ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം അതിന്റെ എഴുപത്തിയൊന്നാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരേസമയം അവസരങ്ങളും വെല്ലുവിളികളും നേരിടുകയാണ്. ഭാരതത്തിന്റെ തലങ്ങും വിലങ്ങും ജനതയ്ക്കിടയില്‍ പ്രഖരമായ ദേശഭക്തി അലയടിക്കുന്ന ഈ വേളയില്‍ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് രാഷ്ട്രം കടന്നുപോകുന്നതെന്ന് നിസ്സംശയം പറയാം. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് കടുത്ത വിവേചനം ഏര്‍പ്പെടുത്തിയിരുന്ന മുത്തലാഖ് കുറ്റകരമായി പ്രഖ്യാപിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയതും, ദേശീയോദ്ഗ്രഥനത്തിന് തടസ്സമായി കശ്മീരിന് ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് മതപീഡനം മൂലം പലായനം ചെയ്യേണ്ടിവന്ന ഹിന്ദു, ബൗദ്ധ, സിഖ്, ക്രൈസ്തവ, പാര്‍സി, ജൈന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്ന നിയമനിര്‍മാണം നടത്താന്‍ കഴിഞ്ഞതും ചരിത്രപരമായ തീരുമാനങ്ങളാണ്. രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പരമോന്നത നീതിപീഠം അനുമതി നല്‍കിയത് കോടാനുകോടി ദേശസ്‌നേഹികളെ പുളകം കൊള്ളിച്ചിരിക്കുകയാണ്.
ജനക്ഷേമം ലക്ഷ്യമാക്കി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ ഒരു ഭരണകൂടം അധികാരത്തില്‍ തുടരുന്നതില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പൗരബോധമുള്ളവര്‍ സന്തോഷിക്കുമ്പോള്‍, ചില വൈദേശിക ശക്തികളും അവര്‍ക്ക് വിടുപണി ചെയ്യുന്നവരും കടുത്ത അസഹിഷ്ണുതയാണ് പുലര്‍ത്തുന്നത്. ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ഭാരതം മുന്നേറുന്നത് കാണാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യാതിര്‍ത്തികളും സാംസ്‌കാരിക സവിശേഷതകളും മാനിക്കാതെ ആഗോളതലത്തില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന ഇസ്ലാമിക ഭീകരവാദവും, അവരുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ഇടതുപക്ഷ ശക്തികളും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സജീവമാണ്. ഐഎസ് എന്ന ആഗോള ഭീകര സംഘടനയുടെ റിക്രൂട്ടിങ് കേന്ദ്രമായി കേരളത്തെ മാറ്റാനാണ് സ്ഥാപിതശക്തികള്‍ ശ്രമിക്കുന്ന്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച് ഇക്കൂട്ടര്‍ അരുംകൊലകള്‍ നടത്തുന്നു. സാമ്രാജ്യത്വ-ക്രൈസ്തവ ശക്തികളും ഭാരതത്തിന്റെ മുന്നേറ്റം തടയാന്‍ കരുനീക്കങ്ങള്‍ നടത്തുകയാണ്. ഈ ശിഥിലീകരണ ശക്തികളെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
സമൃദ്ധമായ രാഷ്ട്രവും സംതൃപ്തരായ ജനതയുമാവണം നമ്മുടെ ലക്ഷ്യം. ഇതിന് ഭാരതം അതിന്റെ എല്ലാ സൗഭാഗ്യങ്ങളും ആര്‍ജിക്കേണ്ടതുണ്ട്. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഭാരതീയര്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ഒരിക്കല്‍ക്കൂടി പ്രതിജ്ഞയെടുക്കാം.
Discussion about this post