കൊല്‍ക്കത്ത : ബംഗാളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദ പാക്കിസ്ഥാന്‍ അടക്കമുള്ള ചില വിദേശ ശക്തികളുടെ പിന്തുണയോടെ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇതില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി ഭീകരാക്രമണത്തിനായി അല്‍ഖ്വയ്ദ റിക്രൂട്ടിങ് നടത്തിയതായി എന്‍ഐഎയും കണ്ടെത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴി ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ 11 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇത് കൂടാതെ ലഷ്‌കര്‍ ഇ തോയ്ബയ്ക്കു വേണ്ടി സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരാളും ഇതിനൊപ്പം പിടിയിലായിട്ടുണ്ട്.
ബംഗാളിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യം വെച്ചാണ് അല്‍ഖ്വയ്ദ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി കറാച്ചിയിലും പെഷവാറിലും സംഘടന റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ ഇവര്‍ സ്ഥാപിച്ചതായും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭീകര സംഘടനകളിലേക്ക് ബംഗാളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന കേസില്‍ മാര്‍ച്ച് 28ന് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
Discussion about this post