അസുൻസിയോൺ: ആഗോളതലത്തിൽ വളർന്നുവരുന്ന ശക്തിയാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏഷ്യയിലെ വലിയ ശക്തിയായും ഇന്ത്യ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേ വിദേശകാര്യമന്ത്രി ജൂലിയോ സീസർ അരിയോളയുമായി നടത്തിയ ചർച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ അമേരിക്കയിലേക്ക് സന്ദർശനം നടത്തിയതാണ് ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പരാഗ്വേ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിയാണ് ജയശങ്കർ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെപ്പറ്റി വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വളർച്ച, വ്യാപാരം, വികസന പങ്കാളിത്തം, നിക്ഷേപം എന്നിവയുടെ സാധ്യതകൾ പരിശോധിച്ചുവെന്നും സമ്പദ്‌വ്യവസ്ഥയ്‌ക്കപ്പുറം സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങി ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മറ്റ് മേഖലകളുണ്ടെന്നും ചർച്ചകൾക്ക് ശേഷം എസ്.ജയശങ്കർ പറഞ്ഞു. സമീപ വർഷങ്ങളിൽ വമ്പിച്ച വളർച്ച കൈവരിച്ച ലോകത്തിലെ ഏറ്റവും ചലനാത്മക സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇന്ത്യയ്‌ക്ക് കൃത്യമായ ബോധ്യം ഉണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളെയും കരാറുകളെയും ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളത്. എന്നാൽ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികളെ ചൈന അവഗണിച്ചുവെന്നും ഉഭയകക്ഷി ബന്ധത്തിൽ കരിനിഴൽ വീഴ്‌ത്തിയെന്നും സാവോപോളോയിൽ ജയശങ്കർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും ജയശങ്കർ പറഞ്ഞു.
Discussion about this post