിളമാര്‍ക്കുള്ള മതപരമായ സംഘടിതത്വം അവര്‍ക്കിടയില്‍ സമുദായ വികാരാധിഷ്ഠിത മതബോധം സൃഷ്ടിച്ചു എന്ന വസ്തുതയും കാണണം. പള്ളിയും പള്ളിദര്‍സുകളും വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളികളില്‍ നടക്കുന്ന സമൂഹപ്രാര്‍ത്ഥനകളും അവയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഉദ്‌ബോധന പ്രസംഗങ്ങളുമെല്ലാം മേല്‍ച്ചൊന്ന തരത്തിലുള്ള മതബോധമാണ് മാപ്പിളമാര്‍ക്ക് പ്രദാനം ചെയ്തത്. ഉലമാകള്‍ എന്നറിയപ്പെട്ട മതപണ്ഡിതര്‍ മാത്രമല്ല, അവരെപ്പോലെത്തന്നെ ‘സാമ്പ്രദായിക ബുദ്ധിജീവി’ കളില്‍പ്പെടുത്താവുന്ന മുസല്യാര്‍മാര്‍, ഖാസിമാര്‍, മുല്ലമാര്‍ തുടങ്ങിയവരും പ്രക്ഷേപിച്ച മതബോധം ഏറെ ഇടുങ്ങിയതായിരുന്നു. അവ്വിധമുള്ള മതബോധം കണ്ണും കാതുമില്ലാത്ത മതവികാരതീക്ഷ്ണതയിലേക്ക് വഴിമാറുന്നത് സ്വാഭാവികം മാത്രമാണ്.
കലാപകാരികളെ ഗ്രസിച്ച മതവികാര തീക്ഷ്ണത അവരില്‍ അതിര് കവിഞ്ഞ സ്വമതാഹങ്കാരം ഉത്പാദിപ്പിക്കുന്നതിന് ഇടവരുത്തി. പള്ളിദര്‍സുകളില്‍ നിന്നു കിട്ടിയ പരിമിത മതവിദ്യാഭ്യാസത്തിനപ്പുറം ഭൗതികവിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ലാതിരുന്ന കലാപകാരികള്‍ ലോകത്തിലെ ഒരേയൊരു സത്യമതവും ശ്രേഷ്ഠമതവും ഇസ്‌ലാം മതമാണെന്ന മിഥ്യാബോധത്തിന്റെ ഇരകളായിരുന്നു. കലാപനാളുകളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന സംഭവങ്ങള്‍ ആ മിഥ്യാധാരണയുടെ ഫലമായുണ്ടായതാണ്. കലാപത്തെക്കുറിച്ച് ഗവേഷണം നടത്തിയവരോ കലാപത്തിന്റെ വിവരണം നടത്തിയ കെ. മാധവന്‍ നായരെപ്പോലുള്ളവരോ ബലം പ്രയോഗിച്ച് നടത്തപ്പെട്ട മതപരിവര്‍ത്തനം മറച്ചുവെച്ചിട്ടില്ല.
ഇവ്വിഷയകമായി ഡോ.എം. ഗംഗാധരന്‍ എഴുതിയത് നോക്കാം: ”ലഹളയുടെ ആദ്യഘട്ടങ്ങളില്‍ പോലും ഇസ്‌ലാം മതം സ്വീകരിക്കാന്‍ കലാപക്കാര്‍ അമുസ്‌ലിങ്ങളെ നിര്‍ബന്ധിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. 1921 ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് ശേഷം തിരൂരങ്ങാടിക്കടുത്തുള്ള പനമ്പുഴ കടവത്ത് എത്തിയ ബസ്സ് ഡ്രൈവറോടും സഹായിയോടും കടവത്തുണ്ടായിരുന്ന മാപ്പിളമാരുടെ സംഘം ഇസ്‌ലാം മതം സ്വീകരിക്കാനവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച രണ്ടുപേരെയും കൊലപ്പെടുത്തി. ആഗസ്റ്റ് 22ന് കലാപക്കാര്‍ മഞ്ചേരിയിലെ പോലീസ് ലോക്കപ്പ് തുറന്നു തടവുകാരെ മോചിപ്പിച്ചിരുന്നു. ആ സമയത്ത് ലോക്കപ്പിലുണ്ടായിരുന്ന രണ്ടു തടവുകാരെയും ഹിന്ദുവായ വാര്‍ഡറെയും ബലം പ്രയോഗിച്ച് ഇസ്‌ലാമിലേയ്ക്ക് മതം മാറ്റി. ഒരുപക്ഷേ ഇത് രോഷാകുലരായ ആള്‍ക്കൂട്ടത്തിന്റെ പണിയാണെന്നു കണക്കാക്കാം. എന്നാല്‍ പിന്നീട് ഉണ്ടായ മറ്റു ചില പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത്, ചുരുങ്ങിയപക്ഷം ചില കേന്ദ്രങ്ങളിലെങ്കിലും, ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റുന്നത് ലഹളയുടെ ഭാഗമായിരുന്നു എന്നാണ്.” (മലബാര്‍ കലാപം, 1921-22, പു.242). അവ്വിധം മതം മാറ്റപ്പെട്ടവരുടെ എണ്ണം ആയിരത്തിനും ആയിരത്തി അഞ്ഞൂറിനുമിടയ്ക്ക് വരുമെന്നാണ് ഒരു കണക്ക്; മതം മാറ്റിയവരെയൊക്കെ തിരിച്ച് ഹിന്ദുമതത്തിലേക്ക് തന്നെ മാറ്റാന്‍ ആര്യസമാജം കൈക്കൊണ്ട നടപടികളുടെ ചുമതല വഹിച്ചിരുന്ന പണ്ഡിറ്റ് ഋഷിറാം കരുതുന്നത് 2500ലധികം പേരെ ലഹളക്കാര്‍ മതം മാറ്റിയിട്ടുണ്ടാകുമെന്നാണ്. (അതില്‍ത്തന്നെ, പു. 242-43).
കലാപക്കാര്‍ നടത്തിയ നിര്‍ബന്ധ മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നു സംശയലേശമെന്യേ തെളിയുന്നത് കലാപത്തിന്റെ മതപരമായ അടിയൊഴുക്കുകളാണ്. ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ മാത്രമായിരുന്നു ലഹളക്കാരുടെ പോരാട്ടമെങ്കില്‍ അവര്‍ ഹിന്ദുക്കളെ കത്തിമുനയില്‍ നിര്‍ത്തി ഇസ്‌ലാമിലേക്ക് മാറ്റാന്‍ തുനിയുമായിരുന്നില്ല. സ്വന്തം മതത്തിനു വേണ്ടി കൊല്ലാനും മരിക്കാനുമുള്ള ഭ്രാന്തമായ മതവികാര തീക്ഷ്ണത കലാപക്കാരില്‍ കത്തിനിന്നിരുന്നു. അതേ തീക്ഷ്ണത ഇപ്പോഴും പ്രകടിപ്പിക്കുന്നവരാണ് ‘ഇരുപത്തൊന്നില്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുഴക്കുന്നത്.
ഇച്ചൊന്ന മതിവികാര തീക്ഷ്ണത ലഹളക്കാരില്‍ വളര്‍ന്നുവന്നതില്‍ കെ.എന്‍.പണിക്കര്‍ മാപ്പിള സമുദായത്തിലെ പ്രമുഖ സാമ്പ്രദായിക ബുദ്ധിജീവികളായി അടയാളപ്പെടുത്തുന്ന വെളിയങ്കോട് ഉമര്‍ ഖാസി (1757-1852)യുടെയും രണ്ട് മമ്പുറം തങ്ങന്മാരുടെയും ഇസ്‌ലാമിക വിചാരങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളുടെ മതാതീതമായ ഐക്യം എന്നതിലല്ല, മുസ്‌ലിം ഐക്യം എന്നതിലാണ് ഈ മൂന്നു പേരും അവരുടെ ഉപഗ്രഹങ്ങളായ മറ്റു മുസ്‌ലിം പുരോഹിതരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നടേ സൂചിപ്പിച്ചത് പോലെ, മമ്പുറം തങ്ങന്മാര്‍ ‘ഖിലാഫത്ത് രാജ്’ എന്ന സ്വപ്‌നത്തില്‍ അഭിരമിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസത്തേക്കാണെങ്കിലും ആലി മുസലിയാര്‍ അത് സാധിതപ്രായമാക്കി എന്നു മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ ‘ഖിലാഫത്ത് സ്മരണ’കളില്‍ വ്യക്തമാക്കുന്നുണ്ട്.
മോഴികുന്നത്ത് എഴുതുന്നു: ”(1921) ആഗസ്റ്റ് 21-ന് കലക്ടറും പാര്‍ട്ടിയും കോഴിക്കോട്ടേക്ക് മടങ്ങിപ്പോയതിന് ശേഷം ആലി മുസലിയാര്‍ തിരൂരങ്ങാടി പളളിയില്‍ ഒരു ചെറിയ ഖലീഫയായി അധികാരത്തിലിരുന്നു. ഖുര്‍ആനിലെ അനുശാസനങ്ങള്‍ക്കനുസരിച്ച് മുസലിയാര്‍ ശിക്ഷാരക്ഷകള്‍ നടത്തിപ്പോന്നു. കട്ടവന്റെ കൈവെട്ടുമെന്ന ഖുര്‍ആനിലെ കല്‍പന ബലമായി പാസ്സാക്കി.” (ഖിലാഫത്ത് സ്മരണകള്‍, പു. 50-51)
ഈ വസ്തുത ഡോ.എം.ഗംഗാധരന്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ ആലി മുസല്യാര്‍ തിരുരങ്ങാടിയിലെ രാജാവായി സ്വയം അവരോധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലി മുസല്യാര്‍ രാജസ്ഥാനം അവകാശപ്പെട്ടു എന്നത് സ്ഥിരീകരിക്കാന്‍ ആലിമുസല്യാരെയും കൂട്ടുകാരെയും വിചാരണ ചെയ്യുന്ന അവസരത്തില്‍ രണ്ടുമാപ്പിളമാര്‍ സാക്ഷി പറയുകയുണ്ടായി.” (മലബാര്‍ കലാപം, പു.270). ആഗസ്റ്റ് 26ന് തിരൂരങ്ങാടി സന്ദര്‍ശിച്ച കെ.പി. കേശവമേനോന്‍ അവിടെ ഭരണം കൈയാളിയിരുന്നത് മുസല്യാരും സംഘവുമാണെന്നു എഴുതിയ കാര്യവും ഗംഗാധരന്‍ തന്റെ ഗ്രന്ഥത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
Discussion about this post