ജനീവ: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇന്ത്യയ്ക്ക്. കൊറോണ വ്യാപനം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കെയാണ് ജപ്പാനു പകരമായി ഇന്ത്യ ഈ സ്ഥാനത്തേക്ക് എത്തുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18, 19 തിയതികളിലായാണ് മീറ്റിങ്ങ് നടക്കുക. 22ന് നടക്കുന്ന 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിങ്ങിലാണ് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുക. കൊറോണയുടെ പേരില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള അകലം വര്‍ധിച്ചതോടെ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ അമേരിക്ക അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.
ലോകാരോഗ്യ സംഘടന കൊറോണ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന അമേരിക്കയുടെ ആരോപണവും ഈ സമ്മേളനത്തില്‍ ചര്‍ച്ചയാവും. യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ചൈന ഇതിനെതിരെ രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്. ഇതിനെ എതിര്‍ത്ത ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ചൈനക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ ഇന്ത്യയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്. യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആറ് ആഴ്ചത്തെ ശ്രമഫലമായി തയാറാക്കിയ പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയും വോട്ടിനിടാനായില്ല. കഴിഞ്ഞ മാസം ലോകരോഗ്യ സംഘടനയ്ക്ക് ഫണ്ടുകള്‍ നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
Discussion about this post