കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ
നേരിൽ കണ്ടു. സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്സ് മുടങ്ങിക്കിടക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് അടിയന്തിര പ്രാധാന്യത്തോടുകൂടി ഇ ഗ്രാന്റ്സ് ലഭ്യമാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച് നിലപാട് സുതാര്യമാക്കണമെന്നും മന്ത്രിയോട് പറഞ്ഞു. വിവിധ സർവകലാശാലകളിലെ അക്കാദമിക് കലണ്ടറുകൾക്ക് പൊതുസ്വഭാവവും സമയക്രമത്തിലുള്ള ഏകീകരണവും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം ഒഴിഞ്ഞുകിടക്കുന്ന ഗവണ്മെന്റ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം ഉടനടി പൂർത്തിയാക്കണം. അല്ലാത്തപക്ഷം എബിവിപി സമരരംഗത്തേക്ക് കടക്കുമെന്ന് അറിയിച്ചു. വിദേശസർവകലാശാല -സ്വകാര്യ സർവകലാശാല തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ മുൻ നിലപാട് തിരുത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ അറിയിച്ചു, വിദേശ സർവകലാശാല വിഷയത്തിൽ മുൻനിലപാട് പുനഃപരിശോധിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുകയും അതുമായി ബന്ധപ്പെട്ട ആശങ്കകൾ അവതരിപ്പിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള 4 വർഷത്തെ ബിരുദം ഉൾപ്പടെയുള്ള വിഷയങ്ങൾ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നായത്തോട് മുഖം തിരിച്ചിനിൽക്കുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും പുതിയ വിദ്യാഭ്യാസ നയം കേരളത്തിൽ എത്രയും പെട്ടെന്ന് പൂർണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനപ്രവർത്തക സമിതി അംഗം കെ എം വിഷ്ണു, സംസ്ഥാന സമിതി അംഗം യദുകൃഷ്ണ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Discussion about this post