കൊച്ചി: ശ്രീശങ്കരാചാര്യരുടെ ജന്മദിനം ഇന്ന്. വൈശാഖമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ആദിശങ്കരന്‍ ജനിച്ചത്. കേരളത്തിലെ കാലടിയില്‍ ജനിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതീയരുടെ ഗുരുവായിത്തീര്‍ന്ന അദ്ദേഹത്തിന് ഇന്ന് ഭാരതമെമ്പാടും പ്രണാമം അര്‍പ്പിക്കുകയാണ്. കാലടിയിലെ ഒരു ബ്രാഹ്മണകുടുബത്തില്‍ ശിവഗുരുവിന്റേയും ആര്യാംബയുടേയും മകനായിട്ടായിരുന്നു ജനനം. ഒമ്പതാം നൂറ്റാണ്ടില്‍ 820ാമ ആണ്ടില്‍ കേദാരനാഥത്തില്‍ സമാധിയായി. അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതത്തിലെ സന്യാസിപരമ്പരയെ ശക്തനാക്കിയ സന്യാസി എന്ന നിലയില്‍ ശങ്കരാചാര്യരുടെ പ്രസക്തി ഏറുകയാണ്. ദശനാമി സമ്പ്രദായത്തിന്റേയും അദ്വൈത വേദാന്തത്തിന്റേയും സ്ഥാപകനായ ശങ്കരാചാര്യരുടെ ശിഷ്യന്മാരെന്ന നിലയില്‍ പദ്മപാദര്‍, തോടകാചാര്യര്‍, ഹസ്താമലകന്‍, സുരേശ്വരന്‍ എന്നിവര്‍ സന്യാസിപരമ്പരയില്‍ ആദരിക്കപ്പെട്ടു. ഹിന്ദുമതത്തിന്റെ വിവിധ ധാരകളെ ദേശീയമായി ഒന്നിപ്പിക്കുന്നതില്‍ ആദിശങ്കരന്‍ വഹിച്ച പങ്കാണ് ഏറെ നിര്‍ണായകമായത്. അത് ഭാരതത്തെ ഒന്നായി നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന ശിലയായി മാറി. ആധ്യാത്മികധാരയുടെ ഏറ്റവും ശക്തനായ വക്താവും പ്രയോക്താവും ആരെന്ന ചോദ്യത്തിനും ശങ്കരാചാര്യരെന്ന ഒറ്റ ഉത്തരമേയുള്ളൂ. ജീവാത്മാവും പരമാത്മാവും വൈരാഗ്യവും മോക്ഷവും അടങ്ങുന്ന എല്ലാ ആത്മീയചിന്തകളും മാനവരാശിക്ക് പകര്‍ന്നു നല്‍കിയ മഹാപണ്ഡിതന്‍. അമ്മ എന്ന ശക്തിയുടെ മഹത്വം ഭാരതീയരെ ആഴത്തില്‍ പഠിപ്പിച്ച മറ്റൊരാളില്ല. മാതൃ സേവനത്തിന് എത്രദൂരെനിന്നും മക്കളോടിയണയണമെന്ന ആത്യന്തിക കടമ ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത ശങ്കരന്റെ മഹത്വം ഇന്നും ഏറെ ശക്തമായി നിലനില്‍ക്കുന്നു. ഉപനിഷത്തിനും ഭഗവദ്ഗീതക്കും ബ്രഹ്മസൂത്രത്തിനും ഭാഷ്യം രചിച്ച ശങ്കാരാചാര്യരുടെ അറിവുകള്‍ ഇന്നും അക്ഷയ ഖനിയായി നിലനില്‍ക്കുന്നു. ശൃംഗേരി, ബദരി, ദ്വാരക, പുരി എന്നീ നാലു മഠങ്ങള്‍ ഭാരതത്തിന്റെ നാലു ഭാഗത്ത് സ്ഥാപിച്ച് വേദപഠനത്തിലൂടെ അറിവുകള്‍ പകരുന്നതിലും സന്യാസിപരമ്പരകളെ സൃഷ്ടിക്കുന്നതിലും ശങ്കരാചാര്യര്‍ കാണിച്ച ആര്‍ജവം എല്ലാ ആക്രമണ സമയത്തും ഭരതത്തിന് ആധ്യാത്മികമായ കരുത്ത് പകര്‍ന്നു. മാതൃപഞ്ചകം, വിവേകചൂഡാമണി, നിര്‍വാണ ശതകം, മനീഷാപഞ്ചകം, കനകധാരാസ്തവം എന്ന് തുടങ്ങി ആദിശങ്കരന്റെ കൃതികള്‍ ഭാരതത്തിന്റെ ശക്തമായ ആധ്യാത്മിക കൃതികളായി ലോകം മുഴുവനുള്ള ആത്മീയാന്വേഷകര്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
Discussion about this post