ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരവുമായി മോദി സര്‍ക്കാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും. എല്ലാ എംപിമാര്‍ക്കും ഓഫീസ് സൗകര്യത്തോടെ നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന് അടുത്തുതന്നെയാവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം. പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. ഇതോടെ വിവിഐപികള്‍ സഞ്ചരിക്കുന്നതുകാരണമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ കുറയ്ക്കാനുമാകും. വിജയ് ചൗക്കിനടുത്തുള്ള വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഓഫീസ് കെട്ടിടങ്ങളും പൊളിച്ചുപണിയും. ഈ ഭാഗങ്ങളില്‍ അടുത്തകാലത്തുണ്ടാക്കിയ കെട്ടിടങ്ങള്‍മാത്രമേ നിലനിര്‍ത്തൂ. പുതുതായി നിര്‍മിക്കുന്നവയെല്ലാം എട്ടുനില കെട്ടിടങ്ങളായിരിക്കും. ശാസ്ത്രിഭവനും നിര്‍മാണ്‍ ഭവനും പൊളിച്ച് പകരം പത്ത് അത്യാധുനിക കെട്ടിടങ്ങളുണ്ടാക്കും. ഇപ്പോഴത്തെ പാര്‍ലമെന്റ് സമുച്ചയത്തിലെ പാര്‍ക്കിങ് കേന്ദ്രത്തിനടുത്താകും പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും. ഇപ്പോഴത്തെ പാര്‍ലമെന്റ് സമുച്ചയത്തിനകത്തുതന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുന്നത്. പ്രത്യേക ശബ്ദക്രമീകരണ സംവിധാനവും അതിലുണ്ടാകും. രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം നടത്താനാകുംവിധം 900 മുതല്‍ 1000 സീറ്റുകള്‍ പുതിയ ലോക്‌സഭയിലുണ്ടാകും. നിലവില്‍ സെന്‍ട്രല്‍ ഹാളിലാണ് സംയുക്ത സമ്മേളനം നടത്താറ്. റിപ്പബ്ലിക്ദിന പരേഡ് നടക്കുന്ന രാജ്പഥിന് ഇരുവശത്തും വിവിധ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ വരാനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയെന്നപേരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് നഗരവികസന മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പൂര്‍ത്തിയാവാന്‍ 2024 ആകുമെങ്കിലും 2022ഓടെ പാര്‍ലെന്റ് മന്ദിരം പണിതുതീര്‍ക്കുമെന്നാണ് പ്രതീക്ഷ. രാജ്പഥിന് ഇരുവശത്തുമായി വിജയ്ചൗക്കില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റും. ഒരു ബ്ലോക്കില്‍ 1857ന് മുമ്പുള്ള ഇന്ത്യയുടെ ചരിത്രവും മറ്റൊന്നില്‍ അതിനുശേഷമുള്ളതും പ്രദര്‍ശിപ്പിക്കും. രാഷ്ട്രപതിഭവന്‍ മുതലുള്ള റിഡ്ജ് മേഖലയെ ദേശീയ ജൈവവൈവിധ്യപാര്‍ക്കായി വികസിപ്പിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാജ്യത്തിന്റെ ജൈവവൈവിധ്യം അതിലുണ്ടാകും.
Discussion about this post