പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്ത് മിഡിൽ ഐലൻഡിലാണ് ഹില്ലിയർ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് 600 മീറ്റർ നീളവും 250 മീറ്റർ വീതിയുമുണ്ട്. യൂക്കാലിപ്റ്റസ്, പേപ്പർബാക്ക് മരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ അതിശയകരമായ ഉപ്പുവെള്ള തടാകം, തെക്കൻ മഹാസമുദ്രത്തിൻ്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. ഈ തടാകത്തിൽ സമുദ്രത്തേക്കാൾ 8 മടങ്ങ് ഉപ്പ് അടങ്ങിയിരിക്കുന്നു എന്നും പറയപ്പെടുന്നു. ഗവേഷണങ്ങളും ശാസ്ത്രീയ വിശകലനങ്ങളും ഉണ്ടായിരുന്നിട്ടും തടാകത്തിൻ്റെ അസാധാരണമായ ബബിൾഗം-പിങ്ക് നിറത്തിന്റെ കാരണം വളരെക്കാലമായി നിഗൂഢമായി തുടരുന്നു.
ചില ഗവേഷകർ തടാകത്തിൽ കാണപ്പെടുന്ന ഡുണാലിയല്ല സലൈന (Dunaliella salina) എന്ന മൈക്രോ ആൽഗകളാണ് വെള്ളത്തിന്റെ പിങ്ക് നിറത്തിന്റെ കാരണം എന്നും, ചിലർ ഉയർന്ന ഉപ്പ് സാന്ദ്രതയിൽ ജീവിക്കുന്ന ഹാലോഫിലിക് ബാക്ടീരിയ ആണിതിന് കാരണക്കാർ എന്നും വാദിക്കുന്നു. തടാകത്തിലെ വെള്ളത്തിൽ കാണപ്പെടുന്ന സോഡിയം ബൈകാർബണേറ്റും ഉപ്പും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് കാരണം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
1802 ൽ ബ്രിട്ടീഷ് സമുദ്രപര്യവേഷകൻ ആയ മാത്യു ഫ്‌ളിൻഡേഴ്‌സ് (Matthew Flinders) ആണ് ഹില്ലിയർ തടാകം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. ലോകമെമ്പാടും 29 പിങ്ക് തടാകങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഹില്ലിയർ വർഷം മുഴുവനും പിങ്ക് നിറത്തിൽത്തന്നെ തുടരുന്നു.
2012 ന് ശേഷം ഹില്ലിയർ സ്ഥിതി ചെയ്യുന്ന മിഡിൽ ഐലൻഡ് പ്രകൃതി സംരക്ഷണ കേന്ദ്രമായ ‘The Recherche Archipelago’യുടെ ഭാഗമായതിൽ ഇപ്പോൾ ഈ ദ്വീപിൽ നടക്കാനോ തടാകത്തിൽ നീന്തുവാനോ അനുവദിക്കില്ല. എന്നിരുന്നാലും പിങ്ക് തടാകത്തിനൊപ്പം നീല സമുദ്രവും, പച്ചപ്പും പ്രകൃതി സ്നേഹികൾക്ക് ആകാശത്തുനിന്നും മനോഹരമായ ഒരു കാഴ്ച വിരുന്നൊരുക്കുന്നു.
Discussion about this post