മതേതരത്വവും ധര്‍മ്മവും
ഹിന്ദുത്വം ഒരു മൂല്യവ്യവസ്ഥയാണ്, മതേതരത്വം ഒരു ഭരണവ്യവസ്ഥയാണ്. ഭാരതീയ സാഹചര്യത്തില്‍ അത് അപ്രസക്തമായ പദമാണ്. ധര്‍മ്മവും മതവും പര്യായപദങ്ങളല്ല. ക്ഷേത്രത്തില്‍ പോകാതിരിക്കുന്നത് അധാര്‍മ്മികമാണെന്ന് അര്‍ത്ഥമില്ല. ധര്‍മ്മം എന്നത് ആചാരങ്ങളും ആരാധനയും മാത്രമല്ല. എന്നാല്‍ ആചാരങ്ങളും ആരാധനയും വേണ്ടാത്തതുമല്ല. മതേതരത്വം എന്നത് മതനിരപേക്ഷയാണ്. ധര്‍മ്മനിരപേക്ഷതയല്ല. ധര്‍മ്മത്തിന് നാല് തൂണുകള്‍ ഉണ്ട്: സത്യം, കാരുണ്യം, വിശുദ്ധി, തപസ്സ്. ഇത് പിന്തുടരുന്നതുകൊണ്ടാണ് ഭാരതം പുരോഗമിക്കുന്നത്.
മാറ്റം നമ്മളില്‍ നിന്ന്
ശുചിത്വം വീടുകളില്‍ നിന്ന് സ്വയം ആരംഭിക്കണം. സ്വന്തം വീടും വീടിനു മുന്നിലുള്ള പാതയും വൃത്തിയായി സൂക്ഷിക്കുന്നത് മാറ്റം കാണിക്കാന്‍ തുടങ്ങും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിന് നമ്മള്‍ തുടക്കമിടണം. സുഹൃത്തുക്കളെയും അത് ചെയ്യാന്‍ പ്രേരിപ്പിക്കണം. ഇത് സ്വച്ഛമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും.
പരമാധികാരം
എല്ലാത്തരം പരമാധികാരവും ഭാരതം നേടിയെടുക്കണം. സുരക്ഷാ കൗണ്‍സിലില്‍ ‘ഞങ്ങള്‍ക്ക് ഒരു സീറ്റ് തരൂ’ എന്ന് പറയേണ്ട ആവശ്യമില്ല; ഭാരതത്തിന് സീറ്റ് നല്കണമെന്ന് അവര്‍ ആഗ്രഹിക്കണം.
അയല്‍രാജ്യങ്ങളും നമ്മുടേത്
നമ്മുടെ അയല്‍ രാജ്യങ്ങള്‍ ഒരു തരത്തില്‍ നമ്മുടേതാണ്. അവിടങ്ങളിലെ ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാരും നല്‍കണം. ഒരുമിക്കലിന്റെ ഒരു കാഴ്ചപ്പാട് ആവശ്യമാണ്. നിലവിലെ വിദേശനയം പരിഷ്‌കരിക്കണമെന്നില്ല, എന്നാല്‍ ജാഗ്രതയും വേഗതയും ആവശ്യമാണ്.
ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി അവിടെത്തന്നെ തുടരണം. ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹം അവര്‍ക്ക് പിന്തുണ നല്കണം. സംഘവും അത് ചെയ്യുന്നുണ്ട്.
സംഘം മുസ്ലീം വിരുദ്ധമല്ല
രാജ്യത്തെ മദ്രസകള്‍ ദേശീയവും ആധുനികവുമായ വിദ്യാഭ്യാസം നല്‍കണമെന്നതാണ് സംഘത്തിന്റെ അഭിപ്രായം, ആര്‍എസ്എസ് മുസ്ലീം വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍ ശരി. അല്ലെങ്കില്‍ ആ ധാരണ തിരുത്തണം. സംഘത്തെ അറിയാന്‍ ആഗ്രഹിച്ച് പലരും വന്നിട്ടുണ്ട്. വന്നവരെല്ലാം സംഘം മുസ്ലീം വിരുദ്ധമല്ലെന്ന് അംഗീകരിച്ചിട്ടുമുണ്ട്.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചത് കോടതിവിധിക്ക് ശേഷമാണ്. ബാബറി മസ്ജിദിന്റെ പേരിലുള്ള ഏതൊരു നിര്‍മ്മാണവും സംഘര്‍ഷം നിലനിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. മുസ്ലീം സമൂഹം കാര്യങ്ങള്‍ മനസിലാക്കുകയും അംഗീകരിക്കുകയും വേണം. ആരാധനാസമ്പ്രദായങ്ങളിലാണ് വ്യത്യാസം, എന്നാല്‍ സാംസ്‌കാരികമായും വംശീയമായും നമ്മള്‍ ഒരു വലിയ ദര്‍ശനത്തിന്റെ ഭാഗമാണ്.
മനുസ്മൃതിയും ഹിന്ദുരാഷ്ട്രവും
ആര്‍എസ്എസ് മനുസ്മൃതിയെ പിന്തുടരുന്നില്ല. സംഘം സ്ത്രീവിരുദ്ധവുമല്ല. രാജ്യത്തിന്റെ ഭരണഘടനയെയാണ് സംഘം പിന്തുടരുന്നത്. ഭരണഘടനയുടെ ആമുഖം ഹിന്ദുത്വത്തെ സംക്ഷിപ്തമായി വിവരിക്കുന്നു. അതില്‍ ‘ഹിന്ദു’ എന്ന വാക്ക് നേരിട്ട് പരാമര്‍ശിക്കുന്നില്ല, പക്ഷേ എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യവും നീതിയും സ്വാതന്ത്ര്യവുമുണ്ടെന്നും ഈ ആശയം വിദേശത്ത് നിന്നല്ല, ബുദ്ധനില്‍ നിന്ന് സ്വീകരിച്ചതാണെന്നും ഡോ.അംബേദ്കര്‍ പറഞ്ഞു. സാഹോദര്യമാണ് ധര്‍മ്മമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന ഹിന്ദുരാഷ്ട്രത്തിന്റെ മുഖമുദ്രയാണ്. സൂര്യന്‍ ഉദിക്കുന്നതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലാത്തതുപോലെയാണ് ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദുരാഷ്ട്രമാണെന്ന വസ്തുതയും.
ജാതീയത പോകണം
പണ്ട് ജാതികളുണ്ടായിരുന്നു, എന്നാല്‍ വിവേചനം ഉണ്ടായിരുന്നില്ല. ജാതീയത ഇല്ലാതാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ തനിമ ഹിന്ദു അഥവാ ഭാരതീയ എന്നതാണ്. ആരെങ്കിലും മതംമാറുന്നുവെങ്കില്‍ അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് നമ്മളാണ്. അവഗണന ഒഴിവാക്കി സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേര്‍ന്ന് ഒന്നെന്ന ഭാവം വളര്‍ന്നാല്‍ ആരും സ്വധര്‍മ്മം ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ഉപേക്ഷിച്ചവര്‍ മടങ്ങിവരുകയും ചെയ്യും.
ജനസംഖ്യാനയം
മണിപ്പൂരില്‍ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. പൂര്‍ണമാവാന്‍ കുറച്ച് സമയമെടുക്കും. ഇതിന് നിരന്തരമായ സംഭാഷണം ആവശ്യമാണ്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ഒരു ഭാരമല്ല; എന്നാല്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ദീര്‍ഘകാല വീക്ഷണത്തോടെ ഒരു നയം രൂപീകരിക്കണം.
ബിജെപിയും സംഘവും
ബിജെപിയുടെ നേതൃത്വത്തില്‍ നിന്ന് സംഘം എല്ലായ്‌പ്പോഴും അകലം പാലിച്ചിട്ടുണ്ട്. ജനസംഘ കാലം മുതല്‍ അത് അങ്ങനെതന്നെയാണ്. എന്നാല്‍ സ്വയംസേവകരുമായി എല്ലായ്‌പ്പോഴും അടുത്ത ബന്ധം പുലര്‍ത്തിയിട്ടുമുണ്ട്. നരേന്ദ്ര ഭായിയും അമിത് ഭായിയും സ്വയംസേവകരാണ്, അവരുമായി അടുത്ത ബന്ധമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ആന്‍ഡമാന്‍ ദ്വീപുകളില്‍ എന്റെ അടുത്താണ് അമിത് ഭായി ഇരുന്നത്.
സമാജത്തെ സംഘടിപ്പിക്കും
സമാജത്തെയാകെ സംഘടിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. ഇത് നേടുന്നതുവരെ തുടരും. ഈ ജീവിതത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുമെന്ന വിശ്വാസത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍, അടുത്ത ജന്മത്തിലും ഇതേ ജോലി തുടരും. സമൂഹത്തിനുള്ളില്‍ ഒരു പ്രത്യേക സമൂഹം സൃഷ്ടിക്കുകയല്ല, മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കാനാണ് സംഘം പുറപ്പെട്ടിരിക്കുന്നത്.













Discussion about this post