ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ ജന്മഗ്രാമമായ സാക്കസില്‍ ഇറാന്‍ ഭരണകൂടത്തിന്‍റെ വെടിവയ്പില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പോരാളികളുടെ എണ്ണം 50 കടന്നു. മഹ്‌സ കൊല്ലപ്പെട്ടതിന്‍റെ നാല്‍പതാം നാള്‍ അനുസ്മരണത്തിനായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്. സൈന്യവും പോലീസും നടത്തിയ അതിക്രമങ്ങള്‍ക്കെതിലെ ലോകമെങ്ങും പ്രതിഷേധം പടരുകയാണ്. അതിനിടെ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ച മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വാര്‍ത്തയും ഇന്നലെ പുറത്തു വന്നു.
ഹമദാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ഇരുപത്തൊന്നുകാരി നെഗിന്‍ അബ്ദുള്‍മലേകിയാണ് രണ്ടാഴ്ച മുമ്പ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. സാനന്ദജ് പ്രവിശ്യയിലെ കോര്‍വെ നഗരത്തില്‍ നിന്നുള്ള നെഗിന്‍ അബ്ദുള്‍മലേകിയുടെ മരണം പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.
ഹെന്‍ഗാവ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സാണ് മലേകിയുടെ മരണം സ്ഥിരീകരിച്ചത്. 18ന് ഹമദാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രകടനത്തിനുനേരെ സുരക്ഷാസേന നടത്തിയ അതിക്രമത്തില്‍ മലേകിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് രക്തം വാര്‍ന്നാണ് നെഗിന്‍ മലേകി മരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അധികൃതരും യൂണിവേഴ്‌സിറ്റി സെക്യൂരിറ്റിയും സംഭവം പുറത്തുവരാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം സാക്കസില്‍ നടന്ന അക്രമങ്ങളില്‍ ഇറാനിലുടനീളം ഭരണകൂടത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. അനുസ്മരണച്ചടങ്ങുകള്‍ നടത്തരുതെന്ന് മഹ്‌സയുടെ അച്ഛന്‍ അമിനിക്കുമേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അത്തരമൊരു ചടങ്ങിനെപ്പറ്റി മുന്‍ധാരണയില്ലാതിരുന്നിട്ടും ആയിരങ്ങളാണ് സാക്കസില്‍ മഹ്‌സയുടെ കുഴിമാടത്തിലേക്ക് പൂക്കളുമായെത്തിയത്. ചടങ്ങിനുശേഷം സാക്കസിലെ പ്രവിശ്യാ ഗവണ്‍മെന്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തവര്‍ക്കെതിരെയാണ് സിന്ദാന്‍ സ്‌ക്വയറില്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.
കുര്‍ദിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ ഇന്നലെ പ്രകടനങ്ങള്‍ നടന്നു. മാരിവാനില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും പോലീസ് വെടിവച്ചു. ”അവര്‍ വെടിവയ്ക്കാന്‍ തയ്യാറാണെന്ന് അറിഞ്ഞുകൊണ്ട് തെരുവിലിറങ്ങുന്നത് എത്ര കഠിനമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. പക്ഷേ ഞങ്ങള്‍ക്ക് ഭയമില്ല. പോരാട്ടം വരും തലമുറയ്ക്കുവേണ്ടി.യാണ്. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല, എന്നാല്‍ ഞങ്ങള്‍ക്ക് സാധാരണ ജീവിതം വേണം. അതിനായി ഞങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാണ്’ സാക്കസിലെ സമരത്തില്‍ പങ്കെടുത്ത ഒരു ഇറാനിയന്‍ സ്ത്രീ പറഞ്ഞു.
Discussion about this post