ഇര്‍ഫാന്‍ ഹബീബ് എന്ന മാര്‍ക്‌സിസ്റ്റ് അനുഭാവിയായ ചരിത്രകാരനെ ഏറ്റുപിടിച്ച് അര്‍ബന്‍ നക്‌സലുകള്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നവമാനം രചിക്കാനുള്ള തയാറെടുപ്പിലാണ്. ചരിത്രത്തെ ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരന്‍ വ്യാഖ്യാനിക്കുന്നത് സത്യത്തിന്റെ പക്ഷം പിടിച്ചല്ല, മറിച്ച് അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കനുസരിച്ചാണെന്ന് അറിയപ്പെടുന്ന ചരിത്രകാരന്മാര്‍ മുഴുവന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ചരിത്രത്തിന്റെ സത്ത ഉള്‍ക്കൊണ്ട് ചരിത്രത്തെ വ്യാഖ്യാനിച്ച മഹാമനീഷികളായ ഡോ. ബി.ബി. ലാല്‍, ഡോ. മണി, ആര്‍.സി. മജുംദാര്‍, അശോക് കുമാര്‍ പാണ്ഡെ തുടങ്ങിയവരെ മുഴുവന്‍ നിരാകരിക്കുന്ന രീതിയിലാണ് ഇര്‍ഫാന്‍ ഹബീബ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. അഹൈന്ദവങ്ങളായ പല അന്ധവിശ്വാസങ്ങളെയും ആ വിശ്വാസങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് രീതിയാണ് ഇര്‍ഫാന്‍ ഹബീബിന്റേത്. മലയാളി ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണന്‍, കെ.കെ. മുഹമ്മദ് തുടങ്ങിയവരെയൊക്കെ വളരെ പരിഹസത്തോടെയാണ് ഇര്‍ഫാന്‍ ഹബീബ് എന്നും കണ്ടിട്ടുള്ളത്. താന്‍ പറഞ്ഞതുമാത്രമാണ് ശരിയെന്നും ബാക്കിയുള്ളവര്‍ക്കൊന്നും ചരിത്രമറിയില്ലെന്നുമുള്ള വിഡ്ഢിയായ കമ്മ്യൂണിസ്റ്റാണു താനെന്ന് നിരന്തരം സ്വയം സാക്ഷ്യപ്പെടുത്തുകയാണ് അദ്ദേഹം. കണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇര്‍ഫാന്‍ ഹബീബിന്റെ താത്പര്യങ്ങള്‍ മാനിച്ചല്ല പ്രസംഗിച്ചതെന്ന കാരണം കൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തുകയും അദ്ദേഹത്തെ അപമാനിക്കാന്‍ മുതിരുകയുമായിരുന്നു ഇര്‍ഫാന്‍ ഹബീബ്. മലയാള മാധ്യമങ്ങള്‍ സത്യത്തെ വളച്ചൊടിക്കുമ്പോള്‍ അതിന്റെ പിന്നാലെ പോകുന്ന ചിലരെങ്കിലും ഗവര്‍ണറെ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. തൊണ്ണൂറാം വയസിലും നക്‌സലിസത്തിന്റെ പ്രഭാവം തന്നില്‍ അണയാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ് എന്ന വ്യക്തി. ആരിഫ് മുഹമ്മദ് ഖാനെ എതിര്‍ക്കുന്നതിലുപരി തന്റെ സാന്നിധ്യം ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇര്‍ഫാന്‍ ഹബീബില്‍ നിറഞ്ഞുനിന്നത്. അയോധ്യയില്‍ ഉത്ഖനനം നടന്നപ്പോള്‍ കെ.കെ. മുഹമ്മദ് അതില്‍ പങ്കെടുത്തില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. കെ.കെ. മുഹമ്മദ് അയോധ്യയില്‍ 1976-77 കാലഘട്ടത്തില്‍ നടന്ന ഉത്ഖനനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വാദിക്കാന്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ പ്രൊഫ. നദീം റിസ്‌വിയും ഇര്‍ഫാന്‍ ഹബീബിനൊപ്പം മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. കെ.കെ. മുഹമ്മദ് ഒരു ലേഖനത്തില്‍ ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. ‘ഞാന്‍ ഗവേഷണത്തില്‍ പങ്കെടുത്തിരുന്നില്ലെന്നുമൊക്കെയുള്ള പ്രസ്താവനകളുമായി പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവര്‍ രംഗത്തുവന്നത് സ്വാഭാവികം മാത്രമാണ്. അദ്ദേഹം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. എല്ലാവരും ആ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ അതിന് തയ്യാറല്ലായിരുന്നു. അതായിരിക്കാം അദ്ദേഹത്തിന്റെ എതിര്‍പ്പിനുള്ള കാരണം. കമ്മ്യൂണിസത്തിന്റെ വലിയ തെറ്റുകളിലൊന്നാണിത്. സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരാണെന്നാണ് എന്റെ തോന്നല്‍. ലോകത്തെ മാറ്റിമറിക്കണമെന്ന വിപ്ലവകരമായ ചിന്തയാണവര്‍ക്ക്. പക്ഷേ ഇടത് ബുദ്ധിജീവികളില്‍ പലരും അവരുടെ ചിന്താഗതി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് വിധേയരാവത്തവരെ ശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടും. ഈ ചിന്താഗതി പലരുടെയും ഭാവി തകര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിനെതിരെ നിലകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞ ചുരുക്കം ചിലരില്‍ ഞാനും പെടും. പ്രൊഫ. ലാലിന്റെ ഉത്ഖനനത്തില്‍ ഞാനുണ്ടായിരുന്നില്ലെന്നുമൊക്കെയുള്ള വിവാദം വീണ്ടുമുയര്‍ന്നത് ഈ വേട്ടയാടലിന്റെ ഭാഗമായിട്ടാണ്. അലിഗഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ. നദീം റിസ്വിയാണ് ഈയടുത്ത് അത്തരം പ്രസ്താവനയുമായി രംഗത്തുവന്നതും അതേ ചേരിയിലെ ചില പ്രമുഖര്‍ അത് ഏറ്റുപിടിച്ചതും. അലഗഡ് മുസ്ലീം സര്‍വകലാശാലയിലെ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമാണ് അനാവശ്യവിവാദമാക്കിയത്. അലിഗഡ് സര്‍വകലാശാലയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് ആര്‍ക്കിയോളജി, അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നീ പോസ്റ്റുകള്‍ക്ക് അപേക്ഷിച്ച അവസരത്തില്‍ എന്റെ അപേക്ഷയില്‍ വ്യക്തമാക്കിയ വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാവുന്ന കാര്യങ്ങളാണ് അനാവശ്യമായി വിവാദമാക്കിയത്. ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു. എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. പ്രൊഫ. ബി.ബി. ലാല്‍ തന്നെ എന്റെ വാദത്തെ അംഗീകരിച്ചുകൊണ്ട് രംഗത്തുവന്നതോടെ വിവാദക്കാരുടെ വായടഞ്ഞു. 98 വയസ് പ്രായമുള്ള അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഇക്കാര്യത്തില്‍ ഇടപെട്ട് ഇ മെയിലിലൂടെ വിശദീകരണം പുറത്തുവിട്ടത്. എന്റെ കൂടെ അന്ന് ഗവേഷണസംഘത്തിലുണ്ടായിരുന്ന അശോക് കുമാര്‍ പാണ്ഡെ, ചതുര്‍വേദി, രംഗനാഥ് തുടങ്ങിയവരും രംഗത്തുവന്നതോടെ വിവാദത്തിന് അടിസ്ഥാനമില്ലാതെയായി. പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത് അയോധ്യ ഉത്ഖനനവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്. വാസ്തവവിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ മലയാള പത്രങ്ങളില്‍ മാധ്യമം ഏറ്റുപിടിച്ചു. നിലവാരം കുറഞ്ഞരീതിയിലാണ് എനിക്കെതിരെ വാര്‍ത്തകള്‍ പടച്ചുവിട്ടത്. റിസ്വിയും ഇര്‍ഫാന്‍ ഹബീബുമൊക്കെ ഇതിനു മുന്‍പും എനിക്കെതിരെ രംഗത്തുവന്നിരുന്നു. ധാര്‍മികമായ എല്ലാ മര്യാദകളും ലംഘിക്കുന്നതരത്തിലായിരുന്നു അത്.’ തന്റേതായ അസ്ഥിത്വമുറപ്പിക്കാന്‍ എന്തു നുണയും പടച്ചുവിടാന്‍ ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ളവര്‍ക്ക് യാതൊരു മടിയുമില്ല. വെറും അര്‍ബന്‍ നക്‌സലിസത്തിന്റെ വക്താക്കളാകുന്ന ഇടത് മാധ്യമപ്രവര്‍ത്തകര്‍ ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവരെ സത്യപ്രവാചകന്മാരായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വളരെയേറെ വിജയിക്കുകയും ചെയ്യുന്നുണ്ട്. പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണനും ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള അര്‍ബന്‍ നക്‌സലുകളെ തുറന്നുകാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു സംഭാഷണത്തില്‍ ഇടത് ചരിത്രകാരന്മാരെ മൊത്തത്തില്‍ വിലയിരുത്തുന്നത് ഇങ്ങിനെയാണ്:- ‘പുരാവസ്തു ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമീപിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പലരും മുന്‍വിധിയോടെ അവരവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ കണക്കിലെടുക്കുകയും മറ്റുള്ള മറച്ചുവയ്ക്കുകയും ചെയ്യുന്നുവെന്നതാണ് നിര്‍ഭാഗ്യകരം. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നില്ലെന്ന നിലപാടില്‍ ഇടതുപക്ഷ ചരിത്രകാരന്മാര്‍ എത്താന്‍ കാരണം അവരുടെ മുന്‍വിധി ന്യായീകരിക്കുക എന്ന ലക്ഷ്യംവച്ചുമാത്രമാണ്. സത്യസന്ധമായ സമീപനമാണ് ഡോ. ബി.ബി. ലാല്‍, ഡോ. മണി എന്നിവര്‍ നടത്തിയത്. പുരാവസ്തു ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.കെ. മുഹമ്മദും അക്കാലത്ത് പര്യവേക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. അയോധ്യയെ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് പര്യവേക്ഷണമാരംഭിച്ചത്. മുന്‍പവിടെ ക്ഷേത്രമുണ്ടായിരുന്നോ അതോ മസ്ജിദായിരുന്നോ, ക്ഷേത്രം നശിപ്പിച്ച് മസ്ജിദ് പണിതതാണോ എന്നിവയെല്ലാമായിരുന്നു തര്‍ക്കം. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നില്ലെന്നായിരുന്നു ഇടത് നിലപാട്. ബുദ്ധിമാനായ ആര്‍ക്കിയോളജിസ്റ്റാണ് ഇര്‍ഫാന്‍ ഹബീബ് എങ്കിലും അദ്ദേഹം തികഞ്ഞ ഒരു മാര്‍ക്സിസ്റ്റ് പക്ഷപാതിയായിരുന്നു. മാര്‍ക്സിസ്റ്റ് പക്ഷത്തുനിന്ന് അഭിപ്രായം പറയാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചത്. മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ എന്നും ഒരു പക്ഷം പിടിച്ചാണ് നിലപാടുകള്‍ എടുക്കുക. വസ്തുതകളേക്കാള്‍ അവര്‍ക്ക് പ്രധാനം പാര്‍ട്ടിയാണ്. വസ്തുനിഷ്ഠമായ ചരിത്രഗവേഷണമോ പുരാവസ്തുഗവേഷണമോ അവര്‍ അംഗീകരിക്കില്ല. അവര്‍ ചെയ്യുകയുമില്ല. ഇനിയവര്‍ക്ക് അതിന് സാധിക്കുമെന്നും തോന്നുന്നില്ല. ചരിത്രഗവേഷണത്തിലെ സത്യസന്ധത, സുതാര്യത, നിഷ്പക്ഷത എന്നിവ ഇടത് ചരിത്രകാരന്മാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ബാബ്റി മസ്ജിദിന്റെ കാര്യത്തിലും അവര്‍ക്ക് ഇതേ സമീപനമാണ്. സ്വന്തം നിലപാട് സാധൂകരിക്കാന്‍ അവര്‍ ശ്രമിക്കും. പാര്‍ട്ടി താത്പര്യമാണ് അവര്‍ക്ക് പ്രധാനം. കഴിവും പ്രാപ്തിയുമുള്ള ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവര്‍ പോലും ഈ സമീപനമാണ് പിന്തുടര്‍ന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. എന്നെപ്പോലെയുള്ള ചരിത്രകാരന്മാര്‍ക്ക് അതിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. പുരാവസ്തുഗവേഷണഫലമായി കണ്ടെത്തിയ വസ്തുതകളെ തമസ്‌കരിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ നടത്തിയ ശ്രമങ്ങള്‍ ഐസിഎച്ച്ആറിന്റെ ചുമതലയിലിരിക്കുമ്പോള്‍ എനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്.’ ഇത്തരത്തില്‍ കമ്മ്യൂണിസത്തിന്റെ പ്രചാരണം മാത്രം ലക്ഷ്യമാക്കി സത്യങ്ങളെ തള്ളി അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഒരു സംഘത്തലവനാണ് ഇര്‍ഫാന്‍ ഹബീബെന്ന ചരിത്രകാരനെന്ന് സമൂഹം വിലയിരുത്തുന്നത് കാണാതെ പോകരുത്.
Discussion about this post