ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന നിയമം റദ്ദാക്കി സുപ്രീംകോടതി വിധി വന്നത്. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച 56 പുനഃപരിശോധന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് യുവതി പ്രവേശനം ഏഴംഗ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അഞ്ചംഗ ബെഞ്ചില്‍ ഉണ്ടായിരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്. സാധാരണ പുനഃപരിശോധനാ ഹര്‍ജികള്‍ മുമ്പ് വിധിച്ച ജഡ്ജിമാര്‍ സര്‍ക്കുലേഷന്‍ വഴി പരിഗണിക്കുന്ന ഏര്‍പ്പാടാണ് കോടതിയില്‍ നിലവിലുള്ളത്. ഇതില്‍ നിന്ന് വിഭിന്നമായി വാദം കേട്ട ബെഞ്ച് തന്നെ സമ്മേളിക്കുകയും 45 മിനിട്ട് പുനഃപരിശോധന ഹര്‍ജിയുടെ നിലനില്‍പ്പിന്റെ കാര്യം ഗഹനമായി ചര്‍ച്ചചെയ്തശേഷം വിധി പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സാധാരണയായി സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ വരുമ്പോള്‍ അത് 2013ലെ ഉത്തരവ് പ്രകാരം സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കാറുള്ളത്. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ വന്ന നിരവധി പുനഃപരിശോധന ഹര്‍ജികള്‍ അതില്‍ നിന്നും മാറി ചിന്തിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചു. അതിനാലാണ് ഈ ഹര്‍ജികള്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനമെടുത്തത്. മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ ഒരു തുറന്ന ചര്‍ച്ചയാണ് ഹര്‍ജിക്കാരുടെ ആവശ്യം. തങ്ങളുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായാണ് അവര്‍ മതത്തെ കാണുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തമായി നിര്‍വചിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഒരേ ദേവനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചാണ് പലരും ആരാധിക്കുന്നത്. അതില്‍ ആരാണ് ശരിയെന്നത് വ്യാഖ്യാനിക്കുന്നത് അപകടകരമാണ്. ഒരു വ്യക്തിയുടെ ആരാധന സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ഭരണഘടനയ്ക്കുള്ളില്‍ നിന്ന് നിര്‍വചിക്കുന്നത് ശരിയല്ല. ശബരിമലയിലെ യുവതി പ്രവേശനം മാത്രമല്ല, വിവിധ മതങ്ങളുടെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക് കുറച്ചുകൂടി വിശാലമായ ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലത്. ശബരിമല കര്‍മസമിതിയുടെ പ്രധാന ആവശ്യങ്ങളെല്ലാം സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിനായി വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കര്‍മസമിതി കോടതിക്കുമുന്‍പില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചത്.
Discussion about this post