തിരുവനന്തപുരം: കര്‍മ്മ മാര്‍ഗത്തില്‍ അവ്യക്തതകള്‍ ഉണ്ടാകുമ്പോള്‍ ആശ്രയിക്കാവുന്ന മാര്‍ഗ ദര്‍ശിയായിരുന്നു പി. പരമേശ്വര്‍ജി എന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നമാമി പരമേശ്വരം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു ജനതയ്ക്ക് മുഴുവന്‍ ആത്മീയ അറിവു നല്‍കിയ പരമേശ്വര്‍ജിയുടെ ജീവിതം ഒരുപാഠ പുസ്തകമാണ്. ഭഗവദ് ഗീതയെ അടുത്തറിഞ്ഞ മഹാത്മാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ഭഗവദ് ഗീതയെ എങ്ങിനെ ലളിതമായി വ്യാഖ്യാനിക്കാം എന്ന് ചോദിച്ചു. കര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടാതിരിക്കുക, പ്രശ്‌നങ്ങളെ ധീരമായി നേരിടുക, സത്യത്തിനായി ഏതറ്റംവരെയും പോകുക, ഫലം ഏറ്റെടുക്കാതിരിക്കുക; ഇതായിരുന്നു പരമേശ്വര്‍ജി നല്‍കിയ വിശദീകരണം. എല്ലാ അര്‍ത്ഥത്തിലും ഉത്തമ സ്വയംസേവകനായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍ പറയുന്ന അഞ്ചും പ്രതിജ്ഞയില്‍ പറയുന്ന നാലും ഉള്‍പ്പെടെ ഒമ്പത് ഗുണങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നു. ഇടപെട്ടവരില്‍ സ്വാധീനം ചെലുത്താന്‍ പരമേശ്വര്‍ജിക്ക് സാധിച്ചത് ഈ ഗുണങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നു. പരമേശ്വര്‍ജിയുടെ വിയോഗം ഒരു വിടവാണെങ്കിലും അതു നികത്താന്‍ നിരവധിപേര്‍ മുന്നോട്ടു വരും. ഡോക്ടര്‍ജി അന്തരിച്ചപ്പോള്‍ സംഘത്തിന് ഭാവിയില്ലെന്ന് കരുതിയവര്‍ നിരവധി പേരായിരുന്നു. എന്നാല്‍ ഡോക്ടര്‍ജിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് പരമേശ്വര്‍ജിയെപ്പോലെ നിരവധി പേരാണ് രംഗത്തു വന്നത്. അതുപോലെ സംഘപ്രവര്‍ത്തനം അ വിഘ്‌നം മുന്നോട്ടു പോയി. അതുപോലെ പരമേശ്വര്‍ജിയുടെ ശൂന്യത നികത്താന്‍ ചെയ്യാവുന്നത് അദ്ദേഹം തുടങ്ങിവെച്ച കര്‍മ്മങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ്. ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു.

കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ. പ്രബോധചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആത്മീയ ആചാര്യന്‍ ശ്രീ എം., ശ്രീരാമകൃഷ്ണ പരമ്പരയിലെ സ്വാമി സദ്ഭവാനന്ദ, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി അമൃത സ്വരൂപാനന്ദ, കവി പി. നാരായണകുറുപ്പ്, ജോര്‍ജ് ഓണക്കൂര്‍, ചെങ്കല്‍ മഹേശ്വര മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സരസ്വതി, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഉപാധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ സ്വാഗതം പറഞ്ഞു.
പി.പരമേശ്വരന്റെ കവിതകള്‍ കാവാലം ശ്രീകുമാര്‍ ആലപിച്ചു. രമേശ് നാരായണന്‍, മകള്‍ മധുശ്രി എന്നിവര്‍ ആലപിച്ച സരസ്വതി വന്ദനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. ആര്‍.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ്, വി.സുരേന്ദ്രന്‍, നിവേദിത ബിഡേ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post