ഹൈദ്രാബാദ്: ഭാരതത്തിലെ 130 കോടി ജനങ്ങളെയും കാണുന്നത് ഹിന്ദുക്കളായാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. തെലുങ്കാനയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിച്ച വിജയസങ്കല്‍പ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും സംസ്‌കാരവും ഏതായാലും ഇന്ത്യയെ പിറന്ന മണ്ണായി വിശ്വസിക്കുന്ന ഇന്ത്യയെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മകന്‍ ഏതു ഭാഷ സംസാരിച്ചാലും ഏതു മതത്തില്‍പ്പെട്ടവനായാലും ഏത് ആരാധനാ രീതി പിന്തുടര്‍ന്നാലും വിശ്വാസമില്ലാത്തവനായാലും അവന്‍ ഹിന്ദുവാണ്. ഒരുമിച്ച് മുന്നേറുക എന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ ചിന്താഗതി. പ്രശസ്തമായ വാചകമാണ് നാനാത്വത്തിലെ ഏകത്വം എന്നത്. എന്നാല്‍ നമ്മുടെ രാജ്യം ഒരുപടി മുന്നിലാണ്. നാനാത്വത്തില്‍ ഏകത്വം മാത്രമല്ല, ഏകത്വത്തിലെ നാനാത്വവും നമുക്കുണ്ട്. നാം വൈവിധ്യത്തിനിടയില്‍ ഏകത്‌ലം തിരയുകയല്ല, വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് എല്ലാവരെയും സ്വീകരിക്കുന്ന പ്രസ്ഥാനമാണ്. എല്ലാവരെയും പുരോഗതിയുടെ ഉന്നതനിലയിലേക്ക് എത്തിക്കാന്‍ ഓരോ സ്വയംസേവകനും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേന്ദ്രആഭ്യന്തരസഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് മുതലായവര്‍ പങ്കെടുത്തു.
Discussion about this post