കൊച്ചി: വിവദമായ സ്പ്രിംഗ്‌ളര്‍ കേസില്‍ കേരള സര്‍ക്കാരിനെ തള്ളി ഹൈക്കോടതി. വിവരങ്ങള്‍ സ്പ്രിംഗ്ലറിന്റെ കൈവശം സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദേശിച്ച കോടതി നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. സ്പ്രിംഗ്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഏതു സാഹചര്യത്തിലാണ് നിയമ വകുപ്പിന് ഫയല്‍ കൈമാറാതെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് എന്ന് വ്യക്തമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുണ്ടായാല്‍ അത് ന്യൂയോര്‍ക്കിലാക്കിയത് എന്തുകൊണ്ടെന്നതു വ്യക്തമാക്കണം. ഡേറ്റയുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങള്‍ ഇന്ത്യയിലുണ്ടായിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി എന്നും കോടതി വിമര്‍ശിച്ചു. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ളവ കരാര്‍ വ്യവസ്ഥയില്‍ ഉണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ഇത് സാധാരണ കരാറുകളിലുള്ള വ്യവസ്ഥയാണെന്നും അത് ലംഘിച്ചാല്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ ന്യൂയോര്‍ക്കില്‍ പോകുമോ എന്നും കോടതി ആരാഞ്ഞു.
ഒരു വിവരച്ചോര്‍ച്ച ഉണ്ടായാല്‍ സാധാരണക്കാര്‍ സംസ്ഥാന സര്‍ക്കാരിനെയാകും പ്രതിക്കൂട്ടിലാക്കുക. അവര്‍ക്ക് ന്യൂയോര്‍ക്കില്‍ പോയി കേസ് നടത്താന്‍ പറ്റുമോ? ആരോഗ്യ വിവരങ്ങളുടെ സ്വകാര്യത ഏറെ പ്രധാനപ്പെട്ടതാണ്. ചോരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. രണ്ട് ലക്ഷം ആളുകളുടെ വിവരങ്ങല്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയില്ലേ, രോഗികളുടെ എണ്ണം വളരെ കുറവായിട്ടും പിന്നെ എന്തിന് ഈ സേവനമെന്ന ചോദ്യങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. സ്പ്രിംഗ്‌ളര്‍ നിര്‍ണായകമായ ഡേറ്റ ഒന്നും ശേഖരിക്കുന്നില്ല എന്ന വാദമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടതിനാലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച തീരുമാനം വളരെ വേഗത്തില്‍ സ്വീകരിക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങള്‍ ഡേറ്റ വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് കരാര്‍ സ്പ്രിന്‍ക്ലറിനെ ഏല്‍പിക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ മെഡിക്കല്‍ ഡേറ്റ പ്രധാനപ്പെട്ടതല്ലെന്നാണ് സര്‍ക്കാറിന്റെ വാദം കോടതി തള്ളി. ഇത് നിര്‍ണായകമായ വിവരങ്ങളാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
Discussion about this post