തിരുവനന്തപുരം: സംസ്ഥാനത്തെ തീരഭൂമികള്‍ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ കൈയേറി മത്സ്യത്തൊഴിലാളികള്‍ക്ക് മറിച്ചുവില്‍ക്കുന്നു. അടിമലത്തുറയിലാണ് ഏക്കര്‍ കണക്കിന് ഭൂമി കൈയേറി മൂന്നു സെന്റുകളായി തിരിച്ച് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പന നടത്തുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജിലാണ് സമുദ്രതീര പുറമ്പോക്ക് അതിര്‍ത്തി കെട്ടി തിരിച്ച് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. സമുദ്രതീരം കൈയേറുന്നതില്‍ നിന്ന് ലത്തീന്‍ സഭയെ വിലക്കി കോട്ടുകാല്‍ വില്ലേജ് ഓഫീസര്‍ ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അഞ്ചേക്കറിലധികം തീരം സഭ കൈയേറിക്കഴിഞ്ഞു. ഈ കൈയേറ്റ ഭൂമി മൂന്ന് സെന്റ് വീതമുള്ള ബ്ലോക്കുകളാക്കി തിരിച്ച് നൂറിലേറെ കുടുംബങ്ങള്‍ക്ക് വില്‍പന നടത്തിക്കഴിഞ്ഞു. ലത്തീന്‍ സഭയുടെ കീഴിലുള്ള അമലോത്ഭവമാതാ പള്ളി കമ്മിറ്റിയാണ് വില്‍പനയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. പള്ളി കമ്മിറ്റിക്ക് പണം നല്‍കി ഭൂമി വാങ്ങിയവര്‍ക്ക് ഇതുവരെ യാതൊരു രേഖയും നല്‍കാന്‍ അവര്‍ തയാറായിട്ടില്ല. പകരം ഇവരെ പള്ളി കമ്മിറ്റി സംരക്ഷിക്കും എന്ന ഉറപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇടവകയിലെ മത്സ്യത്തൊഴിലാളികള്‍ പള്ളിക്ക് പണം നല്‍കിയതായി സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞവര്‍ഷം ജില്ല കലക്റ്റര്‍ വിളിച്ച യോഗത്തില്‍ കൈയേറ്റ ഭൂമിയുടെ വില്‍പന സ്ഥിരീകരിച്ചതുമാണ്. ഇതിനെതിരെ റവന്യൂ വകുപ്പും പഞ്ചായത്തും രംഗത്തുവന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി സഭ ചെറുത്തുനില്‍ക്കുകയാണുണ്ടായത്. ഉന്നതാധികാരികള്‍ വിലക്കിയിട്ടും കൈയേറിയ തീരപ്രദേശത്ത് നിര്‍മാണം തുടരുകയാണ്. കുടുംബങ്ങള്‍ കൂടിയപ്പോള്‍ തങ്ങള്‍ പുനരധിവാസത്തിന് നേതൃത്വം നല്‍കുകയാണെന്നാണ് വൈദികന്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിശ്ചിത തുക ഈടാക്കി മറിച്ചുവില്‍ക്കാന്‍ പള്ളി കമ്മിറ്റിക്ക് എങ്ങിനെയാണ് സാധിക്കുന്നത് എന്നതിന് അവര്‍ ഉത്തരം നല്‍കുന്നില്ല. ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തിന്റെ തീരഭൂമിയാകെ കൈയേറ്റക്കാരുടെ അധീനതയിലാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Discussion about this post