തൃശൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ഗണേശോത്സവം ആഘോഷിച്ചു. ആഘോഷങ്ങളുടെ ആരവങ്ങൾക്കൊടുവിൽ ഗണേഷ വിഗ്രഹങ്ങൾ തിരമാലകളുടെ മടിത്തട്ടിലേക്ക് മടങ്ങി. 127 വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. ഗണേഷ സ്തുതികൾ ഉരുവിട്ടും ഭക്തിഗാനങ്ങൾ ആലപിച്ചും നീങ്ങിയ ആഘോഷ സമിതികൾ ഒന്നൊന്നായി ദ്വാരക കടൽത്തീരത്തെത്തി. പൂക്കളും ദീപങ്ങളുമായി അലങ്കരിച്ച ഗണേശ വിഗ്രഹങ്ങൾ ചാവക്കാട് ദ്വാരക വിനായക തീരത്തെത്തി നിമജ്ജനം ചെയ്തു. വാദ്യങ്ങളുടെ താളവും ഭക്തിഗാനങ്ങളുടെ ഈണവും നിറഞ്ഞ വഴികളിലൂടെ നീങ്ങിയ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഗുരുവായൂരിൽ നിന്നു ഘോഷയാത്രയായെത്തിയ 127 വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്തത്. ഉച്ചയ്ക്ക് ഗുരുവായൂരിൽ നിന്നാരംഭിച്ച് മുതുവട്ടൂർ, ചാവക്കാട് ടൗൺ വഴി വിഗ്രഹ ഘോഷയാത്ര ദ്വാരക വിനായക തീരത്തെത്തി. ഗുരുവായൂരിലെ പ്രധാന വിഗ്രഹത്തോടൊപ്പം നാടൻ കലാരൂപങ്ങൾ, പഞ്ചവാദ്യം, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നീങ്ങിയത്.
സ്വാഗതസംഘം രക്ഷാധികാരി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.രാജീവ്, കെ. എസ്.പവിത്രൻ, ടി.പി.മുരളി, പി. വത്സലൻ, എ.ആർ.മുകുന്ദരാജ, രഘു ഇരിങ്ങപ്പുറം, എ.ആർ.മുകുന്ദരാജ, എം.വി.രവീന്ദ്രനാഥ്, മുരളി ഗുരുവായൂർ, പുഷ്‌പ പ്രസാദ്, എ.ഒ. ജഗന്നിവാസൻ, കെ.എം. സുന്ദരൻ, പുഷ്‌പ്രപ്രസാദ്, ലോഹിതാക്ഷൻ, കെ.വി.ശ്രീനിവാസൻ, എം.കെ.ഷൺമുഖൻ, മനോജ് പുന്ന, രാജീവ് എടക്കര എന്നിവർ നേതൃത്വം നൽകി.













