വിജയദശമി ആഘോഷങ്ങളുടെ പങ്കാളിത്ത സംഖ്യയില്‍ ഈ വര്‍ഷം നിയന്ത്രണങ്ങളുണ്ടെന്ന് നമ്മുക്കറിയാം. കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന ബോധ്യവും നമുക്കുണ്ട്.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ ലോകത്തിലെ ഏതു സംഭവങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയിലും കൊറോണ നിഴല്‍ പരത്തിയിരിക്കുകയാണ്. കഴിഞ്ഞ വിജയദശമി മുതല്‍ ഇന്നുവരെ ശ്രദ്ധേയമായ പല സംഭവവികാസങ്ങളും ഉണ്ടായി.
2019-ലെ വിജയദശമിക്കു മുമ്പു തന്നെ ഭരണഘടനയുടെ 370-ാം വകുപ്പ് പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് തന്നെ നിഷ്പ്രഭമാക്കിയിരുന്നു. ദീപാവലിക്ക് ശേഷം 2019 നവംബര്‍ ഒന്‍പതിന് ബഹുമാനപ്പെട്ട സുപ്രീംകോടതി രാമജന്മഭൂമി കേസില്‍ ഐതിഹാസികവും അസന്നിഗ്ധവുമായ വിധി പ്രഖ്യാപിച്ചു.
ആഗസ്റ്റ് അഞ്ചിന് ആയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ ശിലന്യാസവും ഭൂമിപൂജയും കോടതി വിധിയെ ഭാരതീയ ജനസമൂഹം എത്ര സംയമനത്തോടെയും ധാരണയോടെയും, അതേസമയം ഉത്സാഹവും ഭക്തിയും കൈവിടാതെയുമാണ് സ്വീകരിച്ചത് എന്നുള്ളതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു.
ഭരണഘടനാനുസൃത മാര്‍ഗങ്ങളിലൂടെ പൗരത്വ നിയമ ഭേദഗതിയും പാര്‍ലമെന്റ് പാസാക്കി. തൊട്ടടുത്ത ചില അയല്‍ രാജ്യങ്ങളില്‍ പീഡനത്തിനും വിവേചനത്തിനും വിധേയരായി കഴിയുന്ന നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് ഭാരത പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമനിര്‍മാണം.
അവരിപ്പോള്‍ നമ്മുടെ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിഞ്ഞു കൂടുകയാണ്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന ചരിത്രമാണുള്ളത്. പൗരത്വ നിമയ ഭേദഗതി ഏതെങ്കിലും മത വിഭാഗത്തിന് എതിരല്ല. ഭാരത്തിലേക്ക് വരുന്ന വിദേശീയര്‍ക്ക് പൗരത്വം ലഭിക്കുവാനുള്ള ഭരണഘടനാ ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ഒന്നാണ് പുതിയ നിയമം എന്ന തെറ്റിദ്ധാരണ പ്രചരിപ്പിച്ച് നിയമത്തെ എതിര്‍ക്കാന്‍ നമ്മുടെ മുസ്ലീം സഹോദരന്മാരെ വഴിതെറ്റിച്ചു.
ഈ പ്രത്യേക സാഹചര്യം മുതലെടുത്ത അവസരവാദികള്‍ പ്രതിഷേധങ്ങളുടെ പേരില്‍ ആസൂത്രിത അതിക്രമങ്ങള്‍ അഴിച്ചു വിടുകയും സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതമെന്നോണം നമ്മുടെ രാജ്യത്ത് ഉത്കണ്ഠാജനകമായ അന്തരീക്ഷമുണ്ടാവുകയും സമുദായ സൗഹാര്‍ദത്തിന് ഭീഷണി ഉണ്ടാവുകയും ചെയ്തു.
ഇതു പരിഹരിക്കുന്നതിനായി ഏന്തെങ്കിലും ആലോചിക്കുവാനും ചെയ്യുവാനും കഴിയും മുന്‍പ് തന്നെ കൊറോണ മഹാമാരി കടന്നുവന്ന് പിടിമുറുക്കി. സംഘര്‍ഷം ഊതിക്കത്തിക്കാന്‍ കലാപകാരികളും അവസരവാദികളും അണിയറയില്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ കൊറോണയെ പറ്റിയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ പൊതുബോധതലത്തിലോ മാധ്യമങ്ങളുടെ തലക്കെട്ടിലോ ഇവ കടന്നു വരുന്നില്ല. ഇത്തരം കൃത്യങ്ങള്‍ പെരുപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ ശ്രദ്ധയിലെ ഇവയുള്ളൂ.
സമ്പൂര്‍ണ ലോകത്തിലും ഇന്ന് സമാന സാഹചര്യമാണുള്ളത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ദുരിതകാലഘട്ടത്തെ ഭാരതം ഉറച്ചു നിന്ന് ധീരതയോടെയാണ് നേരിടുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് കഴിയാത്ത രീതിയില്‍ ഭാരതത്തിന് ഇതു സാധിച്ചതിന് ചില കാരണങ്ങളുണ്ട്.
നമ്മുടെ ഭരണകൂടവും നിര്‍വഹണ സംവിധാനങ്ങളും ഉടനടി പ്രവര്‍ത്തനക്ഷമമായി. അടിയന്തിര ദൗത്യ സംഘങ്ങളെ നിയോഗിച്ചും ജനങ്ങളെ ബോധവത്ക്കരിച്ചും ഫലപ്രദമായ നിയന്ത്രണ പദ്ധതിയും അവര്‍ നടപ്പാക്കി. മാധ്യമങ്ങള്‍ ഏകതാനമായി ഈ വിഷയങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഇതുമൂലം സാധാരണക്കാര്‍ക്കിടയില്‍ ആന്തരികമായ ഒരു ഭീതി ഉടലെടുത്തെങ്കിലും അവര്‍ ജാഗ്രതയുള്ളവരാവുകയും നിയമം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വൈദ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പോലീസ് ഓഫീസര്‍മാര്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അനിതരസാധാരണമായ അര്‍പ്പണ ബോധത്തോടെയാണ് രോഗബാധിതരെ പരിചരിച്ചത്. സ്വന്തം കുടുംബാംഗങ്ങളോട് സാമൂഹ്യ അകലം പാലിച്ചപ്പോഴും ഇവര്‍ യുദ്ധമുഖത്തെ പോരാളികളെ പോലെ കൊറോണ വൈറസ് പരത്തിയ മരണഭീതിയെ സ്വയം കെട്ടിപ്പുണര്‍ന്ന് പൂര്‍ണസമയവും യുദ്ധമുഖത്ത് പിടിച്ചു നിന്നു.
സഹജീവികളുടെ ആവശ്യം കണ്ടറിഞ്ഞ് സഹായം എത്തിക്കുന്നതിനുള്ള സ്വകാര്യ വിഭവ ശേഖരണത്തില്‍ പഴുതടച്ച പങ്കാളികളാവാനും എല്ലാ പൗരന്മാരും തയ്യാറായി. ഭരണ നിര്‍വഹണ സംവിധാനങ്ങളും പൊതുസമൂഹവും തമ്മിലുള്ള പരസ്പര വിശ്വാസം, സഹകരണം എന്നിവ വലിയ ഒരളവുവരെ പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ക്രിയാത്മകമായി വര്‍ത്തിച്ചു.
എന്നിരുന്നാലും പരാധീനരുടെ ആവശ്യങ്ങളെ സ്വന്തം താത്പര്യത്തിനായി ചൂഷണം ചെയ്യുകയെന്ന പോരായ്മയും അവിടവിടങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിലെ മഹിളാശക്തിയും സ്വയം പ്രരിതരായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മഹാമാരിമൂലം മാറിത്താമസിക്കേണ്ടിവന്നവരും ജോലി നഷ്ടപ്പെട്ടവരും വിശപ്പും മറ്റ് ദൗര്‍ഭാഗ്യങ്ങളും പേറേണ്ടിവന്നവരും അതിനെയെല്ലാം ക്ഷമയോടെ ഉള്‍ക്കൊണ്ടു. സ്വന്തം കഷ്ടതകളെ മറന്നും മറ്റുള്ളവരുടെ സഹായത്തിനായി ഇറങ്ങിവന്നവരുടേതായ അനുഭവങ്ങളും ഉണ്ട്.
ദൂരെ സ്ഥലത്തുപോയവരെ വിട്ടിലെത്തിക്കുന്നതിനും യാത്രാമധ്യേ അവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനും രോഗബാധിതരുടെ വീട്ടുപടിക്കല്‍ മരുന്നും നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്നതിനുമെല്ലാം സമൂഹം ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. ഐക്യത്തിന്റെയും സംവേദനത്തിന്റെയും മകുടോദാഹരണം തന്നെ സൃഷ്ടിച്ച സമൂഹം വിപത്തിന്റെ കരുത്തിനെ കവച്ചുവയ്ക്കാന്‍ പറ്റുന്ന സേവനത്തിന്റെ പുതിയ മേഖലകള്‍ക്കും തുടക്കമിട്ടു. വ്യക്തി ജീവിതത്തിലെ ആരോഗ്യപാലനം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് നമ്മുടെ പരമ്പരാഗത രീതികളും ആയുര്‍വേദവും ഈ ഘട്ടത്തില്‍ പ്രയോജനപ്പെട്ടു.
നമ്മുടെ സമാജത്തിന്റെ ഏകസ്വരതയും സഹജമായ സഹാനുഭൂതിയും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള കഴിവും തുടങ്ങി ‘സാമൂഹ്യമൂലധനം’ എന്ന പേരില്‍ എന്തെല്ലാമാണോ നൂറ്റാണ്ടുകളായുള്ള നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യം അവകാശപ്പെടുന്നത്, അവയെല്ലാം പ്രതിഫലിച്ചു കണ്ട സമയമായിരുന്നു ഇത്. ഇത്തരത്തിലുള്ള ഒരു ആത്മവിശ്വാസവും ക്ഷമയും കൂട്ടായ്മയും സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് പലര്‍ക്കും അനുഭവപ്പെട്ടത്.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ, ജീവിക്കുന്നവരും ബലിദാനികളുമായ എല്ലാ സേവാവൃതരേയും ആരോഗ്യപ്രവര്‍ത്തകരെയും സമൂഹത്തിന്റെ ഭിന്ന മേഖലകളില്‍ ഉള്ളവരെയും ഞാന്‍ ആദരപൂര്‍വം നമിക്കുകയാണ്. അവരെല്ലാം തന്നെ ആദരണീയരാണ്. ബലിദാനികളുടെ പാവന സ്മരണക്ക് നമ്മുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
വ്യത്യസ്തമായ ഒരു സേവനപന്ഥാവിലൂടയെ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാനാകൂ. വിദ്യാലയങ്ങള്‍ പുനരാരംഭിക്കണം, അധ്യാപകര്‍ക്ക് വേതനം നല്‍കണം, ഫീസ് കണ്ടെത്തി കുട്ടികളെ വീണ്ടും കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും അയക്കണം എന്നു തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ പ്രശ്നങ്ങളാണ്. പണം വാങ്ങി പഠിപ്പിച്ചുകൊണ്ടിരുന്ന വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനാവില്ല. ജോലി നഷ്ടപ്പെടുകയോ ബിസിനസ് അടച്ചു പൂട്ടപ്പെടുകയോ ചെയ്ത രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഫീസ് കൊടുക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥ.
സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും അധ്യാപകര്‍ക്ക് വേതനം കിട്ടുന്നതിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വേണ്ട കാര്യങ്ങള്‍ നാം ഉറപ്പാക്കേണ്ടതുണ്ട്. പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. പഴയ മേഖലയില്‍ തൊഴില്‍ സാധ്യയില്ലാത്തതിനാല്‍ ഇവര്‍ക്ക് പുതിയവ കണ്ടെത്തേണ്ടിവരും. പുതിയ മേഖലയിലെ ജോലിക്ക് ആവശ്യമായ പരിശീലനം വേണം. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഇവയെല്ലാമാണ്. ദൂരസ്ഥ തൊഴിലാളികള്‍ നിര്‍ത്തിവെച്ചുപോയ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ വേറെ മാര്‍ഗം നോക്കേണ്ടിവരും എന്നുള്ളതും വെല്ലുവിളിയാണ്.
അതുകൊണ്ടുതന്നെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക എന്നതും തൊഴില്‍ പരിശീലനം നല്‍കുക എന്നതും അത്യാവശ്യമാണ്. നിരാശയും സമ്മര്‍ദവും അനുഭവിച്ച് വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുന്ന കുടുംബങ്ങളും കാണും. വിഷാദരോഗത്തിനടിമപ്പെട്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടും ആത്മഹത്യ ചെയ്തുമെല്ലാം സമാജത്തില്‍ ഉണ്ടേയേക്കാവുന്ന തിന്മകളെ ഒഴിവാക്കാന്‍ ആവശ്യക്കാര്‍ക്ക് കൗണ്‍സിലിംഗും അകമഴിഞ്ഞ സഹായങ്ങളും നല്‍കേണ്ടതുണ്ട്.
മാര്‍ച്ചുമുതല്‍ തന്നെ സ്വയംസേവകര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധവെച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതായി രൂപപ്പെടുന്ന സേവനപ്രവര്‍ത്തനങ്ങളിലും അവര്‍ സര്‍വാത്മനാ പങ്കെടുക്കും. സമൂഹത്തിലെ മറ്റു സജ്ജനങ്ങളും ദീര്‍ഘകാലത്തേക്ക് വേണ്ടിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവസരോചിതമായി ഇടപെട്ട് വേണ്ടത് ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
കൊറോണ വൈറസിനെപ്പറ്റി ലോകത്തില്‍ പൂര്‍ണജ്ഞാനമില്ല. ജനിതകമാറ്റം സംഭവിക്കുന്നതും വളരെ വേഗം പടര്‍ന്നു പിടിക്കുന്നതുമാണിത്. എന്നാല്‍ മാരകത്വം കുറവാണ്. അതുകൊണ്ടുതന്നെ അണുവില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് സ്വയം സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അതേ സമയം തന്നെ നമ്മുടെ സഹജീവികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാന്‍ വേണ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം. ഭയത്തിനടിമപ്പെടാതെ നമ്മള്‍ സുരക്ഷിതമായും തന്ത്രപരമായും മുന്നേറണം. സാമൂഹ്യജീവിതം സാധാരണ നിലയിലാകുവോളം നിമയ വിധേയമായിരിക്കുവാനും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുവാനും കഴിയുക എന്നുള്ളത് ധാര്‍മിക ഉത്തരവാദിത്തമായി നാം കരുതണം.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ മറ്റനവധി തലങ്ങളും കാണാനായി. ആത്മപരിശോധനാത്മകമായ ഒരു ചിന്താധാരയിലേക്ക് ലോകം മാറുകയാണ്. ‘പുതിയ-സാധാരണത്വം’ എന്ന പ്രയോഗം പലേടത്തും ഉയര്‍ന്നു വരുന്നു. യാന്ത്രികമായി മനുഷ്യന്‍ ചെയ്തുവന്നിരുന്ന പല പ്രവൃത്തികളും മഹാമാരിയുടെ വരവോടെ വെട്ടിച്ചുരുക്കപ്പെട്ടു. ജീവിതം തന്നെ ഏതാണ്ട് സ്തംഭനത്തിലായി. മനുഷ്യജീവിതത്തിലേക്ക് കൃത്രിമമായി കടന്നുവന്ന ശീലങ്ങളെല്ലാം അനാവശ്യമാണെന്നും ജീവിതത്തിന് അനിവാര്യമായവ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ബോധ്യമായി. നാമമാത്രമായിട്ടാണെങ്കിലും അവനിലനില്‍ക്കുകയും ചെയ്യുന്നു.
ലോക്ഡൗണിന്റെ ഒരാഴ്ചകൊണ്ടുതന്നെ നാം ശ്വസിക്കുന്ന വായുവില്‍ ഗുണകരമായ മാറ്റമുണ്ടായി. നദികളും കുളങ്ങളും അരുവികളും ശുദ്ധജലം കൊണ്ടുനിറഞ്ഞു. സമീപത്തെ പാര്‍ക്കുകളിലും നഗരങ്ങളിലെ പൊതുസ്ഥലങ്ങളിലും പക്ഷികളെയും മറ്റും കാണാറായി. മനുഷ്യന്റെ ഓര്‍കളിലേക്ക് കിളിനാദനങ്ങള്‍ വീണ്ടും കടന്നുവന്നു.
പണ സമ്പാദനത്തിലും ഉപഭോഗ വസ്തുക്കളിലും നോട്ടമിട്ടു പാഞ്ഞ നമ്മള്‍ ചില അടിസ്ഥാന ജീവിത മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ അവ നമ്മുടെ ജീവിതത്തെ വീണ്ടും ആനന്ദമയമാക്കി. സംസ്‌കാരിക മൂല്യങ്ങളെപ്പറ്റി നാം ബോധവാന്മാരായി. ദേശകാല പരിതസ്ഥിതികള്‍ക്കനുസൃതമായ സുസ്ഥിര ജീവിത പദ്ധതിയെപ്പറ്റി കുടുംബങ്ങളില്‍ പര്യാലോചന നടക്കുകയും അവയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സാംസ്‌ക്കാരികമൂല്യങ്ങളെ പറ്റി ജനങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിക്കഴിഞ്ഞു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും കുടുംബ സംവിധാനങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മനസ്സിലാക്കുവാനും സമൂഹം തയ്യാറായിരിക്കുന്നു. ഈ തിരിച്ചറിവുകളെല്ലാം മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ മാത്രമാണോ അതോ യാഥാര്‍ഥ്യമാണോ എന്ന് കാലം പറയട്ടെ. ഒന്നുറപ്പാണ്, ജീവിതമൂല്യം എന്ന കാന്തത്തിലേക്ക് മനുഷ്യബോധത്തെ ആകര്‍ഷിക്കാന്‍ ഈ മഹാമാരി കാരണമായിട്ടുണ്ട്.
കമ്പോള ശക്തികളുടെ ആധീശത്വം കൊണ്ട് ലോകത്തെ ഏകോപിപ്പിക്കുക എന്ന ചിന്താഗതിക്കായിരുന്നു അടുത്തകാലം വരെ പ്രാമുഖ്യം. പുതിയ സംഭവ വികാസങ്ങളോടെ നമ്മുടെ തനിമകളെ സംരക്ഷിച്ചു നിലനിര്‍ത്തിയും ക്രിയാത്മകമായി എങ്ങിനെ ലോകത്തോട് സഹകരിക്കാം എന്ന ചിന്താഗതി പ്രധാന്യം നേടിയിട്ടുണ്ട്. സ്വദേശികളുടെ ആവശ്യകത വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഭാരതീയ കാഴ്ചപ്പാടിനും മേല്‍പ്പറഞ്ഞ കാര്യങ്ങളെ പുനര്‍ നിര്‍വചിക്കുകയും നമ്മുടെ കാലാതിവര്‍ത്തിയായ മൂല്യങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും പുതിയ വഴിവെട്ടിത്തുറക്കുകയും വേണം.
മഹാമാരിയുടെ ഉല്‍പ്പത്തിയില്‍ ചൈനയുടെ പങ്ക് തര്‍ക്ക വിഷയമാണെങ്കിലും തങ്ങളുടെ സാമ്പത്തിക-സാമ്രാജ്യത്വബലം കൊണ്ട് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഭീകരവാദം അഴിച്ചുവിടാനും ഭൂ പ്രദേശം കയ്യടക്കാനുമുള്ള ഹീനമായ പരിശ്രമങ്ങള്‍ ലോകത്തിന് ബോധ്യമുള്ളതാണ്. ഭാരതത്തിലെ ഭരണകൂടവും സൈന്യവും ജനങ്ങളും അചഞ്ചലമായി ഈ കയ്യേറ്റത്തോട് ശക്തമായി പ്രതികരിച്ചു.
ഈ ദൃഢനിശ്ചയവും ആത്മാഭിമാനവും ധൈര്യവും ചൈനയെ ഞെട്ടിച്ചുകളഞ്ഞു. ഇനിയങ്ങോട്ടും നാം കരുതലോടെ ഉറച്ചുനില്‍ക്കണം. ചൈനയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ലോകം മുമ്പ് പലതവണ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവരുടെ വൈതാളിക മോഹങ്ങളെ നിര്‍ജീവമാക്കാന്‍ സാമ്പത്തികമായും തന്ത്രപരമായും മേല്‍കൈ നേടേണ്ടതുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും അയല്‍രാജ്യങ്ങളുമായുള്ള സഹകരണവും വര്‍ധിപ്പിക്കേണ്ടതുമുണ്ട്. നമ്മുടെ നേതൃത്വത്തിന്റെ നയങ്ങള്‍ ഈ ദിശയിലുള്ളതാണ്.
ഭാരതത്തിന്റെ അതിര്‍ത്തിയിലുള്ളതും സമാന പ്രകൃതിയുള്ളതുമായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍ (ബ്രഹ്മദേശ്), നേപ്പാള്‍ തുടങ്ങി ഇന്ന് നമ്മോട് സൗഹൃദത്തിലുള്ള രാജ്യങ്ങളുമായി കൂടുതല്‍ സൗഹൃദം ഊട്ടിഉറപ്പിക്കണം. ഇതിനു തടസമായി വരുന്ന വിവാദങ്ങളെയും തടസവാദങ്ങളെയും അതിവേഗം ഇല്ലാതാക്കാന്‍ നമ്മുക്ക് കഴിയണം.
എല്ലാവരുമായി സൗഹൃദമാണ് നാം ആഗ്രഹിക്കുന്നത്. അതാണ് നമ്മുടെ സ്വഭാവം. എന്നാല്‍ ഇതിനെ ദൗര്‍ബല്യമായി കണ്ട് ബലം പ്രയോഗിച്ച് നമ്മെ ശിഥിലമാക്കാം എന്ന് ആരെങ്കിലും കരുതിയാല്‍ അത് അംഗീകരിക്കാനാവില്ല. ഭാരതമാതാവിന്റെ ധീര സൈനികര്‍ അവരുടെ അചഞ്ചലമായ കരുത്തും ധൈര്യവും ഉപയോഗിച്ചും നേതൃത്വം തികഞ്ഞ ആത്മാഭിമാനത്തോടും ചൈനക്ക് വ്യക്തമായ സന്ദേശം നല്‍കേണ്ടത്. അവരുടെ മനോഭാവം ഇതുമൂലം മാറണം. അങ്ങിനെ സംഭവിക്കാത്ത പക്ഷം സര്‍വ തയ്യാറെടുപ്പോടെയും ഉറച്ചുനിന്ന് ചഞ്ചലിപ്പില്ലാതെ മുന്നോട്ടുപോകാന്‍ നമുക്കാകണം. സാധാരണ ജനങ്ങളില്‍ ഈ മനോഭാവം പ്രകടമാണ്.
രാജ്യസുരക്ഷക്കും പരമാധികാരത്തിനുമുള്ള ബാഹ്യഭീഷണികള്‍ക്കെതിരെ മാത്രമല്ല നാം ജാഗ്രത പുലര്‍ത്തേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തിനകത്തുണ്ടായ നിരവധി സംഭവങ്ങള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ജാഗ്രതയും ധാരണയും ജനങ്ങളുടെ സഹവര്‍ത്തിത്വോടെയുള്ള നിലപാടുകളും ഭരണ സംവിധാനങ്ങളോടെയും ദേശീയ നേതൃത്വത്തിന്റെയും തയ്യാറെടുപ്പുകളും ഇക്കാര്യത്തില്‍ ആവശ്യമുള്ളതാണ് എന്നുകാണാം.
അധികാരത്തിനു പുറത്തുള്ളവര്‍ അതിനുവേണ്ടി ഉന്തുകയും തള്ളുകയും ചെയ്യുക ജനാധിപത്യ പ്രക്രിയയില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം രാഷ്ട്രിയ മത്സരങ്ങള്‍ ശത്രുക്കള്‍ തമ്മില്‍ രക്തച്ചൊരിച്ചിലുണ്ടാകുന്ന യുദ്ധം പോലെയാകരുത്. ആരോഗ്യകരമായ മത്സരം സ്വാഗതാര്‍ഹം തന്നെ.
എന്നാല്‍ സമൂഹഘടനയെ ദുര്‍ബലമാക്കുന്ന തരത്തില്‍ പകയും വിദ്വേഷവും കാലുഷ്യവും ഉളവാക്കുന്നവ അനാവശ്യമാണ്. മത്സരിക്കുന്നവര്‍ തമ്മിലെ ഭിന്നതകള്‍ അവസരമാക്കാന്‍ കാത്തിരിക്കുന്നവര്‍ ഭാരതത്തിനകത്തും പുറത്തും സജീവമാണ്. നമ്മുടെ വൈവിധ്യങ്ങളെ ഭിന്നതകളായും പണ്ടു മുതല്‍ക്കേ നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യകരങ്ങളായ ഭേദഭാവനകളെ കൂടുതല്‍ സങ്കീര്‍ണമാക്കിയും ചിത്രീകരിച്ചും മുതലെടുക്കാന്‍ അവര്‍ ശ്രമിക്കും. ജനങ്ങളുടെ സഹകരണത്തോടെ ഇതുപോലെയുള്ള പ്രവണതകളെയും കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കണം. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷനല്‍കുന്നതിലൂടയെ ഇതിനു കഴിയൂ. ഒപ്പം തന്നെ സമൂഹത്തില്‍ സംയമനം നിലനിര്‍ത്താനും കുറ്റവാസനകളെ നിരുത്സാഹപ്പെടുത്താനും സാധിക്കണം.
സര്‍ക്കാര്‍ നയങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ് രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കാത്തതാകണം. ഭരണഘടനാ തത്വങ്ങളില്‍ നിന്നുകൊണ്ടും എല്ലാ മത വിഭാഗങ്ങളെയും മാനിച്ചുകൊണ്ടും ജാതി, വര്‍ഗ, ദേശ, ഭാഷ പശ്ചാത്തലങ്ങളെ മനസിലാക്കിക്കൊണ്ടും നാം പ്രവര്‍ത്തിക്കണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവയുടെ എല്ലാം ചാമ്പ്യന്‍മാരാണെന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ സാമൂഹ്യ-സാംസ്‌ക്കാരിക മൂല്യങ്ങളെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ള ശക്തികള്‍ ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടേ ഇരിക്കുന്നു.
1949 ആഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ആരാധ്യനായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഇത്തരക്കാരെ ‘ആരാജകത്വത്തിന്റെ വ്യാകരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്ചന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ഗൂഢപദ്ധതികളെ നിര്‍വീര്യമാക്കുവാനും നമ്മുടെ സഹോദരീ സഹോദരന്മാരെ ജാഗരൂകരാക്കുവാനും നമ്മുക്ക് കഴിയണം. സംഘത്തെപ്പറ്റി ഇത്തരം ആശയകുഴപ്പങ്ങള്‍ നിര്‍മിക്കപ്പെടാതിരിക്കണം. അതുകൊണ്ടുതന്നെ ചില പദങ്ങളെ സംഘം ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും അല്ലെങ്കില്‍ എന്താണ് അവകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഹിന്ദുത്വം ഇങ്ങനെയൊരു ശബ്ദമാണ്. പൂജാദികാര്യങ്ങളുമായി ബന്ധപ്പെടുത്തി അതിനെ സങ്കുചിതമാക്കി കാണിക്കുന്നു. സംഘത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം നമ്മുടെ അസ്ഥിത്വത്തോടൊപ്പം ആധ്യാത്മികയിലധിഷ്ഠിതമായ പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവയുടെ നൈരന്തര്യത്തെയാണ് അര്‍ത്ഥമാക്കുന്നത്.
ഭാരതവര്‍ഷത്തിന്റെ സന്താനങ്ങളാണെന്നഭിമാനിക്കുന്ന 130 കോടി ജനങ്ങള്‍ക്കും ഈ ശബ്ദം ബാധകമാണ്. അനാദികാലം മുതല്‍ ഈ ആദ്ധ്യാത്മിക ഭൂമിയെ രൂപപ്പെടുത്തിയെടുത്ത പൂര്‍വികരിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുകയും അവരുടെ ധാര്‍മിക മൂല്യങ്ങളോട് തങ്ങളുടെ ദൈനംദിന ജീവിതത്തെ ചേര്‍ത്തുവയ്ക്കാനും ശ്രമിക്കുന്നവരുമാണ് ഈ ജനവിഭാഗം.
ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥത്തോട് നീതി പുലര്‍ത്താതിരുന്നാല്‍ അത് നമ്മുടെ സമാജത്തെയും രാഷ്ട്രത്തെയും ചേര്‍ത്തു നിര്‍ത്തുന്ന യഥാര്‍ത്ഥ ധാരയെ ദുര്‍ബലമാക്കും. രാഷ്ട്രത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ശബ്ദത്തെ തന്നെ തങ്ങളുടെ പ്രഥമ ലക്ഷ്യമാക്കുന്നത് ഇക്കാരണത്താലാണ്. ഹിന്ദു തത്വ ചിന്തയുടെ ഭാഗമായി കാലങ്ങളായി നിലനിന്നു പോരുന്ന വൈവിധ്യങ്ങളെ ഭിന്നതകളായി ചിത്രീകരിച്ച് ഹിന്ദുത്വത്തെ അതില്‍ തളച്ചിടാനാണ് ശ്രമം.
ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ല. ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ ഏതെങ്കിലും പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ അത് സൂചിപ്പിക്കുന്നില്ല. അസംഖ്യമായ ഭിന്നാസ്മിതകളെ ഉള്‍ക്കൊള്ളുന്ന മാനവ സംസ്‌ക്കാരത്തിന് കളിത്തൊട്ടിലായ വിശാലമായ ഒരു മനശാസ്ത്രമാണത്. ഈ വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ അര്‍ത്ഥം മനസില്‍ വച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ നാം അതിനെ എതിര്‍ക്കുന്നില്ല. ഹിന്ദുസ്ഥാനം ഹിന്ദുരാഷ്ട്രമാണെന്നു സംഘം പറയുമ്പോള്‍ അതിന് രാഷ്ട്രീയമായതോ അധികാര കേന്ദ്രകൃതമായതോ ആയ ഒരു അര്‍ത്ഥവുമില്ല. ഹിന്ദുത്വം എന്നത് രാഷ്ട്രത്തിന്റെ സത്തയാണ്.
ഭാരതത്തിന്റെ സ്വത്വമാണ് ഹിന്ദു എന്ന് ഞങ്ങള്‍ തുറന്നുപറയാന്‍ കാരണം, നമ്മുടെ എല്ലാ സാമൂഹ്യ, സാംസ്‌ക്കാരിക ധാരകളും അതിനാല്‍ നിയന്ത്രിക്കപ്പെടുന്നതിനാലാണ്. നമ്മുടെ ഓരോരുത്തരുടെയും വൈയക്തികവും കുടുംബപരവും തൊഴില്‍പരവും സാമൂഹ്യവുമായ ബന്ധങ്ങളുടെ ദിശാ ദര്‍ശനവും ഹിന്ദുത്വം തന്നെ. ഈ ശബ്ദത്തിന്റെ ഭാവനാ പരിധിയില്‍ ജീവിക്കാന്‍ വേണ്ടി ആരും തന്നെ തങ്ങളുടെ ആരാധനാക്രമം, പ്രദേശം, ഭാഷ തുടങ്ങി ഒരു വിശേഷതകളും ഉപേക്ഷിക്കേണ്ടതില്ല.
ആധീശത്വം നേടാനുള്ള ത്വര ഉപേക്ഷിക്കുക മാത്രംമതി. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അധീശത്ത്വത്തിന്റെ തെറ്റായ സ്വപ്നങ്ങള്‍കാട്ടി വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കുകയും വേണം. ഭാരതത്തിലെ വൈവിധ്യങ്ങള്‍ക്കിടയില്‍ അതിശക്തമായി നിലകൊള്ളുന്ന ഏകതയുടെ ചരടിനെ ഇല്ലാതാക്കാനുള്ള പരിതാപകരമായ ശ്രമം നടക്കുന്നു.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ന്യൂനപക്ഷങ്ങളെന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയിലും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയും വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയുമാണ് ഈ ശ്രമം പുരോഗമിക്കുന്നത്. ഈ ഗൂഢസംഘമാകട്ടെ ‘ഭാരത് തേരെ ടുകഡെ ഹോംഗെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.
ഭാരതത്തിന്റെ ഏകതയെ തകര്‍ക്കുവാനും ആഗോള അധിനിവേശത്തിനു വേണ്ടിയുള്ള അസ്വാഭാവികമായ ഒരു രാഷ്ട്രീയ, വിഭാഗീയ, ശിഥിലീകരണ പ്രവണതകളുടെ കൂട്ടായ്മ ഇവിടെ ദൃശ്യമാണ്. കാര്യത്തെ ആഴത്തില്‍ മനസിലാക്കി സാവധാനം മുന്നേറാന്‍ നമുക്കാകണം. ഇവരുടെ സ്വാധീനത്തില്‍പ്പെടാതെ സമധാനപരവും ഭരണഘടനാനുസൃതവുമായ മാര്‍ഗങ്ങളിലൂടെ സമാജത്തെ ഏകോപിപ്പിക്കുവാന്‍ നമുക്കാകണം.
സ്വയം നിയന്ത്രണത്തോടും സമചിത്തതയോടും എല്ലാവരുടെയും താത്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും മുന്നേറാനായാല്‍ പരസ്പര വിശ്വാസത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്താനാകും. ഗതകാല ഭിന്നതകളെ ഇല്ലാതാക്കാന്‍ ഇതുവഴി കഴിയും. അതേസമയം, വൈരുധ്യം നിറഞ്ഞ സമീപനങ്ങള്‍ പരസ്പര വിശ്വാസമില്ലായ്ക്ക് കാരണമാകും. പ്രതിക്രിയാത്മകവും ഭയജന്യവുമായ എതിര്‍പ്പുകള്‍ അനിയന്ത്രിതമായ കലാപത്തിനും അതുവഴി ജനങ്ങളില്‍ വിഭാഗീയത ശക്തിപ്പെടാനും ഇടനല്‍കും.
നമ്മില്‍ എല്ലാവരിലുമായി നിലകൊള്ളുന്ന പൊതു അസ്മിത എന്ന വിശാല സത്വത്തെ അംഗീകരിക്കുക വഴി നമുക്ക് പരസ്പര വിശ്വാസം, സ്നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം വളര്‍ത്താനാകും. രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ കണക്കാക്കി നാം ചാഞ്ചാടിക്കൊണ്ടിരിക്കരുത്.
ഭാരതത്തില്‍ നിന്നും ഭാരതീയതയെ അടര്‍ത്തി മാറ്റാനാവില്ല. ഇതിനു നടന്നിട്ടുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടെ ഉള്ളൂ എന്ന കാര്യം നാം മറക്കരുത്. ഭാരതത്തിന്റെ വൈകാരികമായ അന്തര്‍ധാര, വിവിധ വിശ്വാസങ്ങളെ പിന്തുണക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സവിശേഷത ഹിന്ദു സംസ്‌ക്കാരം, പാരമ്പര്യം എന്നിവയുടെ ഉപോല്‍പ്പന്നമാണ്.
സഹവര്‍ത്തിത്വമല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് നാം മനസിലാക്കണം. ഹിന്ദു എന്ന പദം സംഘസംബന്ധിയായ എല്ലാ പ്രസ്താവങ്ങളിലും ഉയര്‍ന്നു വരാറുണ്ട്. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് മറ്റുചില പദങ്ങളും അടുത്ത കാലത്തായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാലാണ് വീണ്ടും വിശദമാക്കേണ്ടിവന്നത്.
അങ്ങിനെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പദമാണ് ‘സ്വദേശി’. ‘സ്വ’ എന്നത് ഹിന്ദുത്വത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. സനാതനമായ ഇതേ സ്വഭാവത്തെ തന്നെയാണ്, ഒരു കുടുംബത്തിലെ അംഗങ്ങളെ കണക്കെ ‘അമേരിക്കയിലെ എല്ലാ സഹോദരീ സഹോദരന്മാരെ’ എന്ന അഭിസംബോധനയിലൂടെ സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിക്കാട്ടിയത്. സ്വദേശി സമാജം എന്ന പ്രബന്ധത്തിലൂടെ മഹാകവി രവീന്ദ്രനാഥ ടാഗോറും ഭാരതീയ നവോത്ഥാനത്തിന്റെ അടിത്തറയായി സൂചിപ്പിച്ചതും ഇതേ കാര്യം തന്നെയാണ്.
ശ്രീ അരവിന്ദന്‍ തന്റെ ഉത്തരപ്പാറ പ്രസംഗത്തിലും ഇത് ആവര്‍ത്തിച്ചു. 1857 ലെ സംഭവ വികാസങ്ങള്‍ക്ക് ശേഷം നമ്മുടെ സമാജം നടത്തിയ ആത്മപരിശോധനകളും വിലയിരുത്തലുകളും വിവിധ ദേശീയ സംവിധാനങ്ങളുടെ നിഗമനങ്ങളുമെല്ലാം ചേര്‍ത്തു വച്ചിട്ടുള്ള ഭരണഘടനയുടെ ആമുഖത്തിന്റെ സത്തയിലും ഭാരതത്തിന്റെ ആത്മാവ് ഇതുതന്നെയാണ്.
ഇതേ ‘സ്വ’ തന്നെയാകണം നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങളെയും കര്‍മപദ്ധതികളെയും സ്വാധീനിക്കേണ്ടത്. നമ്മുടെ രാഷ്ട്രത്തിന്റെ പൊതുബോധത്തെ പ്രോജ്വലമാക്കി ദിശാബോധം നല്‍കേണ്ടതും ഇതുതന്നെ. നമ്മുടെ ഭൗതിക പരിശ്രമങ്ങളുടെ ഫലപ്രാപ്തിയും ഇതേ തത്വത്തിലൂന്നിയാകണം. അപ്പോള്‍ മാത്രമെ ഭാരതം സ്വയം പര്യാപ്തമാകൂ.
ഉല്‍പ്പാദന കേന്ദ്രങ്ങള്‍, ഉല്‍പ്പാദന പ്രക്രീയയിലെ ക്രിയാശക്തി, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം ഉല്‍പ്പാദനത്തിനുള്ള അവകാശം എന്നിവയെല്ലാം നമ്മുടെ രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലാകണം. എന്നാല്‍ സ്വദേശി മാര്‍ഗം ഇതുകൊണ്ട് പൂര്‍ണമാകില്ല. സ്വാശ്രയത്വത്തിന്റെയും അഹിംസയുടെയും ചേരുവയെയാണ് സ്വദേശി എന്നതിലൂടെ വിനോബാഭാവജി ഉദ്ദേശിച്ചത്. ദേശീയ പരമാധികാരം, സ്വാശ്രയത്വം എന്നിവ നേടിയെടുത്തുകൊണ്ടു തന്നെ ഉല്‍പ്പനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപരിയായി അന്തര്‍ദേശീയ സഹകരണം എന്ന ആശയമാണ് സ്വദേശിയിലൂടെ സ്വര്‍ഗീയ ഠേംഗ്ഡ്ജി മുന്നോട്ടുവച്ചതും.
അതുകൊണ്ടുതന്നെ ഭാവിയില്‍ സാമ്പത്തിക സ്വാതന്ത്ര്യവും അന്തര്‍ദേശീയ സഹകരണവും ഉറപ്പാക്കാനായി വിദേശ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും അവസരം കൊടുക്കുമ്പോള്‍ അവ നമ്മുടെ വ്യവസ്ഥകളെ പൂര്‍ണമായി അംഗീകരിക്കുന്നുണ്ടെന്ന് പരസ്പരം ഉറപ്പാക്കണം. സമവായത്തിലൂടയെ ഇതു സാധ്യമാകൂ.
സ്വാശ്രയത്വം എന്ന വക്കില്‍ തന്നെ സ്വത്വം കിടപ്പുണ്ട്. നമ്മുടെ വഴിയും വിധിയും നിര്‍ണയിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളായിരിക്കും. ലോകത്തിലെ മറ്റുള്ളവര്‍ നടത്തുന്ന വൃഥാവ്യായാമങ്ങളിലൂടെ ഏതെങ്കിലും ഉന്നത സ്ഥാനത്തെത്താന്‍ നമുക്കായാല്‍ അത് മഹാകാര്യം തന്നെയാണ്. എന്നാല്‍ അവിടെ ‘സ്വത്വ’ത്തിന്റെ വികാരമോ പങ്കാളിത്തമോ ഉണ്ടാകില്ല.
ഉദാഹരണത്തിന് കാര്‍ഷിക നയം രൂപീകരിക്കുമ്പോള്‍ അത് നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുന്നതാകണം. വിത്തുശേഖരണം, വളവും കീടനാശിനികളും ശേഖരിക്കല്‍ എന്നിവയെല്ലാം തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും സാധ്യമാക്കാന്‍ അവര്‍ക്ക് കഴിയണം. ഉല്‍പ്പന്നം ശേഖരിക്കാനും സംസ്‌ക്കരിക്കാനുമുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കണം. അതിനു വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണം.
നമുക്ക് വിശാലവും വേരോട്ടമുള്ളതുമായ ഒരു കാര്‍ഷിക ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നയങ്ങള്‍ അവരെ ആധുനിക കൃഷിശാസ്ത്രം ബോധ്യപ്പെടുത്തുന്നതും അതിനെ കാലപ്പഴക്കമുള്ള അനുകാലിക പ്രസക്തിയുള്ള പരമ്പരാഗത കൃഷിരീതികളോട് ചേര്‍ത്തു വയ്ക്കാന്‍ സഹായിക്കുന്നതുമാകണം.
ആധുനിക ഗവേഷണ ഫലങ്ങളുടെ സഹായത്തോടെ മധ്യവര്‍ത്തികളുടെയും കമ്പോള ശക്തികളുടെയും ഇടപെടലില്ലാതെയും കണ്ടുപിടുത്തങ്ങളുടെ പ്രായോജകര്‍ ആഗ്രഹിക്കും പോലെ ലാഭ നിബന്ധനകള്‍ വാഖ്യാനിക്കപ്പെടാതെയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയണം. അത്തരം ഒരു നയം മാത്രമെ സ്വദേശി കാര്‍ഷിക നയം എന്ന ഭാരതീയ സങ്കല്‍പ്പത്തോട് ചേര്‍ന്നു പോകൂ. നിലവിലെ കാര്‍ഷിക-സാമ്പത്തിക സംവിധാനത്തില്‍ ഇതു നടപ്പാക്കുക പ്രയാസമായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഉചിതമായ ഒരു അന്തരീക്ഷം ഉണ്ടാകുവാനുള്ള നയ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം.
നമ്മുടെ സാമ്പത്തിക, കാര്‍ഷിക, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ‘സ്വ’ ചേര്‍ത്തുവയ്ക്കാനുള്ള ക്രിയാത്മകമായ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വിശാലമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനങ്ങള്‍ക്കും ഒടുവിലാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതും കൊണ്ടുവന്നതും. മുഴുവന്‍ വിദ്യാഭ്യാസ മേഖലയ്ക്കും ഒപ്പം സംഘവും അതിനെ സ്വാഗതം ചെയ്തു. സ്വദേശിയുടെ സാധ്യതകള്‍ കണ്ടെത്താനുള്ള മഹത്തായ പരിശ്രമമാണ് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നുള്ളത്.
എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ അവസാന നിമിഷം വരെയും കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും വേണം. മേല്‍പ്പറഞ്ഞ വിശാലമായ പരിപ്രേഷ്യങ്ങളില്‍ കൂടി നമുക്ക് ‘സ്വ’-സ്വത്തും എന്ന വികാരം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ഇതുവഴി നമുക്ക് ശരിയായ ദിശയില്‍ മുന്നേറാനാകും.
പുരോഗതിക്ക് പോരാട്ടം അനിവാര്യമാണെന്നും ഭാരതീയ ചിന്താഗതികരുതുന്നില്ല. അധര്‍മത്തെ ഇല്ലായ്മ ചെയ്യുവാനുള്ള അവസാന മാര്‍ഗമാണ് പോരാട്ടം. സകരണത്തിലും സമന്വയത്തിലും അധിഷ്ഠിതമാണ് നമ്മുടെ വികസന സങ്കല്‍പ്പം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാശ്രയ പൂര്‍മാക്കാന്‍ ഏകാത്മ ബോധം അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ പരസ്പരം അശ്രയിക്കപ്പെട്ടിരിക്കുന്നതുപോലെ വ്യക്തികളുടെയും സമാജത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയേ രാഷ്ട്രത്തിന്റെയും പൊതു സമൂഹത്തിന്റെയും ഉയര്‍ച്ച സാധ്യമാകൂ.
ബന്ധപ്പെട്ട വിഭാഗം ജനങ്ങളുമായും കക്ഷികളുമായും നിരന്തരം നടത്തുന്ന ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയ രൂപീകരണ പ്രക്രീയ മുന്നോട്ടു പോകേണ്ടത്. ഇതു വഴി ഏകത്വബോധവും പരസ്പരം വിശ്വാസവും വളരും. എല്ലാവരുമായും തുറന്ന ചര്‍ച്ച, അതുവഴി സമവായം, സഹകരണം ഉറപ്പിക്കല്‍ എന്നിവയാണ് കുടുംബത്തിലും സമൂഹത്തിലും വിശ്വാസ്യതയും മികവും വളര്‍ത്തുവാനുള്ള മാര്‍ഗം.
” സമാനോമന്ത്ര: സമിതി സമാനീ
സമാനംമന: സഹചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേവ:
സമാനേന വാ ഹവിഷാ ജുഹോമി”
ഭാഗ്യവശാല്‍, നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം. ചെറുതും വലുതുമായ കാര്യങ്ങളില്‍ എല്ലാവരിലും ഒന്നാണെന്ന ഭാവം വളര്‍ത്താനും വിശ്വാസം അര്‍പ്പിക്കാനും കഴിയണം, കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇക്കാര്യം ഉറപ്പാക്കുവാന്‍ സര്‍ക്കാരും സമൂഹവും തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും ആധുനികവും ആകണം. പരസ്പര ധാരണയോടെ നയങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ വലിയ മാറ്റങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല. സഹകരണത്തിന്റെ അന്തരീക്ഷം വര്‍ധിക്കുകയും ചെയ്യും.
നിശ്ചയിക്കപ്പെട്ട നയങ്ങള്‍ നടപ്പാക്കുമ്പോള്‍ അവസാനഘട്ടം വരെയും നിയന്ത്രണം ഉണ്ടാവുകയും വേണം. കാര്‍ഷിക, ഉല്‍പ്പാദന മേഖലകളുടെ വികേന്ദ്രീകരണം വഴി ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കുകയും അതുവഴി സ്വയം തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുകയും പരിസ്ഥിതി സൗഹൃദ ബിസിനസ് പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ട സ്വയം പര്യാപ്ത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണമെന്ന കാഴ്ചപ്പാടിന് കൊറോണയുടെ ഈകാലത്ത് ബുദ്ധിജീവികളുടെയും നയരൂപീകരണ രംഗത്തുള്ളവരുടെയും പിന്തുണ വര്‍ധിച്ചിട്ടുണ്ട്.
ഈ മേഖലകളിലെ തുടക്കക്കാരും പ്രവര്‍ത്തന പരിചയമുള്ളവരും തുടങ്ങി കര്‍ഷകരടക്കം എല്ലാവരും നമ്മുടെ രാജ്യത്തെ പുതിയ സംരംഭങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നവരാണ്. സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ അധിക ശ്രദ്ധനല്‍കിയാല്‍ ലോകോത്തര നിലവാരം പുലര്‍ത്തി, സാമ്പത്തിക ശക്തികളോട് മത്സര ക്ഷമത പുലര്‍ത്താന്‍ നമുക്ക് കഴിയും. സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം താഴെത്തട്ടില്‍ അതിന്റെ യഥാര്‍ത്ഥമായ ഉപയോഗം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അങ്ങിനെ വന്നാല്‍ കൊറോണക്കു ശേഷം ആറുമാസത്തിനുള്ളില്‍ തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാകാന്‍ കഴിയും.
ജനങ്ങളുടെ പ്രതീക്ഷയും നമ്മുടെ സാംസ്‌ക്കാരിക മൂല്യങ്ങളും ഒത്തുചേര്‍ന്നു പോകുംവിധമുള്ള ഒരു ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയും വികസന പന്ഥാവും ഉണ്ടാക്കിയെടുക്കണം. വികസനത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഏറ്റവും ദുര്‍ബലനില്‍പ്പോലും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടിനിലക്കാരുടെ ചൂഷണം ഒഴിവാക്കികിട്ടുകയും ഉല്‍പ്പാദകര്‍ക്കും സംരംഭകര്‍ക്കും കമ്പോളത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റുകയും ചെയ്താല്‍ നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും. അല്ലാത്തപക്ഷം അപകടവും പരാജയവും വന്നു ചേരാം.
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയയാണെങ്കിലും സമാജത്തിന്റെ കൂട്ടായ്മയാണ് രാഷ്ട്രത്തിന്റെ വികസനത്തിന് അട്ടിത്തറയാകുന്നത്. കൊറോണയ്ക്കു ശേഷം ഉണ്ടായ സാമൂഹ്യബോധം ‘സ്വത്വ’ ത്തെപ്പറ്റിയുള്ള തിരിച്ചറിവ്, ജനങ്ങളില്‍ ഒന്നാണെന്ന ബോധം, സാംസ്‌ക്കാരിക മൂല്യങ്ങളിലുള്ള അവബോധവും പരിസ്ഥിതിയെപ്പറ്റിയുള്ള ജാഗ്രതയും ഒപ്പം ഇവയെല്ലാം സന്തുലിതമായി നിര്‍ത്താന്‍് വേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ധാരണയും നമ്മുടെ സമാജം തള്ളിക്കളയരുത്.
കാര്യങ്ങളുടെ ഗതിവേഗം കുറയാന്‍ നാം അനുവദിക്കരുത്. സ്ഥിരവും ക്രമബദ്ധവുമായി നല്ല ശീലങ്ങള്‍ ആചരിക്കുകയും പെരുമാറ്റ സംഹിത നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു മാത്രമെ ഫലപ്രാപ്തി ഉണ്ടാകൂ. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെയും സ്വയം ചെറിയ മാറ്റങ്ങള്‍ വരുത്തിയും നമുക്ക് സാഹചര്യങ്ങളെ മാറ്റിയെടുക്കാം. ഈ മുന്നേറ്റത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും പങ്കാളികളാകാം. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് മൂന്നുനാലു മണിക്കൂര്‍ അനൗപചാരിക ചര്‍ച്ചകളാകാം. വീണ്ടുലുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കുടുംബത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കാം. അടുത്ത ആഴ്ചയില്‍ അതിനെ കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാനം. വിഷയം പുതിയതോ, പഴയതോ എന്ന് നോക്കേണ്ടതില്ല. ഗവേഷണത്തിന്റെ ഫലം ഒന്നുമാത്രമാണ് വിഷയത്തിന്റെ പ്രയോജനത്തെ വെളിപ്പെടുത്തുന്നത്. നമ്മുടെ കൃതികളില്‍ ഇങ്ങനെ പറയുന്നു.
”സന്ത: പരീഷ്യാന്വതരത്
ഭജന്തേ മൂഢ: പരപ്രത്യയനേയ ബുദ്ധി:
വിഷയങ്ങളെ കുടുംബങ്ങളില്‍ ശരിയായ വിലയിരുത്തി അതിന്റെ പ്രാധാന്യം നോക്കി തള്ളുകയോ കൊള്ളുകയോ ചെയ്താല്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാം. തുടക്കമെന്ന നിലയില്‍ വീട്ടിലെ ക്രമീകരണങ്ങളും കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യവും എല്ലാം ചര്‍ച്ച ചെയ്യാം. പരിസ്ഥിതിയെപ്പറ്റി ബോധം ഉണ്ടായിവരുന്ന മുറയ്ക്ക് ജലസംഭരണം, പ്ലാസ്റ്റിക് ബഹിഷ്‌ക്കരണം, ചെടിനട്ടുവളര്‍ത്തല്‍, പഴം പച്ചക്കറി കൃഷി എന്നിവ ചര്‍ച്ച ചെയ്യുകയും കര്‍മപദ്ധതി തയ്യാറാക്കുകയും ചെയ്യാം.
നാമെല്ലാവരും സ്വയമായും കുടുംബത്തിനായും പണവും സമയവും ചിലവാക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമാജത്തിനു വേണ്ടി നാം എത്ര സമയവും പണവും ചെലവാക്കുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും ഭാഷ സംസാരിക്കുന്നവരും ഇതര പ്രദേശങ്ങളിലുള്ളവരുമായ ജനങ്ങളുമായി നമുക്ക് എത്രമാത്രം ബന്ധമുണ്ട്. അങ്ങിനെയുള്ളവരുടെ വീടുകളില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടോ? സമൂഹത്തില്‍ സമന്വയം ഉണ്ടാക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ എന്ന നിലയില്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യണം.
രക്തദാനം, നേത്രദാനം പോലുള്ള പരിപാടികളില്‍ നമ്മുടെ കുടുംബത്തിന്റെ ശരിയായ പങ്കാളിത്തം ഉറപ്പിക്കണം. ഇവയുടെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്താനും ശ്രമിക്കണം. ഇതുപോലുള്ള ചെറിയ പരിശ്രമങ്ങളിലൂടെ സഹവര്‍ത്തിത്വം, ക്ഷമ, അച്ചടക്കം, മൂല്യാധിഷ്ഠിത പെരുമാറ്റ സംഹിത എന്നിവ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ക്രമേണ സമൂഹത്തിലും വളരും.
സാധാരണ പൗരന്റെ ബോധതലത്തെ ഉയര്‍ത്തി അവനിലെ ഹിന്ദുത്വവുമായുള്ള സ്വാഭാവിക ഐക്യത്തെ വഴികാട്ടിയാക്കി മാറ്റിയാല്‍, സമൂഹത്തിലെ പരസ്പരാശ്രയത്വത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വികസന പരിശ്രമങ്ങള്‍ക്ക് സ്വയം ഉദ്യമിച്ചിറങ്ങുകയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും ചെയ്താല്‍, നമ്മുടെ സഞ്ചിത ശക്തിയില്‍ വിശ്വാസമുണ്ടാവുകയും, ഏതൊരു വികസന സ്വപ്നങ്ങളെയും നമ്മുടെ പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചു നിന്ന് യാഥാര്‍ഥ്യമാക്കാന്‍ പറ്റുകയും ചെയ്താല്‍ ലോകത്തിന്റെ പ്രകാശ സ്തംഭമായി മാറാന്‍ ഭാരതത്തിനാകും.
ഭാരതം പിന്നീടറിയപ്പെടുക സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായി ജന സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തിയ രാഷ്ട്രം എന്ന നിലയിലായിരിക്കും. മേല്‍പ്പറഞ്ഞതു പോലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രവര്‍ത്തനം പൊതുവായ സഹോദര്യത്തിന്റെയും അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും നിയമ വാഴ്ചയുടെയും പൊതുവായ അന്തരീക്ഷം രാഷ്ട്രത്തിലുണ്ടാക്കും.
സമൂഹത്തില്‍ ഈ മാറ്റങ്ങളെ നേരിട്ടുണ്ടാകും എന്ന ലക്ഷ്യത്തോടെയാണ് 1925 മുതല്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രവര്‍ത്തിക്കുന്നത്. ഇതുപൊലൊരു സംഘടിത സമാജം ആരോഗ്യമുള്ള രാഷ്ട്രത്തിന്റെ സഹജഭാവമാണ്. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന്റെ പുനരുത്ഥാനത്തിന് മൂന്നുപാധിയാണ് മേല്‍പ്പറഞ്ഞ സംഘടിത സമാജം.
ഇങ്ങനെ ഒരു സമാജത്തെ സൃഷ്ടിക്കാന്‍ നിരവധി മഹാത്മാക്കള്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇതേ ലക്ഷ്യത്തോടെ നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെട്ടു. കാലാനുസൃതമായ ചട്ടങ്ങളോടും നടപടിക്രങ്ങളോടും കൂടി അത് നമുക്ക് കൈമാറ്റപ്പെടുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും സമാജ ഐക്യം, ഏകത്വം എന്നിവയ്ക്ക് പരമപ്രാധാന്യം നല്‍കുന്നതുമായിരിക്കും സംഘ പ്രവര്‍ത്തനം.
ഈ ലക്ഷ്യം നേടുന്നതിനായി ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥ ബുദ്ധിയോടും സമര്‍പ്പണ ബോധത്തോടും കൂടി സ്വയം സേവകര്‍ പ്രവര്‍ത്തിച്ചു വരുന്നു. അവരോടൊപ്പം ചേര്‍ന്ന് രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റേതായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഞാന്‍ പ്രഭാഷണം അവസാനിപ്പിക്കുന്നു.
പ്രശ്ന ബഹുത് സേ ഉത്തര്‍ ഏക്
കദം മിലാകര്‍ ബഢേ അനേക്
വൈഭവേ കേ ഉത്തുംഗ് ശിഖര്‍പര്‍
സഭീ ദിശാസേ ബഢേ അനേക്
ഭാരത് മാതാ കീ ജയ്
Discussion about this post