ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകൾ അമൂല്യമാണ്. വിശ്വശാന്തിക്കുള്ള ഭാരതത്തിന്റെ പരമമന്ത്രമാണ് ആചാര്യൻ ലോകത്തിനെ ഓർമപ്പെടുത്തിയത്. ആധുനിക കാലഘട്ടത്തിൽ മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘർഷങ്ങൾ നിറഞ്ഞ ലോകത്തിന് ശാന്തിയിലേക്കുള്ള വഴി. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമചൈതന്യം ഒന്നു തന്നെയാണെന്ന അദ്വൈതമന്ത്രം. ഭാരതീയ ദർശനങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ആചാര്യസ്വാമികൾ കൃത്യമായ ഭാഷ്യം നൽകി. ആത്മീയവും ഭൗതികവും രാജനൈതികവുമായ രംഗങ്ങളിലെല്ലാം ആചാര്യസ്വാമികളുടെ പ്രഭാവം പ്രകടമാണ്.
വേദാധിഷ്ഠിതമല്ലാത്തതൊന്നും ആചാര്യന് സ്വീകാര്യമായിരുന്നില്ല. വേദവിരുദ്ധമായ സർവത്തേയും വാദമുഖങ്ങൾ കൊണ്ട് പരാജയപ്പെടുത്തി. ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന അദ്വൈത മന്ത്രം അരക്കിട്ടുറപ്പിക്കുന്നതിൽ ആചാര്യൻ വിജയിച്ചു. വേദാധിഷ്ഠിതമായ സനാതതധർമ പ്രതിഷ്ഠാപനത്തിനായി ഭാരതത്തിന്റെ നാലു ദിശകളിലായി അദ്ദേഹം നാലു മഠങ്ങൾ സ്ഥാപിച്ചു. ഒഡിഷ സംസ്ഥാനത്തിലെ പുരിയിൽ ശ്രീ ഗോവർദ്ധനപീഠം, ഗുജറാത്തിലെ ജാമ്‌നഗറിൽ ദ്വാരകാ ശാരദാ പീഠം, ഉത്തരഖണ്ഡിലെ ബദരിയിൽ ശ്രീ ജ്യോതിർ പീഠം, കർണാടകയിലെ ശ്രംഗേരിയിൽ ശ്രീ ശാരദാ പീഠം. നാല് ശിഷ്യന്മാർക്ക് ഓരോ മഠത്തിന്റെയും ചുമതലയേൽപിക്കുകയും ചെയ്തു. പുരിയിൽ പത്മപാദാചാര്യ, ദ്വാരകയിൽ സ്വാമി സുരേശ്വരാചാര്യ (മണ്ഡനമിശ്രൻ), ബദരിയിൽ തോടകാചാര്യ, ശ്രംഗേരിയിൽ ഹസ്താമലകാചാര്യ.
പ്രപഞ്ചവിജ്ഞാനത്തിലെ കലവറകളായ നാല് വേദങ്ങൾ ധാരമുറിയാതെ തലമുറകളിലേക്ക് പകർന്നു നൽകാൻ ഓരോ പീഠത്തിനും ഓരോ വേദവും നിർദേശിച്ചു; പുരിയിൽ ഋഗ്വേദം, ശ്രംഗേരിയിൽ യജുർവേദം, ദ്വാരകയിൽ സാമവേദം, ബദരിയിൽ അഥർവവേദം.
ദേശീയൈക്യത്തിന്റെയും ആത്മീയ, സാംസ്‌കാരിക നവോത്ഥാനത്തിന്റെയും പതാകാവാഹകനായിരുന്ന ശങ്കാരാചാര്യരുടെ മഹത്വം കേരളം വേണ്ട രീതിയിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത പുനർനവീകരിച്ച കാശി വിശ്വനാഥ സമുച്ചയത്തിൽ ശങ്കരാചാര്യസ്വാമികളുടെ ശില്പത്തിന് സ്ഥാനം ലഭിച്ചപ്പോൾ ശങ്കര ജന്മസ്ഥാനമായ കാലടിയിലെ സംസ്‌കൃത സർവകലാശാലക്ക് മുന്നിൽ ശ്രീ ശങ്കര ശില്പം സ്ഥാപിക്കുന്നതിന് എന്തൊരെതിർപായിരുന്നു! ശ്രീ ശങ്കര ശില്പം സ്ഥാപിച്ചപ്പോഴാകട്ടെ കമ്യൂണിസ്റ്റു പാർട്ടിക്കും പോഷകസംഘടനകൾക്കും കൊടിതോരണങ്ങൾ തൂക്കാനുള്ള ഷെഡായി അത് മാറുകയും ചെയ്തു!
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഭാരതത്തിലെങ്ങുമുള്ള അനേകായിരങ്ങളുടെ തീർഥാടന കേന്ദ്രമാകുന്നത് അവതാരപുരുഷന്റെ ജന്മസ്ഥലമെന്ന നിലയിലാണ്. ഭാരതം നേരിടുന്ന അനേകം പ്രശ്‌നങ്ങളുടെ പരാഹാരം ആദിശങ്കരനിലേക്ക് മടങ്ങുകയാണെന്ന് ഭാരതം തിരിച്ചറിയുന്നുണ്ട്. ലോകത്തെ ഗ്രസിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെ പരിഹാരവും അതുതന്നെയാണ്.
സ്വാതന്ത്ര്യന്റെ ശതാബ്ദി വർഷമായ 2047നകം ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള വികസിതരാജ്യമായി മാറുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഇപ്പോൾതന്നെ ഭാരതം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകും. ഇന്ന് ലോകം ഭാരതത്തിന്റെ വാക്കുകൾക്ക് വില കൽപിക്കുന്നുമുണ്ട്. സമസ്ത മേഖലകളിലും നാം വമ്പിച്ച പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
ലോകത്തിൽ ഭാരതത്തിന്റെ ജനസംഖ്യ 144 കോടിയാണ്. ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ് ഭാരതം.
ഭാരതത്തിന്റെ പൈതൃകം ഋഷി സംസ്‌കാരത്തിൽ അധിഷ്ഠിതമാണ്. ആരാധനാലയങ്ങളും പൗരാണിക ശാസ്ത്രങ്ങളും അതിന്റെ ഭാഗമാണ്. ഭാരതീയ യോഗ, ആയുർവേദം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവക്കെല്ലാം ഇന്ന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഭാരതത്തിന്റെ തത്വശാസ്ത്രങ്ങൾക്കും ലോകമാകെ സ്വീകാര്യത ലഭിച്ചുവരുന്നു. ഏകം സത് വിപ്രാ ബഹുധാ വദന്തി, ലോകാ സമസ്താ സുഖിനോ ഭവന്തു, ലോകമേ തറവാട് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ വെളിപ്പെടുന്ന അദ്വൈതസിദ്ധാന്തത്തിന്റെ ആത്മാവിഷ്‌കാരങ്ങൾ തന്നെയാണ് ലോകത്തെ കോർത്തിണക്കുന്നതിന് സഹായിക്കുക. അഹം ബ്രഹ്മാസ്മി – ഞാൻ തന്നെയാണ് ഈശ്വരൻ – എന്ന അദ്വൈതത്തിന്റെ നിലപാട് അംഗീകരിച്ചാൽ മതവൈരങ്ങൾ അവസാനിക്കും. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വരും. ആദിശങ്കരനെ മനസ്സിലാക്കിയാൽ ലോകനന്മക്ക് കൂടുതൽ സഹായകമാവും.
നാല് വിശുദ്ധ മഠങ്ങൾ സ്ഥാപിക്കുകയും 12 ജ്യോതിർലിംഗങ്ങളെ സനാതനധർമത്തിന്റെ വിശ്വാസകേന്ദ്രങ്ങളായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ട് ആദിശങ്കരൻ ഭാരത അദ്ധ്യാത്മികതയ്ക്ക് ദിശാബോധം നൽകി. ആ പ്രാധാന്യം മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ്യോതിർലിംഗ ക്ഷേത്രമായ കേദാർനാഥ് സന്ദർശിച്ച് ആരതി നടത്തി, ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ശങ്കരാചാര്യ സമാധി പുനർനിർമിച്ചു.
തന്റെ തത്ത്വചിന്തയിലൂടെയും ആത്മീയ സന്ദേശത്തിലൂടെയും ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമേകി ഉറങ്ങിക്കിടന്ന അദ്ധ്യാത്മികതയെ േപ്രാജ്വലിപ്പിക്കാൻ ആദിശങ്കരൻ അവിശ്രമം പ്രവർത്തിച്ചു ആദിശങ്കരൻ മനുഷ്യരൂപത്തിൽ പിറന്ന ശങ്കരൻ (ശിവൻ) തന്നെയായിരുന്നു. ശിവം ചെയ്യുന്നവനാണ് ‘ശങ്കരൻ’.
ജാതി, വർഗം തുടങ്ങിയ വിഭജനങ്ങൾ മറന്ന്, അറിവും ആത്മസാക്ഷാത്കാരവും വഴി മഹത്വം കൈവരിക്കുന്നതിന് സാമൂഹിക-സാമ്പത്തിക അതിരുകൾക്കപ്പുറം ഉയരാൻ ആദിശങ്കരൻ ഭാരതീയരെ പ്രചോദിപ്പിച്ചു.
‘ചിദാനന്ദം’ അഥവാ ശാശ്വതമായ ആനന്ദം നമ്മുടെ ഉള്ളിലും നമ്മുടെ ബോധത്തിലും ഉണ്ട്. ദ്വൈതമല്ലാത്തത് ‘അദ്വൈതമാണ്’. മർത്യനിൽ ശിവത്വമുണ്ട്. സ്വന്തം വേരുകൾ മറന്നുകൊണ്ടിരുന്ന ഒരു നാഗരികതയുടെ ‘ചേതന’ (ബോധം) ആദിശങ്കരൻ ഉണർത്തി. നമ്മുടെ ആത്മീയ ലക്ഷ്യത്തെക്കുറിച്ചു ബോധവാന്മാരാക്കി. ഇന്ത്യയിലുടനീളം ധർമത്തെ പുനരുജ്ജീവിപ്പിച്ചു.
നമ്മെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും നിരാശയിൽ നിന്ന് പ്രബുദ്ധതയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന വഴികാട്ടിയാണ് ആദിശങ്കരൻ. ഇരുട്ടിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന പാതയാണ് ജ്ഞാനം (അറിവ്).
ആദിശങ്കരാചാര്യ എട്ടാം വയസ്സിൽ ഗുരുവിനെ തേടി വീടുവിട്ടിറങ്ങി. 16-ാം വയസ്സിൽ, ഇന്ത്യയിലുടനീളം പഠന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചു. 32 വർഷത്തെ ഹ്രസ്വമായ ആയുസ്സിൽ, ശങ്കരാചാര്യർ നിരവധി ആത്മീയ ഗുരുക്കന്മാരെയും പണ്ഡിതന്മാരെയും നയിച്ചു. വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് ഭാഷ്യങ്ങൾ രചിച്ചു. അദ്വൈത വേദാന്തത്തെക്കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതി. പഠനത്തിന്റെയും സംവാദത്തിന്റെയും ആരോഗ്യകരമായ സംസ്‌കാരത്തിന് ഊന്നൽ നൽകി.
32 വർഷത്തെ ഹ്രസ്വമായ ആയുസ്സിൽ ‘സനാതന ധർമ’ത്തിന്റെ പുനരുജ്ജീവനത്തിന് ഗണ്യമായ സംഭാവന നൽകി.
ശങ്കരാചാര്യർ ബ്രഹ്മസൂത്രം, പത്ത് പ്രധാന ഉപനിഷത്തുകൾ, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം എന്നിവയ്ക്ക് വ്യാഖ്യാനങ്ങൾ എഴുതി. അദ്ദേഹത്തിന്റെ യഥാർത്ഥ രചനകൾ വളരെ മനോഹരവും ഉന്നതവുമാണ്.
ആദിശങ്കരാചാര്യ ‘അദ്വൈത വേദാന്ത’വും ‘ദശനാമി സമ്പ്രദായവും’ പ്രചരിപ്പിച്ചു. സന്യാസിമാരെ പത്ത് വിഭാഗങ്ങളിൽ ക്രമീകരിച്ച് സന്ന്യാസ പാരമ്പര്യം ശക്തിപ്പെടുത്തി.
ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് വൈദിക തത്ത്വചിന്തയുണ്ട്. പദ്മപാദ, തോടകാചാര്യ, ഹസ്താമലക, സുരേശ്വര എന്നിവരാണ് അദ്ദേഹത്തിന്റെ നാലു പ്രധാന ശിഷ്യന്മാർ.
വിഷ്ണു, ശിവൻ, ശക്തി, മുരുകൻ, ഗണേശൻ, സൂര്യൻ എന്നീ പ്രധാന ദൈവങ്ങളെ ഉയർത്തിക്കാട്ടുന്ന ആറ് ആരാധനാ വിഭാഗങ്ങളുടെ ‘ഷൺമത’ സമ്പ്രദായം സൃഷ്ടിച്ചു.
സൗന്ദര്യ ലഹരി, ശിവാനന്ദ ലഹരി, നിർവാണ ശൽകം മുതലായ ഭക്തിയും ധ്യാനാത്മകവുമായ ശ്ലോകങ്ങൾ രചിച്ചു.
വിവേകചൂഡാമണി, ആത്മബോധ, വാക്യവൃത്തി, ഉപദേശസാഹസ്രി തുടങ്ങിയ അദ്വൈത വേദാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. ബ്രഹ്മസൂത്രങ്ങൾ, ഭഗവദ് ഗീത, 12 പ്രധാന ഉപനിഷത്തുകൾ എന്നിവയുൾപ്പെടെ പ്രധാന ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങൾ എഴുതി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാലടിയിലേക്ക് ഏഴ് കിലോമീറ്റർ മാത്രമേ അകലമുള്ളു. വിമാനത്താവളം ഭാരതത്തിന്റെ എക്കാലത്തെയും മികച്ച നവോത്ഥാനനായകനായ ആദിശങ്കരന്റെ പേരിൽ അറിയപ്പെടണമെന്ന ചിരകാലാഭിലാഷം ഇന്നും നടപ്പായിട്ടില്ല.
ഇപ്പോൾ പെരിയാർ എന്നറിയപ്പെടുന്ന പൂർണാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടി ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ശൃംഗേരി മഠം, ശ്രീ ശങ്കരകീർത്തിസ്തംഭം തുടങ്ങി നിരവധി സാമൂഹിക-മത സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംഗമസ്ഥാനവും ശങ്കര സംസ്‌കൃത സർവകലാശാലയും ശ്രീ ശങ്കര കോളേജും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനവുമാണ്.
Discussion about this post