ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്ത് പെരുകുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 295 പേരില്‍ കോവിഡ് പരിശോധന പോസിറ്റീവായി. വ്യാഴാഴ്ച രാവിലെ 11.45 വരെയുള്ള 485 കേസുകളില്‍ 60 ശതമാനം പേര്‍ക്കാണ് നിസാമുദ്ദീന്‍ സമ്മേളനം വഴി രോഗമെത്തിയത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം വര്‍ധിച്ചതിലൂടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു. ഇതുവരെ 2,069 കോവിഡ് കേസുകളും 54 മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തതായാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്ഥിരീകരിച്ച 141 കേസുകളില്‍ ഡല്‍ഹിയാണു മുന്നിലുള്ളത്. ഡല്‍ഹിയിലുള്ള 129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ കോവിഡ് ബാധിച്ച 143 പേരാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലുള്ളത്. തമിഴ്‌നാട്ടിലെ 75 കേസുകളില്‍ 74 ഉം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുമാണ്. തെലങ്കാനയില്‍ 27ല്‍ 26 കേസുകള്‍ക്കും തബ്‌ലീഗ് സമ്മേളനവുമായി ബന്ധം കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ 14 കേസുകളില്‍ 11 ഉം ഇങ്ങനെയാണ്. ആന്ധ്രാപ്രദേശില്‍ സമ്മേളനവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കു രോഗം വന്നു. ഇതിനു സമാനമാണു മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും. മധ്യപ്രദേശ്. അസം, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്ത രോഗികള്‍ക്കെല്ലാം നിസാമുദ്ദീനില്‍ നടന്ന പരിപാടിയുമായി ബന്ധമുണ്ടായിരുന്നു. രാജസ്ഥാനില്‍ 13 പോസിറ്റീവ് കേസുകളില്‍ മൂന്ന് രോഗികള്‍ക്ക് തബ്‌ലീഗ് സമ്മേളനവുമായി ബന്ധമുണ്ട്. യുപിയില്‍ രണ്ടും മഹാരാഷ്ട്രയില്‍ എട്ടും കേസുകള്‍ വ്യാഴാഴ്ച വരെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട പോസിറ്റീവ് കേസുകളെ തുടര്‍ന്ന് ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണുണ്ടായത്. ആന്ധ്രപ്രദേശിലെ രോഗികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മൂന്ന് മടങ്ങാണു വര്‍ധിച്ചത്. ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ 758 പേരില്‍ പരിശോധന നടത്തിയതില്‍ 91 പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ആന്ധ്ര സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ എ. ശ്രീകാന്ത് പറഞ്ഞു. ആന്ധ്രയില്‍നിന്നു പരിപാടിക്കു പോയതില്‍ 16 ശതമാനം പേര്‍ക്കാണു കോവിഡ് ബാധിച്ചത്. അസമില്‍നിന്ന് 503 പേരാണ് ഡല്‍ഹിയിലേക്കു പോയതെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. ഇതില്‍ 488 പേരെ കണ്ടെത്തിയിട്ടുണ്ട്. 361 സാംപിളുകളും ശേഖരിച്ചു. പരിപാടിയില്‍ പങ്കെടുത്ത 15 പേരെ കൂടി കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ലാത്ത 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് മെഡിക്കല്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.
Discussion about this post