കൊച്ചി: രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും അണിനിരന്ന വന്ദേമാതര ഗാനാലാപനം ദേശ സ്‌നേഹത്തിന്റെ ഉജ്ജ്വല പ്രഘോഷമായി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാഭാരതി ആഭിമുഖ്യത്തില്‍ നമാമി ഭാരതമെന്ന പേരിലുള്ള ദേശീയ ഗീതാലാപനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു.
വന്ദേമാതരം, ഭാരതീയ സംസ്‌കാരത്തിന്റെ മുഴുവന്‍ വൈകാരിക ശബ്ദമായെന്ന് പ്രൊഫ. ഡി. മാവൂത്ത് പറഞ്ഞു. മാതൃവന്ദനമാണ് വന്ദേമാതരം. ഭാവി ഭാരത സുരക്ഷ യുവാക്കളുടെ കൈകളിലാണ്, അതിനായി വന്ദേമാതരത്തെ ചാലക ശക്തിയാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിന് വേണ്ടത് ഉത്തരവാദിത്തമുള്ള യുവാക്കളെയാണ്. 10 വര്‍ഷത്തിനിടെ ഭാരതത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. മാറുന്ന കാലത്തിനനുസരിച്ചു വന്ദേമാതരത്തെ എങ്ങനെ പുനര്‍വിഭാവനം ചെയ്യാമെന്നതും വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗാനവും ദേശീയ ഗീതവും നമ്മുടെ പൈതൃക ഭാഗമാണ്. വന്ദേ മാതരം വെറുതേ പാടുക മാത്രമല്ല, അതിന്റെ ആഴത്തിലുള്ള മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. ദേശസ്നേഹമെന്നാല്‍ അഭിമാനം മാത്രമല്ല, അതു വലിയ ഉത്തരവാദിത്തം കൂടിയാണ്, മാവൂത്ത് ഓര്‍മിപ്പിച്ചു.
രാഷ്‌ട്ര ധര്‍മ പരിഷത്ത് അധ്യക്ഷന്‍ പി. കുട്ടിക്കൃഷ്ണന്‍, സെക്രട്ടറി ലക്ഷ്മി നാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. ഡിന്റോ, വൈസ് പ്രിന്‍സിപ്പല്‍ ദീപ കെ. നായര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ ശ്രീകുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി. മനോജ് ബാബു, ഹെഡ്‌ബോയ് ഇഷാന്‍ നായര്‍, ഹെഡ്‌ഗേള്‍ ആര്‍. വൈഗ എന്നിവര്‍ പ്രസംഗിച്ചു.












